Oct 5, 2022

കുരുത്തം കെട്ടവൻ

ജീവിതത്തിൽ ഓരോ കാലവും നല്ല രീതിക്കോ മോശം രീതിക്കോ ഓർമ്മിക്കപ്പെടാൻ നമുക്ക് ഓരോ കാരണങ്ങൾ - കാരണഭൂതർ കാണും. പൊതുവേ എല്ലാവരും പറായാറുള്ള ഒന്നാണല്ലോ "എനിക്കെൻ്റെ പോയ ബാല്യം തിരിച്ച് കിട്ടിയെങ്കിൽ" എന്ന്. എനിക്കിതു വരെ അങ്ങനെ തോന്നിയിട്ടില്ല. എന്തെന്നില്ലാത്ത ആവലാതികൾ  നിറഞ്ഞതായിരുന്നു ആ കാലം . ഞാൻ ഒന്നിലും സന്തുഷ്ടനായിരുന്നില്ല, എന്നെങ്കിലുമൊക്കെ എല്ലാം നന്നായി വരുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നില്ല . അക്കാലത്തെ എന്നെക്കുറിച്ച് ചേച്ചിയും അമ്മയും ഒക്കെ ഇപ്പൊളും പറയുന്ന പരാതികൾ ഈ വസ്തുതയെ ശരി വക്കും! എനിക്കെല്ലാത്തിനോടും ഈർഷ്യയായിരുന്നു. ഞാൻ ആശിച്ച പോലെ സുന്ദരമോ സുഗമമോ ഒന്നുമല്ലാത്ത ഒന്നായിരുന്നു ബാല്യം. ആരെയും കുറ്റപ്പെടുത്തിയതല്ല, ഒരുപക്ഷെ പാകമാകുമ്പോൾ തഴച്ച് വളർന്ന് പന്തലിച്ച് എന്നെ മൂടാൻ കാത്തിരുന്ന വിഷാദത്തിൻ്റെ വിഷവിത്തുകൾ അന്നു മുതലേ എൻ്റെയുള്ളിൽ മുളച്ചു തുടങ്ങിയിരുന്നിരിക്കും. 

അതിൽ ഒരു അപവാദം പറയാവുന്നത് നിർമല സ്ക്കൂളിലെ സ്കൗട്ടിങ്ങും നാടക അഭിനയങ്ങളും ആണ്. ഇതിനു രണ്ടിനും കടപ്പെട്ടിരിക്കുന്നത് പ്രിയപ്പെട്ട ഗുരുനാഥൻ ശ്രീ. കെ സി പോൾ സാറിനോടാണ്. എൻ്റെ സ്കൗട്ട് മാസ്റ്ററും നാടകമാസ്റ്ററും അദ്ദേഹമാണ്.

പോൾ സാറിൻ്റെ മലയാളം ക്ലാസുകൾക്കായി ഞങ്ങൾ കാത്തിരിക്കും. ഹാസ്യവും സംഗീതവും അഭിനയവുമൊക്കെ ചേർത്തിണക്കിയ ഒരനുഭവം തന്നെയാണ് സാറിൻ്റെ ക്ലാസുകൾ. നന്നായി പാടും, ഗംഭീരമായി അഭിനയിക്കും, ഹ്യൂമർ സെൻസ് പറയാനില്ല. അങ്ങനെയൊരു ബഹുമുഖ പ്രതിഭയായിരുന്നു പോൾ സർ. 

ഒരുദാഹരണം പറയാം, "താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി... താമരത്താരുകൾപോൽ തത്തീ ലയഭംഗി"  ആണ് പഠിപ്പിക്കാൻ പോകുന്ന വരികൾ.. താളം - ലയം ഇതൊക്കെ പറഞ്ഞു വേണമല്ലോ മുന്നോട്ട് പോകാൻ.

വരികൾ പാടിയിട്ട് പുസ്തകവും കണ്ണടയുമൊക്കെ താഴെ വച്ച് കൈയ്യൊക്കെ തിരുമ്മി സാറിങ്ങനെ മുന്നോട്ട് വരും - എന്തോ കരുതിക്കൂട്ടിയപോലൊരു ചിരിയും മീശ, താടികൾക്ക് പിന്നിൽ ഒളിപ്പിച്ച്.. അപ്പോളേക്ക് ഞങ്ങളൊക്കെ ചിരിക്കാൻ തയാറായി മുന്നോട്ട് ആഞ്ഞ് ചെവി കൂർപ്പിച്ച് ചിരി കടിച്ച് പിടിച്ച് അട്ടഹസിക്കാൻ തയാറായിരിക്കും.

ഒരു വള്ളത്തിൽ ഒരാളുടെ ശവവുമേന്തി "സമയമാം... രഥത്തിൽ ഞാൻ.. സ്വർഗയാത്ര ചെയ്യുന്നു.." പാടി ശോകമയരായൊരു കൂട്ടം ആളുകൾ മെല്ലെ തുഴഞ്ഞ് പോകുന്നു, എതിരെ വള്ളം കളിക്ക് പോകാനുള്ള ഒരു വള്ളം ചടുല താളത്തിൽ വഞ്ചിപ്പാട്ടൊക്കെ പാടി വരുന്നു. രണ്ട് വള്ളവും അടുത്തെത്തിയപ്പോൾ മറിയുന്നു, തുഴക്കാർ അങ്ങോടുമിങ്ങോടും മാറിപ്പോകുന്നു..ശേഷം ഒരു വള്ളത്തിലെ പാട്ട് ശോക ഭാവത്തിലും താളത്തിലും: "കുട്ടനാടൻ... പുഞ്ചയീലെ... കൊച്ചുപെണ്ണെ കുയിലാളേ.. "

മറ്റതിലാവട്ടെ "സമയമാം രഥത്തിൽനാം സ്വർഗയാത്ര ചെയ്തിടുന്നു.. തിത്തിത്താരാ തിത്തിത്താരാ തിത്തിത്തെയ് തെയ് തോം.." 

ക്ലാസ് ഇളകി മറിയുകയായിരിക്കുമെന്ന് പറയേണ്ടല്ലോ.

സാറിൻ്റെ ക്ലാസുകളിൽ കവിതകൾ വരുന്നതാണ് എല്ലാവർക്കും ഏറെയിഷ്ടം. നല്ല ഈണത്തിലേ സർ ചൊല്ലൂ. അതിൻ്റെ ചുവടു പിടിച്ച് ഞാനും കവിത ചൊല്ലിപ്പിക്കുമ്പോൾ ഈണത്തിൽ മാത്രമേ ചൊല്ലൂ. പത്തിൽ മറ്റൊരു അധ്യാപകനാണ് ഞങ്ങളെ പഠിപ്പിച്ചത്. അദ്ദേഹം പദ്യം ഈണത്തിൽ ചൊല്ലാനുള്ള സാഹസത്തിനു മുതിരാറില്ല. ഓരോരുത്തരെ ആയി പാഠം ചൊല്ലിപ്പിക്കുമ്പോൾ എഴുപതു പേരുള്ള ക്ലാസിൽ ഞാൻ മാത്രം ഈണത്തിൽ കവിത തട്ടിവിടും. അങ്ങനെ പത്താം ക്ലാസിലെ 'ഈണഗാനപ്രസ്ഥാന'ത്തിനു തുടക്കമിടാൻ പ്രചോദനമായത് പോൾ സാർ ആണ്.

ആനിവേഴ്സറിക്കാണ് സ്കൂളിൽ നാടകം വക്കുക. നടീ നടന്മാരെ തെരഞ്ഞെടുക്കുന്നതും കളരി നടത്തുന്നതും സംവിധാനവും ഒക്കെ പോൾ സർ തന്നെ. ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോൾ സാർ വാതുക്കെ വന്ന് ടീച്ചറോട് "രെഘുരാജിനെ" അയക്കണമെന്ന് പറയും. പിന്നെ അന്നത്തെ ദിവസം കുശാലാണ്. പറഞ്ഞറിയിക്കാൻ വയ്യാത്ത രസമാണ് നാടകക്കളരി. മിക്കവാറൂം ഡയലോഗും ഞാൻ ഒറ്റ ടേക്കിൽ ഓക്കെ ആക്കും. അത് ശരിക്കും നന്നായിട്ടാണോ അതോ സാറിന് എന്നോടൂള്ള വാത്സല്യം കൊണ്ടാണോ എന്ന് എനിക്ക് സംശയം തോന്നാറുണ്ട്! ഒരിക്കലും അഭിനയം നന്നായി എന്ന് എന്നോട് പറഞ്ഞിട്ടില്ല, പക്ഷെ എല്ലാം ആ പെരുമാറ്റത്തിൽ നിന്ന് വായിച്ചെടുക്കാമാരുന്നു.

പോൾ സാർ മോണൊ ആക്ടുകൾ ആക്ഷേപഹാസ്യം ഒക്കെ എഴുതും. ഞാൻ യു പി സ്കൂളിൽ പഠിക്കുമ്പോൾ, കലാ സാഹിത്യ വേദി ഉദ്ഘാടനത്തിനാണെന്നു തോന്നുന്നു - കുട്ടികളുടെ പേടിസ്വപ്നമായിരുന്ന, കണക്കെടുക്കുന്ന ചാക്കോ സാറിനെയുമൊക്കെ കഥാപാത്രമാക്കി "എ മാത്തമാറ്റിക്കൽ ലൗ സ്റ്റോറി" എന്നൊരു മോണോ ആക്ട് പോൾസാർ എഴുതി എന്നെക്കൊണ്ട് ചെയ്യിച്ചു - പെരുമഴ പോലെ കൈയ്യടിയായിരുന്നു. എൻ്റെ അഭിനയത്തിൻ്റെ മഹത്വമൊന്നുമല്ല - അമ്മാതിരി ഡയലോഗുകൾ ആരുന്നു. ഒന്നു കഴിഞ്ഞ് അടുത്ത ഡയലോഗ് പറഞ്ഞു തുടങ്ങുമ്പോളേക്ക് പെരുമഴ ഇടക്കൊന്ന് ഒതുങ്ങുന്നപോലെ ഓഡിറ്റോറിയം ഭേദിക്കുന്ന ശബ്ദം അടങ്ങും, വീണ്ടും ആർത്തു ചിരിക്കും. അത്ര തീവ്രമായി എൻ്റെ ഉള്ളിൽ ഒരു ആത്‌മാംശം ഉണ്ടെന്ന് ജീവിതത്തിൽ തോന്നിയ സന്ദർഭം വേറെ ഉണ്ടായിട്ടില്ല. തിരിഞ്ഞു നോക്കുമ്പോൾ ആ നിമിഷം ഓർത്തിട്ട് അഭിമാനത്തോടെ പറയാം -  വേറെ ഒരിക്കലുമില്ലെങ്കിലും അന്ന് ആ നിമിഷത്തിലെങ്കിലും ഞാനെന്നൊന്ന് ഈ ലോകത്ത് ഉരുവമായിട്ടുണ്ടായിരുന്നു! ചെറിയൊരു ചിരി ചുണ്ടിലൊതുക്കി ആൾക്കൂട്ടത്തിനിടയിൽ എവിടെയോ കൈ കെട്ടി നിന്ന് ഒരു വഴിപോക്കനെപ്പോലെ സാർ ഇതൊക്കെ ആസ്വദിച്ചു നിൽക്കുന്നുണ്ടാവും.

പോൾ സാറിന്ന് ജീവിച്ചിരിപ്പില്ല. കുറച്ചു വർഷങ്ങൾ മുമ്പ് ഒരു അപകടത്തിൽ സാറിനു ചെറുപ്രായത്തിലുള്ള ഏക മകനെ നഷ്ടപ്പെട്ടൂ. തുടർന്ന് വിഷാദത്തിനടിപ്പെട്ടായിരുന്നു കഴിഞ്ഞത്. മൂന്ന് കൊല്ലം മുൻപ് സാറും ഏതോ അസുഖത്തിനു കീഴടങ്ങി. സ്കൂളിൽ നിന്ന് പോന്നതിൽ പിന്നെ ഒരിക്കൽ പോലും സാറിനെ ഒന്നു ചെന്ന് കാണാൻ ഈ നന്ദികെട്ടവനു തോന്നിയില്ല. സാറിൻ്റെ ക്ലാസുകളിൽ പലപ്പോളും ശിഷ്യന്മാർ പിന്നീട് കാണാൻ വരുന്നതിൻ്റെ ഭംഗിയുള്ള വർണനകൾ - ഒരു പക്ഷേ സാറിൻ്റെ സങ്കല്പങ്ങൾ കഥകൾ പോലെ കേട്ടിരുന്നിട്ടുണ്ട്.. അതുപോലൊരാളായി ജോലി കിട്ടിയപ്പോളെങ്കിലും സാറിനെ ഒന്നു ചെന്നു കണ്ട് ഒരു പാർക്കർ പേന ആ കൈയിൽ വച്ചു കൊടുക്കാൻ എനിക്ക് തോന്നിയിരുന്നെങ്കിൽ  ഗുരുത്വദോഷമോർത്ത പശ്ചാത്താപം എന്നിൽ ആകെ ശേഷിക്കുന്ന ഈ മനോഹരമായ ഓർമ്മകളെയെങ്കിലും തുരന്നു തിന്നുകയില്ലായിരുന്നു. 

Jun 9, 2017

ദുഃഖസിംഹാസനം

ഒന്നാം ക്ലാസ്സിൽ കല്ലിൽ സ്കൂളിൽ ചേരുന്ന സമയത്ത് അമ്മ അതേ സ്ക്കൂളിൽ 
പഠിപ്പിക്കുന്നതുകൊണ്ട് "ടീച്ചറുടെ മകൻ" എന്ന വെറുക്കപ്പെട്ട പ്രതിച്ഛായയുണ്ട്.
"വരേണ്യരായ" പഠിപ്പിസ്റ്റുകൾ മാത്രമേ കൂട്ടു കൂടൂ.
കളിക്കാൻ പോകാതെയും കറങ്ങിനടക്കാതെയും പഠിച്ച് മാർക്ക് മേടിച്ച് കിട്ടുന്ന 
അനുഭൂതിക്ക് അതിനുവേണ്ടി നഷ്ടപ്പെടുത്തിയ രസങ്ങളുടെ വിടവു നികത്താനുള്ള 
ദിവ്യശക്തിയുണ്ടെന്ന് വിശ്വസിച്ചോളണമായിരുന്നു. 
വിടവുകൾ നികന്നില്ലെങ്കിലും വെറുതെ ഭാവിച്ചു... നിറയെ മാർക്കുണ്ട്... 
ഹായ്... വേറൊന്നും പ്രശ്നമല്ല. 

അപ്പൊളും അന്വേഷിന്റെയത്ര* മാർക്കോ അനുരൂപയുടെയത്ര* നല്ല കൈയ്യക്ഷരമോ 
ഇല്ലതാനും. അപ്പൊ വിടവു നികന്നുപോകുന്നില്ലാത്തത് മാർക്കു കുറവായതുകൊണ്ടുതന്നെ. 
പഠിക്കുക... അതു മാത്രം ചെയ്യുക... അതുതന്നെ ശരി. 
ചുറ്റുമുള്ളവർ വെറുതെ പറയുകയല്ല. കാലത്ത് സ്ക്കൂളിൽ "പൂട്ടി" കളിക്കരുത്, 
സ്ക്കൂളിലേക്ക് അക്വാഡക്റ്റിനുമുകളിലൂടെ പോകരുത്, വൈകിട്ട് അരുണിനൊപ്പം* 
ടെറസിലോ കരോട്ട് ശ്രീധരന്റെ* വീട്ടിലോ അല്ലെങ്കിൽ പാടത്ത് വലിയ  ഗ്രൗണ്ടിലോ 
ക്രിക്കറ്റ് കളിക്കരുത്. "കളിക്കാൻ പൊക്കോട്ടേ?" എന്ന് അമ്മയോടോ അച്ഛനോടോ 
ചോദിച്ച് "വേണ്ട" എന്നു കേൾക്കുമെന്നറിയാമെങ്കിലും, 
എന്തെങ്കിലും 'പൊട്ടഭാഗ്യ'ത്തിന് "ഇന്നു പൊയ്ക്കോ" എന്നു പറഞ്ഞാലോ 
എന്ന് പ്രതീക്ഷിക്കരുത്. ഞായറാഴ്ചത്തെ സിനിമകളും വെള്ളിയാഴ്ചത്തെ ചിത്രഗീതവും 
വിടാതെ കാണണമെന്ന് ആഗ്രഹിക്കാൻ പാടില്ല. 

ചിത്രഹാർ, ചന്ദ്രകാന്ത, ശ്രീകൃഷ്ണ, ശക്തിമാൻ, ഏക് സെ ബഢ്കർ ഏക് ഇതൊക്കെ 
കണ്ടില്ലെങ്കിലും - 'കാണാതെ പകരം ഒന്നും ചെയ്യാതിരുന്നാൽ‌പോലും അത്ര നല്ലത്'
എന്നു ഞാൻ മനസിലാക്കിക്കൊള്ളേണ്ട പരിപാടികളാണ്.
ഇതിനൊക്കെ പകരം മാർക്കുകൾ കിട്ടുമെന്നും, അത് വലിയ സന്തോഷം തരുമെന്നും, 
മറ്റു സന്തോഷങ്ങളൊന്നും അത്ര വരില്ലെന്നും, അന്വേഷിനും അനുരൂപയ്ക്കും 
ഇതൊന്നുമില്ലാതെ നിറയെ സന്തോഷം കിട്ടുന്നുണ്ടെന്നും, 
എനിക്കിനിയും സന്തോഷം കിട്ടിത്തുടങ്ങാത്തത് എന്റെ പരിശ്രമക്കുറവുകൊണ്ടാണെന്നും എനിക്കറിയാമായിരുന്നു.

മഞ്ഞ പെയ്ന്റാണ് ഹൈസ്കൂളിന്. അവിടെയാണ് സ്റ്റാഫ് റൂമും. അതിനരികിലൂടെ 
പുറകിൽ പോയാലാണ് മൂത്രപ്പുര. മൂത്രപ്പുരയിലേക്കുള്ള വഴിയിലെ മഞ്ഞ ചുവരിൽ 
നിറയെ ആലേഘനങ്ങളാണ്. രണ്ടാം ക്ലാസ് ആയപ്പോളേക്കും തന്നെ മലയാളഭാഷയിലെ 
തെറികളെല്ലാം ആ ചുവരുകളിൽ നിന്ന് ഹൃദിസ്ഥമായിരുന്നു.
എന്റെ കൈകൊണ്ട് ആ ചുവരിൽ എന്തെങ്കിലുമൊന്ന് ചേർക്കണമെന്ന ആഗ്രഹം 
അധികരിച്ചുവരികയാണ്. 
എല്ലാവർക്കുമാകാമെങ്കിൽ എനിക്കുമായിക്കൂടേ?
എനിക്കറിയാം എല്ലാവർക്കുമാകാമെന്നതുകൊണ്ട് എനിക്ക് ആയിക്കൂട.
എത്ര മൂത്രമൊഴിച്ചാലും തൃപ്തി വരാതെയായിത്തുടങ്ങി. ഒഴിച്ചു മടങ്ങുമ്പോൾ 
ചുവരിലെ വട്ടെഴുത്തുകളുടെയും കോലെഴുത്തുകളുടെയും ഇടയിലെ ശൂന്യതകൾ 
എന്റെ കണ്ണിലെ ശൂന്യതയിലേക്ക് ഒലിച്ചിറങ്ങി പടരാൻ തുടങ്ങി. 
സ്കൂൾ മുറ്റത്തെ കുടമ്പുളിമരത്തിന്റെ പുളിയുള്ള തളിരില തിന്നരുതാത്തതാണെന്നറിഞ്ഞിട്ടും 
ഞാനൊളിച്ചു തിന്നിട്ടുണ്ട്. ജോർജുചേട്ടന്റെ കടയിലെ പുളിയച്ചാറും, മഞ്ഞ ജാമും തിന്നാൻ പാടില്ലാത്തതാണെന്നറിഞ്ഞും പലകുറി വാങ്ങിത്തിന്നിട്ടുണ്ട്.
സ്കൂൾ വിട്ടാൽ നേരെ നടക്കുകയാണു വേണ്ടതെന്നറിഞ്ഞും അമ്പലത്തിനരികിലൂടെ 
പാടം കടന്നു കല്ലുപാലം വഴി വന്നിട്ടുണ്ട്.
എനിക്കറിയാം അന്വേഷിനും അനുരൂപയ്ക്കും കിട്ടുന്ന പോലുള്ള സന്തോഷത്തെ 
എന്നിൽ നിന്നും തടഞ്ഞുനിർത്തുന്നത് ഇതൊക്കെയാണ്. 
പാടില്ലെന്നറിഞ്ഞും ആരുടെയും കണ്ണിൽ പെടാതെ ചുവരിലെഴുതിയാൽ 
ഒരു പക്ഷേ ഇനിയൊരിക്കലും അന്വേഷിനും അനുരൂപയ്ക്കുമൊക്കെ കിട്ടാറുള്ളപോലെയുള്ള, ഞാനാഗ്രഹിച്ചുകൊള്ളേണ്ട സന്തോഷം എനിക്ക് കിട്ടുകയേ ഇല്ല.
പക്ഷെ ഉള്ളിനുള്ളിൽ എനിക്കു നല്ല ഉറപ്പായിരുന്നു ആ സന്തോഷം ഒരിക്കലും എനിക്കുണ്ടാകില്ല. 

എന്താണ് ഭിത്തിയിലെഴുതേണ്ടത് എന്നതിൽ യാതൊരു സംശയവുമില്ല. 
മൂത്രപ്പുരയിലേക്കുള്ള വഴിയിൽ തിരക്കൊഴിഞ്ഞ നേരം നോക്കി 
മൂന്നുനാല് കാട്ടപ്പ-ഇല ഒന്നിച്ചുപിടിച്ച് തൊട്ടപ്പുറത്ത് അമ്മയിരിപ്പുണ്ടാവുന്ന സ്റ്റാഫ് റൂമിന്റെ 
പുറം ഭിത്തിയിൽ "ഉറക്കെ" ഞാനെഴുതിയിട്ടു : "രഘു"
എന്തു തെറ്റു ചെയ്താലും ഏറ്റുപറഞ്ഞുകൊള്ളണമെന്ന് എനിക്കറിയാമായിരുന്നു. 
ഏതാനും മണിക്കൂറുകൾ പോലും 'അർഹതയില്ലാത്ത' ആ സന്തോഷം 
ഉള്ളിൽ കൊണ്ടു നടക്കാൻ ഞാൻ എന്നെ സമ്മതിച്ചില്ല. അമ്മയോട് ഏറ്റു പറഞ്ഞു... 
സന്തോഷത്തിന്റെ കെട്ടിറക്കി.
അതിനുശേഷമാണ് ഞാനാലോചിച്ചത് "കുറ്റകൃത്യത്തിലേക്ക്" എന്നെ ബന്ധിപ്പിക്കുന്ന
തെളിവായ - "രഘു" എന്നല്ലാതെ വേറെ എന്തെഴുതിയിരുന്നെങ്കിലും ആ സന്തോഷത്തെ
എനിക്ക് നഷ്ടപ്പെടുത്തേണ്ടിവരില്ലായിരുന്നു.
പക്ഷെ "രഘു" എന്നല്ലാതെ വേറെന്തെങ്കിലും എനിക്ക് അവിടെയെഴുതാമെന്നുപോലും 
എനിക്ക് തോന്നിയുമില്ല. 
ഏറ്റുപറച്ചിൽ പ്രത്യേകിച്ച് ഹൃദയവിശുദ്ധിയൊന്നും എനിക്ക് സമ്മാനിച്ചില്ല. 
അന്വേഷിനോ അനുരൂപയ്ക്കോ കിട്ടാറുള്ളത്ര സന്തോഷം എനിക്കില്ലാതെ പോകുന്നതിന് 
പ്രബലമായ മറ്റൊരു കാരണം കൂടിയായി. 

"കപട ലോകത്തിൽ ആത്മാർഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം.."
എന്നു ചങ്ങമ്പുഴ പറഞ്ഞതുപോലെ അസ്പഷ്ടമായ, 
പ്രകടിതമാക്കാനാകാത്ത ആത്മാർത്ഥതകൊണ്ട് നഷ്ടങ്ങളല്ലാതെ പ്രത്യേകിച്ചൊരു 
പ്രയോജനവുമില്ലെന്ന - കല്ലിൽ സ്കൂൾ ഏഴാമത്തെ വയസിൽ എന്നെ പഠിപ്പിക്കാൻ ശ്രമിച്ചു 
പരാജയപ്പെട്ട ആ പാഠം വർഷമെത്രകഴിഞ്ഞിട്ടും ഞാൻ വേണ്ടും വിധം പഠിച്ചില്ല. 
എത്രയായാലും പഠിക്കയുമില്ല. 
പിന്നീടുമെത്രയോ സന്ദർഭങ്ങൾ... ആ ഓരോ സന്ദർഭങ്ങളിലും പകരം വച്ച് 
കൈവിട്ടുകളഞ്ഞ സന്തോഷങ്ങൾ എപ്പൊഴാണാവോ ജീവിതം എനിക്ക് തിരികെ തരിക..
തിരികെ കിട്ടില്ലെന്നുറപ്പിച്ചാൽ പകരം വന്നിട്ടുണ്ടാവേണ്ടിയിരുന്ന
സംതൃപ്തിയുടെ അപര്യാപ്തതയുടെ കണക്ക് എവിടെയായിരിക്കും തീർക്കാനാവുക?
പകരം ഇതേ ജീവിതം തന്നെ അടുത്ത ജന്മവും തന്നാൽ "രഘു" എന്നതിനു പകരം
വേറെ "എന്തും" എന്നതിന്റെ അങ്ങേയറ്റത്തേതെന്തെങ്കിലും ആ മതിലിലെഴുതിയും,
അതുപോലെ എണ്ണിയെണ്ണി നിഷ്ഫലമായിപ്പോയ - അപ്രസക്തമായിരുന്നെന്ന് 
മുൻകൂട്ടി തിരിച്ചറിയാൻ പറ്റാതെ പോയ "സത്യസന്ധതകളെ" ഒക്കെ നിരാകരിച്ച്
ഇതിലും സന്തുഷ്ടനായി, സമ്പൂർണനായി വരാൻ എനിക്കു കഴിയുമായിരിക്കണം.

** അന്വേഷ്, അനുരൂപ, അരുൺ, ശ്രീധരൻ എല്ലാം ശരിക്കുള്ള ആളുകൾ തന്നെ,
സ്വകാര്യത മാനിച്ച് വേറെ പേരുകൾ ഉപയോഗിച്ചിരിക്കുന്നതാണ്.

May 31, 2016

വഴികാട്ടാൻ ഉപഗ്രഹങ്ങൾ !



ല്ലാ വേനലവധിക്കും പതിവുള്ള ഉല്ലാസയാത്രയാണ് രണ്ടുമൂന്നു ദിവസമായി വീട്ടിലെ പ്രധാന ചർച്ചാ വിഷയം. അച്ഛൻ കുട്ടികളുടെ സംഘടിത ആക്രമണത്തെ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലേയ്ക്കാണ് അമ്മാവൻ വന്നത്. രാമേശ്വരം, ബാംഗ്ലൂർ, തിരുവനന്തപുരം, തിരുനെല്ലി, മൈസൂർ ഇതൊന്നുമല്ലെങ്കിൽ കാലങ്ങളായി പ്ലാനിൽ മാത്രമൊതുങ്ങിയ ഡെൽഹി ഇങ്ങനെ, പോകാവുന്ന സ്ഥലങ്ങൾക്ക് പഞ്ഞമൊന്നുമില്ല! 
ചർച്ച പിന്നെ അച്ഛനും അമ്മാവനും തമ്മിലായി. അമ്മാവൻ ഓരോ സ്ഥലത്തുനിന്നും അടുത്തയിടത്തേക്കുള്ള ദൂരവും എടുക്കുന്ന സമയവുമൊക്കെ ഫോണിലെ മാപ്പ് നാവിഗേഷൻ സംവിധാനത്തിൽ നോക്കി അച്ഛനുമമ്മയ്ക്കും പറഞ്ഞുകൊടുക്കുന്നു.
അപ്പോൾ അമ്മയ്ക്ക് ഒരു സംശയം -ഇന്റർനെറ്റിൽ ലഭ്യമായ മാപ്പും ഫോണിലേതും തമ്മിലെന്താണ് സാങ്കേതികമായുള്ള പ്രധാന വ്യത്യാസം? 
അമ്മാവൻ അതിനു നൽകിയ വിശദീകരണത്തിന്റെ സാരമിതായിരുന്നു: ഇന്റർനെറ്റിലെ സൈറ്റിലും ഫോണിലെ ഗൂഗിൾ മാപ്സ് പോലുള്ള ആപ്ലിക്കേഷനുകളിലും പ്രധാനമായുള്ളത് ഭൂപടം തന്നെ. പക്ഷെ ഒട്ടുമിക്ക ഫോണുകളിലും നമ്മൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ അപ്പപ്പോൾ കണ്ടുപിടിക്കാനുള്ള സാങ്കേതികവിദ്യ- ജിപിഎസ് അഥവാ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം: ലഭ്യമാണ്. അങ്ങനെ ലഭ്യമായ അക്ഷാംശ രേഖാംശങ്ങൾ കൊണ്ട് നമ്മൾ നിൽക്കുന്ന സ്ഥലം ഭൂപടത്തിൽ അടയാളപ്പെടുത്താൻ നാവിഗേഷൻ ആപ്ലിക്കേഷനു സാധിക്കും. ഇതു നൽകുന്ന സൗകര്യങ്ങൾ വളരെ വിപുലമാണ്. ഉദാഹരണത്തിന് നമ്മളിപ്പോൾ നിൽക്കുന്ന ഇടത്തുനിന്നും നമുക്ക് പോകേണ്ട മേൽവിലാസത്തിലേക്ക് ഭൂപടത്തിൽ രേഖപ്പെടുത്തിയ വഴികളിലൂടെ തെറ്റിക്കാതെ നമ്മെ വഴികാട്ടി എത്തേണ്ടിടത്ത് എത്തിക്കാൻ ഈ സാങ്കേതികവിദ്യ ഉതകുന്നു. ലാപ്റ്റോപ്പിൽ മാപ്പിന്റെ വെബ് സൈറ്റ്എടുത്താൽ ഏതെങ്കിലും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള വഴി, ദൂരം ഇവ മാത്രമേ അറിയാൻ കഴിയൂ. ഉദാഹരണത്തിന് വഴി തെറ്റി നമ്മളെവിടെയെങ്കിലുമെത്തിപ്പെട്ടാൽ അവിടെനിന്ന് ലക്ഷ്യത്തിലേക്കുള്ള എളുപ്പവഴി പറഞ്ഞുതരാൻ ഫോണിലെ ജി പി എസ് കൂടിയുണ്ടെങ്കിലേ കഴിയൂ.

പുതിയ പുതിയ ഫോണുകളുടെ വാർത്തകൾ വിടാതെ വായിക്കാറുള്ള കുഞ്ഞുണ്ണി സംശയവുമായെത്തി: "അമ്മാവന്റെ പുതിയ ഫോണിന്റെ കൂടെയുള്ള കടലാസിൽ ജിപിഎസ് ഉണ്ടെന്നത് ഞാൻ വായിച്ചിരുന്നു. ആ കടലാസ് ഞാൻ സൂക്ഷിച്ചുവച്ചിട്ടുമുണ്ട്. ഇതു കണ്ടോ അമ്മാവാ അതിൽ ജിപിഎസ് എന്നതിനൊപ്പം വേറൊന്നും കൂടി എഴുതിയിട്ടുണ്ടല്ലോ - GLONASS അപ്പോ അതെന്താ?"
"എടാ വീരാ നീ തരക്കേടില്ലല്ലോ..." അവന്റെ സൂക്ഷ്മനിരീക്ഷണം അമ്മാവനിഷ്ടപ്പെട്ടു. സംസാരിക്കാൻ വിഷയം കിട്ടിയതിന്റെ ഉത്സാഹത്തിലായിരുന്നു അമ്മാവൻ.. എല്ലാവരും വട്ടം കൂടുന്നതു കണ്ടപ്പോൾ അമ്മിണി പ്രോത്സാഹനമായി കട്ടൻചായ ഇട്ടുകൊണ്ടു വന്നു സംസാരം ചൂടുപിടിപ്പിച്ചു.
"അധികമാരും ശ്രദ്ധിച്ചിരിക്കാനിടയില്ലാത്ത ഒരു പേരാണ് GLONASS. നമ്മളൊക്കെ ഉപയോഗിക്കുന്ന ജിപിഎസ് സാങ്കേതികവിദ്യ അമേരിക്കയുടെ സൈനിക വിഭാഗം ശീതയുദ്ധകാലഘട്ടത്തിൽ തങ്ങളുടെ സൈനിക ഉപയോഗത്തിനുവേണ്ടി വികസിപ്പിക്കയും പിന്നീട് 80കളിൽ ശീതയുദ്ധത്തിന്റെ അലകൾ അടങ്ങിയപ്പോൾ ലോകത്താകമാനമുള്ള ഉപയോക്താക്കൾക്കായി സൗജന്യമായി തുറന്നു കൊടുക്കുകയും ചെയ്ത NAVSTAR എന്ന സംവിധാനത്തിൽ അധിഷ്ടിതമാണ്. അമേരിക്കയുടെ NAVSTAR നു സമാനമായി റഷ്യ വികസിപ്പിച്ച സംവിധാനമാണ് GLONASS. ഇതുപോലെ ഒന്നുരണ്ട് സംവിധാനങ്ങൾ കൂടി ഇന്നു നിലവിലുണ്ട്: യൂറോപ്യൻ യൂണിയന്റെ ഗലീലിയോ, ചൈന വികസിപ്പിച്ചു വരുന്ന BeiDou എന്നിവയാണത്. 
ഈ ശ്രേണിയിലേക്ക് ഭാരതവും ചേർന്ന വാർത്ത കഴിഞ്ഞയാഴ്ച്ച പത്രങ്ങളിൽ വായിച്ചില്ലേ? ഭാരതം വികസിപ്പിച്ച ജി പി എസ് സാങ്കേതികവിദ്യയുടെ പേര് NAVIC എന്നാണ്. അസൂയാവഹമായ നേട്ടമാണ് നമ്മുടെ ISRO ശാസ്ത്രജ്ഞന്മാർ ഇതിലൂടെ കൈവരിച്ചത്. എത്രയോ വമ്പൻ സാമ്പത്തിക ശക്തികളായ വികസിത രാജ്യങ്ങൾക്കു പോലും കൈവരിക്കാൻ കഴിയാതെ പോയ മുന്നേറ്റമാണ് ഇതിലൂടെ നമ്മൾ നേടിയത്.."

അപ്പോൾ അമ്മിണിക്ക് ഒരു സംശയം: "അതേ അമ്മാവാ, ഈ ISRO എന്നത് ബഹിരാകാശ ഗവേഷണത്തിനായുള്ള സ്ഥാപനല്ലേ? അവരെങ്ങനെയാ നേരത്തെ പറഞ്ഞ നാവികവിദ്യയുമായി ബന്ധപ്പെടാനിടയായത്? അമ്മാവൻ പറഞ്ഞ ആ വാർത്ത ഞാനും ശ്രദ്ധിച്ചിരുന്നു. പക്ഷെ അതിൽ പറഞ്ഞിരിക്കുന്നത് ഏഴ് ഉപഗ്രഹങ്ങൾ തുടരെ തുടരെ വിക്ഷേപിക്കാനുള്ള ഒരു പദ്ധതിയുടെ പൂർത്തീകരണമായിരുന്നു അതെന്നാണ്. ഈ ഉപഗ്രഹത്തിനൊക്കെ നമ്മുടെ ഫോണിലെ മാപ്പുമായി എന്തു ബന്ധമാ ഉള്ളത്?"
"അമ്മിണിയുടെ ചോദ്യം വിഷയത്തിലേക്ക് നേരിട്ട് വരാൻ എന്നെ സഹായിച്ചു നേരത്തെ പറഞ്ഞുവല്ലോ ജിപിഎസ് സാങ്കേതികവിദ്യ പ്രാഥമികമായി നമ്മൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ കണ്ടുപിടിക്കാനാണ് സഹായിക്കുക എന്ന്. അമ്മിണി കണക്കിൽ ഗ്രാഫുകൾ വരക്കാറില്ലേ? ഗ്രാഫിലെ ഏതൊരു ബിന്ദുവിനെയും നമ്മൾ എങ്ങനെയാ സംബോധന ചെയ്യുന്നത്?"
"അത് അമ്മാവാ, നമ്മൾ ഗ്രാഫ് വരയ്കേണ്ട വെള്ളക്കടലാസിൽ ആദ്യം രണ്ട് അക്ഷരേഘകൾ വരക്കും. അവക്ക് ആപേക്ഷികമായി ഏതൊരു ബിന്ദുവിന്റെയും ദൂരം അറിയാമെങ്കിൽ പിന്നെ ബിന്ദുവിനെ അടയാളപ്പെടുത്താമല്ലോ..."
"അതു തന്നെ. ഒരു പ്രതലത്തിലെ ഏതൊരു വസ്തുവിന്റെയും സ്ഥാനം നമ്മൾ പറയുക അവിടെ മുൻകൂട്ടി സ്ഥാനം നിർണ്ണയിക്കപ്പെട്ട ഏതെങ്കിലുമൊരു പ്രമാണത്തിനെ അധികരിച്ചായിരിക്കണം. ഇപ്പോൾ അമ്മിണി പറഞ്ഞ ഉദാഹരണത്തിൽ പ്രമാണം വെള്ളക്കടലാസിൽ ആദ്യം നമ്മൾ വരക്കുന്ന അക്ഷരേഘകളാണ്. ഇതേ സന്ദർഭം ഭൂമിയുടെ പ്രതലത്തിൽ ഒന്നു സങ്കല്പിച്ചു നോക്കൂ. ഗോളരൂപമായ ഭൂമിയുടെ പ്രതലത്തിൽ നമ്മൾ നിൽക്കുന്ന ഇടത്തിനു പ്രമാണമാക്കാവുന്ന എന്തെങ്കിലുമൊരു സ്ഥിരവസ്തു ഉണ്ടാവണം. ജിപിഎസ് സംവിധാനങ്ങൾ ഇതിനായി ആശ്രയിക്കുന്നത് ബഹിരാകാശത്ത് ഭൂമിയെ വലം വച്ചുകൊണ്ടിരിക്കുന്ന- ഭ്രമണപഥത്തിലെ അവയുടെ സ്ഥാനം കൃത്യമായി മുൻകൂട്ടി നിർണ്ണയിക്കപ്പെട്ട -കൃത്രിമോപഗ്രഹങ്ങളെയാണ്!
നേരത്തെ നമ്മൾ പറഞ്ഞില്ലേ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ജിപിഎസ് സംവിധാനമാണ് NAVSTAR എന്ന്? NAVSTAR സംവിധാനത്തിൽ 27ൽ പരം കൃത്രിമ ഉപഗ്രഹങ്ങളെ ഭൂതലത്തിലെ സ്ഥാനനിർണ്ണയത്തിനായി വിന്യസിച്ചിരിക്കുന്നു. ഈ ഉപഗ്രഹങ്ങൾ വിന്യസിക്കപ്പെട്ടിരിക്കുന്നതിന്റെ സവിശേഷത കാരണം ഭൂമിയുടെ ഉപരിതലത്തിൽ എവിടെ നിന്നാലും ഏതു സമയവും കുറഞ്ഞത് മൂന്ന് ഉപഗ്രഹങ്ങളെങ്കിലും കാണാദൂരത്തുണ്ടാകും. അവയുടെ സ്ഥാനത്തിന് ആപേക്ഷികമായി ഭൂതലത്തിൽ എവിടെയുമുള്ള സ്ഥാനം എളുപ്പത്തിൽ കണക്കാക്കാനാവുന്നതേയുള്ളൂ"

അപ്പോൾ കുഞ്ഞുണ്ണിക്ക് ജിജ്ഞാസയായി: " അപ്പോ നമുക്ക് ഏതു നേരം വേണമെങ്കിലും ആശകാശത്തു നോക്കിയാൽ ഈ മൂന്ന് ഉപഗ്രഹവിരുതൻമാരെ കാണാൻ പറ്റുവോ?"
അതു കേട്ട് അമ്മാവനു ചിരിപൊട്ടി : "കാണാദൂരത്ത് എന്ന വാക്ക് ഉപയോഗിച്ചുവെങ്കിലും നഗ്നനേത്രങ്ങൾകൊണ്ട്   അവയെ കാണാമെന്ന് അതിന് അർഥമില്ല. ജിപിഎസ് സംവിധാനമുള്ള ഫോണുകൾ ഈ ഉപഗ്രഹങ്ങൾ അയക്കുന്ന സന്ദേശങ്ങൾ സ്വീകരിക്കാൻ കഴിവുള്ളവയാണ്. ജിപിഎസ് ഉപഗ്രഹങ്ങൾ സദാസമയം ഒരു പ്രത്യേക റേഡിയോ സന്ദേശം സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കും. ഓരോ ഉപഗ്രഹത്തിന്റെയും ഭ്രമണപഥത്തിലെ സ്ഥാനം, സന്ദേശമയച്ചപ്പോളത്തെ - വളരെ കൃത്യതയുള്ള സമയം- time
stamp ഇവയാണ് ഈ റേഡിയോ സന്ദേശത്തിന്റെ ഉള്ളടക്കം. ഇവയെ സ്വീകരിക്കാൻ പര്യാപ്തമായ ജിപിഎസ് റിസീവർ ഘടിപ്പിച്ച ഏത് ഉപകരണത്തിനും ഈ സന്ദേശങ്ങളുപയോഗിച്ച് ഭൂപ്രതലത്തിൽ തങ്ങളുടെ സ്ഥാനം ഈ ഉപഗ്രഹങ്ങളുടെ സ്ഥാനത്തിന് ആപേക്ഷികമായി എവിടെയാണ് എന്നത് കണക്കാക്കാൻ കഴിയും. കാണാദൂരത്ത് എന്നതുകൊണ്ട് ജിപിഎസ് റിസീവറുകൾക്ക് ആശയവിനിമയം നടത്താൻ കഴിയുന്ന പാകത്തിന് എന്നാണുദ്ദേശിച്ചത്. ഈ ഉപഗ്രഹങ്ങളോരോന്നും പതിനായിരക്കണക്കിനു കിലോമീറ്ററുകൾ ഭൂപ്രതലത്തിനു മുകളിലാണെന്നതു മറക്കേണ്ട!
മേൽപ്പറഞ്ഞ 27 ഉപഗ്രഹങ്ങളും ഓരോന്നിനും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട സവിശേഷ ഭ്രമണപഥത്തിലൂടെ ദിവസത്തിൽ കുറഞ്ഞത് രണ്ട് വട്ടമെങ്കിലും ഭൂമിയെ വലം വച്ചുകൊണ്ടിരിക്കും. ഇവ ഭൂമിയിലേക്ക് പ്രക്ഷേപണം ചെയ്തുകൊണ്ടേയിരിക്കുന്ന സന്ദേശങ്ങൾ റിസീവറുകൾ പിടിച്ചെടുത്ത് തങ്ങളുടെ സ്ഥാനം, വേഗത, ഗതി ഇവ നിർണ്ണയിക്കാനുള്ള ചില സങ്കീർണ്ണ ഗണിത സൂത്രവാക്യങ്ങളിലൂടെ നമുക്ക് നേരിട്ട് ഉപയോഗപ്രദമായ വിവരരൂപത്തിലാക്കി തരുന്നു.

അപ്പോൾ കുഞ്ഞുണ്ണിയുടെ അച്ഛനു ഒരു സംശയം: അപ്പോ ജിപിഎസ് സംവിധാനത്തിലെ ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നതിന് നമ്മൾ കൂടുതലായി പണം മുടക്കേണ്ടി വരില്ലേ?
നേരത്തെ പറഞ്ഞുവല്ലോ ജി പി എസ് സന്ദേശങ്ങൾ ഉപഗ്രഹങ്ങൾ അനുസ്യൂതം അയച്ചുകൊണ്ടേയിരിക്കും. നമ്മുടെ ദൂരദർശൻ നിലയത്തിന്റെ പ്രക്ഷേപണം ഒക്കെ പോലെ. ആവശ്യക്കാർക്ക് ജിപിഎസ് റിസീവർ ഉപയോഗിച്ച് ഇവയെ സ്വീകരിച്ചാൽ മാത്രം മതിയാവും. പണ്ടത്തെ മീൻമുള്ള് ആന്റിനകൾ മാത്രം വാങ്ങിയാൽ ദൂരദർശൻ സൗജന്യമായി കാണാമായിരുന്നില്ലേ? ഏതാണ്ട് അതുപോലെ!

അപ്പോൾ കുഞ്ഞുണ്ണീടെ അമ്മയ്ക്ക് മറ്റൊരു സംശയം: അല്ല, നീ പറഞ്ഞില്ലേ NAVSTAR പൊതുജനങ്ങൾക്കായി ലഭ്യമാണെന്ന്. അമേരിക്കയുടെ ഈ 27 ഉപഗ്രഹങ്ങൾ ഉള്ളപ്പൊ എന്തിനാ നമ്മൾ ഭാരതീയർ പിന്നെയും 7എണ്ണം ഈ കാശെല്ലാം മുടക്കി പിന്നെയും വിക്ഷേപിച്ചത്? വെറുതേ ലോകരാജ്യങ്ങൾക്കു മുൻപിൽ ഒന്ന് ഞെളിയാനായിട്ടാ?
ആ ചോദ്യം കേട്ട് എല്ലാവരും ചിരിച്ചു പോയി. അമ്മാവൻ തുടർന്നു: കാര്യം NAVSTAR സേവനം സൗജന്യമൊക്കെയാണെങ്കിലും അതിന്റെ നിയന്ത്രണം അമേരിക്കൻ സർക്കാരിന്റെ കൈവശം തന്നെയാണ്. നാവികവിദ്യയുടെ ഏറ്റവും മർമ്മപ്രധാനമായ ഉപയോഗം സൈനിക ആവശ്യങ്ങൾക്കായാണ്. സെന്റിമീറ്ററുകളുടെ കൃത്യതയിൽ ശത്രു ഭൂപ്രദേശങ്ങളിൽ ആയുധങ്ങൾ വർഷിക്കുന്നതിനും, സൈനിക മുന്നേറ്റങ്ങൾ പിഴക്കാതെ ആസൂത്രണം ചെയ്യുന്നതിനും, സേനാമുന്നേറ്റങ്ങൾ നടത്തുന്നതിനും ഈ സാങ്കേതികവിദ്യ അത്യന്താപേക്ഷിതമാണ്. കാർഗിൽ യുദ്ധസമയത്ത് NAVSTAR സേവനം അമേരിക്ക നമുക്ക് നിഷേധിച്ചു. എന്നു വച്ചാൽ ഇന്ത്യയുടെ മുകളിൽ വരുമ്പോൾ ആ ഉപഗ്രഹങ്ങൾ തന്ത്രപരമായി മൗനം ദീക്ഷിക്കാൻ തുടങ്ങി; നമ്മുടെ റിസീവറുകൾക്ക് സ്ഥാനനിർണയം അസാദ്ധ്യവുമായി! ഈ തലവേദന ഭാവിയിൽ  ഒഴിവാക്കാൻകൂടിയാണ് നമ്മൾ സ്വന്തം നിയന്ത്രണത്തിലുള്ള ഉപഗ്രഹസമൂഹത്തെ വിക്ഷേപിച്ചത്. NAVIC ൽ ആകെ 7 ഉപഗ്രഹങ്ങളേയുള്ളൂ എന്നു പറഞ്ഞല്ലോ. അതുകൊണ്ടു തന്നെ ഇതുപയോഗിച്ച് ഭൂപ്രതലം ആകമാനം ആവരണം ചെയ്യാനാവില്ല. ഭാരതവും ചുറ്റുമുള്ള ഏതാനും രാജ്യങ്ങളും അടങ്ങുന്ന ഭൂപ്രദേശത്തിൽ മാത്രമേ സൈനിക - അന്തരീക്ഷ പഠന - നാവിഗേഷൻ സേവനങ്ങൾ NAVIC ലൂടെ ലഭ്യമാകൂ.



കുഞ്ഞുണ്ണി എന്തെങ്കിലും ആലോചിക്കുകയാണെന്നതിന്റെ തെളിവെന്താണെന്നോ? 
അവനൊരു തോർത്തോ തൂവാലയോ കൈയ്യിലെടുത്ത് കറക്കിക്കൊണ്ടിരിക്കും. 
അവന്റെ തലച്ചോർ പ്രവർത്തിക്കുകയാണെന്നതിന്റെ അടയാളമാണത്. 
എല്ലാവരും വർത്തമാനം കഴിഞ്ഞ് നോക്കുമ്പോൾ കുഞ്ഞുണ്ണി തോർത്തും കറക്കി മുറ്റത്തും തൊടിയിലെ മരച്ചുവട്ടിലുമൊക്കെ മാനം നോക്കി നടപ്പാണ്. അവനറിയാം- കാണാൻ കഴിയുന്നില്ലെങ്കിൽക്കൂടി അമേരിക്കക്കാരുടെ 27 ഉപഗ്രഹങ്ങളിൽ ഏതോ മൂന്നുനാലെണ്ണവും ഭാരതം ഈയിടെ വിക്ഷേപിച്ച 7 ഉപഗ്രഹങ്ങളുമൊക്കെ അങ്ങ് മേഘങ്ങൾക്കു മേലേ, നക്ഷത്രങ്ങൾക്ക് കീഴെയായി നിരന്തരം കുഞ്ഞുണ്ണീ.. ഞങ്ങൾ ദാ ഇപ്പൊ ഇന്നയിന്നയിടങ്ങളിലായുണ്ടെങ്കിൽ, നീയെവിടെയാണെന്നു കണ്ടുപിടിക്കാമോ? എന്ന് ചോദിച്ചുംകൊണ്ട് ഒഴുകി നടപ്പുണ്ടാവുമെന്ന്!







ഈ ലേഘനം ശാസ്ത്രകേരളം മാസികയുടെ ജൂൺ ലക്കത്തിൽ അച്ചടിച്ചുവന്നിട്ടുള്ളതാണ്

May 20, 2016

ഷ്രോഡിഞ്ജറുടെ പൂച്ച

'ഷ്രോഡിഞ്ജറുടെ പൂച്ച'യെ കേട്ടിട്ടില്ലേ? 
ശാസ്ത്രത്തിലെ പ്രസിദ്ധമായൊരു സങ്കല്പ - പരീക്ഷണമാണത്.


അടച്ചുമൂടിയ ഒരു പെട്ടിയിൽ ഒരു പൂച്ച. 
ഒപ്പം ഒരു കുപ്പിയിൽ മാരകമായ വിഷവാതകവും. 
കുപ്പി എങ്ങനെയെങ്കിലും തുറക്കപ്പെട്ടാൽ ഉറപ്പായും പൂച്ച ചാകും. കുപ്പിക്കു മീതെ ഒരു ചുറ്റിക ഓങ്ങിയിരിപ്പുണ്ട്. പെട്ടിയിൽ തന്നെ റേഡിയോ വികിരണം പുറപ്പെടുവിച്ചേക്കാവുന്ന ഒരു കഷണം ലോഹവുമുണ്ട്. ഈ ലോഹം വികിരണം  പുറപ്പെടുവിച്ചാൽ അത് ചുറ്റികയെ വീഴ്താനുള്ള സ്വിച്ച് പ്രവർത്തിപ്പിക്കും. വിഷവാതകത്തിന്റെ കുപ്പിയിലേക്ക് ചുറ്റിക വീഴും. കുപ്പി പൊട്ടും. ഗ്യാസ് പുറത്ത് വരും. പൂച്ച ചത്തും പോകും.



റേഡിയോ വികിരണം എപ്പൊ സംഭവിക്കുമെന്നത് കൃത്യമായി നിർവ്വചിക്കാനാവില്ല... 
വളരെ ആകസ്മികമായും അപ്രതീക്ഷിതമായുമാണ് അതു നടക്കുക.  
വികിരണം നടന്നിട്ടുണ്ടോ ഇല്ലയോ എന്നത് : പെട്ടി തുറന്ന് - ചുറ്റിക വീഴാനുള്ള സ്വിച്ച് പ്രവർത്തിച്ച് - കുപ്പി പൊട്ടിയിട്ടുണ്ടോ.. എന്നു നോക്കാതെ പറയാൻ കഴിയില്ല.
ഇനി വികിരണം നടന്നാൽ തന്നെയും സ്വിച്ചിൽ വേണ്ടതുപോലെ അതു വീണോ... ചുറ്റികയിൽ ഘടിപ്പിച്ച യന്ത്രം പ്രവർത്തിച്ചോ? ഒന്നും ആർക്കും പെട്ടി തുറന്ന് പരിശോധിച്ചു നോക്കാതെ കൃത്യമായി പറയാനാവില്ല.





പെട്ടി ഒരിക്കൽ അടച്ചുകഴിഞ്ഞാൽ പിന്നെ തുറന്നു നോക്കാതെ രണ്ടാലൊന്ന് നിശ്ചയിക്കാൻ - പൂച്ച ജീവനോടുണ്ടോ ഇല്ലയോ എന്ന് പറയാൻ കഴിയില്ല എന്നു സാരം. 

ഒന്നു കടത്തി പറഞ്ഞാൽ - പെട്ടി തുറക്കുന്നതുവരെ, ഒരേ സമയം ഷ്രോഡിഞ്ജറുടെ പൂച്ച ജീവനോടെയും മരിച്ചുമിരിക്കുന്നു!

ശരിക്കുമങ്ങ് കടത്തി പറഞ്ഞാൽ - പെട്ടി തുറക്കുന്ന പ്രവൃത്തിയുണ്ടല്ലോ.. അതാണ് ഒരേ സമയം ജീവിച്ചിരിക്കയും ചത്തുപോയിരിക്കയും ചെയ്തുകൊണ്ടിരുന്ന ഈ വിചിത്ര പൂച്ചയ്ക്ക് ചത്തുവെന്നോ ജീവനോടെയിരിക്കുന്നുവെന്നോ ഉള്ള നിശ്ചിതത്വം കൊടുക്കുന്നത്  !

ചുരുക്കിപ്പറഞ്ഞാൽ ഷ്രോഡിഞ്ജറുടെ പൂച്ച എത്ര കാലം വേണമെങ്കിലും ചത്തു പോയി എന്ന് നിശ്ചയിക്കാനാകാത്തതുപോലെ ഇരിക്കും -  പെട്ടി തുറക്കാതിരുന്നാൽ മതി.

ശാസ്ത്രതത്വങ്ങൾ നിത്യജീവിതത്തിൽ പ്രയോഗിക്കുന്നതിന്റെ സാധ്യതകൾ വലുതും രസകരവുമാണ്.
ഒരാളെ ഒഴിവാക്കണമെന്നു കരുതൂ.. എന്നാൽ അത് രക്തം പൊടിയാതെ - മാന്യമായി - നിഷ്കളങ്കമായി അയാൾ പോലുമറിയാനിടവരാതെ പരാതി കേൾപ്പിക്കാതെ വേണം താനും. 
വളരെയെളുപ്പം. 
അയാളെ ഒരു ഷ്രോഡിഞ്ജറുടെ പൂച്ചയാക്കുക എന്നിട്ടാ പെട്ടിയിലിട്ടു മൂടുക. 
നമ്മൾ ഇതിനോടകം സ്വരുക്കൂട്ടി വച്ച വിദ്വേഷവും അനിഷ്ടവും വിരോധവും അവജ്ഞയും എന്നുവേണ്ട ഉള്ളിൽ നിന്ന് കളഞ്ഞ് ആത്മശുധീകരണം നടത്തണമെന്നു നിശ്ചയിച്ച് മാറ്റി വച്ചിരിക്കുന്ന ഇജ്ജാതി സകല വികാരങ്ങളും അടങ്ങുന്ന വിഷവാതകം മനോഹരമായൊരു ചില്ലുകുപ്പിയിലാക്കി അടക്കുന്നതിനു മുമ്പ് പെട്ടിയിൽ വക്കാൻ മറക്കരുതേ! 
കോമാളിയായ ഷ്രോഡിഞ്ജറുടെ പൂച്ചക്കു പോലും ആ കുപ്പി കാണുമ്പോൾ "ഹായ്.. ഈ ബോറൻ പെട്ടിക്കുള്ളിൽ ഭംഗിയുള്ളൊരു കുപ്പിയെങ്കിലുമുണ്ടല്ലോ.. എത്ര ഭംഗി!" എന്നേ തോന്നാവൂ. 
അണുവികിരണമയക്കുന്ന ലോഹത്തിന്റെ സ്ഥാനം വെറുക്കപ്പെട്ട ഷ്രോഡിഞ്ജറുടെ പൂച്ചയിലെ നമ്മളിലുള്ള ശുഭപ്രതീക്ഷയ്ക്കാണ്. 
ശ്‌ശ്‌ശ്...! പൂച്ച ഇതൊന്നുമറിയല്ലേ... ജന്മനാ സൂത്രശാലി എന്നു പേരുകേട്ട ജീവിയല്ലേ... ഇതിന്റെ മണമടിച്ചാൽ മതി... പരീക്ഷണം പാളും. പിന്നെ വേറേ പരീക്ഷണം തപ്പി നടക്കേണ്ടിവരും.

പരീക്ഷണം തുടങ്ങി പെട്ടിയടച്ചു കഴിഞ്ഞാൽ പിന്നെ ആ പെട്ടിയെപ്പറ്റി തന്നെ അങ്ങു മറന്നു കളഞ്ഞേക്കണം... 
'അണുവികിരണം വന്നോ ചുറ്റിക വീണോ കുപ്പി പൊട്ടിയോ ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമേ അല്ല... അതു വെറുമൊരു ശാസ്ത്ര പരീക്ഷണമാണെ'ന്നങ്ങു ഭാവിച്ചേക്കണം. 

മനസിലെ വിഷമയമായ ഭാരമൊക്കെ ഇറക്കിയ ആശ്വാസത്തോടൊപ്പം ശാസ്ത്രീയമല്ലെങ്കിലും ഏറ്റവും സംഭാവ്യമായ ആ സാധ്യതയെ ഓർത്ത് ആരുമറിയാതെ വേണമെങ്കിൽ ഊറിച്ചിരിക്കുകയുമാകാം. 
മനസിലായില്ലേ? നിങ്ങളാ പെട്ടി തുറന്നില്ലെങ്കിൽപോലും മണൽ ഘടികാരത്തിലെ മണൽത്തരികൾ പോലെ ഊർന്നു വീണ് തീരുന്ന ഷ്രോഡിഞ്ജറുടെ പൂച്ചയുടെ പ്രത്യാശ, അധികമൊന്നും വൈകാതെ തന്നെ അണുവികിരണം കൊണ്ട് പെട്ടിക്കകത്ത് ഒരു കമ്പക്കെട്ടു തന്നെ നടത്തിക്കഴിഞ്ഞിരിക്കും. 
മണ്ടനായ ഷ്രോഡിഞ്ജറുടെ പൂച്ചയാകട്ടെ ഇങ്ങനൊരു പരീക്ഷണത്തെപ്പറ്റി പോലും ബോധവാനല്ലാതെ പരീക്ഷിക്കപ്പെട്ടുകഴിഞ്ഞും കാണും. 
"ഏതപ്പാ ക്വാണ്ടം മെക്കാനിക്സ്" എന്നു പറഞ്ഞപോലെ!

ഇങ്ങനെയൊക്കെയാണെങ്കിലും നിങ്ങളുടെയുള്ളിൽ 'ഈശ്വരാ ഭഗവാനേ പരീക്ഷണം കൊണ്ട് പൂച്ചക്ക് ആപത്തൊന്നും വരല്ലേ' എന്നുണ്ടുതാനും... എന്താ ശരിയല്ലേ? 
ഹഹഹ.. സാരമില്ല... അവിടെയാണ് ശാസ്ത്രം ശരിക്കും നിങ്ങളുടെ രക്ഷകനാകുന്നത്.
പെട്ടി തുറന്നാലേ ഷ്രോഡിഞ്ജറുടെ പൂച്ച ചാവുകയുള്ളൂ.. 
പെട്ടി തുറന്നു നോക്കാൻ മെനക്കെടാത്തിടത്തോളം കാലം ഷ്രോഡിഞ്ജറുടെ പൂച്ച, പൂർണരാരോഗ്യവാനായി, സ്വസ്ഥനായി, പതിവുള്ളതുപോലെ - പെട്ടിക്കുള്ളിൽ ഉലാത്തുകയും, തന്റെ ആനന്ദത്തിന്റെയും ഉല്ലാസത്തിന്റെയും ലക്ഷണമായി "മ്യാവു.. മ്യാവു.." എന്നു വക്കുകയും, വാലുകൊണ്ട് മനോഹരമായ രൂപങ്ങൾ നിർമ്മിക്കുന്ന പ്രവൃത്തിയിലേർപ്പെടുകയും, മിനുത്ത മീശരോമങ്ങൾ വീണ്ടും മിനുക്കുകയും, അടുപ്പത്തുവച്ച വെള്ളപ്പാത്രം പോലെ കുറുകുന്ന ശബ്ദമുണ്ടാക്കയും ചെയ്യുന്നുണ്ട് എന്നു വിശ്വസിക്കാൻ തീർച്ചയായും ശാസ്ത്രം നിങ്ങളെ അനുവദിക്കുന്നുണ്ട്.