May 20, 2016

ഷ്രോഡിഞ്ജറുടെ പൂച്ച

'ഷ്രോഡിഞ്ജറുടെ പൂച്ച'യെ കേട്ടിട്ടില്ലേ? 
ശാസ്ത്രത്തിലെ പ്രസിദ്ധമായൊരു സങ്കല്പ - പരീക്ഷണമാണത്.


അടച്ചുമൂടിയ ഒരു പെട്ടിയിൽ ഒരു പൂച്ച. 
ഒപ്പം ഒരു കുപ്പിയിൽ മാരകമായ വിഷവാതകവും. 
കുപ്പി എങ്ങനെയെങ്കിലും തുറക്കപ്പെട്ടാൽ ഉറപ്പായും പൂച്ച ചാകും. കുപ്പിക്കു മീതെ ഒരു ചുറ്റിക ഓങ്ങിയിരിപ്പുണ്ട്. പെട്ടിയിൽ തന്നെ റേഡിയോ വികിരണം പുറപ്പെടുവിച്ചേക്കാവുന്ന ഒരു കഷണം ലോഹവുമുണ്ട്. ഈ ലോഹം വികിരണം  പുറപ്പെടുവിച്ചാൽ അത് ചുറ്റികയെ വീഴ്താനുള്ള സ്വിച്ച് പ്രവർത്തിപ്പിക്കും. വിഷവാതകത്തിന്റെ കുപ്പിയിലേക്ക് ചുറ്റിക വീഴും. കുപ്പി പൊട്ടും. ഗ്യാസ് പുറത്ത് വരും. പൂച്ച ചത്തും പോകും.റേഡിയോ വികിരണം എപ്പൊ സംഭവിക്കുമെന്നത് കൃത്യമായി നിർവ്വചിക്കാനാവില്ല... 
വളരെ ആകസ്മികമായും അപ്രതീക്ഷിതമായുമാണ് അതു നടക്കുക.  
വികിരണം നടന്നിട്ടുണ്ടോ ഇല്ലയോ എന്നത് : പെട്ടി തുറന്ന് - ചുറ്റിക വീഴാനുള്ള സ്വിച്ച് പ്രവർത്തിച്ച് - കുപ്പി പൊട്ടിയിട്ടുണ്ടോ.. എന്നു നോക്കാതെ പറയാൻ കഴിയില്ല.
ഇനി വികിരണം നടന്നാൽ തന്നെയും സ്വിച്ചിൽ വേണ്ടതുപോലെ അതു വീണോ... ചുറ്റികയിൽ ഘടിപ്പിച്ച യന്ത്രം പ്രവർത്തിച്ചോ? ഒന്നും ആർക്കും പെട്ടി തുറന്ന് പരിശോധിച്ചു നോക്കാതെ കൃത്യമായി പറയാനാവില്ല.

പെട്ടി ഒരിക്കൽ അടച്ചുകഴിഞ്ഞാൽ പിന്നെ തുറന്നു നോക്കാതെ രണ്ടാലൊന്ന് നിശ്ചയിക്കാൻ - പൂച്ച ജീവനോടുണ്ടോ ഇല്ലയോ എന്ന് പറയാൻ കഴിയില്ല എന്നു സാരം. 

ഒന്നു കടത്തി പറഞ്ഞാൽ - പെട്ടി തുറക്കുന്നതുവരെ, ഒരേ സമയം ഷ്രോഡിഞ്ജറുടെ പൂച്ച ജീവനോടെയും മരിച്ചുമിരിക്കുന്നു!

ശരിക്കുമങ്ങ് കടത്തി പറഞ്ഞാൽ - പെട്ടി തുറക്കുന്ന പ്രവൃത്തിയുണ്ടല്ലോ.. അതാണ് ഒരേ സമയം ജീവിച്ചിരിക്കയും ചത്തുപോയിരിക്കയും ചെയ്തുകൊണ്ടിരുന്ന ഈ വിചിത്ര പൂച്ചയ്ക്ക് ചത്തുവെന്നോ ജീവനോടെയിരിക്കുന്നുവെന്നോ ഉള്ള നിശ്ചിതത്വം കൊടുക്കുന്നത്  !

ചുരുക്കിപ്പറഞ്ഞാൽ ഷ്രോഡിഞ്ജറുടെ പൂച്ച എത്ര കാലം വേണമെങ്കിലും ചത്തു പോയി എന്ന് നിശ്ചയിക്കാനാകാത്തതുപോലെ ഇരിക്കും -  പെട്ടി തുറക്കാതിരുന്നാൽ മതി.

ശാസ്ത്രതത്വങ്ങൾ നിത്യജീവിതത്തിൽ പ്രയോഗിക്കുന്നതിന്റെ സാധ്യതകൾ വലുതും രസകരവുമാണ്.
ഒരാളെ ഒഴിവാക്കണമെന്നു കരുതൂ.. എന്നാൽ അത് രക്തം പൊടിയാതെ - മാന്യമായി - നിഷ്കളങ്കമായി അയാൾ പോലുമറിയാനിടവരാതെ പരാതി കേൾപ്പിക്കാതെ വേണം താനും. 
വളരെയെളുപ്പം. 
അയാളെ ഒരു ഷ്രോഡിഞ്ജറുടെ പൂച്ചയാക്കുക എന്നിട്ടാ പെട്ടിയിലിട്ടു മൂടുക. 
നമ്മൾ ഇതിനോടകം സ്വരുക്കൂട്ടി വച്ച വിദ്വേഷവും അനിഷ്ടവും വിരോധവും അവജ്ഞയും എന്നുവേണ്ട ഉള്ളിൽ നിന്ന് കളഞ്ഞ് ആത്മശുധീകരണം നടത്തണമെന്നു നിശ്ചയിച്ച് മാറ്റി വച്ചിരിക്കുന്ന ഇജ്ജാതി സകല വികാരങ്ങളും അടങ്ങുന്ന വിഷവാതകം മനോഹരമായൊരു ചില്ലുകുപ്പിയിലാക്കി അടക്കുന്നതിനു മുമ്പ് പെട്ടിയിൽ വക്കാൻ മറക്കരുതേ! 
കോമാളിയായ ഷ്രോഡിഞ്ജറുടെ പൂച്ചക്കു പോലും ആ കുപ്പി കാണുമ്പോൾ "ഹായ്.. ഈ ബോറൻ പെട്ടിക്കുള്ളിൽ ഭംഗിയുള്ളൊരു കുപ്പിയെങ്കിലുമുണ്ടല്ലോ.. എത്ര ഭംഗി!" എന്നേ തോന്നാവൂ. 
അണുവികിരണമയക്കുന്ന ലോഹത്തിന്റെ സ്ഥാനം വെറുക്കപ്പെട്ട ഷ്രോഡിഞ്ജറുടെ പൂച്ചയിലെ നമ്മളിലുള്ള ശുഭപ്രതീക്ഷയ്ക്കാണ്. 
ശ്‌ശ്‌ശ്...! പൂച്ച ഇതൊന്നുമറിയല്ലേ... ജന്മനാ സൂത്രശാലി എന്നു പേരുകേട്ട ജീവിയല്ലേ... ഇതിന്റെ മണമടിച്ചാൽ മതി... പരീക്ഷണം പാളും. പിന്നെ വേറേ പരീക്ഷണം തപ്പി നടക്കേണ്ടിവരും.

പരീക്ഷണം തുടങ്ങി പെട്ടിയടച്ചു കഴിഞ്ഞാൽ പിന്നെ ആ പെട്ടിയെപ്പറ്റി തന്നെ അങ്ങു മറന്നു കളഞ്ഞേക്കണം... 
'അണുവികിരണം വന്നോ ചുറ്റിക വീണോ കുപ്പി പൊട്ടിയോ ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമേ അല്ല... അതു വെറുമൊരു ശാസ്ത്ര പരീക്ഷണമാണെ'ന്നങ്ങു ഭാവിച്ചേക്കണം. 

മനസിലെ വിഷമയമായ ഭാരമൊക്കെ ഇറക്കിയ ആശ്വാസത്തോടൊപ്പം ശാസ്ത്രീയമല്ലെങ്കിലും ഏറ്റവും സംഭാവ്യമായ ആ സാധ്യതയെ ഓർത്ത് ആരുമറിയാതെ വേണമെങ്കിൽ ഊറിച്ചിരിക്കുകയുമാകാം. 
മനസിലായില്ലേ? നിങ്ങളാ പെട്ടി തുറന്നില്ലെങ്കിൽപോലും മണൽ ഘടികാരത്തിലെ മണൽത്തരികൾ പോലെ ഊർന്നു വീണ് തീരുന്ന ഷ്രോഡിഞ്ജറുടെ പൂച്ചയുടെ പ്രത്യാശ, അധികമൊന്നും വൈകാതെ തന്നെ അണുവികിരണം കൊണ്ട് പെട്ടിക്കകത്ത് ഒരു കമ്പക്കെട്ടു തന്നെ നടത്തിക്കഴിഞ്ഞിരിക്കും. 
മണ്ടനായ ഷ്രോഡിഞ്ജറുടെ പൂച്ചയാകട്ടെ ഇങ്ങനൊരു പരീക്ഷണത്തെപ്പറ്റി പോലും ബോധവാനല്ലാതെ പരീക്ഷിക്കപ്പെട്ടുകഴിഞ്ഞും കാണും. 
"ഏതപ്പാ ക്വാണ്ടം മെക്കാനിക്സ്" എന്നു പറഞ്ഞപോലെ!

ഇങ്ങനെയൊക്കെയാണെങ്കിലും നിങ്ങളുടെയുള്ളിൽ 'ഈശ്വരാ ഭഗവാനേ പരീക്ഷണം കൊണ്ട് പൂച്ചക്ക് ആപത്തൊന്നും വരല്ലേ' എന്നുണ്ടുതാനും... എന്താ ശരിയല്ലേ? 
ഹഹഹ.. സാരമില്ല... അവിടെയാണ് ശാസ്ത്രം ശരിക്കും നിങ്ങളുടെ രക്ഷകനാകുന്നത്.
പെട്ടി തുറന്നാലേ ഷ്രോഡിഞ്ജറുടെ പൂച്ച ചാവുകയുള്ളൂ.. 
പെട്ടി തുറന്നു നോക്കാൻ മെനക്കെടാത്തിടത്തോളം കാലം ഷ്രോഡിഞ്ജറുടെ പൂച്ച, പൂർണരാരോഗ്യവാനായി, സ്വസ്ഥനായി, പതിവുള്ളതുപോലെ - പെട്ടിക്കുള്ളിൽ ഉലാത്തുകയും, തന്റെ ആനന്ദത്തിന്റെയും ഉല്ലാസത്തിന്റെയും ലക്ഷണമായി "മ്യാവു.. മ്യാവു.." എന്നു വക്കുകയും, വാലുകൊണ്ട് മനോഹരമായ രൂപങ്ങൾ നിർമ്മിക്കുന്ന പ്രവൃത്തിയിലേർപ്പെടുകയും, മിനുത്ത മീശരോമങ്ങൾ വീണ്ടും മിനുക്കുകയും, അടുപ്പത്തുവച്ച വെള്ളപ്പാത്രം പോലെ കുറുകുന്ന ശബ്ദമുണ്ടാക്കയും ചെയ്യുന്നുണ്ട് എന്നു വിശ്വസിക്കാൻ തീർച്ചയായും ശാസ്ത്രം നിങ്ങളെ അനുവദിക്കുന്നുണ്ട്. 

1 comment:

  1. നമ്മടെ പൂച്ച അലൈവ് ആൻഡ് കിക്കിംഗ് ആണ്

    ReplyDelete