Dec 3, 2013

കള്ളനിലെ സത്യം

അഞ്ചിൽ പഠിക്കുമ്പോൾ നിർമ്മലയിൽനിന്ന് വീട്ടിലേക്ക് ശലഭത്തിൽ വരുന്നവഴി മുവാറ്റുപുഴയിലെ ഗംഗ ബാറിനു മുന്നിൽ ദിവാകരൻ സാർ നില്ക്കുന്നതുകണ്ടത് വീട്ടിലെത്തിയയുടനെ അമ്മയോട് ആവേശത്തോടെ പറഞ്ഞപ്പോൾ പക്ഷെ, കിട്ടിയത് വഴക്കായിരുന്നു.
"നീ കാണുമ്പോൾ സന്ദർഭവശാൽ അദ്ദേഹം ബാറിനുമുന്നിലായിരുന്നു എന്നുവച്ച് നീ സാറിനെ ബാറിനുമുന്നിൽ കണ്ടെന്നാകുവോ?"
എത്ര ചെറിയ സത്യമായാൽപ്പോലും അത് പറയുക എന്നത് എപ്പൊഴും അസുഖകരമായ ഒന്നാണ്. തിരിച്ചറിവായിട്ടില്ലായിരുന്നപ്പൊഴും, ഇപ്പൊഴും.

അന്ന് പകരം നഷ്ടമായെന്ന് ഇപ്പോൾ തിരിച്ചറിയാനാകുന്ന- അമ്മയുമായുള്ള അടുപ്പത്തിലെ ഒരിഴ പോലെ, ഇന്ന് ഒരുപക്ഷെ അതിലും വിലപ്പെട്ട പലതും പകരം നഷ്ടപ്പെടുത്തിയും സത്യം പറഞ്ഞ് ഞാൻ സമ്പാദിക്കുന്ന 'നഷ്ടങ്ങൾ' വിരസമായി ആഘോഷിക്കുമ്പോൾ കിട്ടുന്ന സുഖം- മുറിവ് കുത്തി പുണ്ണാക്കുന്നതിലെ വെറും വൈകൃതം മാത്രം!

സത്യമല്ലാത്തത് പറയില്ലെന്ന് വച്ചതുകൊണ്ട് അന്തർമുഖനാകാൻ കഴിഞ്ഞു.
സത്യമില്ലാത്തത് കേൾക്കാനിഷ്ടമില്ലാത്തകൊണ്ട് അന്തർമുഖത്വത്തെ ആവേശിക്കാൻ കഴിഞ്ഞു.
സത്യങ്ങൾ പൊതുവെ കളവിനെക്കാൾ വിചിത്രമായതുകൊണ്ടോ,
വിശിഷ്യാ എന്റെ സത്യങ്ങൾ എല്ലായിടത്തും അസ്വീകാര്യമായിരിക്കുന്നതുകൊണ്ടോ...
ഏറ്റവും കള്ളലക്ഷണം എനിക്കാണെന്ന് എല്ലാവരും വിശ്വസിക്കുന്നു.
എല്ലാവരും  അങ്ങനെ വിശ്വസിക്കുന്നകൊണ്ട് ഞാൻ വലിയൊരു കള്ളനാണെന്നത് ഒരു സത്യവുമായിത്തീർന്നിരിക്കുന്നു.


അമ്മയന്നങ്ങനെ പറയും വരെ ഒരു കുടിയനെന്ന് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ലാത്ത ദിവാകരൻ സാറിനെ എനിക്ക്
അതിൽപ്പിന്നെയിന്നേവരെ, തരം കിട്ടുമ്പോളെല്ലാം ബാറായ ബാറുതോറും ഒളിച്ചും പാത്തും പോയി വെള്ളമടിക്കുന്ന ഒരു കുടിയനായല്ലാതെ കാണാൻ കഴിഞ്ഞിട്ടേയില്ല.
പാപത്തിന്റെ കനി എന്നു പറയുന്നത് ഇതിനെയൊക്കെത്തന്നെയല്ലേ?



1. നിർമ്മല: നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ മുവാറ്റുപുഴ
2. ശലഭം: മുവാറ്റുപുഴ-മേതല-പെരുമ്പാവൂർ ബസ്സ്
3. ദിവാകരൻ സാങ്കൽപ്പിക പേര്, പേര് മാത്രം

Jul 9, 2013

മരിക്കുന്നവ


മിണ്ടാതിരിക്കുമ്പോള്‍ മൌനം മരിക്കുന്നു
ചിരിക്കാതിരിക്കുമ്പോള്‍ ദുഃഖം മരിക്കുന്നു
ഓര്‍ക്കാതിരിക്കുമ്പോള്‍ മറവി മരിക്കുന്നു
അടുക്കാതിരിക്കുമ്പോള്‍ അകലം മരിക്കുന്നു
മരിക്കാതിരിക്കുമ്പോള്‍ ജീവിതം മരിക്കുന്നു
പിറക്കാതിരിക്കുമ്പോള്‍ ... 
...മരണവും മരിക്കുന്നു

Jun 5, 2013

മദ്യം വിഷ(മ)മാണ് - 2


പൊന്നപ്പന്‍ ചേട്ടന്‍ ഒരു അധ്വാനി ആണ്. എന്നാല്‍ മദ്യം കുടിക്കാനോ മദ്യം തന്നെ കുടിക്കാനോ ഒരുകാലത്തും ചേട്ടന്‍ അനുവദിച്ചുകൊടുത്തിരുന്നില്ല.
മക്കളും കൊച്ചുമക്കളുമൊക്കെയായി.
കഠിനാധ്വാനം സമ്മാനിച്ച അസുഖങ്ങള്‍ കാരണം ഇപ്പോള്‍ കട്ടിപ്പണിയൊന്നും എടുക്കാനാവില്ല.
വെറുതേയിരിക്കാനാവുന്നില്ലാത്തതുകൊണ്ട് ഒരു ഏ റ്റി എമ്മിന്റെ നൈറ്റ് വാച്ച്മാനായി പോകുന്നു ഇപ്പോള്‍.
ഏ റ്റി എമ്മിന് തൊട്ടടുത്ത് ബിവറേജിന്റെ ഒരു കടയുമുണ്ട്. ബിവറേജിന്റെ അടുത്ത് ഏ റ്റി എം എന്ന് പറയുന്നതായിരിക്കും ‘പൊളിറ്റിക്കലി കറക്റ്റ്’.

വൈകീട്ട് ലൈന്‍ബസ്സിലാണ് ഡ്യൂട്ടിക്ക് പോകുക.
തനിക്കിറങ്ങേണ്ട തീയേറ്റര്‍പടി സ്റ്റോപ്പിനു മുമ്പത്തെ ആശുപത്രിപ്പടി സ്റ്റോപ്പിലിറങ്ങിയാണ് മകളുടെ വീട്ടിലേക്ക് പോകേണ്ടത്.
അന്ന് വേനലവധി തീരുന്ന ദിവസമാ‍യതുകൊണ്ട് അവധിക്ക് മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം താമസിക്കാന്‍ വന്ന കൊച്ചുമകനും പൊന്നപ്പന്‍ ചേട്ടനൊപ്പം ബസ്സിലുണ്ട്.അവനെ കാത്ത് മരുമകന്‍ ആശുപത്രിപ്പടി സ്റ്റോപ്പില്‍ നില്‍പ്പുണ്ടാവും. കൊച്ചുമകനെ അവിടെ ഇറക്കിവിട്ടിട്ട് തൊട്ടടുത്ത തീയേറ്റര്‍പടി സ്റ്റോപ്പിലിറങ്ങി ജോലിക്ക് കയറണം.

ആശുപത്രിപ്പടിയില്‍ മരുമകന്‍ കാത്തുനിന്നിരുന്നു.
കൊച്ചുമകനെ ഇറക്കിവിട്ടു റ്റാറ്റായും കൊടുത്തു.
പൊന്നപ്പന്‍ചേട്ടന്‍ ഇറങ്ങുന്നില്ലെന്ന് കണ്ട് കൊച്ചുമകന് പരിഭ്രമം...
പൊന്നപ്പന്‍ചേട്ടന്‍ സൌമ്യമായി പറഞ്ഞു... ”പുള്ള ഇവിടിറങ്ങിക്കോ, അച്ചായി ഇവിടെ ഇറങ്ങുന്നില്ല, അടുത്ത സ്റ്റോപ്പിലേയുള്ളു”
എന്നിട്ടും കൊച്ചുമകന് സമാധാനമായില്ല... അച്ഛന്റെ കൈയ്യില്‍ തൂങ്ങി അവന്‍ വിതുമ്പുന്നു?
എല്ലാം കണ്ടുകൊണ്ട് ബസ്സിലിരുന്ന ഒരു അപരിചിതന്‍ പെട്ടെന്ന് ഇടയില്‍ ചാടിവീണു.
“പുള്ള നൊലോളിക്കണ്ടാന്നേ.. അച്ചായിക്കിറങ്ങാനുള്ള സ്ഥലമായില്ല അതോണ്ടാ. വീട്ടിലേക്ക് പൊക്കോ... അച്ചായി ദേ ഇപ്പത്തന്നെ വീട്ടിലേക്ക് വന്നോളും”
ബസ്സിലുള്ളവരൊക്കെ ഒരുമാതിരി ആക്കിച്ചിരി... പൊന്നപ്പന്‍ചേട്ടന്‍ കൊമ്പന്‍‌മീശക്കടിയിലെ ശേഷിച്ച പല്ലിറുമ്മി.

കൊച്ചിനെ ‘പറഞ്ഞുവിട്ടിട്ട്’ അപരിചിതന്‍ വലിയ സ്നേഹത്തോടെ പൊന്നപ്പന്‍ ചേട്ടന്റെയടുത്തേയ്ക്ക് നീങ്ങിനിന്നു.
ഒരു ചിരിയൊക്കെ ചിരിച്ചിട്ട് ബസ്സിന്റെ കമ്പിയില്‍ തൂങ്ങി ബസ്സിനു മുന്നിലായി കണ്ടുതുടങ്ങിയ ബിവറേജ് ക്യൂവിലേക്ക് പാളിയൊന്ന് നോക്കിയിട്ട്: “ഇന്ന് തെരക്കിച്ചിരെക്കൊറവാ... അല്ലേ ചേട്ടാ?”

പൊന്നപ്പന്‍ ചേട്ടന്‍ ദൈന്യമായി : “പറഞ്ഞപോലെ ഇന്ന് തെരക്ക് കൊറവാല്ലോ!”

ചിത്രം കടപ്പാട്: ശശികുമാര്‍


Jun 3, 2013

മദ്യം വിഷ(മ)മാണ് - 1

ആലുവ റെയില്‍‌വേ സ്റ്റേഷനുമുന്നിലെ പോലീസ് മുന്നറിയിപ്പ്:
“വില നിശ്ചയിച്ച മദ്യം വില നിശ്ചയിക്കാനാകാത്ത നിങ്ങളുടെ ജീവന്‍ അപഹരിച്ചേക്കാം“

അതുകൊണ്ട് മദ്യപന്‍‌മാര്‍ കുടിക്കുമ്പോൾ, മുൻകൂട്ടി വില നിശ്ചയിക്കപ്പെട്ട ബ്രാന്‍ഡഡ് മദ്യങ്ങള്‍ക്ക് പകരം വില നിശ്ചയിക്കപ്പെടാത്ത കള്ളവാറ്റ് പോലുള്ളവ മാത്രം കുടിച്ച് സ്വന്തം ജീവന്‍ സുരക്ഷിതമാക്കുക!

May 21, 2013

ബെംഗളൂര്



തട്ടുകടപോലെ നിറയെ ഐ ടി കമ്പനികള്‍ - തിളക്കുന്ന വെയിൽ - പൊടി- പട്ടികൾ - കാറുകള്‍ - ഉന്തുവണ്ടികൾ - തിരക്ക്- ട്രാഫിക് ജാം- മുഷിഞ്ഞ് നാറുന്ന ഉത്തരേന്ത്യന്‍ ജോലിക്കാര്‍ തിങ്ങിനിറഞ്ഞ ഓര്‍ഡിനറി ബസ്സുകള്‍ കൂളിങ് ഗ്ലാസ് വച്ച പെര്‍ഫ്യൂമടിച്ച ഹെഡ്ഫോണ്‍ വച്ച ചെറുപ്പക്കാര്‍ തിങ്ങി നിറഞ്ഞ വോള്‍വോ ബസ്സുകൾ - ആര്‍ത്തിപിടിച്ച ഓട്ടോക്കാർ - പിച്ചക്കാരേക്കാള്‍ കഷ്ടമായ പോലീസുകാർ...
ബെംഗളൂര്...

നന്നായി ഡ്രെസ് ചെയ്ത ഒരു ചെറുപ്പക്കാരിയും നിറം മങ്ങിത്തുടങ്ങിയ സാരിയുടുത്ത ക്ഷീണിച്ച പ്രായമായ ഒരു സ്ത്രീയും മരുന്നുകടയിലേക്ക് കടന്നുവന്നു.

ചെറുപ്പക്കാരി: “അടുത്ത് ആശുപത്രി എവിടെയാ?”
കടക്കാരന്‍: “റോഡിനപ്പുറത്തായിട്ട് ബ്രൂക്ഫീല്‍ഡ് ഹോസ്പിറ്റല്‍ ഉണ്ടല്ലോ, കഷ്ടിച്ച് ഒരു കിലോമീറ്റര്‍. ഒരു ഓട്ടോ പിടിച്ചാല്‍ മതി”
ചെറുപ്പക്കാരി: “എനിക്കല്ല, ഇതു ഞങ്ങളുടെ വീട്ടിലെ ആയയാണ്. ഇവര്‍ക്കാണ്”
കടക്കാരന്‍: “അതെയോ? എങ്കില്‍ തൊട്ടടുത്ത കടമുറി ക്ലിനിക്കാണ്”


##  ചീപ്പായ രോഗം ആളുമാറുമ്പോള്‍ വിലപിടിച്ചതാകുന്നത്!!  ##

Apr 5, 2013

കണ്ണട... കണ്ണുതുറ...


കണ്ണട നന്നേ ചെറുപ്പത്തിൽത്തന്നെ മൂക്കിൽക്കയറിയതാണ്.
ഹ്രസ്വദൃഷ്ടി... കണ്ണട വക്കുന്നതിനുമുൻപും പിൻപും അച്ഛൻ പരാതി പറയാറുള്ളതാണ്- വിശാലമായ അർത്ഥത്തിൽ!
കണ്ണട മുഖത്തു കയറിയപ്പോൾ സ്ഥിരം ഗൗരവത്തിന് പ്രത്യേക എയർപിടിത്തം ആവശ്യമില്ലാതായി!
അങ്ങനെ ഏതാണ്ട് ഓർമ്മ വച്ച കാലം തൊട്ടേ കണ്ണട കാണുന്നത് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ!
അപ്പറഞ്ഞതിന് ആകെയൊരപവാദമാണ് സ്വപ്നം. അതുകൊണ്ട് സ്വപ്നം കാണാൻ എനിക്ക് പ്രത്യേക ഇഷ്ടവുമാണ്.
ബോഡിലെഴുതിയത് വായിക്കാൻ ഞാൻ കണ്ണുകൊണ്ട് കോപ്രായം കാണിച്ച് വിഷമിക്കണതുകണ്ട് രണ്ടാംക്ലാസിലെ പാത്തുമ്മ ടീച്ചറാണ് എന്റെ കാഴ്ച്ചക്കുറവ് കണ്ടുപിടിച്ചത്.
അതുകൊണ്ടുണ്ടായ വലിയൊരു സൗകര്യം യുവജനോത്സവത്തിന് കലാപരിപാടികൾ അവതരിപ്പിക്കുമ്പോൾ സഭാ'കമ്പനം' ഉണ്ടാകില്ല എന്നതാണ്!
പ്രകടനം തീർന്ന് കാഴ്ച്ചക്കാരുടെ കൈയ്യടി(ഗുരുത്വം കൊണ്ട് ഇതുവരെ- ഒരിക്കലൊഴികെ, അക്കഥ പിന്നെ- ശേഷം കൈയ്യടിയേ ഉണ്ടായിട്ടുള്ളൂ) തുടങ്ങുമ്പോൾ മാത്രം കണ്ണട വൈക്കുക, അപ്പോൾ എല്ലാം ഓ കെ.
ബി ടെക് ആർട്സിന് നാടകക്കളരിയിൽ അഭിനയത്തിലെ പാകപ്പിഴകൾ വിനോദ് മാഷ് പറഞ്ഞുതന്നുകൊണ്ടിരുന്നപ്പോൾ തട്ടേൽ കയറാൻ നേരം  ഊരിവച്ച കണ്ണട തിരിച്ചെടുത്തുവൈക്കാൻ മറന്നു.
ആശാൻ ഒന്നുരണ്ട് വട്ടം തിരുത്ത് കാട്ടിത്തന്നിട്ടും എന്റെ പ്രകടനത്തിൽ മാറ്റമില്ലാത്തതുകണ്ട് പുള്ളിക്ക് ദേഷ്യം. പിന്നത്തെ ടേക്കും ഓ കെ ആകാത്തപ്പോൾ എന്തോ വെളിപാടുപോലെ ഞാൻ കണ്ണട എടുത്തുവച്ചു.
കാര്യമറിഞ്ഞ ആശാനും മറ്റ് ശിഷ്യരും ചിരിയെടാ ചിരി. "ഞാനുമോർത്തു ഇവനെന്താണ് കണ്ണോണ്ട് കഥകളി കാണിക്കണേ ന്ന്... ഇവിടെ പഠിപ്പിക്കണത് നാടകമല്ലേ.."
കൂടിനിന്നവരെ ചിരിപ്പിച്ചെങ്കിലും ഇത്തരം ചില നോവിച്ച അനുഭവങ്ങളും, കൂളിങ് ഗ്ലാസ് വൈക്കാനുള്ള ആഗ്രഹവും, മൂക്കിനുമുകളിൽ കണ്ണട സൃഷ്ടിച്ച കറുത്ത പാടും, കണ്ണടയുടെ അരികുകളിലെ താരതമ്യേന നിറം കുറഞ്ഞ ലോകവും എന്നെ കോണ്ടാക്റ്റ് ലെൻസിലേക്ക് ആകർഷിച്ചു. ചെറുപ്പം മുതൽക്ക് കണ്ണട മുഖത്തിന്റെ ഭാഗമായിപ്പോയതുകൊണ്ട് കോണ്ടാക്റ്റ് ലെൻസിലേയ്ക്ക് മാറുന്നത് 'നാടുവിട്ട്' ബെംഗളൂരുവിൽ ചെന്നടിയുമ്പോൾ ആകാമെന്ന് തീരുമാനിച്ചിരുന്നു.
അവിടെ കാണേണ്ടത് പുതിയൊരു കൂട്ടം ആളുകളല്ലേ. അവർ എന്റെ 'പുതിയ മുഖം' കണ്ടോട്ടെ!

ഒരു പ്രായം കഴിഞ്ഞാൽ കണ്ണിന്റെ പവർ മാറില്ല. എങ്കിലും ഇടയ്ക്ക് ടെസ്റ്റ് ചെയ്യണം.
അടുത്തയിടെ മുവാറ്റുപുഴയിലെ പടയാട്ടിൽ കണ്ണടക്കടയിൽ ചെന്നു... അതെന്റെയൊരു സ്ഥിരം സ്ഥലമാണ്.
നാലാം ക്ലാസിൽ വച്ച് എന്നെ ആദ്യമായി കണ്ണട അണിയിച്ചത് അവരാണ്, കാര്യം കേരളത്തെ ആദ്യം കണ്ണട അണിയിച്ചത് കുര്യൻസാണെങ്കിലും.
ടെസ്റ്റ് ചെയ്യാനായി കമ്പ്യൂട്ടറിനുമുന്നിൽ ഇരുന്നു. നിലവിലുള്ള പവർ എത്രയാണെന്ന് ചേട്ടൻ ചോദിച്ചു. 'നല്ല പവറാ'ണെന്ന് ഞാൻ ബോധിപ്പിച്ചു... ചേട്ടന്റെ കണ്ണ് തള്ളിയോ?
പുള്ളിക്കാരൻ യന്ത്രം രണ്ടുമൂന്നാവർത്തി കണ്ണിൽ വച്ച് നോക്കി.
ആളുടെ മുഖത്ത് അമ്പരപ്പ് അവിശ്വസനീയത. ഇടക്കിടക്ക് 'ചതിച്ചോ കർത്താവേ... എനിക്ക് പണിയായോ' എന്ന അർത്ഥത്തിൽ മെഷീനെ നോക്കുന്നു.

"എന്താ ചേട്ടാ പ്രശ്നം?"
"ഇപ്പൊ പറഞ്ഞ പവറൊന്നും കമ്പ്യൂട്ടറിൽ കാണിക്കണില്ലല്ലോ! ഇതനുസരിച്ച് ഇയാൾടെ കാഴ്ച്ചയ്ക്ക് ഒരു കുറവുമില്ല! ഇനി മെഷീനു വല്ല കേടുമായിരിക്കുമോ എന്തോ! നേരത്തെ പറഞ്ഞത്ര വല്യ പവറുപോലും ഇതു പിടിച്ചില്ലെങ്കിൽ പിന്നെ..."

അങ്ങനെ വരണ്ടെയല്ലല്ലോ എന്ന് ഞാനോർത്തു. അടുത്തയിടെയായി സ്വപ്നത്തിൽപ്പോലും നല്ല കാഴ്ച്ചകളല്ല, പിന്നെയാണ്!
അപ്പൊളാണ് മനസ്സിൽ ലഡ്ഡു പൊട്ടിയത്.
വർഷങ്ങൾ കൊണ്ട് കോണ്ടാക്റ്റ് ലെൻസ് ശീലമായി. ടെസ്റ്റിനു വന്നിരുന്നപ്പോളും സാധനം കണ്ണിൽത്തന്നെ!
എന്തായാലും യന്ത്രത്തിനോ കണ്ണിനോ(പുതിയ) തകരാറില്ലെന്നുറപ്പായി... ലെൻസു കണ്ണില്‍ വച്ചുകഴിഞ്ഞാൽ കാഴ്ച്ച കൃത്യമാണെന്നാണല്ലോ കമ്പ്യൂട്ടര്‍ പറയുന്നത്!

Apr 2, 2013

ചെന്നായെ സ്നേഹിച്ച ആട്ടിന്‍പെട്ട


രാത്രി കൂട്ടിലേയ്ക്ക്  കയറ്റിക്കെട്ടും മുൻപ് ഇടയൻ വെളുമ്പി ആടിനോട് ചോദിച്ചു... എന്നും ഞാൻ മുന്നറിയിപ്പ് തന്നിട്ടും, കൺവെട്ടത്തു വരുമ്പോളെല്ലാം ഞാൻ ആട്ടിയകറ്റുന്നത് കണ്ടിട്ടും ആ ചെന്നായയോട് എന്തിനാണ് നീ താത്പര്യം കാണിക്കുന്നത്?
തരം കിട്ടുമ്പോളെല്ലാം ഒരു തടാകത്തിലേയ്ക്കെന്നപോലെ ദാഹത്തോടെ നിന്റെ കണ്ണുകൾ അവനിൽ തറയുന്നത് ഞാൻ കാണുന്നില്ലെന്നു കരുതിയോ?"
വെളുമ്പിയാട് മറുപടിയൊന്നും പറയാതെ അയാൾ ഇട്ടുകൊടുത്ത പ്ലാവില ചവയ്ക്കുക മാത്രം ചെയ്തു.

"ഞാനാണ് നിന്റെ ഉടയവൻ. എല്ലാ ആപത്തുകളിൽ നിന്നും നിന്നെ സംരക്ഷിക്കുന്നതിൽ എന്തെങ്കിലും വീഴ്ച്ച ഞാന്‍ വരുത്തുന്നുണ്ടോ? ആ ചെന്നായുടെ കൺകളിൽ ഉള്ളത് കേവലം മാംസദാഹമാണ് പെണ്ണേ... അല്ലാതെ നിന്നോടുള്ള സ്നേഹമൊന്നുമല്ല.
നാലു കാലുകളിൽ സഞ്ചരിക്കുന്ന ആട്ടിറച്ചി മാത്രമാണ് അവന് നീ. വിശപ്പാറിയാല്‍ തീരാന്‍ പോന്ന താത്പര്യമേ അവനു നിന്നിലുള്ളു.
നിത്യതയുടെ വരം വേണമെങ്കില്‍ നീ എന്നില്‍ മാത്രം ഭക്തിയുള്ളവളായിരിക്കുക"

താൻ ആദ്യം പ്രസവിച്ച കുഞ്ഞുങ്ങൾക്ക് പാൽ ചുരത്തുമ്പോൽ അവളുടെ കണ്ണിൽനിന്നും പ്രേമവും ചുരത്തിയിരുന്നു. പാൽപ്പല്ലുകൾ പോലും ഉറയ്ക്കുന്നതിനു മുൻപ് തന്റെ കുഞ്ഞുങ്ങള്‍ തന്നിൽനിന്നകലുന്നത് സ്ഥിരമായപ്പോൾ പ്രസവം അവളുടെ ഉദ്യോഗമാണെന്ന് അവൾ തിരിച്ചറിഞ്ഞു. തന്റെ ഗർഭപാത്രത്തിന്റെ ചെറുപ്പമേ അവളുടെ ഉടയോനിലെ നിത്യതയ്ക്കുള്ളൂ എന്ന് അവൾ തിരിച്ചറിഞ്ഞു.
പുൽമേട്ടിൽനിന്ന് കൂട്ടിലേക്ക് നടക്കുംവഴി അങ്ങാടിയിലെ ഇറച്ചിക്കടയിൽ നിരന്നിരിക്കുന്ന ആട്ടിൻതലകളിൽ ഈച്ച പറക്കുന്ന- പുച്ഛം കലർന്ന ചിരികൾ മരിച്ചിരുന്നിരുന്നത് എന്നും അവളുടെ ശൂന്യവും അഗാധവുമായ തവിട്ടു കണ്‍കളില്‍ പതിഞ്ഞിരുന്നു.
ആരാച്ചാരുടെ കൺകളിലും വീതിയുള്ള കത്തിയുടെ മൂര്‍ച്ചയിലും ഉണങ്ങാനിട്ടിരുന്ന തുകലിന്റെ നാറ്റത്തിലും തന്റെ ഉടയോന്റെ മാംസദാഹമാണ് പ്രതിഫലിക്കുന്നതെന്നവളറിഞ്ഞിരുന്നു.
എന്നും രാവിലെ തന്റെ അകിട്ടിൽനിന്നും അവസാനതുള്ളി പാലിനൊപ്പം അല്പം ചോരകൂടി കറന്നെടുക്കുന്ന അവന്റെ കൈകളിൽ ആ മാംസദാഹത്തിന്റെ ശേഷിപ്പുകൾ കിടന്ന് മിടിച്ചിരുന്നു.
അപ്പോളെല്ലാം തവിട്ടുനിറമുള്ള ശൂന്യവും അഗാധവുമായ അവളുടെ കൺകൾ താഴ്വാരത്തെവിടെയോ അലയുന്ന തിളങ്ങുന്ന രണ്ട് കണ്ണുകളെ ധ്യാനിച്ചു.
താഴ്വാരത്തിന്റെ- സ്വാതന്ത്ര്യത്തിന്റെ അപകടങ്ങളിൽനിന്നും വെളുമ്പിയെ സംരക്ഷിച്ച് ഉടയവനായ ഇടയൻ രോമത്തിൽ തീർത്ത കമ്പിളിയുടെ ചൂടിൽ അവളുടെ കൂടിനടുത്തുതന്നെ ചുരുണ്ടുകൂടി.

അയാളെ ഉണർത്താതെ വെളുമ്പിയാട് താരുണ്യം മുറ്റിയ ചലനങ്ങളോടെ അയാൾക്കുനേരെ തിരിഞ്ഞ് ശാന്തമായി ഈ വാക്കുകള്‍ ഇടയന്‍ കൊടുത്ത പ്ലാവിലയോടൊപ്പം ചവച്ചുതുപ്പി...
"അവന്റെ കൺകളിൽ മാംസദാഹമാണുള്ളതെന്നതില്‍ എനിക്ക് തെല്ലും സംശയമില്ല. പക്ഷെ നിന്നെപ്പോലെ എന്നില്‍നിന്നും അവൻ അതൊളിപ്പിച്ചുവയ്ക്കുന്നില്ല.
നാളെ ഞാൻ അവനിലേയ്ക്ക് നടന്നടുക്കുമ്പോൾ നീ കാരണം എനിക്കു ഭാരമായിമാറിയ എന്റെയീ ശരീരം അവനെനിക്ക് ഇല്ലാതാക്കിത്തരും. അവൻ എന്നെ കീഴ്പ്പെടുത്തുമ്പോൾ ഞാൻ കേവലം പരാജയപ്പെടുകമാത്രമേയുള്ളൂ....നിന്റെ മുന്നിലെന്നപോലെ അന്യാധീനപ്പെടുകയില്ല.
എന്നിലെ ഞാനെന്ന് ഞാൻ കരുതുന്ന എന്നിലേയ്ക്ക് പറക്കാൻ ഈ ശരീരം മാത്രമേ എനിക്ക് തടസ്സമായുള്ളൂ.

അവന്റെ കൂർത്ത പല്ലുകൾ എന്റെ മാംസത്തിൽ ആണ്ടിറങ്ങുമ്പോൾ എനിക്ക് ചിറകുകൾ മുളയ്ക്കും.
അവന്റെ പല്ലുകൾ തീരുന്നിടത്ത് എന്റെ ചിറകിന്റെ തൂവലുകൾ തുടങ്ങും. എന്റെ ചിറകടിയുടെ അലകളിൽ ഈ ജന്മം നീയെനിക്കുതന്ന ശൂന്യതയുടെ മുഴക്കം നിനക്കുകേൾക്കാം.
എന്നെങ്കിലുമൊരിക്കൽ എന്നെ നീ അറവുകാരനു കൈമാറുന്നതിൽപ്പോലും നിനക്ക് തെല്ലും പാപബോധമുണ്ടാവേണ്ടതില്ലായിരിക്കാം- നിന്റെ ലോകം, നിന്റെ സംരക്ഷണം അതിരിട്ട സ്വാര്‍ത്ഥതയുടെ ശുഷ്കിച്ച ലോകം...
ഞാൻ എങ്ങുമില്ലാത്ത ലോകം.
മാംസദാഹമിറ്റുന്ന കിറികളും കൂർത്ത പല്ലുകളുമായി കൊതിയോടെ എന്നിലേയ്ക്ക് പാഞ്ഞടുക്കുന്ന ആ ചെന്നായുടെ ക്രൗര്യത്തെ അതിശയിപ്പിച്ച് നാളെ ഞാന്‍ ലോകത്തിലെ പ്രണയമെല്ലാം ആറ്റിക്കുറുക്കിയ ഒരു പുഞ്ചിരി അവനു കൊടുക്കും.
ശരീരമെന്ന ഭാരമില്ലാതെ എന്നിലെ ഞാനെന്ന് ഞാൻ കരുതുന്ന എന്നിലേയ്ക്ക് ഞാന്‍ പറന്നടുക്കുമ്പോൾ നിന്റെ നഷ്ടബോധം എത്ര തുച്ഛവും ശുഷ്കവുമായിരിക്കുമെന്നത് മാത്രമായിരിക്കും എന്റെ വിഷമം.
എനിക്കുറപ്പാണ് വിശപ്പിനുമപ്പുറത്ത് വിരഹത്തിന്റെയൊരു കൊളുത്തെങ്കിലും ആ ചെന്നായുടെ വൃത്തികെട്ടതും ക്രൂരവും പാപപങ്കിലവുമെങ്കിലും- മിടിയ്ക്കുന്ന ഹൃദയത്തില്‍ ശേഷിപ്പിക്കാന്‍ എന്റെ പുഞ്ചിരിക്ക് കഴിയുമെന്ന്..."