Apr 22, 2010

ആത്മഹത്യ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...

ഗ്രാമത്തിന്റെ ഐശ്വര്യമാണാ ക്ഷേത്രം.
നാട്ടുകാരുടെ ഏത് ദുഃഖവും അനുതാപത്തോടെയും ക്ഷമയോടെയും കേൾക്കുന്ന ഭഗവതി എല്ലാവർക്കും ഒരത്താണിയാണ്.
പുറം നാട്ടിലും ഭഗവതിയുടെ പെരുമയേറിയപ്പോൾ അമ്പലവും അഭിവൃദ്ധി കൈക്കൊണ്ടു. ഇപ്പോൾ കാര്യങ്ങൾ അന്വേഷിക്കാൻ ജനകീയ സമിതിയുണ്ട്.
അമ്പലങ്ങളിലിരിക്കുന്ന ഭഗവതിമാർ നഗ്നരാണെന്നു നാടൊട്ടുക്ക് കൂവിയവർ വരെ, മൂന്നു കുറിയുമിട്ട് കമ്മറ്റി ചെയർമാനും സെക്രട്ടറിയുമൊക്കെയായി. എല്ലാമറിയുന്ന ഭഗവതി ഉള്ളിൽ ചിരിയ്ക്ക മാത്രം ചെയ്തു. എല്ലാം മക്കളല്ലേ! ആ‍ വിചാരം മക്കൾക്കില്ലെങ്കിലും...

നാളുകൾ കൊഴിഞ്ഞു... അങ്ങനെയിരിക്കെയാണ് മക്കൾക്കൊരുഗതിയും-പരഗതിയും കിട്ടാതെ വിഷമിച്ച് വിധവയായ കാർത്യായനിയമ്മ സർവ്വവും, തന്റെ മക്കളുടെ ഭാവിയെയും അമ്മയുടെ കാൽക്കീഴിൽ വച്ച്, അമ്പലപ്പറമ്പിലെ മൂവാണ്ടൻ‌മാവിൽ ജീവിതമൊടുക്കിയത്.
അന്നു കാഴ്ച്ചകൾ കാണാൻ അമ്പലത്തിൽ വലിയ തിരക്കായിരുന്നു.
നേദ്യത്തിനു പായസം കൊണ്ടുവച്ചിട്ടു പോയ പൂജാരിയെ കാണാനില്ല. ഭഗവതിയ്ക്ക് പരിഭ്രമമായി...
സമയം തെറ്റിയാൽ ദോഷമാണ്. ഓരോന്നിനും അതിന്റേതായ സമയം.
പൂ വിരിയാനൊരു സമയം-ശ്വാസമടങ്ങാനൊരുസമയം-ജയിക്കാനൊരുസമയം-അജ്ഞതയ്ക്കൊരു സമയം-അടിമപ്പെടാനൊരു സമയം. അതുപോലെ നടയടയ്ക്കാനും ഒരു സമയം!
താഴെ കൽ‌പ്പടവുകൾക്കുതാഴെ പതിവില്ലാത്ത ഒച്ചയും ബഹളവും കേട്ട് ഭഗവതി തലയെത്തിച്ചു നോക്കി. 
പൂജാരിയും, മാറിനിന്ന് കാഴ്ച്ചകൾ കണ്ട് രസിച്ചു നിൽക്കയാണ്.
എല്ലാവർക്കും ബുദ്ധിമുട്ടു വരുമ്പോൾ “എന്റെ ഭഗവതിയേ” എന്നു വിളിച്ചാൽ മതി... എന്നാൽ തനിക്കൊരു ആവശ്യം വന്നാലോ!!!!
ഭഗവതിക്ക് ദേഷ്യം വന്നു...
ഒരു ദുഃശകുനം കാണിച്ച് ഭഗവതി പൂജാരിയെ മടക്കിവിളിപ്പിച്ചു. നേദ്യം ‘വഴിപാടു‘ നടത്തി വേഗം  നടയടച്ച് പൂജാരി കാഴ്ച്ചകൾ തുടർന്നു കാണാൻ തിരിച്ചുപോയി.
ഭഗവതിയോർത്തു: “ഭാഗ്യം, ഒന്നുമില്ലെങ്കിലും ഇനി കുറച്ചു നേരം സ്വസ്ഥമായിരിക്കാമല്ലോ.“

നടയടച്ചപ്പോൾ ഭഗവതി പതിയെ പീഠത്തിൽ നിന്നിറങ്ങി ശ്രീകോവിലിനുള്ളിൽ ഉലാത്താൻ തുടങ്ങി.... മനസ്സ് അസ്വസ്ഥമാണ്. ഇന്നു മരിച്ച
കാർത്യായനിയമ്മയെ ഭഗവതിയ്ക്ക് നന്നായറിയാം. തലയിൽ വര ഇന്നു വരെ ജീവിക്കാനേയുള്ളു, പൂർവ്വജന്മത്തെ സഞ്ചിതപാപഭാരം കൊണ്ട് അതിനു മാർഗ്ഗം ഇങ്ങനെ കടുത്തതുമായി... ശിവ ശിവ!
മക്കളിൽ കൂടുംബം നോക്കിനടത്തേണ്ടവൻ കമ്പനികൂടലും കറക്കവുമായി വീട്ടിൽ കയറാറുതന്നെയില്ല! മൂത്ത മകളാണെങ്കിൽ മാറാത്ത ഏതോ ഒരസുഖക്കാരിയാണ്. കാർത്യായനിയമ്മയ്ക്ക് വെറുതെ പ്രാർത്ഥിച്ചാൽ മതി. രണ്ട് മക്കളും ഇനിയുമെത്രയോ അനുഭവിക്കാനിരിക്കുന്നെന്ന് ഭഗവതിയ്ക്കല്ലേ അറിയൂ. അങ്ങനെ നോക്കുമ്പോൾ കാർത്യായനിയമ്മ ഭാഗ്യവതിയാണ്. പ്രാണവായു മായുന്ന നിമിഷങ്ങളിൽ, എല്ലാം ശരിയായേക്കുമെന്ന ചെറിയൊരു പ്രതീഷയെങ്കിലും അവർക്കുണ്ടായിരുന്നിരിക്കും.

പിറ്റേന്ന് പതിവില്ലാതെ അമ്പലക്കമ്മറ്റി ഓഫീസിൽനിന്നും പുകയുയരുന്നതെന്താണെന്നു നോക്കിയ ഭഗവതി ചിരിച്ചുപോയി. പത്തുപതിനഞ്ചുപേർ കമ്മറ്റി കൂടി വട്ടമിരുന്ന് ദിനേശ് ബീഡിയുടെ ‘വാലിഡേഷൻ ടെസ്റ്റ്‘ നടത്തുകയാണ്. മുദ്രാവാക്യം വിളിച്ചു തഴമ്പുവീണ ശബ്ദത്തോടെ സെക്രട്ടറി പറഞ്ഞു.
“ഇനിയിപ്പോ പുണ്യാഹം നടത്തണ്ടേ. അതിന്റെ ചിലവു ഭഗവതീടെ കൈയ്യീന്നുതന്നെ മുടക്കിക്കുന്നത് പാപമാണ്. അപ്പോ ഈ പാപം ചെയ്തു അമ്പലം അശുദ്ധമാക്കിയ കാർത്യായനിയമ്മയുടെ വീട്ടുകാരിൽ നിന്നു തന്നെ ഇതിനുള്ള തുക വസൂലാക്കണം”
നേതാക്കളെ ചോദ്യം ചെയ്തു ശീലിച്ചിട്ടില്ലാത്ത കമ്മറ്റിക്കാർ സമ്മതം മൂളി.
കമ്മറ്റിയിലെ പ്രായം ചെന്നൊരാൾ മാത്രം പറഞ്ഞു, “ഏടോ സെക്രട്ടറീ, ദാരിദ്ര്യം കാരണമാ അവർ തൂങ്ങിയതെന്നു നമ്മൾക്കൊക്കെ അറിയാം. അപ്പോപ്പിന്നെ പുണ്യാഹത്തിന്റെ ചിലവുംകൂടി അവരോടു തട്ടിപ്പറിച്ചാൽ ഭഗവതി സഹിക്വോ? ഇതെല്ലാം കണ്ടോണ്ടും കേട്ടോണ്ടും മോളിലൊരാളിരിപ്പില്ലേ?”
ഇതും പറഞ്ഞ് കൈകൂപ്പി അമ്പലത്തിലേക്കു നോക്കിയ അയാൾ ചുവന്ന പട്ടിന്റെ ഒരു നിഴലാടം മുകളിൽ ശ്രീകോവിലിനു മുന്നിലത്തെ മതിലിനരുകിൽ കണ്ട് പരിഭ്രമിച്ചു. “പ്രായമേറിയപ്പോൾ കണ്ണുകളും കളിപ്പിക്കുകയാണോ ഭഗവതീ!“ അയാളോർത്തു.
സെക്രട്ടറിയുടെ അണികളുടെ പ്രതിഷേധത്തിന്റെ കുത്തൊഴുക്കിൽ അയാളുടെ വാക്കുകൾ അസ്തിത്വം തിരഞ്ഞു...
എല്ലാം കേട്ടുകൊണ്ട് ശ്രീകോവിലിനു മുന്നിലെ കരിങ്കൽ തൂണിനരുകിൽ തണലുപറ്റി നിന്ന ഭഗവതിയോർത്തു...
“എന്തൊരു വിരോധാഭാസം. എന്നെക്കൊണ്ട് കാർത്യായനിയമ്മയെ കാര്യമായൊന്നും സഹായിക്കാൻ കഴിഞ്ഞില്ല. ഇവരെല്ലാംകൂടി ഈ കടും ദ്രോഹം ചെയ്യുന്നതാണെങ്കിൽ തടയാനും കഴിയുന്നില്ലല്ലോ! ഈ വിശുദ്ധസമിതിക്കാർ വല്ലപ്പോഴും തന്റെയടുക്കലേയ്ക്ക് തിരിഞ്ഞു കയറുമായിരുന്നെങ്കിൽ അപ്പോൾ  ഇവര്‍ക്ക് - ചെയ്യേണ്ടതെന്തെന്ന് പറഞ്ഞു മനസിലാക്കാമായിരുന്നു. പക്ഷെ എന്തു ചെയ്യാം!
ഭണ്ണ്ഡാരം നിറഞ്ഞോ എന്നു മാത്രം ഇവറ്റകൾക്ക് ദിവ്യദൃഷ്ടിപോലെ അറിയാം... അന്നു മാത്രമാണ് ഈ തമ്പുരാക്കന്മാർ ചുറ്റമ്പലത്തിനകത്തേക്ക് കയറുക.. അതും പൂജയെല്ലാം കഴിയുമ്പോൾ, അപ്പോപ്പിന്നെ ശുദ്ധവും വൃത്തിയും നോക്കണ്ടല്ലോ... കലികാലവൈഭവം!“

ഭഗവതിയുടെ വാലിട്ടെഴുതിയ മനോഹരമായ കണ്ണുകൾ നിറഞ്ഞൊഴുകി...
കണ്മഷി ഭഗവതിയുടെ മുഖത്ത് സറിയലിസ്റ്റിക് ചിത്രങ്ങൾ വരച്ചു.
കണ്ണുനീർ തുടച്ചപ്പോൾ ഭഗവതിയുടെ കൈവളകൾ വെറുതെ ചിരിച്ചു.
ശ്രീകോവിലിലേയ്ക്ക് കയറുമ്പോൾ വല്ലാത്തൊരു ക്ഷീണം ഭഗവതിയുടെ ശരീരത്തെ വലച്ചു.

കാർത്യായനിയമ്മയുടെ മക്കളിൽനിന്നും കമ്മറ്റിക്കാർ ബലമായി പുണ്യാഹച്ചെലവ് പിടിച്ചെടുത്തു. കമ്മറ്റിയുടെ പ്രവർത്തനവിജയത്തിൽ എല്ലാവരും ആഹ്ലാദിച്ചു.ദീർഘദർശിയായ സെക്രട്ടറി മുൻ‌കൈയ്യെടുത്ത് അന്നുമുതൽ അമ്പലമുറ്റത്ത് പുതിയൊരു ചുവപ്പ് ബോർഡ് തൂക്കി...
“ആത്മഹത്യ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്: ക്ഷേത്രപരിസരത്ത് ആത്മഹത്യ ചെയ്യുന്നവരുടെ മക്കളിൽ നിന്നോ ഉത്തരവാദിത്വപ്പെട്ടവരിൽനിന്നോ പുണ്യാഹത്തിന്റെ ചെലവ് പിരിച്ചെടുക്കുന്നതാണ്“.
ആത്മഹത്യ ചെയ്യുന്നവർക്ക്, മരണശേഷമുള്ളതിനെക്കാൾ മരണത്തിനു മുൻപുള്ള വിഷയങ്ങളാണ് കൂടുതൽ പ്രശ്നമെന്ന്‍  ഒരാള്‍ക്ക് മനസ്സിലാക്കാന്‍, അയാള്‍ ആത്മഹത്യചെയ്തുതന്നെ നോക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ... എങ്കിലും ഒരൊറ്റ കമ്മറ്റിക്കാരനും അത് മനസ്സിലാക്കാനുള്ള സാമാന്യബോധമുണ്ടായില്ല. അതുകൊണ്ട് ആ ബോർഡ്,  വായിക്കുന്ന ഭക്തജനങ്ങളുടെ അസ്വസ്ഥതയ്ക്ക് കാരണമായി  അവിടെത്തന്നെ കിടന്നു!

അമ്പലമുറ്റത്തെ ഈ ബോർഡ് വായിച്ച അന്നു മുതൽ അയ്യപ്പേട്ടൻ വല്ലാത്ത ആലോചനയിലാണ്. അയ്യപ്പേട്ടന്റെ കാര്യവും കഷ്ടമാണ്. മകളുടെ കല്യാണം നടത്താൻ സ്വത്ത് ഭാഗം വച്ചു. മകളുടെ ഓഹരി റൊക്കം കൊടുത്തു കല്യാണം നടത്തി. തന്നെ നോക്കേണ്ട മകന്റെ പേരിൽ അവന്റെ ഓഹരിയ്ക്കു പുറമേ വീടും കൂടി എഴുതിവച്ചു, അങ്ങനെ മകന്റെ സംരക്ഷണയിലായി.
കൊച്ചുമക്കളെയും കളിപ്പിച്ച് വാർധക്യം കഴിക്കുന്ന മധുരതരമായ ദിവാസ്വപ്നങ്ങളുടെ പരിലാളനയിൽ അയാൾ കഴിഞ്ഞുവന്നു.
മകൻ ഇംഗ്ലണ്ടിലെ ഒരു നേഴ്സത്തിയെ കെട്ടി വിദേശത്തിനു പോയി. വിസയ്ക്ക് കെട്ടി വക്കാൻ വീടു വിൽക്കുന്ന കാര്യം തന്നെക്കൊണ്ട് മുദ്രപ്പത്രത്തിൽ ഒപ്പിടീയ്ക്കാൻ മകൻ വന്നപ്പോളാണറിഞ്ഞത്. 
അങ്ങനെ ആർക്കും വേണ്ടാതെ കടത്തിണ്ണയിൽ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
ഈ ബോർഡ് പ്രകാരം തന്റെ അന്ത്യം ഈ അമ്പലമുറ്റത്തായാല്‍, പുണ്യാഹം നടത്താനുള്ള കാശെങ്കിലും അവർ പുത്രന്റെ കൈയ്യിൽ നിന്നു വാങ്ങിക്കോളും. കമ്മറ്റിക്കാർ ഈവക കാര്യത്തിലൊക്കെ നല്ല ഉശിരുള്ളവരാ... അയ്യപ്പേട്ടനോർത്തു.
തന്റെ പുത്രന്റെ വിലാസം എഴുതിയ തുണ്ടുകടലാസ് അയാൾ മനഃപ്പൂർവ്വമാണ് കീശയിലിട്ടത്. ഈ പാഴ് ജന്മം ഒടുങ്ങുന്നതിനു മുൻപ് മകനോട്‌ ഇങ്ങനെയെങ്കിലും ഒരു പ്രതികാരം ചെയ്യാനായല്ലോ എന്ന കൃതാർത്ഥതയോടെ അയാൾ കടം വാങ്ങിയ ഒരു മുടി കയറുമായി ഭഗവതിയുടെ അമ്പലമിരിക്കുന്ന മലയുടെ കല്ലു നിറഞ്ഞ വഴി കയറി.
മനസ്സിന് എത്രയോ നാളുകൾ മുൻപു നഷ്ടപ്പെട്ട ഒരു ശാന്തത അയ്യപ്പേട്ടൻ അനുഭവിച്ചു.
ചിന്തകൾ ഒന്നൊന്നായി അലിഞ്ഞലിഞ്ഞ് തന്റെ മനസ്സിന്റെ അടിത്തട്ട്, കലക്കൽ മാറിവരുന്ന വെള്ളത്തിലൂടെയെന്നപോലെ അയാൾ കണ്ടു. കുന്നിനു നേരേ നോക്കി അയ്യപ്പേട്ടൻ പറഞ്ഞു: “എന്റെ അമ്മേ, ഞാനിതാ വേഗം വരുന്നു...“ അതു പറയുമ്പോൾ ഓരോ വാക്കിന്റെയും കനം അയാളറിഞ്ഞു.
വൈവസ്വതന്റെ പുറപ്പാടറിഞ്ഞ് കാലൻ കോഴി കുന്നിന്റെ മറുഭാഗത്തെവിടെയോനിന്ന്‌ ഉറക്കെ കരഞ്ഞു...
വഴിയിൽ കാലിടറിയപ്പോൾ അയാൾ അറിയാതെ വിളിച്ചു... “അമ്മേ ഭഗവതീ, രക്ഷിക്കണേ!“

പണ്ട് അമ്പലമുറ്റത്ത് ആ ചുവന്ന ബോർഡ് തൂങ്ങിയപ്പോൾ മാഞ്ഞ, ഭഗവതിയുടെ മുഖത്തെ പുഞ്ചിരി - അയ്യപ്പേട്ടന്റെ ആ വിളികേട്ടപ്പോൾ തിരിച്ചെത്തി. എല്ലാം മറന്ന് ഭഗവതി പുഞ്ചിരിച്ചു.. എല്ലാമറിയുന്ന നിറപുഞ്ചിരി.
അതിന്റെ പ്രകാശത്തിൽ കുന്നിനു താഴെയുള്ള നെൽ‌പ്പാടങ്ങളിൽ രോമാഞ്ചം വാരിവിതറി!
ഭഗവതിയുടെ മനസ്സിൽ ഘനീഭവിച്ചു നിന്ന ദുഃഖം ഒരിളംകാറ്റായി കുന്നിലെ കശുമാവിൻ‌തോപ്പിലൊളിച്ചു.
കാർമേഘങ്ങൾക്കു പിന്നിലൊളിച്ച പൌർണ്ണമി, ഭഗവതിയുടെ മുഖത്തെ പുഞ്ചിരി പോലെ, കുന്നിനു മീതേ-കാർത്യായനിയമ്മയുടെ ഇനിയും വിലയം പ്രാപിക്കാത ഓർമ്മകൾക്കു മീതേ-അയ്യപ്പേട്ടന്റെ കിതപ്പാർന്ന കാലടികൾക്കുമീതേ-കാറ്റിലാടിയുലഞ്ഞ ആ ചുവന്ന ബോർഡിനുമീതേ തെളിഞ്ഞുനിന്നു...