Dec 3, 2013

കള്ളനിലെ സത്യം

അഞ്ചിൽ പഠിക്കുമ്പോൾ നിർമ്മലയിൽനിന്ന് വീട്ടിലേക്ക് ശലഭത്തിൽ വരുന്നവഴി മുവാറ്റുപുഴയിലെ ഗംഗ ബാറിനു മുന്നിൽ ദിവാകരൻ സാർ നില്ക്കുന്നതുകണ്ടത് വീട്ടിലെത്തിയയുടനെ അമ്മയോട് ആവേശത്തോടെ പറഞ്ഞപ്പോൾ പക്ഷെ, കിട്ടിയത് വഴക്കായിരുന്നു.
"നീ കാണുമ്പോൾ സന്ദർഭവശാൽ അദ്ദേഹം ബാറിനുമുന്നിലായിരുന്നു എന്നുവച്ച് നീ സാറിനെ ബാറിനുമുന്നിൽ കണ്ടെന്നാകുവോ?"
എത്ര ചെറിയ സത്യമായാൽപ്പോലും അത് പറയുക എന്നത് എപ്പൊഴും അസുഖകരമായ ഒന്നാണ്. തിരിച്ചറിവായിട്ടില്ലായിരുന്നപ്പൊഴും, ഇപ്പൊഴും.

അന്ന് പകരം നഷ്ടമായെന്ന് ഇപ്പോൾ തിരിച്ചറിയാനാകുന്ന- അമ്മയുമായുള്ള അടുപ്പത്തിലെ ഒരിഴ പോലെ, ഇന്ന് ഒരുപക്ഷെ അതിലും വിലപ്പെട്ട പലതും പകരം നഷ്ടപ്പെടുത്തിയും സത്യം പറഞ്ഞ് ഞാൻ സമ്പാദിക്കുന്ന 'നഷ്ടങ്ങൾ' വിരസമായി ആഘോഷിക്കുമ്പോൾ കിട്ടുന്ന സുഖം- മുറിവ് കുത്തി പുണ്ണാക്കുന്നതിലെ വെറും വൈകൃതം മാത്രം!

സത്യമല്ലാത്തത് പറയില്ലെന്ന് വച്ചതുകൊണ്ട് അന്തർമുഖനാകാൻ കഴിഞ്ഞു.
സത്യമില്ലാത്തത് കേൾക്കാനിഷ്ടമില്ലാത്തകൊണ്ട് അന്തർമുഖത്വത്തെ ആവേശിക്കാൻ കഴിഞ്ഞു.
സത്യങ്ങൾ പൊതുവെ കളവിനെക്കാൾ വിചിത്രമായതുകൊണ്ടോ,
വിശിഷ്യാ എന്റെ സത്യങ്ങൾ എല്ലായിടത്തും അസ്വീകാര്യമായിരിക്കുന്നതുകൊണ്ടോ...
ഏറ്റവും കള്ളലക്ഷണം എനിക്കാണെന്ന് എല്ലാവരും വിശ്വസിക്കുന്നു.
എല്ലാവരും  അങ്ങനെ വിശ്വസിക്കുന്നകൊണ്ട് ഞാൻ വലിയൊരു കള്ളനാണെന്നത് ഒരു സത്യവുമായിത്തീർന്നിരിക്കുന്നു.


അമ്മയന്നങ്ങനെ പറയും വരെ ഒരു കുടിയനെന്ന് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ലാത്ത ദിവാകരൻ സാറിനെ എനിക്ക്
അതിൽപ്പിന്നെയിന്നേവരെ, തരം കിട്ടുമ്പോളെല്ലാം ബാറായ ബാറുതോറും ഒളിച്ചും പാത്തും പോയി വെള്ളമടിക്കുന്ന ഒരു കുടിയനായല്ലാതെ കാണാൻ കഴിഞ്ഞിട്ടേയില്ല.
പാപത്തിന്റെ കനി എന്നു പറയുന്നത് ഇതിനെയൊക്കെത്തന്നെയല്ലേ?



1. നിർമ്മല: നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ മുവാറ്റുപുഴ
2. ശലഭം: മുവാറ്റുപുഴ-മേതല-പെരുമ്പാവൂർ ബസ്സ്
3. ദിവാകരൻ സാങ്കൽപ്പിക പേര്, പേര് മാത്രം