May 3, 2016

മഞ്ഞുപോലെ…


ഒഴിവുദിവസം എന്തു ചെയ്യണമെന്നോർത്ത് തല പുകയ്ക്കാതെ ചായ കുടിച്ചോണ്ടിരുന്നപ്പൊളാണ് കുഞ്ഞുണ്ണി അടുത്തുവന്ന് പറ്റിക്കൂടിയത്. 
“അമ്മാവാ എന്താ ഇനി ചെയ്യാമ്പോണേ?”
“ഞാനും അതുതന്നെയാ കുട്ടാ ഓർത്തോണ്ടിരുന്നേ. നമുക്ക് കാറിന്റെ അകം വൃത്തിയാക്കിയാലോ?”
അവൻ ചാടിയിറങ്ങിക്കഴിഞ്ഞു… വൃശ്ചികമാസമായകൊണ്ട് കാലത്തെ തണുപ്പ് മാറിവരുന്നതേയുള്ളൂ.. മടിയും.
കുഞ്ഞുണ്ണി അകത്തുനിന്ന് താക്കോലെടുത്ത് കാറിനുള്ളിൽ കയറി പണി തുടങ്ങിക്കഴിഞ്ഞു. 
“അമ്മാവാ ഇതിനകം ആകെ നനഞ്ഞിരിക്കുവാ… അതെങ്ങനെ! ഇന്നലെ മഴയൊന്നും നനഞ്ഞതല്ലല്ലോ… ഗ്ലാസുകളാണെങ്കിൽ കയറ്റിയുമാണിട്ടിരുന്നത്..”
“കാലത്തെ ഓപ്പോൾ പാലിന്റെ മൊന്ത ഫ്രിഡ്ജിൽനിന്ന് പുറത്തെടുത്ത് വച്ചപ്പോ അതിന്റെ
പുറത്താകെ വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചു കൂടിയത് നീ കണ്ടതല്ലേ? പൈപ്പിൽനിന്ന് വെള്ളമൊന്നും ഒഴിച്ചിട്ടല്ലല്ലോ അത്… അതുപോലെ തന്നെ തണുത്ത പ്രതലം കിട്ടിയപ്പോൾ നീരാവി വെള്ളമായി ഘനീഭവിച്ചതാണിതും.”
കുഞ്ഞുണ്ണി താത്പര്യത്തോടെ ചെവി കൂർപ്പിച്ച് ബാക്കിയെന്താണ് അമ്മാവൻ പറയുന്നതെന്നും നോക്കി നിൽപ്പാണ്. 
അൽപ്പം വിശദമായി പറഞ്ഞാൽ, അന്തരീക്ഷവായുവിലെ പ്രധാനപ്പെട്ട ഒരു ഘടകമാണല്ലോ നീരാവി. വായുവിനെ നമ്മൾ തണുപ്പിക്കുന്നു എന്നു വക്കൂ… ഊഷ്മാവ് ഒരു പ്രത്യേക അളവിൽ താഴെ എത്തുമ്പോൾ ആ നീരാവിക്ക് വാതകമായിത്തന്നെ ആയിരിക്കാൻ കഴിയാതെ ഘനീഭവിച്ച് ദ്രാവകമായി- ജലമായി മാറാൻ തുടങ്ങും. അങ്ങനെ ഉണ്ടായ ജലം അരികിലുള്ള തണുത്ത പ്രതലങ്ങളിലൂടെ പറ്റിപ്പിടിച്ചിരിക്കുന്നതാണ് നമ്മളീ കാണുന്ന വെള്ളം മുഴുവനും. രാത്രി നല്ല തണുപ്പല്ലായിരുന്നോ… പകലൊക്കെ ഉള്ള ഉഷ്ണം കാരണം അന്തരീക്ഷത്തിൽ നല്ലപോലെ നീരാവി ഉണ്ടായിക്കാണും… അങ്ങനെ കാറിനുള്ളിലെ വായുവിൽ അടങ്ങിയ നീരാവിയാണ് തണുത്ത് മഞ്ഞുതുള്ളികൾ പോലെയായി ഈ ഇരിക്കുന്നതൊക്കെ. 
ഞങ്ങളുടെ ഈ സംഭാഷണം കേട്ടുകൊണ്ട് അമ്മിണി പുറത്തേയ്ക്ക് വന്നു… “അമ്മാവാ, ഇപ്പൊ പറഞ്ഞ, അന്തരീക്ഷത്തിലുള്ള നീരാവി വെള്ളമായി മാറുന്ന ഊഷ്മാവിനെയല്ലെ നമ്മൾ ഡ്യൂ പോയിന്റ് എന്നു വിളിക്കുക?”
കുഞ്ഞുണ്ണിക്ക് അമ്പരപ്പ്.. “ഓപ്പോൾ അതിനെടയ്ക്ക് പോയി പുസ്തകം നോക്കി കണ്ടുപിടിച്ചോ?”
“വളരെ ശരിയാണ് അമ്മിണീ… കാലാവസ്ഥ പറയുന്നതിലെ ഒരു പ്രധാന സൂചികയാണ് ഈ ഡ്യൂ പോയിന്റ്. ഊഷ്മാവ് എത്ര വരെ താഴുമ്പോളാണ് നിലവിലെ അന്തരീക്ഷത്തിൽ നീരാവി ഉറഞ്ഞ്
ജലകണങ്ങളാവുക എന്നതിനെയാണിതു സൂചിപ്പിക്കുന്നത്. അപ്പോൾ അമ്മിണി പറയൂ, അമ്മാവൻ ജോലി ചെയ്യണ ബെംഗളൂരുവിൽ അന്തരീക്ഷത്തിൽ നീരാവി കുറവും ഇവിടെ നമ്മുടെ നാട്ടിൽ നീരാവി കൂടുതലുമാണെങ്കിൽ എവിടെയായിരിക്കും ഡ്യൂ പോയിന്റ് കൂടുതൽ? “
അമ്മിണി ആലോചന തുടങ്ങിയപ്പോളേക്കും കുഞ്ഞുണ്ണി അച്ഛന്റെ ഫോണിലെ കാലാവസ്ഥ -ആപ്പ് നോക്കി എളുപ്പത്തിൽ അതു കണ്ടുപിടിക്കാൻ അകത്തേക്ക് ഓടി.
“ബെംഗളൂരുവിൽ അന്തരീക്ഷത്തിലെ നീരാവി കുറവെങ്കിൽ ഇവിടത്തെക്കാളും തണുത്തെങ്കിലല്ലേ മഞ്ഞുതുള്ളികൾ വരാൻ തുടങ്ങൂ..? ഇവിടെയാവുമ്പോൾ ധാരാളം നീരാവി ഉള്ളകൊണ്ട് ചെറുതായൊന്നു തണുക്കുമ്പോളേയ്ക്കും വെള്ളം രൂപപ്പെടാൻ തുടങ്ങും. എന്താ ശരിയല്ലേ?” അവളുടെ മുഖത്ത് ആത്മവിശ്വാസം നിറഞ്ഞ ചിരി.
കുഞ്ഞുണ്ണി അച്ഛന്റെ ഫോണിൽ ബെംഗളൂരുവിലെയും കൊച്ചിയിലെയും കാലാവസ്ഥാ സൂചികകൾ നോക്കുകയാണ്.

“ശരിയാ ഓപ്പോളേ… ബെംഗളൂരുവിൽ ഡ്യൂ പോയിന്റ് 14ഡിഗ്രീ യും ഇവിടെ 24ഡിഗ്രീയുമാണ്! അപ്പൊ ഇവിടത്തെയത്ര എളുപ്പം ബെംഗളൂരുവിൽ അമ്മാവനു ഇതുപോലത്തെ മഞ്ഞുതുള്ളികൾ കാണാൻ കിട്ടില്ലല്ലേ?”
കാറിനുള്ളിലെ വെള്ളം തുടച്ചുകൊണ്ട് അമ്മാവൻ പറഞ്ഞു “രണ്ടുപേരും പറഞ്ഞത് ശരിയാണ്. ഇവിടെ ഇത്രയെളുപ്പം നീരാവി ഘനീഭവിക്കുന്നത് ഏറ്റവും ശല്യമായി തോന്നാറുള്ളത് മഴയത്തും വെളുപ്പിനുമൊക്കെ കാറോടിക്കുമ്പോളാണ്. ശ്രദ്ധിച്ചിട്ടില്ലേ ശല്യമായിട്ട് കാറിന്റെ ചില്ലിൽ നിറയെ ആവി വന്ന് പറ്റിക്കൂടി ഒന്നും കാണാനാകാതെ വരണത്?”
അമ്മിണി പറഞ്ഞു: “ശരിയാണ്… ചിലപ്പൊ ചില്ലിനകത്ത് വരും.. ചിലപ്പൊ പുറത്തായിരിക്കും…
ആകെ ഒന്നും കാണാനാവാത്തപോലെ… അങ്ങനെ വരുമ്പോ നമ്മൾ എങ്ങനെയാ അമ്മാവാ വണ്ടി ഓടിക്കണേ? പുറത്തെ ആവി വേണമെങ്കിൽ വൈപ്പർ വച്ച് കളയാമെന്നു വക്കാം.. അകത്തേത് തുടക്കാൻ എനിക്ക് കൈ എത്തില്ല.”
തലേ ദിവസവുംകൂടി പതിനെട്ട് വയസാവണേന്റെ പിറ്റേദിവസം തന്നെ അവളെ കാർ ഓടിക്കാൻ പഠിപ്പിക്കണമെന്നു ശട്ടം കെട്ടിയതേയുള്ളു അമ്മിണി. അവളുടെ വിഷമം കണ്ടപ്പോ ചിരിച്ചുപോയി..
“അതിനല്ലേ കാറിലെ എയർ കണ്ടീഷണർ”
ഇതു കേട്ടിട്ട് കുഞ്ഞുണ്ണിക്ക് ചിരി അടക്കാൻ പറ്റിയില്ല… “എന്റെ അമ്മാവാ ഞങ്ങളെ ഇങ്ങനെ പറ്റിക്കരുത് ട്ടോ… ഏസി തണുപ്പിക്കാനുള്ളതല്ലേ… മഞ്ഞ് വന്നതുതന്നെ തണുപ്പ്കാരണം. അപ്പൊ നമ്മൾ ഏസി ഇട്ട് പിന്നേം തണുപ്പിച്ചാൽ പിന്നെ “മഞ്ഞുപോലെ മാൻ കുഞ്ഞുപോലെ..” എന്ന പാട്ടും വച്ച് വണ്ടി എവിടെയെങ്കിലും സൈഡിൽ നിർത്തിയിടേണ്ടിവരില്ലേ?”
കുഞ്ഞുണ്ണീടെ ചോദ്യം കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചുപോയി.
“കുഞ്ഞുണ്ണി പറഞ്ഞത് ഭാഗികമായി ശരിയാണ്. പക്ഷെ അപ്പറഞ്ഞതിൽ ഒന്ന് തെറ്റിധാരണയാണ്. ഏ സി തണുപ്പിക്കാൻ മാത്രല്ല, വായു ചൂടാക്കാനും ഉപയോഗിക്കാം. വിനുവമ്മാവൻ ഇനി അമേരിക്കയിൽനിന്നു വിളിക്കുമ്പോൾ ഒന്ന് ചോദിച്ചുനോക്കൂ അവിടൊക്കെ ഏ സി കൊണ്ട് കാറും വീടുമൊക്കെ തണുപ്പിക്കുവാണോ ചൂടാക്കുവാണോ ചെയ്യണത് എന്ന്!
ഇനി അമ്മിണീടെ പ്രശ്നത്തിലേക്ക് വരാം. കാറിലെ ഏ സി പ്രവർത്തിപ്പിക്കുമ്പോൾ അത് ഒരു യന്ത്രം വച്ച് വായുവിനെ തണുപ്പിക്കുകയോ ചൂടാക്കുകയോ ചെയ്തിട്ട് പല പല പഴുതുകളിലൂടെയായി കാറിനുള്ളിൽ പ്രവഹിപ്പിക്കുന്നു. അതിനുള്ള ദ്വാരങ്ങളിൽ ചിലത് നമ്മുടെ മുഖത്തിനു നേരേ ആയിരിക്കും. ചിലത് കാലിനടുത്ത്, ചിലത് ഗ്ലാസിനോട് ചേർന്നും. അമ്മിണീടെ പ്രശ്നം പരിഹരിക്കാനാണ് കാർ കമ്പനിക്കാർ ഏസിയുടെ ചില ദ്വാരങ്ങൾ മുൻവശത്തെ
ചില്ലിനോട് ചേർത്ത് വച്ചിരിക്കുന്നത്. നമ്മൾ നല്ല തണുത്ത ഒരു വെളുപ്പാംകാലത്ത് കാറെടുക്കുന്നു എന്ന് വക്കുക. തണുത്ത കാറ്റടിക്കാതിരിക്കാൻ ചില്ലൊക്കെ കയറ്റിയുമിട്ടു. സ്വതവേ കാറിനുള്ളിൽ നീരാവി ഉണ്ടായിരുന്നു. ഇപ്പൊ നമ്മൾ എല്ലാവരുടെയും നിശ്വാസത്തിലെ നീരാവിയും ഉണ്ട്. പുറത്തെ തണുത്ത കാറ്റ് ചില്ലിലടിച്ച് ചില്ല് പുറമേനിന്ന് നല്ലപോലെ തണുത്തു. വായുവിൽ നീരാവി കൂടിയാൽ ഡ്യൂ പോയിന്റ് ഉയരാൻ തുടങ്ങുമല്ലോ അതായത് അധികമൊന്നും തണുക്കാതെ തന്നെ മഞ്ഞ് ഉണ്ടാകാൻ തുടങ്ങും… അങ്ങനെ കാറിനുള്ളിലെ ഡ്യൂ പോയിന്റ് കാറ്റടിച്ചു തണുത്ത ചില്ലിന്റെ അപ്പൊഴത്തെ ഊഷ്മാവിനു സമമായാൽ ചില്ലിൽ മുഴുവൻ ആവിയടിച്ച് വെള്ളം വരാൻ തുടങ്ങും”
അമ്മിണി പരിഭവിച്ചു പറഞ്ഞു: “അപ്പോ ഞാൻ വണ്ടി ഓടിക്കലും നിർത്തും”
“ഇല്ല.. അപ്പോൾ നമ്മൾ സൂത്രത്തിൽ കാറിലെ ഏസി ഓണാക്കും… ചൂടല്ല, തണുപ്പ് തന്നെ ആക്കും. എന്നിട്ട് ഏസിയുടെ വായു പ്രവാഹം ചില്ലിനോട് ചേർന്ന ദ്വാരങ്ങളിലേക്ക് ക്രമീകരിക്കും. കാറിനുള്ളിൽ വരൂ കാണിച്ചുതരാം”
കാർ ഓണാക്കി ഏസി ഇട്ട് കാറ്റ് ചില്ലിലേക്കായി ക്രമീകരിച്ചു. ചില്ലിൽ പറ്റിപ്പിടിച്ച ആവി മായാജാലം പോലെ, കാറ്റടിച്ച് പുക മാറിപ്പോകുന്നതുപോലെ അപ്രത്യക്ഷമാവുന്നതു കണ്ട് രണ്ടാളും കണ്ണുതള്ളി ചിരിച്ചു. അമ്മിണിക്കായിരുന്നു ഉത്സാഹം കൂടുതൽ. ഇനിയിപ്പൊ ഏതു സമയത്തുവേണമെങ്കിൽ ധൈര്യമായി വണ്ടി ഓടിക്കാമല്ലോ!അമ്മിണി
“അതെങ്ങനെയാ അമ്മാവാ തണുത്ത വായു ചെന്നപ്പോ മഞ്ഞ് ഇതുപോലെ അപ്രത്യക്ഷമായത്!”
“അതിനു ഒന്നുരണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി ഏസി വായുവിനെ തണുപ്പിക്കുന്നത് ഒരു യന്ത്രത്തിലാണെന്നു പറഞ്ഞല്ലോ. ആ യന്ത്രം വായുവിനെ തണുപ്പിക്കുന്നതിനൊപ്പം വായുവിലെ നീരാവിയെയും കളയുന്നുണ്ട്. തത്ഫലമായി കാറിനുള്ളിൽ പ്രവഹിക്കുന്ന വായു താരതമ്യേന വരണ്ടതായിരിക്കും. ക്രമേണ കാറിനുള്ളിലെ മൊത്തം വായുവിലെ നീരാവിയുടെ അളവ് താഴ്ന്നു താഴ്ന്ന് വരും. അപ്പോ ഡ്യൂ പോയിന്റിനു എന്തു സംഭവിക്കും..?”
പറയാൻ വന്ന ഉത്തരം അനിയനു വേണ്ടി കാത്തുവച്ച് അമ്മിണി ചുണ്ടുപൂട്ടീ അവനെ നോക്കി ഒരു കുസൃതിച്ചിരിചിരിച്ചു.. കുഞ്ഞുണ്ണി വേഗം പറഞ്ഞു “അപ്പൊ ഏസി ഇട്ട് തണുപ്പിക്കുമ്പോൾ വായു വരണ്ടു വരും. അങ്ങനെ നീരാവി കുറഞ്ഞ് കുറഞ്ഞു വരുന്നതിനനുസരിച്ച് എളുപ്പത്തിലൊന്നും നീരാവി മഞ്ഞാകാൻ കൂട്ടാക്കാതെ വരും, അതായത് കാറിനുള്ളിലെ ഡ്യൂ പോയിന്റും താഴ്ന്ന് താഴ്ന്ന് വരും. അപ്പൊ ആവിക്ക് മഞ്ഞായി മാറാൻ ചില്ലിന്റെ തണുപ്പ് മതിയാവാതെ വരും.. ശരിയല്ലെ ഓപ്പോളേ..?”
“വളരെ ശരി. വരണ്ട വായു ചില്ലിനടുത്തുള്ള നീരാവിയെ വലിച്ചെടുത്തപ്പോഴാണ് പുക മായുന്നതുപോലെ ചില്ലിലുണ്ടായ ആവിയും അപ്രത്യക്ഷമായത്.”
ഓപ്പോൾ കുഞ്ഞുണ്ണിക്ക് കൈകൊടുത്തു… “എടാ മിടുക്കാ.. നീ ശരിയാക്കിയല്ലോ. വേറെയും കാരണമുണ്ടെന്നു പറഞ്ഞല്ലോ… എന്താ അത് അമ്മാവാ?”
“ഇപ്പൊ പറഞ്ഞതുകൂടാതെ വേറൊരു രസകരമായ കാര്യം കൂടി നമ്മൾ ചില്ലിലേക്ക് തണുത്ത കാറ്റടിപ്പിക്കുമ്പോൾ നടക്കുന്നുണ്ട്. അകത്ത് മഞ്ഞ് ഉണ്ടായി വന്നതിനു കാരണം ചില്ല് പുറത്തെ തണുത്ത കാറ്റടിച്ച് തണുത്തുവന്നതുകൊണ്ടാണെന്നു പറഞ്ഞുവല്ലോ… നമ്മൾ കാറ്റടിച്ച് ചില്ലിനെ അകത്തുനിന്നും വീണ്ടും തണുപ്പിക്കുന്നു. അങ്ങനെ തണുത്ത് തണുത്ത് ചില്ലിനകം പുറത്തെ തണുപ്പിനൊപ്പമായിക്കഴിഞ്ഞാൽ പിന്നെ ഉള്ളിലെ നീരാവിക്ക് ചില്ലിന്റെ പ്രതലത്തിനുമേൽ വന്ന് ഘനീഭവിക്കാൻ കഴിയാതാവും. അപ്പോ നീരാവി സങ്കടം കരഞ്ഞുതീർത്ത് കണ്ണീരൊഴുക്കാൻ വേറേ വഴി നോക്കിപ്പൊയ്ക്കോളും, ചില്ലിനെ വെറുതെ വിടും. ഹഹഹ”
അമ്മിണിക്ക് വിഷമമായി: “അതിനു നീരാവിക്ക് കരയണ്ടാ ന്ന് വച്ചാലെന്താ? വേറെ ഒന്നിനുമല്ലല്ലോ, എനിക്ക് റോഡൊക്കെ കണ്ട് വണ്ടി ഓടിക്കാനായിട്ടല്ലേ… 
അപ്പൊ അമ്മാവാ, നമ്മൾ നല്ലപോലെ ഏ സി ഇട്ട് തണുപ്പിച്ച് പോകുമ്പോൾ കാറിനുള്ളിൽ പുറത്തേതിനെക്കാളും തണുപ്പ് കൂടൂതലായിരിക്കില്ലേ … അപ്പോ ചില്ലിന്റെ പുറത്ത് ഇതുപോലെ ആവി പിടിക്കില്ലേ?”
ഉടനെ കുഞ്ഞുണ്ണി ചാടിപ്പറഞ്ഞു: “അപ്പൊ ഓപ്പോളെന്തു ചെയ്യും. നമ്മൾ ഏസി എടുത്ത് കാറിനു പുറത്തുവച്ച് പുറം തണുപ്പിക്കും അല്ലേ ഓപ്പോളേ..ഹഹഹ.. ഓപ്പോളു ദേ പിന്നേം വണ്ടി സൈഡാക്കി.. ഇതെന്ത് ഓടിക്കലാ ഓപ്പോളേ.. അയ്യേ..”
രംഗം വഷളാവണേനു മുമ്പേ രണ്ടിനേം പറഞ്ഞ് സമാധാനിപ്പിക്കാൻ ശരിക്കും പാടുപെട്ടു. 
“ആലോചിച്ചു നോക്കൂ അമ്മിണീ.. നീ പറഞ്ഞത് വളരെ ശരിയാണ്. അങ്ങനുള്ളപ്പൊ പുറത്ത് ആവി വരും- നിറയെ ആവിവരാൻ പാകത്തിനു പുറത്തെ അന്തരീക്ഷത്തിൽ നീരാവി ഉണ്ടെങ്കിൽ മാത്രം. നല്ലൊരു മഴപെയ്ത് റോഡിൽനിന്ന് പുകപോലെ ആവി വരുന്ന സമയൊക്കെയാണെങ്കിൽ ഇതു കാണാം. ആലോചിച്ചു പറയൂ.. ഇപ്പൊ ചില്ലിനകതാണ് തണുപ്പ്. അതുകൊണ്ട് പുറത് മഞ്ഞ് വന്ന് കൂടാൻ തുടങ്ങും. വളരെ എളുപ്പത്തിൽ ചെയാവുന്ന ഒരു കാര്യം വൈപ്പർ ഓണാക്കലാണ്. പക്ഷെ ചില്ല് പോറിയാലോ? നേരത്തെ കുഞ്ഞുണ്ണി പറഞ്ഞത് കളിയാക്കാനാണെങ്കിലും സംഭവം ശരിയൊക്കെത്തന്നെ. പക്ഷെ ഏസി പുറത്തുവച്ച് പുറം തണുപ്പിക്കുന്നതിലും എളുപ്പത്തിൽ നമുക്ക് ഈ പ്രശ്നം പരിഹരിച്ചുകൂടെ പറയൂ?”
അമ്മിണി തല പുകഞ്ഞുകൊണ്ട് പറഞ്ഞു: “ഇപ്പൊ ആവി മൊത്തം പുറത്താണ്. കാറിനുള്ളിൽ നമ്മൾ ഏസി ഇട്ട് തണുപ്പിച്ചേക്കുവാണ്. ചില്ലിന്റെ അകത്ത് തണുപ്പ് പുറത്ത് ചൂട്.ചില്ലിനകത്തെ തണുപ്പ് പുറത്തെ വായുവിന്റെ ഡ്യൂ പോയിന്റിലും താഴെ. അതുകൊണ്ട് ചില്ലിനു പുറത്ത് നിറയെ ആവി. എങ്ങനെയെങ്കിലും ഡ്യൂ പോയിന്റ് താഴ്ത്തിയാൽ നീരാവിക്ക് ഘനീഭവിക്കാൻ ഉള്ളിലെ തണുപ്പ് പോരാതെ വരും. പക്ഷെ അതിനു നേരത്തത്തെ പോലെ നീരാവിയുടെ അളവു കുറക്കാൻ പുറത്ത് ഏസിയുമില്ല!”
കുഞ്ഞുണ്ണി ചാടിപ്പറഞ്ഞു: “കണ്ടോ ഞാൻ പറഞ്ഞതല്ലേ ഓപ്പോളേ.. ഇപ്പൊ എങ്ങനെയുണ്ട്?”
അമ്മിണി: “കിട്ടിപ്പോയി.. അമ്മാവൻ പറഞ്ഞ രണ്ടാമത്തെ സൂത്രം. നമ്മൾ ഏസി വച്ച് കാറ്റ് ചില്ലിലേക്ക് അടിപ്പിക്കും. തണുത്തതല്ല, ചൂടുള്ള കാറ്റ്… ഏസി കൊണ്ട് ചൂടാക്കാനും പറ്റുമല്ലോ… അപ്പൊ ചില്ലിന്റെ അകം ചൂടായി വരാൻ തുടങ്ങും. പുറത്തെ ഊഷ്മാവിനൊപ്പം തന്നെ ചില്ലും ചൂടായാൽ പ്രശ്നം തീർന്നില്ലേ?”
അമ്മാവൻ അമ്മിണിയുടെ തോളിൽതട്ടി അഭിനന്ദിച്ചു, ശരിയാണെന്ന അർത്ഥത്തിൽ ചിരിച്ചു. ഇപ്പൊ എങ്ങനെയുണ്ട് എന്നു ഭാവത്തിൽ അമ്മിണി കുഞ്ഞുണ്ണിയെ നോക്കി… 
അവൻ ചിരിച്ചോണ്ട് പറഞ്ഞു: “അതിനു ഓപ്പോൾ വണ്ടി ഓടിച്ചാലല്ലേ എനിക്ക് സ്നിക്കേഴ്സ് ഒക്കെ വാങ്ങിക്കൊണ്ടരാൻ പറ്റൂ.. ഓപ്പോൾ എന്തെങ്കിലും ഒരു വഴി കണ്ടുപിടിക്കാൻ ഞാൻ നോക്കി നിൽക്കുവല്ലാരുന്നോ ഓപ്പോളേ.. “
രണ്ടാളും ചിരിച്ചുകൊണ്ട് പഠിച്ചതുമുഴുവൻ അമ്മയെ പറഞ്ഞുകേൾപ്പിക്കാൻ അകത്തേയ്ക്ക് പോയി…


ഈ ലേഘനം ശാസ്ത്രകേരളത്തിന്റെ 2016 മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.

2 comments:

 1. വളരെ ലളിതമായി ഒരു ശാസ്ത്ര സത്യം വിവരിച്ചു.
  നന്നായിരിക്കുന്നു മാഷേ...

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ :)

   Delete