Apr 5, 2013

കണ്ണട... കണ്ണുതുറ...


കണ്ണട നന്നേ ചെറുപ്പത്തിൽത്തന്നെ മൂക്കിൽക്കയറിയതാണ്.
ഹ്രസ്വദൃഷ്ടി... കണ്ണട വക്കുന്നതിനുമുൻപും പിൻപും അച്ഛൻ പരാതി പറയാറുള്ളതാണ്- വിശാലമായ അർത്ഥത്തിൽ!
കണ്ണട മുഖത്തു കയറിയപ്പോൾ സ്ഥിരം ഗൗരവത്തിന് പ്രത്യേക എയർപിടിത്തം ആവശ്യമില്ലാതായി!
അങ്ങനെ ഏതാണ്ട് ഓർമ്മ വച്ച കാലം തൊട്ടേ കണ്ണട കാണുന്നത് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ!
അപ്പറഞ്ഞതിന് ആകെയൊരപവാദമാണ് സ്വപ്നം. അതുകൊണ്ട് സ്വപ്നം കാണാൻ എനിക്ക് പ്രത്യേക ഇഷ്ടവുമാണ്.
ബോഡിലെഴുതിയത് വായിക്കാൻ ഞാൻ കണ്ണുകൊണ്ട് കോപ്രായം കാണിച്ച് വിഷമിക്കണതുകണ്ട് രണ്ടാംക്ലാസിലെ പാത്തുമ്മ ടീച്ചറാണ് എന്റെ കാഴ്ച്ചക്കുറവ് കണ്ടുപിടിച്ചത്.
അതുകൊണ്ടുണ്ടായ വലിയൊരു സൗകര്യം യുവജനോത്സവത്തിന് കലാപരിപാടികൾ അവതരിപ്പിക്കുമ്പോൾ സഭാ'കമ്പനം' ഉണ്ടാകില്ല എന്നതാണ്!
പ്രകടനം തീർന്ന് കാഴ്ച്ചക്കാരുടെ കൈയ്യടി(ഗുരുത്വം കൊണ്ട് ഇതുവരെ- ഒരിക്കലൊഴികെ, അക്കഥ പിന്നെ- ശേഷം കൈയ്യടിയേ ഉണ്ടായിട്ടുള്ളൂ) തുടങ്ങുമ്പോൾ മാത്രം കണ്ണട വൈക്കുക, അപ്പോൾ എല്ലാം ഓ കെ.
ബി ടെക് ആർട്സിന് നാടകക്കളരിയിൽ അഭിനയത്തിലെ പാകപ്പിഴകൾ വിനോദ് മാഷ് പറഞ്ഞുതന്നുകൊണ്ടിരുന്നപ്പോൾ തട്ടേൽ കയറാൻ നേരം  ഊരിവച്ച കണ്ണട തിരിച്ചെടുത്തുവൈക്കാൻ മറന്നു.
ആശാൻ ഒന്നുരണ്ട് വട്ടം തിരുത്ത് കാട്ടിത്തന്നിട്ടും എന്റെ പ്രകടനത്തിൽ മാറ്റമില്ലാത്തതുകണ്ട് പുള്ളിക്ക് ദേഷ്യം. പിന്നത്തെ ടേക്കും ഓ കെ ആകാത്തപ്പോൾ എന്തോ വെളിപാടുപോലെ ഞാൻ കണ്ണട എടുത്തുവച്ചു.
കാര്യമറിഞ്ഞ ആശാനും മറ്റ് ശിഷ്യരും ചിരിയെടാ ചിരി. "ഞാനുമോർത്തു ഇവനെന്താണ് കണ്ണോണ്ട് കഥകളി കാണിക്കണേ ന്ന്... ഇവിടെ പഠിപ്പിക്കണത് നാടകമല്ലേ.."
കൂടിനിന്നവരെ ചിരിപ്പിച്ചെങ്കിലും ഇത്തരം ചില നോവിച്ച അനുഭവങ്ങളും, കൂളിങ് ഗ്ലാസ് വൈക്കാനുള്ള ആഗ്രഹവും, മൂക്കിനുമുകളിൽ കണ്ണട സൃഷ്ടിച്ച കറുത്ത പാടും, കണ്ണടയുടെ അരികുകളിലെ താരതമ്യേന നിറം കുറഞ്ഞ ലോകവും എന്നെ കോണ്ടാക്റ്റ് ലെൻസിലേക്ക് ആകർഷിച്ചു. ചെറുപ്പം മുതൽക്ക് കണ്ണട മുഖത്തിന്റെ ഭാഗമായിപ്പോയതുകൊണ്ട് കോണ്ടാക്റ്റ് ലെൻസിലേയ്ക്ക് മാറുന്നത് 'നാടുവിട്ട്' ബെംഗളൂരുവിൽ ചെന്നടിയുമ്പോൾ ആകാമെന്ന് തീരുമാനിച്ചിരുന്നു.
അവിടെ കാണേണ്ടത് പുതിയൊരു കൂട്ടം ആളുകളല്ലേ. അവർ എന്റെ 'പുതിയ മുഖം' കണ്ടോട്ടെ!

ഒരു പ്രായം കഴിഞ്ഞാൽ കണ്ണിന്റെ പവർ മാറില്ല. എങ്കിലും ഇടയ്ക്ക് ടെസ്റ്റ് ചെയ്യണം.
അടുത്തയിടെ മുവാറ്റുപുഴയിലെ പടയാട്ടിൽ കണ്ണടക്കടയിൽ ചെന്നു... അതെന്റെയൊരു സ്ഥിരം സ്ഥലമാണ്.
നാലാം ക്ലാസിൽ വച്ച് എന്നെ ആദ്യമായി കണ്ണട അണിയിച്ചത് അവരാണ്, കാര്യം കേരളത്തെ ആദ്യം കണ്ണട അണിയിച്ചത് കുര്യൻസാണെങ്കിലും.
ടെസ്റ്റ് ചെയ്യാനായി കമ്പ്യൂട്ടറിനുമുന്നിൽ ഇരുന്നു. നിലവിലുള്ള പവർ എത്രയാണെന്ന് ചേട്ടൻ ചോദിച്ചു. 'നല്ല പവറാ'ണെന്ന് ഞാൻ ബോധിപ്പിച്ചു... ചേട്ടന്റെ കണ്ണ് തള്ളിയോ?
പുള്ളിക്കാരൻ യന്ത്രം രണ്ടുമൂന്നാവർത്തി കണ്ണിൽ വച്ച് നോക്കി.
ആളുടെ മുഖത്ത് അമ്പരപ്പ് അവിശ്വസനീയത. ഇടക്കിടക്ക് 'ചതിച്ചോ കർത്താവേ... എനിക്ക് പണിയായോ' എന്ന അർത്ഥത്തിൽ മെഷീനെ നോക്കുന്നു.

"എന്താ ചേട്ടാ പ്രശ്നം?"
"ഇപ്പൊ പറഞ്ഞ പവറൊന്നും കമ്പ്യൂട്ടറിൽ കാണിക്കണില്ലല്ലോ! ഇതനുസരിച്ച് ഇയാൾടെ കാഴ്ച്ചയ്ക്ക് ഒരു കുറവുമില്ല! ഇനി മെഷീനു വല്ല കേടുമായിരിക്കുമോ എന്തോ! നേരത്തെ പറഞ്ഞത്ര വല്യ പവറുപോലും ഇതു പിടിച്ചില്ലെങ്കിൽ പിന്നെ..."

അങ്ങനെ വരണ്ടെയല്ലല്ലോ എന്ന് ഞാനോർത്തു. അടുത്തയിടെയായി സ്വപ്നത്തിൽപ്പോലും നല്ല കാഴ്ച്ചകളല്ല, പിന്നെയാണ്!
അപ്പൊളാണ് മനസ്സിൽ ലഡ്ഡു പൊട്ടിയത്.
വർഷങ്ങൾ കൊണ്ട് കോണ്ടാക്റ്റ് ലെൻസ് ശീലമായി. ടെസ്റ്റിനു വന്നിരുന്നപ്പോളും സാധനം കണ്ണിൽത്തന്നെ!
എന്തായാലും യന്ത്രത്തിനോ കണ്ണിനോ(പുതിയ) തകരാറില്ലെന്നുറപ്പായി... ലെൻസു കണ്ണില്‍ വച്ചുകഴിഞ്ഞാൽ കാഴ്ച്ച കൃത്യമാണെന്നാണല്ലോ കമ്പ്യൂട്ടര്‍ പറയുന്നത്!

Apr 2, 2013

ചെന്നായെ സ്നേഹിച്ച ആട്ടിന്‍പെട്ട


രാത്രി കൂട്ടിലേയ്ക്ക്  കയറ്റിക്കെട്ടും മുൻപ് ഇടയൻ വെളുമ്പി ആടിനോട് ചോദിച്ചു... എന്നും ഞാൻ മുന്നറിയിപ്പ് തന്നിട്ടും, കൺവെട്ടത്തു വരുമ്പോളെല്ലാം ഞാൻ ആട്ടിയകറ്റുന്നത് കണ്ടിട്ടും ആ ചെന്നായയോട് എന്തിനാണ് നീ താത്പര്യം കാണിക്കുന്നത്?
തരം കിട്ടുമ്പോളെല്ലാം ഒരു തടാകത്തിലേയ്ക്കെന്നപോലെ ദാഹത്തോടെ നിന്റെ കണ്ണുകൾ അവനിൽ തറയുന്നത് ഞാൻ കാണുന്നില്ലെന്നു കരുതിയോ?"
വെളുമ്പിയാട് മറുപടിയൊന്നും പറയാതെ അയാൾ ഇട്ടുകൊടുത്ത പ്ലാവില ചവയ്ക്കുക മാത്രം ചെയ്തു.

"ഞാനാണ് നിന്റെ ഉടയവൻ. എല്ലാ ആപത്തുകളിൽ നിന്നും നിന്നെ സംരക്ഷിക്കുന്നതിൽ എന്തെങ്കിലും വീഴ്ച്ച ഞാന്‍ വരുത്തുന്നുണ്ടോ? ആ ചെന്നായുടെ കൺകളിൽ ഉള്ളത് കേവലം മാംസദാഹമാണ് പെണ്ണേ... അല്ലാതെ നിന്നോടുള്ള സ്നേഹമൊന്നുമല്ല.
നാലു കാലുകളിൽ സഞ്ചരിക്കുന്ന ആട്ടിറച്ചി മാത്രമാണ് അവന് നീ. വിശപ്പാറിയാല്‍ തീരാന്‍ പോന്ന താത്പര്യമേ അവനു നിന്നിലുള്ളു.
നിത്യതയുടെ വരം വേണമെങ്കില്‍ നീ എന്നില്‍ മാത്രം ഭക്തിയുള്ളവളായിരിക്കുക"

താൻ ആദ്യം പ്രസവിച്ച കുഞ്ഞുങ്ങൾക്ക് പാൽ ചുരത്തുമ്പോൽ അവളുടെ കണ്ണിൽനിന്നും പ്രേമവും ചുരത്തിയിരുന്നു. പാൽപ്പല്ലുകൾ പോലും ഉറയ്ക്കുന്നതിനു മുൻപ് തന്റെ കുഞ്ഞുങ്ങള്‍ തന്നിൽനിന്നകലുന്നത് സ്ഥിരമായപ്പോൾ പ്രസവം അവളുടെ ഉദ്യോഗമാണെന്ന് അവൾ തിരിച്ചറിഞ്ഞു. തന്റെ ഗർഭപാത്രത്തിന്റെ ചെറുപ്പമേ അവളുടെ ഉടയോനിലെ നിത്യതയ്ക്കുള്ളൂ എന്ന് അവൾ തിരിച്ചറിഞ്ഞു.
പുൽമേട്ടിൽനിന്ന് കൂട്ടിലേക്ക് നടക്കുംവഴി അങ്ങാടിയിലെ ഇറച്ചിക്കടയിൽ നിരന്നിരിക്കുന്ന ആട്ടിൻതലകളിൽ ഈച്ച പറക്കുന്ന- പുച്ഛം കലർന്ന ചിരികൾ മരിച്ചിരുന്നിരുന്നത് എന്നും അവളുടെ ശൂന്യവും അഗാധവുമായ തവിട്ടു കണ്‍കളില്‍ പതിഞ്ഞിരുന്നു.
ആരാച്ചാരുടെ കൺകളിലും വീതിയുള്ള കത്തിയുടെ മൂര്‍ച്ചയിലും ഉണങ്ങാനിട്ടിരുന്ന തുകലിന്റെ നാറ്റത്തിലും തന്റെ ഉടയോന്റെ മാംസദാഹമാണ് പ്രതിഫലിക്കുന്നതെന്നവളറിഞ്ഞിരുന്നു.
എന്നും രാവിലെ തന്റെ അകിട്ടിൽനിന്നും അവസാനതുള്ളി പാലിനൊപ്പം അല്പം ചോരകൂടി കറന്നെടുക്കുന്ന അവന്റെ കൈകളിൽ ആ മാംസദാഹത്തിന്റെ ശേഷിപ്പുകൾ കിടന്ന് മിടിച്ചിരുന്നു.
അപ്പോളെല്ലാം തവിട്ടുനിറമുള്ള ശൂന്യവും അഗാധവുമായ അവളുടെ കൺകൾ താഴ്വാരത്തെവിടെയോ അലയുന്ന തിളങ്ങുന്ന രണ്ട് കണ്ണുകളെ ധ്യാനിച്ചു.
താഴ്വാരത്തിന്റെ- സ്വാതന്ത്ര്യത്തിന്റെ അപകടങ്ങളിൽനിന്നും വെളുമ്പിയെ സംരക്ഷിച്ച് ഉടയവനായ ഇടയൻ രോമത്തിൽ തീർത്ത കമ്പിളിയുടെ ചൂടിൽ അവളുടെ കൂടിനടുത്തുതന്നെ ചുരുണ്ടുകൂടി.

അയാളെ ഉണർത്താതെ വെളുമ്പിയാട് താരുണ്യം മുറ്റിയ ചലനങ്ങളോടെ അയാൾക്കുനേരെ തിരിഞ്ഞ് ശാന്തമായി ഈ വാക്കുകള്‍ ഇടയന്‍ കൊടുത്ത പ്ലാവിലയോടൊപ്പം ചവച്ചുതുപ്പി...
"അവന്റെ കൺകളിൽ മാംസദാഹമാണുള്ളതെന്നതില്‍ എനിക്ക് തെല്ലും സംശയമില്ല. പക്ഷെ നിന്നെപ്പോലെ എന്നില്‍നിന്നും അവൻ അതൊളിപ്പിച്ചുവയ്ക്കുന്നില്ല.
നാളെ ഞാൻ അവനിലേയ്ക്ക് നടന്നടുക്കുമ്പോൾ നീ കാരണം എനിക്കു ഭാരമായിമാറിയ എന്റെയീ ശരീരം അവനെനിക്ക് ഇല്ലാതാക്കിത്തരും. അവൻ എന്നെ കീഴ്പ്പെടുത്തുമ്പോൾ ഞാൻ കേവലം പരാജയപ്പെടുകമാത്രമേയുള്ളൂ....നിന്റെ മുന്നിലെന്നപോലെ അന്യാധീനപ്പെടുകയില്ല.
എന്നിലെ ഞാനെന്ന് ഞാൻ കരുതുന്ന എന്നിലേയ്ക്ക് പറക്കാൻ ഈ ശരീരം മാത്രമേ എനിക്ക് തടസ്സമായുള്ളൂ.

അവന്റെ കൂർത്ത പല്ലുകൾ എന്റെ മാംസത്തിൽ ആണ്ടിറങ്ങുമ്പോൾ എനിക്ക് ചിറകുകൾ മുളയ്ക്കും.
അവന്റെ പല്ലുകൾ തീരുന്നിടത്ത് എന്റെ ചിറകിന്റെ തൂവലുകൾ തുടങ്ങും. എന്റെ ചിറകടിയുടെ അലകളിൽ ഈ ജന്മം നീയെനിക്കുതന്ന ശൂന്യതയുടെ മുഴക്കം നിനക്കുകേൾക്കാം.
എന്നെങ്കിലുമൊരിക്കൽ എന്നെ നീ അറവുകാരനു കൈമാറുന്നതിൽപ്പോലും നിനക്ക് തെല്ലും പാപബോധമുണ്ടാവേണ്ടതില്ലായിരിക്കാം- നിന്റെ ലോകം, നിന്റെ സംരക്ഷണം അതിരിട്ട സ്വാര്‍ത്ഥതയുടെ ശുഷ്കിച്ച ലോകം...
ഞാൻ എങ്ങുമില്ലാത്ത ലോകം.
മാംസദാഹമിറ്റുന്ന കിറികളും കൂർത്ത പല്ലുകളുമായി കൊതിയോടെ എന്നിലേയ്ക്ക് പാഞ്ഞടുക്കുന്ന ആ ചെന്നായുടെ ക്രൗര്യത്തെ അതിശയിപ്പിച്ച് നാളെ ഞാന്‍ ലോകത്തിലെ പ്രണയമെല്ലാം ആറ്റിക്കുറുക്കിയ ഒരു പുഞ്ചിരി അവനു കൊടുക്കും.
ശരീരമെന്ന ഭാരമില്ലാതെ എന്നിലെ ഞാനെന്ന് ഞാൻ കരുതുന്ന എന്നിലേയ്ക്ക് ഞാന്‍ പറന്നടുക്കുമ്പോൾ നിന്റെ നഷ്ടബോധം എത്ര തുച്ഛവും ശുഷ്കവുമായിരിക്കുമെന്നത് മാത്രമായിരിക്കും എന്റെ വിഷമം.
എനിക്കുറപ്പാണ് വിശപ്പിനുമപ്പുറത്ത് വിരഹത്തിന്റെയൊരു കൊളുത്തെങ്കിലും ആ ചെന്നായുടെ വൃത്തികെട്ടതും ക്രൂരവും പാപപങ്കിലവുമെങ്കിലും- മിടിയ്ക്കുന്ന ഹൃദയത്തില്‍ ശേഷിപ്പിക്കാന്‍ എന്റെ പുഞ്ചിരിക്ക് കഴിയുമെന്ന്..."