Jul 26, 2012

ഒന്നും മിണ്ടാത്ത രഘു

രഘു ഒന്നും തന്നെ മിണ്ടാറില്ല.
പലരും പറയുന്ന പരാതിയാണിത്.
രഘുവിന്റെ അമ്മയും അതു പറയും “നീ കുഞ്ഞായിരുന്നപ്പോള്‍ എന്തുമാത്രം മിണ്ടുമായിരുന്നെന്നോ? വലുതായപ്പോള്‍ വലിയ ആളായ ഭാവമാണ് നിനക്കെപ്പൊഴും!”

രഘു ഓര്‍ത്തുനോക്കി...
സമയം പിന്നോ‍ട്ട് കൊണ്ടുപോകുന്ന ചുരുളുകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. സമയം പിന്നോട്ടുപോകുമ്പോള്‍ സാധാരണ കേള്‍ക്കാറുള്ള ശബ്ദവും കേട്ടു.
ഇപ്പോള്‍ അവന്‍ മൂന്നാംക്ലാസ്സില്‍ പഠിക്കയാണ്.
സിബ്ബിനുപകരം രണ്ട് ബട്ടണുകള്‍ വച്ച ചെറിയ മജന്ത നിക്കറും,
അവന്റെയുള്ളിലെ സംശയങ്ങള്‍ പോലെ നിറയെ നിറങ്ങളുള്ള പോളിസ്റ്ററിന്റെ ‘പരമ്പര‘ ഷര്‍ട്ടുമിട്ട് രഘു അമ്മയോടൊപ്പം എങ്ങോ ബസ്സില്‍ പോകയാണ്.
അവന്റെയൊപ്പം യാത്ര ചെയ്യുമ്പോള്‍ രഘുവിന്റെ അമ്മയ്ക്ക് എപ്പൊഴും ദേഷ്യമായിരുന്നു.
ഇതിന്റെ കാരണം അവന്റെ അമ്മ രഘുവിന്റെ ചേച്ചിയോട് പറയാറ്, രഘുവിന് യാത്ര ചെയ്യുമ്പോള്‍ എപ്പൊഴും ദേഷ്യമാണെന്നതായിരുന്നു.
 

ശരിയായിരിക്കണം... ഒരിക്കലും ദേഷ്യം വരില്ലാത്ത രഘുവിന്റെ ചേച്ചിക്കുപോലും യാത്രകള്‍ക്കിടയില്‍ അവനെ ശാസിക്കേണ്ടിവന്നിട്ടുണ്ട്.

രഘുവിനോട് ദേഷ്യപ്പെട്ട് മടുത്തിരിക്കുന്ന അമ്മയെ തോണ്ടി എപ്പൊഴും സംസാരിച്ചിരുന്ന രഘു ചോദിച്ചു...
“എന്തിനാണ് ബസ്സില്‍ പുകവലി പാടില്ലെന്ന് എഴുതിവച്ചിരിക്കുന്നത്?“


അമ്മ പറഞ്ഞു “സിഗരറ്റിലെ തീപ്പൊരിയെങ്ങാന്‍ വീണ് ബസ്സ് തീ പിടിക്കാതിരിക്കാന്‍.“


രഘുവിന് എന്തിനും സംശയമായിരുന്നു. എപ്പൊഴും സംസാരിക്കുമായിരുന്നതിനാല്‍ അവന്‍ തുടര്‍ന്ന് ചോദിച്ചു...
“പക്ഷെ ബസ്സ് ഓടിക്കുന്ന ഡ്രൈവറും കണ്ടക്ടറും കിളിയുമൊക്കെ പുകവലിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടല്ലോ? ബസ്സ് തീ പിടിച്ച് പോയാല്‍ അവര്‍ക്കായിരിക്കില്ലേ ഏറ്റവും വിഷമം?“


രഘു എപ്പൊഴും സംസാരിക്കുന്നതുകൊണ്ട് അവന്റെ അമ്മയ്ക്ക് എപ്പൊഴും ദേഷ്യം വരുമായിരുന്നു.
അമ്മ മറുപടി കൊടുത്തു... “ബസ്സില്‍ എവിടെയൊക്കെ തീപ്പൊരി വീണാലാണ് പ്രശ്നമില്ലാത്തതെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. അതുനോക്കി സൂക്ഷിച്ചിട്ടാണ് അവര്‍ വലിക്കുക.“
രഘുവിന്റെ സംശയങ്ങള്‍ തീരാന്‍ ആ മറുപടി മതിയായിരുന്നു.

രഘുവിന്റെ അച്ഛനുമമ്മയും നല്ലൊരു സ്കൂളിലാണ് അവനെ അയച്ചത്.
ക്ലാസിലും നിറയെ ചോദ്യങ്ങള്‍ ചോദിച്ച രഘു വലുതാകുന്നതിനിടയിലെപ്പൊഴോ ഒരുപാട് സംഗതികള്‍ പഠിച്ച കൂടെ പുകവലിയുടെ ദോഷങ്ങളും പഠിച്ചു.
ഒരുപാട് സംഗതികള്‍ പഠിച്ചതോടെ, സംശയങ്ങള്‍ തീര്‍ന്നില്ലെങ്കിലും അവന്റെ ചോദ്യങ്ങള്‍ തീര്‍ന്നു വന്നു.

ഈയിടെയായി രഘുവിന്റെ അമ്മയ്ക്ക് ദേഷ്യം വരിക കുറവാണ്. എപ്പൊഴും വിഷമമാണ്.
എന്താണെന്നല്ലേ?
രഘു ഒന്നും തന്നെ മിണ്ടാറില്ല.



in english... here