May 31, 2016

വഴികാട്ടാൻ ഉപഗ്രഹങ്ങൾ !ല്ലാ വേനലവധിക്കും പതിവുള്ള ഉല്ലാസയാത്രയാണ് രണ്ടുമൂന്നു ദിവസമായി വീട്ടിലെ പ്രധാന ചർച്ചാ വിഷയം. അച്ഛൻ കുട്ടികളുടെ സംഘടിത ആക്രമണത്തെ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലേയ്ക്കാണ് അമ്മാവൻ വന്നത്. രാമേശ്വരം, ബാംഗ്ലൂർ, തിരുവനന്തപുരം, തിരുനെല്ലി, മൈസൂർ ഇതൊന്നുമല്ലെങ്കിൽ കാലങ്ങളായി പ്ലാനിൽ മാത്രമൊതുങ്ങിയ ഡെൽഹി ഇങ്ങനെ, പോകാവുന്ന സ്ഥലങ്ങൾക്ക് പഞ്ഞമൊന്നുമില്ല! 
ചർച്ച പിന്നെ അച്ഛനും അമ്മാവനും തമ്മിലായി. അമ്മാവൻ ഓരോ സ്ഥലത്തുനിന്നും അടുത്തയിടത്തേക്കുള്ള ദൂരവും എടുക്കുന്ന സമയവുമൊക്കെ ഫോണിലെ മാപ്പ് നാവിഗേഷൻ സംവിധാനത്തിൽ നോക്കി അച്ഛനുമമ്മയ്ക്കും പറഞ്ഞുകൊടുക്കുന്നു.
അപ്പോൾ അമ്മയ്ക്ക് ഒരു സംശയം -ഇന്റർനെറ്റിൽ ലഭ്യമായ മാപ്പും ഫോണിലേതും തമ്മിലെന്താണ് സാങ്കേതികമായുള്ള പ്രധാന വ്യത്യാസം? 
അമ്മാവൻ അതിനു നൽകിയ വിശദീകരണത്തിന്റെ സാരമിതായിരുന്നു: ഇന്റർനെറ്റിലെ സൈറ്റിലും ഫോണിലെ ഗൂഗിൾ മാപ്സ് പോലുള്ള ആപ്ലിക്കേഷനുകളിലും പ്രധാനമായുള്ളത് ഭൂപടം തന്നെ. പക്ഷെ ഒട്ടുമിക്ക ഫോണുകളിലും നമ്മൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ അപ്പപ്പോൾ കണ്ടുപിടിക്കാനുള്ള സാങ്കേതികവിദ്യ- ജിപിഎസ് അഥവാ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം: ലഭ്യമാണ്. അങ്ങനെ ലഭ്യമായ അക്ഷാംശ രേഖാംശങ്ങൾ കൊണ്ട് നമ്മൾ നിൽക്കുന്ന സ്ഥലം ഭൂപടത്തിൽ അടയാളപ്പെടുത്താൻ നാവിഗേഷൻ ആപ്ലിക്കേഷനു സാധിക്കും. ഇതു നൽകുന്ന സൗകര്യങ്ങൾ വളരെ വിപുലമാണ്. ഉദാഹരണത്തിന് നമ്മളിപ്പോൾ നിൽക്കുന്ന ഇടത്തുനിന്നും നമുക്ക് പോകേണ്ട മേൽവിലാസത്തിലേക്ക് ഭൂപടത്തിൽ രേഖപ്പെടുത്തിയ വഴികളിലൂടെ തെറ്റിക്കാതെ നമ്മെ വഴികാട്ടി എത്തേണ്ടിടത്ത് എത്തിക്കാൻ ഈ സാങ്കേതികവിദ്യ ഉതകുന്നു. ലാപ്റ്റോപ്പിൽ മാപ്പിന്റെ വെബ് സൈറ്റ്എടുത്താൽ ഏതെങ്കിലും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള വഴി, ദൂരം ഇവ മാത്രമേ അറിയാൻ കഴിയൂ. ഉദാഹരണത്തിന് വഴി തെറ്റി നമ്മളെവിടെയെങ്കിലുമെത്തിപ്പെട്ടാൽ അവിടെനിന്ന് ലക്ഷ്യത്തിലേക്കുള്ള എളുപ്പവഴി പറഞ്ഞുതരാൻ ഫോണിലെ ജി പി എസ് കൂടിയുണ്ടെങ്കിലേ കഴിയൂ.

പുതിയ പുതിയ ഫോണുകളുടെ വാർത്തകൾ വിടാതെ വായിക്കാറുള്ള കുഞ്ഞുണ്ണി സംശയവുമായെത്തി: "അമ്മാവന്റെ പുതിയ ഫോണിന്റെ കൂടെയുള്ള കടലാസിൽ ജിപിഎസ് ഉണ്ടെന്നത് ഞാൻ വായിച്ചിരുന്നു. ആ കടലാസ് ഞാൻ സൂക്ഷിച്ചുവച്ചിട്ടുമുണ്ട്. ഇതു കണ്ടോ അമ്മാവാ അതിൽ ജിപിഎസ് എന്നതിനൊപ്പം വേറൊന്നും കൂടി എഴുതിയിട്ടുണ്ടല്ലോ - GLONASS അപ്പോ അതെന്താ?"
"എടാ വീരാ നീ തരക്കേടില്ലല്ലോ..." അവന്റെ സൂക്ഷ്മനിരീക്ഷണം അമ്മാവനിഷ്ടപ്പെട്ടു. സംസാരിക്കാൻ വിഷയം കിട്ടിയതിന്റെ ഉത്സാഹത്തിലായിരുന്നു അമ്മാവൻ.. എല്ലാവരും വട്ടം കൂടുന്നതു കണ്ടപ്പോൾ അമ്മിണി പ്രോത്സാഹനമായി കട്ടൻചായ ഇട്ടുകൊണ്ടു വന്നു സംസാരം ചൂടുപിടിപ്പിച്ചു.
"അധികമാരും ശ്രദ്ധിച്ചിരിക്കാനിടയില്ലാത്ത ഒരു പേരാണ് GLONASS. നമ്മളൊക്കെ ഉപയോഗിക്കുന്ന ജിപിഎസ് സാങ്കേതികവിദ്യ അമേരിക്കയുടെ സൈനിക വിഭാഗം ശീതയുദ്ധകാലഘട്ടത്തിൽ തങ്ങളുടെ സൈനിക ഉപയോഗത്തിനുവേണ്ടി വികസിപ്പിക്കയും പിന്നീട് 80കളിൽ ശീതയുദ്ധത്തിന്റെ അലകൾ അടങ്ങിയപ്പോൾ ലോകത്താകമാനമുള്ള ഉപയോക്താക്കൾക്കായി സൗജന്യമായി തുറന്നു കൊടുക്കുകയും ചെയ്ത NAVSTAR എന്ന സംവിധാനത്തിൽ അധിഷ്ടിതമാണ്. അമേരിക്കയുടെ NAVSTAR നു സമാനമായി റഷ്യ വികസിപ്പിച്ച സംവിധാനമാണ് GLONASS. ഇതുപോലെ ഒന്നുരണ്ട് സംവിധാനങ്ങൾ കൂടി ഇന്നു നിലവിലുണ്ട്: യൂറോപ്യൻ യൂണിയന്റെ ഗലീലിയോ, ചൈന വികസിപ്പിച്ചു വരുന്ന BeiDou എന്നിവയാണത്. 
ഈ ശ്രേണിയിലേക്ക് ഭാരതവും ചേർന്ന വാർത്ത കഴിഞ്ഞയാഴ്ച്ച പത്രങ്ങളിൽ വായിച്ചില്ലേ? ഭാരതം വികസിപ്പിച്ച ജി പി എസ് സാങ്കേതികവിദ്യയുടെ പേര് NAVIC എന്നാണ്. അസൂയാവഹമായ നേട്ടമാണ് നമ്മുടെ ISRO ശാസ്ത്രജ്ഞന്മാർ ഇതിലൂടെ കൈവരിച്ചത്. എത്രയോ വമ്പൻ സാമ്പത്തിക ശക്തികളായ വികസിത രാജ്യങ്ങൾക്കു പോലും കൈവരിക്കാൻ കഴിയാതെ പോയ മുന്നേറ്റമാണ് ഇതിലൂടെ നമ്മൾ നേടിയത്.."

അപ്പോൾ അമ്മിണിക്ക് ഒരു സംശയം: "അതേ അമ്മാവാ, ഈ ISRO എന്നത് ബഹിരാകാശ ഗവേഷണത്തിനായുള്ള സ്ഥാപനല്ലേ? അവരെങ്ങനെയാ നേരത്തെ പറഞ്ഞ നാവികവിദ്യയുമായി ബന്ധപ്പെടാനിടയായത്? അമ്മാവൻ പറഞ്ഞ ആ വാർത്ത ഞാനും ശ്രദ്ധിച്ചിരുന്നു. പക്ഷെ അതിൽ പറഞ്ഞിരിക്കുന്നത് ഏഴ് ഉപഗ്രഹങ്ങൾ തുടരെ തുടരെ വിക്ഷേപിക്കാനുള്ള ഒരു പദ്ധതിയുടെ പൂർത്തീകരണമായിരുന്നു അതെന്നാണ്. ഈ ഉപഗ്രഹത്തിനൊക്കെ നമ്മുടെ ഫോണിലെ മാപ്പുമായി എന്തു ബന്ധമാ ഉള്ളത്?"
"അമ്മിണിയുടെ ചോദ്യം വിഷയത്തിലേക്ക് നേരിട്ട് വരാൻ എന്നെ സഹായിച്ചു നേരത്തെ പറഞ്ഞുവല്ലോ ജിപിഎസ് സാങ്കേതികവിദ്യ പ്രാഥമികമായി നമ്മൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ കണ്ടുപിടിക്കാനാണ് സഹായിക്കുക എന്ന്. അമ്മിണി കണക്കിൽ ഗ്രാഫുകൾ വരക്കാറില്ലേ? ഗ്രാഫിലെ ഏതൊരു ബിന്ദുവിനെയും നമ്മൾ എങ്ങനെയാ സംബോധന ചെയ്യുന്നത്?"
"അത് അമ്മാവാ, നമ്മൾ ഗ്രാഫ് വരയ്കേണ്ട വെള്ളക്കടലാസിൽ ആദ്യം രണ്ട് അക്ഷരേഘകൾ വരക്കും. അവക്ക് ആപേക്ഷികമായി ഏതൊരു ബിന്ദുവിന്റെയും ദൂരം അറിയാമെങ്കിൽ പിന്നെ ബിന്ദുവിനെ അടയാളപ്പെടുത്താമല്ലോ..."
"അതു തന്നെ. ഒരു പ്രതലത്തിലെ ഏതൊരു വസ്തുവിന്റെയും സ്ഥാനം നമ്മൾ പറയുക അവിടെ മുൻകൂട്ടി സ്ഥാനം നിർണ്ണയിക്കപ്പെട്ട ഏതെങ്കിലുമൊരു പ്രമാണത്തിനെ അധികരിച്ചായിരിക്കണം. ഇപ്പോൾ അമ്മിണി പറഞ്ഞ ഉദാഹരണത്തിൽ പ്രമാണം വെള്ളക്കടലാസിൽ ആദ്യം നമ്മൾ വരക്കുന്ന അക്ഷരേഘകളാണ്. ഇതേ സന്ദർഭം ഭൂമിയുടെ പ്രതലത്തിൽ ഒന്നു സങ്കല്പിച്ചു നോക്കൂ. ഗോളരൂപമായ ഭൂമിയുടെ പ്രതലത്തിൽ നമ്മൾ നിൽക്കുന്ന ഇടത്തിനു പ്രമാണമാക്കാവുന്ന എന്തെങ്കിലുമൊരു സ്ഥിരവസ്തു ഉണ്ടാവണം. ജിപിഎസ് സംവിധാനങ്ങൾ ഇതിനായി ആശ്രയിക്കുന്നത് ബഹിരാകാശത്ത് ഭൂമിയെ വലം വച്ചുകൊണ്ടിരിക്കുന്ന- ഭ്രമണപഥത്തിലെ അവയുടെ സ്ഥാനം കൃത്യമായി മുൻകൂട്ടി നിർണ്ണയിക്കപ്പെട്ട -കൃത്രിമോപഗ്രഹങ്ങളെയാണ്!
നേരത്തെ നമ്മൾ പറഞ്ഞില്ലേ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ജിപിഎസ് സംവിധാനമാണ് NAVSTAR എന്ന്? NAVSTAR സംവിധാനത്തിൽ 27ൽ പരം കൃത്രിമ ഉപഗ്രഹങ്ങളെ ഭൂതലത്തിലെ സ്ഥാനനിർണ്ണയത്തിനായി വിന്യസിച്ചിരിക്കുന്നു. ഈ ഉപഗ്രഹങ്ങൾ വിന്യസിക്കപ്പെട്ടിരിക്കുന്നതിന്റെ സവിശേഷത കാരണം ഭൂമിയുടെ ഉപരിതലത്തിൽ എവിടെ നിന്നാലും ഏതു സമയവും കുറഞ്ഞത് മൂന്ന് ഉപഗ്രഹങ്ങളെങ്കിലും കാണാദൂരത്തുണ്ടാകും. അവയുടെ സ്ഥാനത്തിന് ആപേക്ഷികമായി ഭൂതലത്തിൽ എവിടെയുമുള്ള സ്ഥാനം എളുപ്പത്തിൽ കണക്കാക്കാനാവുന്നതേയുള്ളൂ"

അപ്പോൾ കുഞ്ഞുണ്ണിക്ക് ജിജ്ഞാസയായി: " അപ്പോ നമുക്ക് ഏതു നേരം വേണമെങ്കിലും ആശകാശത്തു നോക്കിയാൽ ഈ മൂന്ന് ഉപഗ്രഹവിരുതൻമാരെ കാണാൻ പറ്റുവോ?"
അതു കേട്ട് അമ്മാവനു ചിരിപൊട്ടി : "കാണാദൂരത്ത് എന്ന വാക്ക് ഉപയോഗിച്ചുവെങ്കിലും നഗ്നനേത്രങ്ങൾകൊണ്ട്   അവയെ കാണാമെന്ന് അതിന് അർഥമില്ല. ജിപിഎസ് സംവിധാനമുള്ള ഫോണുകൾ ഈ ഉപഗ്രഹങ്ങൾ അയക്കുന്ന സന്ദേശങ്ങൾ സ്വീകരിക്കാൻ കഴിവുള്ളവയാണ്. ജിപിഎസ് ഉപഗ്രഹങ്ങൾ സദാസമയം ഒരു പ്രത്യേക റേഡിയോ സന്ദേശം സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കും. ഓരോ ഉപഗ്രഹത്തിന്റെയും ഭ്രമണപഥത്തിലെ സ്ഥാനം, സന്ദേശമയച്ചപ്പോളത്തെ - വളരെ കൃത്യതയുള്ള സമയം- time
stamp ഇവയാണ് ഈ റേഡിയോ സന്ദേശത്തിന്റെ ഉള്ളടക്കം. ഇവയെ സ്വീകരിക്കാൻ പര്യാപ്തമായ ജിപിഎസ് റിസീവർ ഘടിപ്പിച്ച ഏത് ഉപകരണത്തിനും ഈ സന്ദേശങ്ങളുപയോഗിച്ച് ഭൂപ്രതലത്തിൽ തങ്ങളുടെ സ്ഥാനം ഈ ഉപഗ്രഹങ്ങളുടെ സ്ഥാനത്തിന് ആപേക്ഷികമായി എവിടെയാണ് എന്നത് കണക്കാക്കാൻ കഴിയും. കാണാദൂരത്ത് എന്നതുകൊണ്ട് ജിപിഎസ് റിസീവറുകൾക്ക് ആശയവിനിമയം നടത്താൻ കഴിയുന്ന പാകത്തിന് എന്നാണുദ്ദേശിച്ചത്. ഈ ഉപഗ്രഹങ്ങളോരോന്നും പതിനായിരക്കണക്കിനു കിലോമീറ്ററുകൾ ഭൂപ്രതലത്തിനു മുകളിലാണെന്നതു മറക്കേണ്ട!
മേൽപ്പറഞ്ഞ 27 ഉപഗ്രഹങ്ങളും ഓരോന്നിനും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട സവിശേഷ ഭ്രമണപഥത്തിലൂടെ ദിവസത്തിൽ കുറഞ്ഞത് രണ്ട് വട്ടമെങ്കിലും ഭൂമിയെ വലം വച്ചുകൊണ്ടിരിക്കും. ഇവ ഭൂമിയിലേക്ക് പ്രക്ഷേപണം ചെയ്തുകൊണ്ടേയിരിക്കുന്ന സന്ദേശങ്ങൾ റിസീവറുകൾ പിടിച്ചെടുത്ത് തങ്ങളുടെ സ്ഥാനം, വേഗത, ഗതി ഇവ നിർണ്ണയിക്കാനുള്ള ചില സങ്കീർണ്ണ ഗണിത സൂത്രവാക്യങ്ങളിലൂടെ നമുക്ക് നേരിട്ട് ഉപയോഗപ്രദമായ വിവരരൂപത്തിലാക്കി തരുന്നു.

അപ്പോൾ കുഞ്ഞുണ്ണിയുടെ അച്ഛനു ഒരു സംശയം: അപ്പോ ജിപിഎസ് സംവിധാനത്തിലെ ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നതിന് നമ്മൾ കൂടുതലായി പണം മുടക്കേണ്ടി വരില്ലേ?
നേരത്തെ പറഞ്ഞുവല്ലോ ജി പി എസ് സന്ദേശങ്ങൾ ഉപഗ്രഹങ്ങൾ അനുസ്യൂതം അയച്ചുകൊണ്ടേയിരിക്കും. നമ്മുടെ ദൂരദർശൻ നിലയത്തിന്റെ പ്രക്ഷേപണം ഒക്കെ പോലെ. ആവശ്യക്കാർക്ക് ജിപിഎസ് റിസീവർ ഉപയോഗിച്ച് ഇവയെ സ്വീകരിച്ചാൽ മാത്രം മതിയാവും. പണ്ടത്തെ മീൻമുള്ള് ആന്റിനകൾ മാത്രം വാങ്ങിയാൽ ദൂരദർശൻ സൗജന്യമായി കാണാമായിരുന്നില്ലേ? ഏതാണ്ട് അതുപോലെ!

അപ്പോൾ കുഞ്ഞുണ്ണീടെ അമ്മയ്ക്ക് മറ്റൊരു സംശയം: അല്ല, നീ പറഞ്ഞില്ലേ NAVSTAR പൊതുജനങ്ങൾക്കായി ലഭ്യമാണെന്ന്. അമേരിക്കയുടെ ഈ 27 ഉപഗ്രഹങ്ങൾ ഉള്ളപ്പൊ എന്തിനാ നമ്മൾ ഭാരതീയർ പിന്നെയും 7എണ്ണം ഈ കാശെല്ലാം മുടക്കി പിന്നെയും വിക്ഷേപിച്ചത്? വെറുതേ ലോകരാജ്യങ്ങൾക്കു മുൻപിൽ ഒന്ന് ഞെളിയാനായിട്ടാ?
ആ ചോദ്യം കേട്ട് എല്ലാവരും ചിരിച്ചു പോയി. അമ്മാവൻ തുടർന്നു: കാര്യം NAVSTAR സേവനം സൗജന്യമൊക്കെയാണെങ്കിലും അതിന്റെ നിയന്ത്രണം അമേരിക്കൻ സർക്കാരിന്റെ കൈവശം തന്നെയാണ്. നാവികവിദ്യയുടെ ഏറ്റവും മർമ്മപ്രധാനമായ ഉപയോഗം സൈനിക ആവശ്യങ്ങൾക്കായാണ്. സെന്റിമീറ്ററുകളുടെ കൃത്യതയിൽ ശത്രു ഭൂപ്രദേശങ്ങളിൽ ആയുധങ്ങൾ വർഷിക്കുന്നതിനും, സൈനിക മുന്നേറ്റങ്ങൾ പിഴക്കാതെ ആസൂത്രണം ചെയ്യുന്നതിനും, സേനാമുന്നേറ്റങ്ങൾ നടത്തുന്നതിനും ഈ സാങ്കേതികവിദ്യ അത്യന്താപേക്ഷിതമാണ്. കാർഗിൽ യുദ്ധസമയത്ത് NAVSTAR സേവനം അമേരിക്ക നമുക്ക് നിഷേധിച്ചു. എന്നു വച്ചാൽ ഇന്ത്യയുടെ മുകളിൽ വരുമ്പോൾ ആ ഉപഗ്രഹങ്ങൾ തന്ത്രപരമായി മൗനം ദീക്ഷിക്കാൻ തുടങ്ങി; നമ്മുടെ റിസീവറുകൾക്ക് സ്ഥാനനിർണയം അസാദ്ധ്യവുമായി! ഈ തലവേദന ഭാവിയിൽ  ഒഴിവാക്കാൻകൂടിയാണ് നമ്മൾ സ്വന്തം നിയന്ത്രണത്തിലുള്ള ഉപഗ്രഹസമൂഹത്തെ വിക്ഷേപിച്ചത്. NAVIC ൽ ആകെ 7 ഉപഗ്രഹങ്ങളേയുള്ളൂ എന്നു പറഞ്ഞല്ലോ. അതുകൊണ്ടു തന്നെ ഇതുപയോഗിച്ച് ഭൂപ്രതലം ആകമാനം ആവരണം ചെയ്യാനാവില്ല. ഭാരതവും ചുറ്റുമുള്ള ഏതാനും രാജ്യങ്ങളും അടങ്ങുന്ന ഭൂപ്രദേശത്തിൽ മാത്രമേ സൈനിക - അന്തരീക്ഷ പഠന - നാവിഗേഷൻ സേവനങ്ങൾ NAVIC ലൂടെ ലഭ്യമാകൂ.കുഞ്ഞുണ്ണി എന്തെങ്കിലും ആലോചിക്കുകയാണെന്നതിന്റെ തെളിവെന്താണെന്നോ? 
അവനൊരു തോർത്തോ തൂവാലയോ കൈയ്യിലെടുത്ത് കറക്കിക്കൊണ്ടിരിക്കും. 
അവന്റെ തലച്ചോർ പ്രവർത്തിക്കുകയാണെന്നതിന്റെ അടയാളമാണത്. 
എല്ലാവരും വർത്തമാനം കഴിഞ്ഞ് നോക്കുമ്പോൾ കുഞ്ഞുണ്ണി തോർത്തും കറക്കി മുറ്റത്തും തൊടിയിലെ മരച്ചുവട്ടിലുമൊക്കെ മാനം നോക്കി നടപ്പാണ്. അവനറിയാം- കാണാൻ കഴിയുന്നില്ലെങ്കിൽക്കൂടി അമേരിക്കക്കാരുടെ 27 ഉപഗ്രഹങ്ങളിൽ ഏതോ മൂന്നുനാലെണ്ണവും ഭാരതം ഈയിടെ വിക്ഷേപിച്ച 7 ഉപഗ്രഹങ്ങളുമൊക്കെ അങ്ങ് മേഘങ്ങൾക്കു മേലേ, നക്ഷത്രങ്ങൾക്ക് കീഴെയായി നിരന്തരം കുഞ്ഞുണ്ണീ.. ഞങ്ങൾ ദാ ഇപ്പൊ ഇന്നയിന്നയിടങ്ങളിലായുണ്ടെങ്കിൽ, നീയെവിടെയാണെന്നു കണ്ടുപിടിക്കാമോ? എന്ന് ചോദിച്ചുംകൊണ്ട് ഒഴുകി നടപ്പുണ്ടാവുമെന്ന്!ഈ ലേഘനം ശാസ്ത്രകേരളം മാസികയുടെ ജൂൺ ലക്കത്തിൽ അച്ചടിച്ചുവന്നിട്ടുള്ളതാണ്

May 20, 2016

ഷ്രോഡിഞ്ജറുടെ പൂച്ച

'ഷ്രോഡിഞ്ജറുടെ പൂച്ച'യെ കേട്ടിട്ടില്ലേ? 
ശാസ്ത്രത്തിലെ പ്രസിദ്ധമായൊരു സങ്കല്പ - പരീക്ഷണമാണത്.


അടച്ചുമൂടിയ ഒരു പെട്ടിയിൽ ഒരു പൂച്ച. 
ഒപ്പം ഒരു കുപ്പിയിൽ മാരകമായ വിഷവാതകവും. 
കുപ്പി എങ്ങനെയെങ്കിലും തുറക്കപ്പെട്ടാൽ ഉറപ്പായും പൂച്ച ചാകും. കുപ്പിക്കു മീതെ ഒരു ചുറ്റിക ഓങ്ങിയിരിപ്പുണ്ട്. പെട്ടിയിൽ തന്നെ റേഡിയോ വികിരണം പുറപ്പെടുവിച്ചേക്കാവുന്ന ഒരു കഷണം ലോഹവുമുണ്ട്. ഈ ലോഹം വികിരണം  പുറപ്പെടുവിച്ചാൽ അത് ചുറ്റികയെ വീഴ്താനുള്ള സ്വിച്ച് പ്രവർത്തിപ്പിക്കും. വിഷവാതകത്തിന്റെ കുപ്പിയിലേക്ക് ചുറ്റിക വീഴും. കുപ്പി പൊട്ടും. ഗ്യാസ് പുറത്ത് വരും. പൂച്ച ചത്തും പോകും.റേഡിയോ വികിരണം എപ്പൊ സംഭവിക്കുമെന്നത് കൃത്യമായി നിർവ്വചിക്കാനാവില്ല... 
വളരെ ആകസ്മികമായും അപ്രതീക്ഷിതമായുമാണ് അതു നടക്കുക.  
വികിരണം നടന്നിട്ടുണ്ടോ ഇല്ലയോ എന്നത് : പെട്ടി തുറന്ന് - ചുറ്റിക വീഴാനുള്ള സ്വിച്ച് പ്രവർത്തിച്ച് - കുപ്പി പൊട്ടിയിട്ടുണ്ടോ.. എന്നു നോക്കാതെ പറയാൻ കഴിയില്ല.
ഇനി വികിരണം നടന്നാൽ തന്നെയും സ്വിച്ചിൽ വേണ്ടതുപോലെ അതു വീണോ... ചുറ്റികയിൽ ഘടിപ്പിച്ച യന്ത്രം പ്രവർത്തിച്ചോ? ഒന്നും ആർക്കും പെട്ടി തുറന്ന് പരിശോധിച്ചു നോക്കാതെ കൃത്യമായി പറയാനാവില്ല.

പെട്ടി ഒരിക്കൽ അടച്ചുകഴിഞ്ഞാൽ പിന്നെ തുറന്നു നോക്കാതെ രണ്ടാലൊന്ന് നിശ്ചയിക്കാൻ - പൂച്ച ജീവനോടുണ്ടോ ഇല്ലയോ എന്ന് പറയാൻ കഴിയില്ല എന്നു സാരം. 

ഒന്നു കടത്തി പറഞ്ഞാൽ - പെട്ടി തുറക്കുന്നതുവരെ, ഒരേ സമയം ഷ്രോഡിഞ്ജറുടെ പൂച്ച ജീവനോടെയും മരിച്ചുമിരിക്കുന്നു!

ശരിക്കുമങ്ങ് കടത്തി പറഞ്ഞാൽ - പെട്ടി തുറക്കുന്ന പ്രവൃത്തിയുണ്ടല്ലോ.. അതാണ് ഒരേ സമയം ജീവിച്ചിരിക്കയും ചത്തുപോയിരിക്കയും ചെയ്തുകൊണ്ടിരുന്ന ഈ വിചിത്ര പൂച്ചയ്ക്ക് ചത്തുവെന്നോ ജീവനോടെയിരിക്കുന്നുവെന്നോ ഉള്ള നിശ്ചിതത്വം കൊടുക്കുന്നത്  !

ചുരുക്കിപ്പറഞ്ഞാൽ ഷ്രോഡിഞ്ജറുടെ പൂച്ച എത്ര കാലം വേണമെങ്കിലും ചത്തു പോയി എന്ന് നിശ്ചയിക്കാനാകാത്തതുപോലെ ഇരിക്കും -  പെട്ടി തുറക്കാതിരുന്നാൽ മതി.

ശാസ്ത്രതത്വങ്ങൾ നിത്യജീവിതത്തിൽ പ്രയോഗിക്കുന്നതിന്റെ സാധ്യതകൾ വലുതും രസകരവുമാണ്.
ഒരാളെ ഒഴിവാക്കണമെന്നു കരുതൂ.. എന്നാൽ അത് രക്തം പൊടിയാതെ - മാന്യമായി - നിഷ്കളങ്കമായി അയാൾ പോലുമറിയാനിടവരാതെ പരാതി കേൾപ്പിക്കാതെ വേണം താനും. 
വളരെയെളുപ്പം. 
അയാളെ ഒരു ഷ്രോഡിഞ്ജറുടെ പൂച്ചയാക്കുക എന്നിട്ടാ പെട്ടിയിലിട്ടു മൂടുക. 
നമ്മൾ ഇതിനോടകം സ്വരുക്കൂട്ടി വച്ച വിദ്വേഷവും അനിഷ്ടവും വിരോധവും അവജ്ഞയും എന്നുവേണ്ട ഉള്ളിൽ നിന്ന് കളഞ്ഞ് ആത്മശുധീകരണം നടത്തണമെന്നു നിശ്ചയിച്ച് മാറ്റി വച്ചിരിക്കുന്ന ഇജ്ജാതി സകല വികാരങ്ങളും അടങ്ങുന്ന വിഷവാതകം മനോഹരമായൊരു ചില്ലുകുപ്പിയിലാക്കി അടക്കുന്നതിനു മുമ്പ് പെട്ടിയിൽ വക്കാൻ മറക്കരുതേ! 
കോമാളിയായ ഷ്രോഡിഞ്ജറുടെ പൂച്ചക്കു പോലും ആ കുപ്പി കാണുമ്പോൾ "ഹായ്.. ഈ ബോറൻ പെട്ടിക്കുള്ളിൽ ഭംഗിയുള്ളൊരു കുപ്പിയെങ്കിലുമുണ്ടല്ലോ.. എത്ര ഭംഗി!" എന്നേ തോന്നാവൂ. 
അണുവികിരണമയക്കുന്ന ലോഹത്തിന്റെ സ്ഥാനം വെറുക്കപ്പെട്ട ഷ്രോഡിഞ്ജറുടെ പൂച്ചയിലെ നമ്മളിലുള്ള ശുഭപ്രതീക്ഷയ്ക്കാണ്. 
ശ്‌ശ്‌ശ്...! പൂച്ച ഇതൊന്നുമറിയല്ലേ... ജന്മനാ സൂത്രശാലി എന്നു പേരുകേട്ട ജീവിയല്ലേ... ഇതിന്റെ മണമടിച്ചാൽ മതി... പരീക്ഷണം പാളും. പിന്നെ വേറേ പരീക്ഷണം തപ്പി നടക്കേണ്ടിവരും.

പരീക്ഷണം തുടങ്ങി പെട്ടിയടച്ചു കഴിഞ്ഞാൽ പിന്നെ ആ പെട്ടിയെപ്പറ്റി തന്നെ അങ്ങു മറന്നു കളഞ്ഞേക്കണം... 
'അണുവികിരണം വന്നോ ചുറ്റിക വീണോ കുപ്പി പൊട്ടിയോ ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമേ അല്ല... അതു വെറുമൊരു ശാസ്ത്ര പരീക്ഷണമാണെ'ന്നങ്ങു ഭാവിച്ചേക്കണം. 

മനസിലെ വിഷമയമായ ഭാരമൊക്കെ ഇറക്കിയ ആശ്വാസത്തോടൊപ്പം ശാസ്ത്രീയമല്ലെങ്കിലും ഏറ്റവും സംഭാവ്യമായ ആ സാധ്യതയെ ഓർത്ത് ആരുമറിയാതെ വേണമെങ്കിൽ ഊറിച്ചിരിക്കുകയുമാകാം. 
മനസിലായില്ലേ? നിങ്ങളാ പെട്ടി തുറന്നില്ലെങ്കിൽപോലും മണൽ ഘടികാരത്തിലെ മണൽത്തരികൾ പോലെ ഊർന്നു വീണ് തീരുന്ന ഷ്രോഡിഞ്ജറുടെ പൂച്ചയുടെ പ്രത്യാശ, അധികമൊന്നും വൈകാതെ തന്നെ അണുവികിരണം കൊണ്ട് പെട്ടിക്കകത്ത് ഒരു കമ്പക്കെട്ടു തന്നെ നടത്തിക്കഴിഞ്ഞിരിക്കും. 
മണ്ടനായ ഷ്രോഡിഞ്ജറുടെ പൂച്ചയാകട്ടെ ഇങ്ങനൊരു പരീക്ഷണത്തെപ്പറ്റി പോലും ബോധവാനല്ലാതെ പരീക്ഷിക്കപ്പെട്ടുകഴിഞ്ഞും കാണും. 
"ഏതപ്പാ ക്വാണ്ടം മെക്കാനിക്സ്" എന്നു പറഞ്ഞപോലെ!

ഇങ്ങനെയൊക്കെയാണെങ്കിലും നിങ്ങളുടെയുള്ളിൽ 'ഈശ്വരാ ഭഗവാനേ പരീക്ഷണം കൊണ്ട് പൂച്ചക്ക് ആപത്തൊന്നും വരല്ലേ' എന്നുണ്ടുതാനും... എന്താ ശരിയല്ലേ? 
ഹഹഹ.. സാരമില്ല... അവിടെയാണ് ശാസ്ത്രം ശരിക്കും നിങ്ങളുടെ രക്ഷകനാകുന്നത്.
പെട്ടി തുറന്നാലേ ഷ്രോഡിഞ്ജറുടെ പൂച്ച ചാവുകയുള്ളൂ.. 
പെട്ടി തുറന്നു നോക്കാൻ മെനക്കെടാത്തിടത്തോളം കാലം ഷ്രോഡിഞ്ജറുടെ പൂച്ച, പൂർണരാരോഗ്യവാനായി, സ്വസ്ഥനായി, പതിവുള്ളതുപോലെ - പെട്ടിക്കുള്ളിൽ ഉലാത്തുകയും, തന്റെ ആനന്ദത്തിന്റെയും ഉല്ലാസത്തിന്റെയും ലക്ഷണമായി "മ്യാവു.. മ്യാവു.." എന്നു വക്കുകയും, വാലുകൊണ്ട് മനോഹരമായ രൂപങ്ങൾ നിർമ്മിക്കുന്ന പ്രവൃത്തിയിലേർപ്പെടുകയും, മിനുത്ത മീശരോമങ്ങൾ വീണ്ടും മിനുക്കുകയും, അടുപ്പത്തുവച്ച വെള്ളപ്പാത്രം പോലെ കുറുകുന്ന ശബ്ദമുണ്ടാക്കയും ചെയ്യുന്നുണ്ട് എന്നു വിശ്വസിക്കാൻ തീർച്ചയായും ശാസ്ത്രം നിങ്ങളെ അനുവദിക്കുന്നുണ്ട്. 

May 3, 2016

മഞ്ഞുപോലെ…


ഒഴിവുദിവസം എന്തു ചെയ്യണമെന്നോർത്ത് തല പുകയ്ക്കാതെ ചായ കുടിച്ചോണ്ടിരുന്നപ്പൊളാണ് കുഞ്ഞുണ്ണി അടുത്തുവന്ന് പറ്റിക്കൂടിയത്. 
“അമ്മാവാ എന്താ ഇനി ചെയ്യാമ്പോണേ?”
“ഞാനും അതുതന്നെയാ കുട്ടാ ഓർത്തോണ്ടിരുന്നേ. നമുക്ക് കാറിന്റെ അകം വൃത്തിയാക്കിയാലോ?”
അവൻ ചാടിയിറങ്ങിക്കഴിഞ്ഞു… വൃശ്ചികമാസമായകൊണ്ട് കാലത്തെ തണുപ്പ് മാറിവരുന്നതേയുള്ളൂ.. മടിയും.
കുഞ്ഞുണ്ണി അകത്തുനിന്ന് താക്കോലെടുത്ത് കാറിനുള്ളിൽ കയറി പണി തുടങ്ങിക്കഴിഞ്ഞു. 
“അമ്മാവാ ഇതിനകം ആകെ നനഞ്ഞിരിക്കുവാ… അതെങ്ങനെ! ഇന്നലെ മഴയൊന്നും നനഞ്ഞതല്ലല്ലോ… ഗ്ലാസുകളാണെങ്കിൽ കയറ്റിയുമാണിട്ടിരുന്നത്..”
“കാലത്തെ ഓപ്പോൾ പാലിന്റെ മൊന്ത ഫ്രിഡ്ജിൽനിന്ന് പുറത്തെടുത്ത് വച്ചപ്പോ അതിന്റെ
പുറത്താകെ വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചു കൂടിയത് നീ കണ്ടതല്ലേ? പൈപ്പിൽനിന്ന് വെള്ളമൊന്നും ഒഴിച്ചിട്ടല്ലല്ലോ അത്… അതുപോലെ തന്നെ തണുത്ത പ്രതലം കിട്ടിയപ്പോൾ നീരാവി വെള്ളമായി ഘനീഭവിച്ചതാണിതും.”
കുഞ്ഞുണ്ണി താത്പര്യത്തോടെ ചെവി കൂർപ്പിച്ച് ബാക്കിയെന്താണ് അമ്മാവൻ പറയുന്നതെന്നും നോക്കി നിൽപ്പാണ്. 
അൽപ്പം വിശദമായി പറഞ്ഞാൽ, അന്തരീക്ഷവായുവിലെ പ്രധാനപ്പെട്ട ഒരു ഘടകമാണല്ലോ നീരാവി. വായുവിനെ നമ്മൾ തണുപ്പിക്കുന്നു എന്നു വക്കൂ… ഊഷ്മാവ് ഒരു പ്രത്യേക അളവിൽ താഴെ എത്തുമ്പോൾ ആ നീരാവിക്ക് വാതകമായിത്തന്നെ ആയിരിക്കാൻ കഴിയാതെ ഘനീഭവിച്ച് ദ്രാവകമായി- ജലമായി മാറാൻ തുടങ്ങും. അങ്ങനെ ഉണ്ടായ ജലം അരികിലുള്ള തണുത്ത പ്രതലങ്ങളിലൂടെ പറ്റിപ്പിടിച്ചിരിക്കുന്നതാണ് നമ്മളീ കാണുന്ന വെള്ളം മുഴുവനും. രാത്രി നല്ല തണുപ്പല്ലായിരുന്നോ… പകലൊക്കെ ഉള്ള ഉഷ്ണം കാരണം അന്തരീക്ഷത്തിൽ നല്ലപോലെ നീരാവി ഉണ്ടായിക്കാണും… അങ്ങനെ കാറിനുള്ളിലെ വായുവിൽ അടങ്ങിയ നീരാവിയാണ് തണുത്ത് മഞ്ഞുതുള്ളികൾ പോലെയായി ഈ ഇരിക്കുന്നതൊക്കെ. 
ഞങ്ങളുടെ ഈ സംഭാഷണം കേട്ടുകൊണ്ട് അമ്മിണി പുറത്തേയ്ക്ക് വന്നു… “അമ്മാവാ, ഇപ്പൊ പറഞ്ഞ, അന്തരീക്ഷത്തിലുള്ള നീരാവി വെള്ളമായി മാറുന്ന ഊഷ്മാവിനെയല്ലെ നമ്മൾ ഡ്യൂ പോയിന്റ് എന്നു വിളിക്കുക?”
കുഞ്ഞുണ്ണിക്ക് അമ്പരപ്പ്.. “ഓപ്പോൾ അതിനെടയ്ക്ക് പോയി പുസ്തകം നോക്കി കണ്ടുപിടിച്ചോ?”
“വളരെ ശരിയാണ് അമ്മിണീ… കാലാവസ്ഥ പറയുന്നതിലെ ഒരു പ്രധാന സൂചികയാണ് ഈ ഡ്യൂ പോയിന്റ്. ഊഷ്മാവ് എത്ര വരെ താഴുമ്പോളാണ് നിലവിലെ അന്തരീക്ഷത്തിൽ നീരാവി ഉറഞ്ഞ്
ജലകണങ്ങളാവുക എന്നതിനെയാണിതു സൂചിപ്പിക്കുന്നത്. അപ്പോൾ അമ്മിണി പറയൂ, അമ്മാവൻ ജോലി ചെയ്യണ ബെംഗളൂരുവിൽ അന്തരീക്ഷത്തിൽ നീരാവി കുറവും ഇവിടെ നമ്മുടെ നാട്ടിൽ നീരാവി കൂടുതലുമാണെങ്കിൽ എവിടെയായിരിക്കും ഡ്യൂ പോയിന്റ് കൂടുതൽ? “
അമ്മിണി ആലോചന തുടങ്ങിയപ്പോളേക്കും കുഞ്ഞുണ്ണി അച്ഛന്റെ ഫോണിലെ കാലാവസ്ഥ -ആപ്പ് നോക്കി എളുപ്പത്തിൽ അതു കണ്ടുപിടിക്കാൻ അകത്തേക്ക് ഓടി.
“ബെംഗളൂരുവിൽ അന്തരീക്ഷത്തിലെ നീരാവി കുറവെങ്കിൽ ഇവിടത്തെക്കാളും തണുത്തെങ്കിലല്ലേ മഞ്ഞുതുള്ളികൾ വരാൻ തുടങ്ങൂ..? ഇവിടെയാവുമ്പോൾ ധാരാളം നീരാവി ഉള്ളകൊണ്ട് ചെറുതായൊന്നു തണുക്കുമ്പോളേയ്ക്കും വെള്ളം രൂപപ്പെടാൻ തുടങ്ങും. എന്താ ശരിയല്ലേ?” അവളുടെ മുഖത്ത് ആത്മവിശ്വാസം നിറഞ്ഞ ചിരി.
കുഞ്ഞുണ്ണി അച്ഛന്റെ ഫോണിൽ ബെംഗളൂരുവിലെയും കൊച്ചിയിലെയും കാലാവസ്ഥാ സൂചികകൾ നോക്കുകയാണ്.

“ശരിയാ ഓപ്പോളേ… ബെംഗളൂരുവിൽ ഡ്യൂ പോയിന്റ് 14ഡിഗ്രീ യും ഇവിടെ 24ഡിഗ്രീയുമാണ്! അപ്പൊ ഇവിടത്തെയത്ര എളുപ്പം ബെംഗളൂരുവിൽ അമ്മാവനു ഇതുപോലത്തെ മഞ്ഞുതുള്ളികൾ കാണാൻ കിട്ടില്ലല്ലേ?”
കാറിനുള്ളിലെ വെള്ളം തുടച്ചുകൊണ്ട് അമ്മാവൻ പറഞ്ഞു “രണ്ടുപേരും പറഞ്ഞത് ശരിയാണ്. ഇവിടെ ഇത്രയെളുപ്പം നീരാവി ഘനീഭവിക്കുന്നത് ഏറ്റവും ശല്യമായി തോന്നാറുള്ളത് മഴയത്തും വെളുപ്പിനുമൊക്കെ കാറോടിക്കുമ്പോളാണ്. ശ്രദ്ധിച്ചിട്ടില്ലേ ശല്യമായിട്ട് കാറിന്റെ ചില്ലിൽ നിറയെ ആവി വന്ന് പറ്റിക്കൂടി ഒന്നും കാണാനാകാതെ വരണത്?”
അമ്മിണി പറഞ്ഞു: “ശരിയാണ്… ചിലപ്പൊ ചില്ലിനകത്ത് വരും.. ചിലപ്പൊ പുറത്തായിരിക്കും…
ആകെ ഒന്നും കാണാനാവാത്തപോലെ… അങ്ങനെ വരുമ്പോ നമ്മൾ എങ്ങനെയാ അമ്മാവാ വണ്ടി ഓടിക്കണേ? പുറത്തെ ആവി വേണമെങ്കിൽ വൈപ്പർ വച്ച് കളയാമെന്നു വക്കാം.. അകത്തേത് തുടക്കാൻ എനിക്ക് കൈ എത്തില്ല.”
തലേ ദിവസവുംകൂടി പതിനെട്ട് വയസാവണേന്റെ പിറ്റേദിവസം തന്നെ അവളെ കാർ ഓടിക്കാൻ പഠിപ്പിക്കണമെന്നു ശട്ടം കെട്ടിയതേയുള്ളു അമ്മിണി. അവളുടെ വിഷമം കണ്ടപ്പോ ചിരിച്ചുപോയി..
“അതിനല്ലേ കാറിലെ എയർ കണ്ടീഷണർ”
ഇതു കേട്ടിട്ട് കുഞ്ഞുണ്ണിക്ക് ചിരി അടക്കാൻ പറ്റിയില്ല… “എന്റെ അമ്മാവാ ഞങ്ങളെ ഇങ്ങനെ പറ്റിക്കരുത് ട്ടോ… ഏസി തണുപ്പിക്കാനുള്ളതല്ലേ… മഞ്ഞ് വന്നതുതന്നെ തണുപ്പ്കാരണം. അപ്പൊ നമ്മൾ ഏസി ഇട്ട് പിന്നേം തണുപ്പിച്ചാൽ പിന്നെ “മഞ്ഞുപോലെ മാൻ കുഞ്ഞുപോലെ..” എന്ന പാട്ടും വച്ച് വണ്ടി എവിടെയെങ്കിലും സൈഡിൽ നിർത്തിയിടേണ്ടിവരില്ലേ?”
കുഞ്ഞുണ്ണീടെ ചോദ്യം കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചുപോയി.
“കുഞ്ഞുണ്ണി പറഞ്ഞത് ഭാഗികമായി ശരിയാണ്. പക്ഷെ അപ്പറഞ്ഞതിൽ ഒന്ന് തെറ്റിധാരണയാണ്. ഏ സി തണുപ്പിക്കാൻ മാത്രല്ല, വായു ചൂടാക്കാനും ഉപയോഗിക്കാം. വിനുവമ്മാവൻ ഇനി അമേരിക്കയിൽനിന്നു വിളിക്കുമ്പോൾ ഒന്ന് ചോദിച്ചുനോക്കൂ അവിടൊക്കെ ഏ സി കൊണ്ട് കാറും വീടുമൊക്കെ തണുപ്പിക്കുവാണോ ചൂടാക്കുവാണോ ചെയ്യണത് എന്ന്!
ഇനി അമ്മിണീടെ പ്രശ്നത്തിലേക്ക് വരാം. കാറിലെ ഏ സി പ്രവർത്തിപ്പിക്കുമ്പോൾ അത് ഒരു യന്ത്രം വച്ച് വായുവിനെ തണുപ്പിക്കുകയോ ചൂടാക്കുകയോ ചെയ്തിട്ട് പല പല പഴുതുകളിലൂടെയായി കാറിനുള്ളിൽ പ്രവഹിപ്പിക്കുന്നു. അതിനുള്ള ദ്വാരങ്ങളിൽ ചിലത് നമ്മുടെ മുഖത്തിനു നേരേ ആയിരിക്കും. ചിലത് കാലിനടുത്ത്, ചിലത് ഗ്ലാസിനോട് ചേർന്നും. അമ്മിണീടെ പ്രശ്നം പരിഹരിക്കാനാണ് കാർ കമ്പനിക്കാർ ഏസിയുടെ ചില ദ്വാരങ്ങൾ മുൻവശത്തെ
ചില്ലിനോട് ചേർത്ത് വച്ചിരിക്കുന്നത്. നമ്മൾ നല്ല തണുത്ത ഒരു വെളുപ്പാംകാലത്ത് കാറെടുക്കുന്നു എന്ന് വക്കുക. തണുത്ത കാറ്റടിക്കാതിരിക്കാൻ ചില്ലൊക്കെ കയറ്റിയുമിട്ടു. സ്വതവേ കാറിനുള്ളിൽ നീരാവി ഉണ്ടായിരുന്നു. ഇപ്പൊ നമ്മൾ എല്ലാവരുടെയും നിശ്വാസത്തിലെ നീരാവിയും ഉണ്ട്. പുറത്തെ തണുത്ത കാറ്റ് ചില്ലിലടിച്ച് ചില്ല് പുറമേനിന്ന് നല്ലപോലെ തണുത്തു. വായുവിൽ നീരാവി കൂടിയാൽ ഡ്യൂ പോയിന്റ് ഉയരാൻ തുടങ്ങുമല്ലോ അതായത് അധികമൊന്നും തണുക്കാതെ തന്നെ മഞ്ഞ് ഉണ്ടാകാൻ തുടങ്ങും… അങ്ങനെ കാറിനുള്ളിലെ ഡ്യൂ പോയിന്റ് കാറ്റടിച്ചു തണുത്ത ചില്ലിന്റെ അപ്പൊഴത്തെ ഊഷ്മാവിനു സമമായാൽ ചില്ലിൽ മുഴുവൻ ആവിയടിച്ച് വെള്ളം വരാൻ തുടങ്ങും”
അമ്മിണി പരിഭവിച്ചു പറഞ്ഞു: “അപ്പോ ഞാൻ വണ്ടി ഓടിക്കലും നിർത്തും”
“ഇല്ല.. അപ്പോൾ നമ്മൾ സൂത്രത്തിൽ കാറിലെ ഏസി ഓണാക്കും… ചൂടല്ല, തണുപ്പ് തന്നെ ആക്കും. എന്നിട്ട് ഏസിയുടെ വായു പ്രവാഹം ചില്ലിനോട് ചേർന്ന ദ്വാരങ്ങളിലേക്ക് ക്രമീകരിക്കും. കാറിനുള്ളിൽ വരൂ കാണിച്ചുതരാം”
കാർ ഓണാക്കി ഏസി ഇട്ട് കാറ്റ് ചില്ലിലേക്കായി ക്രമീകരിച്ചു. ചില്ലിൽ പറ്റിപ്പിടിച്ച ആവി മായാജാലം പോലെ, കാറ്റടിച്ച് പുക മാറിപ്പോകുന്നതുപോലെ അപ്രത്യക്ഷമാവുന്നതു കണ്ട് രണ്ടാളും കണ്ണുതള്ളി ചിരിച്ചു. അമ്മിണിക്കായിരുന്നു ഉത്സാഹം കൂടുതൽ. ഇനിയിപ്പൊ ഏതു സമയത്തുവേണമെങ്കിൽ ധൈര്യമായി വണ്ടി ഓടിക്കാമല്ലോ!അമ്മിണി
“അതെങ്ങനെയാ അമ്മാവാ തണുത്ത വായു ചെന്നപ്പോ മഞ്ഞ് ഇതുപോലെ അപ്രത്യക്ഷമായത്!”
“അതിനു ഒന്നുരണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി ഏസി വായുവിനെ തണുപ്പിക്കുന്നത് ഒരു യന്ത്രത്തിലാണെന്നു പറഞ്ഞല്ലോ. ആ യന്ത്രം വായുവിനെ തണുപ്പിക്കുന്നതിനൊപ്പം വായുവിലെ നീരാവിയെയും കളയുന്നുണ്ട്. തത്ഫലമായി കാറിനുള്ളിൽ പ്രവഹിക്കുന്ന വായു താരതമ്യേന വരണ്ടതായിരിക്കും. ക്രമേണ കാറിനുള്ളിലെ മൊത്തം വായുവിലെ നീരാവിയുടെ അളവ് താഴ്ന്നു താഴ്ന്ന് വരും. അപ്പോ ഡ്യൂ പോയിന്റിനു എന്തു സംഭവിക്കും..?”
പറയാൻ വന്ന ഉത്തരം അനിയനു വേണ്ടി കാത്തുവച്ച് അമ്മിണി ചുണ്ടുപൂട്ടീ അവനെ നോക്കി ഒരു കുസൃതിച്ചിരിചിരിച്ചു.. കുഞ്ഞുണ്ണി വേഗം പറഞ്ഞു “അപ്പൊ ഏസി ഇട്ട് തണുപ്പിക്കുമ്പോൾ വായു വരണ്ടു വരും. അങ്ങനെ നീരാവി കുറഞ്ഞ് കുറഞ്ഞു വരുന്നതിനനുസരിച്ച് എളുപ്പത്തിലൊന്നും നീരാവി മഞ്ഞാകാൻ കൂട്ടാക്കാതെ വരും, അതായത് കാറിനുള്ളിലെ ഡ്യൂ പോയിന്റും താഴ്ന്ന് താഴ്ന്ന് വരും. അപ്പൊ ആവിക്ക് മഞ്ഞായി മാറാൻ ചില്ലിന്റെ തണുപ്പ് മതിയാവാതെ വരും.. ശരിയല്ലെ ഓപ്പോളേ..?”
“വളരെ ശരി. വരണ്ട വായു ചില്ലിനടുത്തുള്ള നീരാവിയെ വലിച്ചെടുത്തപ്പോഴാണ് പുക മായുന്നതുപോലെ ചില്ലിലുണ്ടായ ആവിയും അപ്രത്യക്ഷമായത്.”
ഓപ്പോൾ കുഞ്ഞുണ്ണിക്ക് കൈകൊടുത്തു… “എടാ മിടുക്കാ.. നീ ശരിയാക്കിയല്ലോ. വേറെയും കാരണമുണ്ടെന്നു പറഞ്ഞല്ലോ… എന്താ അത് അമ്മാവാ?”
“ഇപ്പൊ പറഞ്ഞതുകൂടാതെ വേറൊരു രസകരമായ കാര്യം കൂടി നമ്മൾ ചില്ലിലേക്ക് തണുത്ത കാറ്റടിപ്പിക്കുമ്പോൾ നടക്കുന്നുണ്ട്. അകത്ത് മഞ്ഞ് ഉണ്ടായി വന്നതിനു കാരണം ചില്ല് പുറത്തെ തണുത്ത കാറ്റടിച്ച് തണുത്തുവന്നതുകൊണ്ടാണെന്നു പറഞ്ഞുവല്ലോ… നമ്മൾ കാറ്റടിച്ച് ചില്ലിനെ അകത്തുനിന്നും വീണ്ടും തണുപ്പിക്കുന്നു. അങ്ങനെ തണുത്ത് തണുത്ത് ചില്ലിനകം പുറത്തെ തണുപ്പിനൊപ്പമായിക്കഴിഞ്ഞാൽ പിന്നെ ഉള്ളിലെ നീരാവിക്ക് ചില്ലിന്റെ പ്രതലത്തിനുമേൽ വന്ന് ഘനീഭവിക്കാൻ കഴിയാതാവും. അപ്പോ നീരാവി സങ്കടം കരഞ്ഞുതീർത്ത് കണ്ണീരൊഴുക്കാൻ വേറേ വഴി നോക്കിപ്പൊയ്ക്കോളും, ചില്ലിനെ വെറുതെ വിടും. ഹഹഹ”
അമ്മിണിക്ക് വിഷമമായി: “അതിനു നീരാവിക്ക് കരയണ്ടാ ന്ന് വച്ചാലെന്താ? വേറെ ഒന്നിനുമല്ലല്ലോ, എനിക്ക് റോഡൊക്കെ കണ്ട് വണ്ടി ഓടിക്കാനായിട്ടല്ലേ… 
അപ്പൊ അമ്മാവാ, നമ്മൾ നല്ലപോലെ ഏ സി ഇട്ട് തണുപ്പിച്ച് പോകുമ്പോൾ കാറിനുള്ളിൽ പുറത്തേതിനെക്കാളും തണുപ്പ് കൂടൂതലായിരിക്കില്ലേ … അപ്പോ ചില്ലിന്റെ പുറത്ത് ഇതുപോലെ ആവി പിടിക്കില്ലേ?”
ഉടനെ കുഞ്ഞുണ്ണി ചാടിപ്പറഞ്ഞു: “അപ്പൊ ഓപ്പോളെന്തു ചെയ്യും. നമ്മൾ ഏസി എടുത്ത് കാറിനു പുറത്തുവച്ച് പുറം തണുപ്പിക്കും അല്ലേ ഓപ്പോളേ..ഹഹഹ.. ഓപ്പോളു ദേ പിന്നേം വണ്ടി സൈഡാക്കി.. ഇതെന്ത് ഓടിക്കലാ ഓപ്പോളേ.. അയ്യേ..”
രംഗം വഷളാവണേനു മുമ്പേ രണ്ടിനേം പറഞ്ഞ് സമാധാനിപ്പിക്കാൻ ശരിക്കും പാടുപെട്ടു. 
“ആലോചിച്ചു നോക്കൂ അമ്മിണീ.. നീ പറഞ്ഞത് വളരെ ശരിയാണ്. അങ്ങനുള്ളപ്പൊ പുറത്ത് ആവി വരും- നിറയെ ആവിവരാൻ പാകത്തിനു പുറത്തെ അന്തരീക്ഷത്തിൽ നീരാവി ഉണ്ടെങ്കിൽ മാത്രം. നല്ലൊരു മഴപെയ്ത് റോഡിൽനിന്ന് പുകപോലെ ആവി വരുന്ന സമയൊക്കെയാണെങ്കിൽ ഇതു കാണാം. ആലോചിച്ചു പറയൂ.. ഇപ്പൊ ചില്ലിനകതാണ് തണുപ്പ്. അതുകൊണ്ട് പുറത് മഞ്ഞ് വന്ന് കൂടാൻ തുടങ്ങും. വളരെ എളുപ്പത്തിൽ ചെയാവുന്ന ഒരു കാര്യം വൈപ്പർ ഓണാക്കലാണ്. പക്ഷെ ചില്ല് പോറിയാലോ? നേരത്തെ കുഞ്ഞുണ്ണി പറഞ്ഞത് കളിയാക്കാനാണെങ്കിലും സംഭവം ശരിയൊക്കെത്തന്നെ. പക്ഷെ ഏസി പുറത്തുവച്ച് പുറം തണുപ്പിക്കുന്നതിലും എളുപ്പത്തിൽ നമുക്ക് ഈ പ്രശ്നം പരിഹരിച്ചുകൂടെ പറയൂ?”
അമ്മിണി തല പുകഞ്ഞുകൊണ്ട് പറഞ്ഞു: “ഇപ്പൊ ആവി മൊത്തം പുറത്താണ്. കാറിനുള്ളിൽ നമ്മൾ ഏസി ഇട്ട് തണുപ്പിച്ചേക്കുവാണ്. ചില്ലിന്റെ അകത്ത് തണുപ്പ് പുറത്ത് ചൂട്.ചില്ലിനകത്തെ തണുപ്പ് പുറത്തെ വായുവിന്റെ ഡ്യൂ പോയിന്റിലും താഴെ. അതുകൊണ്ട് ചില്ലിനു പുറത്ത് നിറയെ ആവി. എങ്ങനെയെങ്കിലും ഡ്യൂ പോയിന്റ് താഴ്ത്തിയാൽ നീരാവിക്ക് ഘനീഭവിക്കാൻ ഉള്ളിലെ തണുപ്പ് പോരാതെ വരും. പക്ഷെ അതിനു നേരത്തത്തെ പോലെ നീരാവിയുടെ അളവു കുറക്കാൻ പുറത്ത് ഏസിയുമില്ല!”
കുഞ്ഞുണ്ണി ചാടിപ്പറഞ്ഞു: “കണ്ടോ ഞാൻ പറഞ്ഞതല്ലേ ഓപ്പോളേ.. ഇപ്പൊ എങ്ങനെയുണ്ട്?”
അമ്മിണി: “കിട്ടിപ്പോയി.. അമ്മാവൻ പറഞ്ഞ രണ്ടാമത്തെ സൂത്രം. നമ്മൾ ഏസി വച്ച് കാറ്റ് ചില്ലിലേക്ക് അടിപ്പിക്കും. തണുത്തതല്ല, ചൂടുള്ള കാറ്റ്… ഏസി കൊണ്ട് ചൂടാക്കാനും പറ്റുമല്ലോ… അപ്പൊ ചില്ലിന്റെ അകം ചൂടായി വരാൻ തുടങ്ങും. പുറത്തെ ഊഷ്മാവിനൊപ്പം തന്നെ ചില്ലും ചൂടായാൽ പ്രശ്നം തീർന്നില്ലേ?”
അമ്മാവൻ അമ്മിണിയുടെ തോളിൽതട്ടി അഭിനന്ദിച്ചു, ശരിയാണെന്ന അർത്ഥത്തിൽ ചിരിച്ചു. ഇപ്പൊ എങ്ങനെയുണ്ട് എന്നു ഭാവത്തിൽ അമ്മിണി കുഞ്ഞുണ്ണിയെ നോക്കി… 
അവൻ ചിരിച്ചോണ്ട് പറഞ്ഞു: “അതിനു ഓപ്പോൾ വണ്ടി ഓടിച്ചാലല്ലേ എനിക്ക് സ്നിക്കേഴ്സ് ഒക്കെ വാങ്ങിക്കൊണ്ടരാൻ പറ്റൂ.. ഓപ്പോൾ എന്തെങ്കിലും ഒരു വഴി കണ്ടുപിടിക്കാൻ ഞാൻ നോക്കി നിൽക്കുവല്ലാരുന്നോ ഓപ്പോളേ.. “
രണ്ടാളും ചിരിച്ചുകൊണ്ട് പഠിച്ചതുമുഴുവൻ അമ്മയെ പറഞ്ഞുകേൾപ്പിക്കാൻ അകത്തേയ്ക്ക് പോയി…


ഈ ലേഘനം ശാസ്ത്രകേരളത്തിന്റെ 2016 മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.