Jun 9, 2017

ദുഃഖസിംഹാസനം

ഒന്നാം ക്ലാസ്സിൽ കല്ലിൽ സ്കൂളിൽ ചേരുന്ന സമയത്ത് അമ്മ അതേ സ്ക്കൂളിൽ 
പഠിപ്പിക്കുന്നതുകൊണ്ട് "ടീച്ചറുടെ മകൻ" എന്ന വെറുക്കപ്പെട്ട പ്രതിച്ഛായയുണ്ട്.
"വരേണ്യരായ" പഠിപ്പിസ്റ്റുകൾ മാത്രമേ കൂട്ടു കൂടൂ.
കളിക്കാൻ പോകാതെയും കറങ്ങിനടക്കാതെയും പഠിച്ച് മാർക്ക് മേടിച്ച് കിട്ടുന്ന 
അനുഭൂതിക്ക് അതിനുവേണ്ടി നഷ്ടപ്പെടുത്തിയ രസങ്ങളുടെ വിടവു നികത്താനുള്ള 
ദിവ്യശക്തിയുണ്ടെന്ന് വിശ്വസിച്ചോളണമായിരുന്നു. 
വിടവുകൾ നികന്നില്ലെങ്കിലും വെറുതെ ഭാവിച്ചു... നിറയെ മാർക്കുണ്ട്... 
ഹായ്... വേറൊന്നും പ്രശ്നമല്ല. 

അപ്പൊളും അന്വേഷിന്റെയത്ര* മാർക്കോ അനുരൂപയുടെയത്ര* നല്ല കൈയ്യക്ഷരമോ 
ഇല്ലതാനും. അപ്പൊ വിടവു നികന്നുപോകുന്നില്ലാത്തത് മാർക്കു കുറവായതുകൊണ്ടുതന്നെ. 
പഠിക്കുക... അതു മാത്രം ചെയ്യുക... അതുതന്നെ ശരി. 
ചുറ്റുമുള്ളവർ വെറുതെ പറയുകയല്ല. കാലത്ത് സ്ക്കൂളിൽ "പൂട്ടി" കളിക്കരുത്, 
സ്ക്കൂളിലേക്ക് അക്വാഡക്റ്റിനുമുകളിലൂടെ പോകരുത്, വൈകിട്ട് അരുണിനൊപ്പം* 
ടെറസിലോ കരോട്ട് ശ്രീധരന്റെ* വീട്ടിലോ അല്ലെങ്കിൽ പാടത്ത് വലിയ  ഗ്രൗണ്ടിലോ 
ക്രിക്കറ്റ് കളിക്കരുത്. "കളിക്കാൻ പൊക്കോട്ടേ?" എന്ന് അമ്മയോടോ അച്ഛനോടോ 
ചോദിച്ച് "വേണ്ട" എന്നു കേൾക്കുമെന്നറിയാമെങ്കിലും, 
എന്തെങ്കിലും 'പൊട്ടഭാഗ്യ'ത്തിന് "ഇന്നു പൊയ്ക്കോ" എന്നു പറഞ്ഞാലോ 
എന്ന് പ്രതീക്ഷിക്കരുത്. ഞായറാഴ്ചത്തെ സിനിമകളും വെള്ളിയാഴ്ചത്തെ ചിത്രഗീതവും 
വിടാതെ കാണണമെന്ന് ആഗ്രഹിക്കാൻ പാടില്ല. 

ചിത്രഹാർ, ചന്ദ്രകാന്ത, ശ്രീകൃഷ്ണ, ശക്തിമാൻ, ഏക് സെ ബഢ്കർ ഏക് ഇതൊക്കെ 
കണ്ടില്ലെങ്കിലും - 'കാണാതെ പകരം ഒന്നും ചെയ്യാതിരുന്നാൽ‌പോലും അത്ര നല്ലത്'
എന്നു ഞാൻ മനസിലാക്കിക്കൊള്ളേണ്ട പരിപാടികളാണ്.
ഇതിനൊക്കെ പകരം മാർക്കുകൾ കിട്ടുമെന്നും, അത് വലിയ സന്തോഷം തരുമെന്നും, 
മറ്റു സന്തോഷങ്ങളൊന്നും അത്ര വരില്ലെന്നും, അന്വേഷിനും അനുരൂപയ്ക്കും 
ഇതൊന്നുമില്ലാതെ നിറയെ സന്തോഷം കിട്ടുന്നുണ്ടെന്നും, 
എനിക്കിനിയും സന്തോഷം കിട്ടിത്തുടങ്ങാത്തത് എന്റെ പരിശ്രമക്കുറവുകൊണ്ടാണെന്നും എനിക്കറിയാമായിരുന്നു.

മഞ്ഞ പെയ്ന്റാണ് ഹൈസ്കൂളിന്. അവിടെയാണ് സ്റ്റാഫ് റൂമും. അതിനരികിലൂടെ 
പുറകിൽ പോയാലാണ് മൂത്രപ്പുര. മൂത്രപ്പുരയിലേക്കുള്ള വഴിയിലെ മഞ്ഞ ചുവരിൽ 
നിറയെ ആലേഘനങ്ങളാണ്. രണ്ടാം ക്ലാസ് ആയപ്പോളേക്കും തന്നെ മലയാളഭാഷയിലെ 
തെറികളെല്ലാം ആ ചുവരുകളിൽ നിന്ന് ഹൃദിസ്ഥമായിരുന്നു.
എന്റെ കൈകൊണ്ട് ആ ചുവരിൽ എന്തെങ്കിലുമൊന്ന് ചേർക്കണമെന്ന ആഗ്രഹം 
അധികരിച്ചുവരികയാണ്. 
എല്ലാവർക്കുമാകാമെങ്കിൽ എനിക്കുമായിക്കൂടേ?
എനിക്കറിയാം എല്ലാവർക്കുമാകാമെന്നതുകൊണ്ട് എനിക്ക് ആയിക്കൂട.
എത്ര മൂത്രമൊഴിച്ചാലും തൃപ്തി വരാതെയായിത്തുടങ്ങി. ഒഴിച്ചു മടങ്ങുമ്പോൾ 
ചുവരിലെ വട്ടെഴുത്തുകളുടെയും കോലെഴുത്തുകളുടെയും ഇടയിലെ ശൂന്യതകൾ 
എന്റെ കണ്ണിലെ ശൂന്യതയിലേക്ക് ഒലിച്ചിറങ്ങി പടരാൻ തുടങ്ങി. 
സ്കൂൾ മുറ്റത്തെ കുടമ്പുളിമരത്തിന്റെ പുളിയുള്ള തളിരില തിന്നരുതാത്തതാണെന്നറിഞ്ഞിട്ടും 
ഞാനൊളിച്ചു തിന്നിട്ടുണ്ട്. ജോർജുചേട്ടന്റെ കടയിലെ പുളിയച്ചാറും, മഞ്ഞ ജാമും തിന്നാൻ പാടില്ലാത്തതാണെന്നറിഞ്ഞും പലകുറി വാങ്ങിത്തിന്നിട്ടുണ്ട്.
സ്കൂൾ വിട്ടാൽ നേരെ നടക്കുകയാണു വേണ്ടതെന്നറിഞ്ഞും അമ്പലത്തിനരികിലൂടെ 
പാടം കടന്നു കല്ലുപാലം വഴി വന്നിട്ടുണ്ട്.
എനിക്കറിയാം അന്വേഷിനും അനുരൂപയ്ക്കും കിട്ടുന്ന പോലുള്ള സന്തോഷത്തെ 
എന്നിൽ നിന്നും തടഞ്ഞുനിർത്തുന്നത് ഇതൊക്കെയാണ്. 
പാടില്ലെന്നറിഞ്ഞും ആരുടെയും കണ്ണിൽ പെടാതെ ചുവരിലെഴുതിയാൽ 
ഒരു പക്ഷേ ഇനിയൊരിക്കലും അന്വേഷിനും അനുരൂപയ്ക്കുമൊക്കെ കിട്ടാറുള്ളപോലെയുള്ള, ഞാനാഗ്രഹിച്ചുകൊള്ളേണ്ട സന്തോഷം എനിക്ക് കിട്ടുകയേ ഇല്ല.
പക്ഷെ ഉള്ളിനുള്ളിൽ എനിക്കു നല്ല ഉറപ്പായിരുന്നു ആ സന്തോഷം ഒരിക്കലും എനിക്കുണ്ടാകില്ല. 

എന്താണ് ഭിത്തിയിലെഴുതേണ്ടത് എന്നതിൽ യാതൊരു സംശയവുമില്ല. 
മൂത്രപ്പുരയിലേക്കുള്ള വഴിയിൽ തിരക്കൊഴിഞ്ഞ നേരം നോക്കി 
മൂന്നുനാല് കാട്ടപ്പ-ഇല ഒന്നിച്ചുപിടിച്ച് തൊട്ടപ്പുറത്ത് അമ്മയിരിപ്പുണ്ടാവുന്ന സ്റ്റാഫ് റൂമിന്റെ 
പുറം ഭിത്തിയിൽ "ഉറക്കെ" ഞാനെഴുതിയിട്ടു : "രഘു"
എന്തു തെറ്റു ചെയ്താലും ഏറ്റുപറഞ്ഞുകൊള്ളണമെന്ന് എനിക്കറിയാമായിരുന്നു. 
ഏതാനും മണിക്കൂറുകൾ പോലും 'അർഹതയില്ലാത്ത' ആ സന്തോഷം 
ഉള്ളിൽ കൊണ്ടു നടക്കാൻ ഞാൻ എന്നെ സമ്മതിച്ചില്ല. അമ്മയോട് ഏറ്റു പറഞ്ഞു... 
സന്തോഷത്തിന്റെ കെട്ടിറക്കി.
അതിനുശേഷമാണ് ഞാനാലോചിച്ചത് "കുറ്റകൃത്യത്തിലേക്ക്" എന്നെ ബന്ധിപ്പിക്കുന്ന
തെളിവായ - "രഘു" എന്നല്ലാതെ വേറെ എന്തെഴുതിയിരുന്നെങ്കിലും ആ സന്തോഷത്തെ
എനിക്ക് നഷ്ടപ്പെടുത്തേണ്ടിവരില്ലായിരുന്നു.
പക്ഷെ "രഘു" എന്നല്ലാതെ വേറെന്തെങ്കിലും എനിക്ക് അവിടെയെഴുതാമെന്നുപോലും 
എനിക്ക് തോന്നിയുമില്ല. 
ഏറ്റുപറച്ചിൽ പ്രത്യേകിച്ച് ഹൃദയവിശുദ്ധിയൊന്നും എനിക്ക് സമ്മാനിച്ചില്ല. 
അന്വേഷിനോ അനുരൂപയ്ക്കോ കിട്ടാറുള്ളത്ര സന്തോഷം എനിക്കില്ലാതെ പോകുന്നതിന് 
പ്രബലമായ മറ്റൊരു കാരണം കൂടിയായി. 

"കപട ലോകത്തിൽ ആത്മാർഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം.."
എന്നു ചങ്ങമ്പുഴ പറഞ്ഞതുപോലെ അസ്പഷ്ടമായ, 
പ്രകടിതമാക്കാനാകാത്ത ആത്മാർത്ഥതകൊണ്ട് നഷ്ടങ്ങളല്ലാതെ പ്രത്യേകിച്ചൊരു 
പ്രയോജനവുമില്ലെന്ന - കല്ലിൽ സ്കൂൾ ഏഴാമത്തെ വയസിൽ എന്നെ പഠിപ്പിക്കാൻ ശ്രമിച്ചു 
പരാജയപ്പെട്ട ആ പാഠം വർഷമെത്രകഴിഞ്ഞിട്ടും ഞാൻ വേണ്ടും വിധം പഠിച്ചില്ല. 
എത്രയായാലും പഠിക്കയുമില്ല. 
പിന്നീടുമെത്രയോ സന്ദർഭങ്ങൾ... ആ ഓരോ സന്ദർഭങ്ങളിലും പകരം വച്ച് 
കൈവിട്ടുകളഞ്ഞ സന്തോഷങ്ങൾ എപ്പൊഴാണാവോ ജീവിതം എനിക്ക് തിരികെ തരിക..
തിരികെ കിട്ടില്ലെന്നുറപ്പിച്ചാൽ പകരം വന്നിട്ടുണ്ടാവേണ്ടിയിരുന്ന
സംതൃപ്തിയുടെ അപര്യാപ്തതയുടെ കണക്ക് എവിടെയായിരിക്കും തീർക്കാനാവുക?
പകരം ഇതേ ജീവിതം തന്നെ അടുത്ത ജന്മവും തന്നാൽ "രഘു" എന്നതിനു പകരം
വേറെ "എന്തും" എന്നതിന്റെ അങ്ങേയറ്റത്തേതെന്തെങ്കിലും ആ മതിലിലെഴുതിയും,
അതുപോലെ എണ്ണിയെണ്ണി നിഷ്ഫലമായിപ്പോയ - അപ്രസക്തമായിരുന്നെന്ന് 
മുൻകൂട്ടി തിരിച്ചറിയാൻ പറ്റാതെ പോയ "സത്യസന്ധതകളെ" ഒക്കെ നിരാകരിച്ച്
ഇതിലും സന്തുഷ്ടനായി, സമ്പൂർണനായി വരാൻ എനിക്കു കഴിയുമായിരിക്കണം.

** അന്വേഷ്, അനുരൂപ, അരുൺ, ശ്രീധരൻ എല്ലാം ശരിക്കുള്ള ആളുകൾ തന്നെ,
സ്വകാര്യത മാനിച്ച് വേറെ പേരുകൾ ഉപയോഗിച്ചിരിക്കുന്നതാണ്.