Nov 19, 2012

യൂ റോക്ക്ഡ് മീ

ടാലന്റ് ടൈം - കുസാറ്റിലെ മാനേജ്മെന്റ് വിദ്യാർത്ഥികളുടെ മേളം.
ക്യാമ്പസ്സിലെ ഏറ്റവും പേരുകേട്ട പരിപാടികളിലൊന്ന്.
'കുസാറ്റിനുള്ളിൽ' താമസിച്ച് ബി ടെക് പഠിച്ച നാലുവർഷവും ഇതു കാണാൻ എനിക്ക് സൗകര്യപ്പെട്ടില്ല...ഗൃഹാതുരത്വം!
പിറ്റേന്ന് അവധിയെന്നതൊന്നുണ്ടെങ്കിൽ അപ്പൊ നാട്ടിലേക്ക് പോകും.
കളമശ്ശേരിയിൽ കോളേജുള്ള ഞാൻ പെരുമ്പാവൂരിനടുത്തുള്ള മേതലയെ 'നാട്' എന്നു വിളിക്കുന്നതിനെ റൂം മേറ്റ് നവീൻ ചേട്ടൻ പുച്ഛിക്കാറുണ്ട്!
അരുണാചൽ പ്രദേശിലെ കൃത്യമായി പേരുപോലുമില്ലാത്ത ഏതോ വിദൂരമലമ്പ്രദേശത്ത്, ജോലിസംബന്ധിയായി ഏതോ ഡാം പണിയാൻ മൂന്നാലുകൊല്ലം പെട്ടുപോയിട്ട്, എങ്ങനെയെങ്കിലുമൊന്ന് രക്ഷപെട്ട് 'നാട്ടിൽ‘ വരാൻ വേണ്ടിമാത്രം കുസാറ്റിൽ എം ടെക്കിനു ചേർന്ന ഒരു കണ്ണൂർക്കാരനാണ് പുള്ളി എന്നതിലാണ് ആ പുച്ഛിക്കലിന്റെ സ്വാരസ്യം കിടക്കുന്നത്!
ഇതൊന്നും പക്ഷെ എന്നെ തളർത്താറില്ല... കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്!

ബെംഗളൂര് വന്നടിഞ്ഞുകഴിഞ്ഞതിൽപ്പിന്നെ വെറുതെയിരിക്കുമ്പോളും അല്ലാത്തപ്പോളും മനസ്സ് കുസാറ്റിൽ മേഞ്ഞുനടക്കൽ പതിവാണ്.
ചിറകിനാകാശമുണ്ടാകുമെന്ന തോന്നലെങ്കിലുമുണ്ടായിരുന്ന ദിനങ്ങള്‍...
ഉള്ളിലെ കോംപ്ലെക്സുകളെയെല്ലാം ക്യാമ്പസ്സിലെ തലങ്ങും വിലങ്ങുമുള്ള കൈരേഖകൾ പോലത്തെ വഴികൾക്ക് ഞൊറിവച്ച തണലുകള്‍ക്കിടയിലൊളിപ്പിച്ച നാലു വർഷങ്ങൾ...
ഇപ്പോൾ നാട്ടിൽ ചെന്നാൽ (ബെംഗളൂരുനിന്നാകുമ്പോൾ ധൈര്യമായി നാടെന്നു പറയാമല്ലോ) എറണാകുളത്തിനു പോകുമ്പോളെല്ലാം പ്രീമിയർ ജംക്ഷനിൽനിന്ന് ഇടപ്പള്ളിക്ക് പോകാൻ കുസാറ്റിനകത്തുകൂടി കയറൽ പതിവാണ്.
കൂനംതൈയിലെ പേരമ്മ/കുഞ്ഞമ്മ മാരെ കാണാൻ പോകുംവഴി എന്റെ മനമറിഞ്ഞിട്ടെന്നവണ്ണം ഓടിച്ചിരുന്ന ആക്ടിവ കുസാറ്റിലെ വഴികളിലേക്ക് തിരിഞ്ഞു.
യൂണിവേഴ്സിറ്റി സെന്ററില്‍ പുതിയ ഓഡിറ്റോറിയത്തിന്റെ പണിതീര്‍ന്നിരിക്കുന്നു.
ബി ടെക് കലോത്സവത്തിലെ ഞങ്ങളുടെ നാടകത്തിനുശേഷമുയര്‍ന്ന കൈയ്യടിയുടെ മുഴക്കം ആ പരിസരത്തുനിന്നും ഇപ്പൊഴും മുഴുവനായി മാഞ്ഞുപോയിട്ടില്ല.
ആത്മവിശ്വാസക്കുറവും അപകര്‍ഷതയും ചേര്‍ന്ന്, പിന്നിട്ട വഴികളിലെവിടെയോവച്ച് ബലമായി മുഖത്തുനിന്നും അഴിപ്പിച്ച എന്നിലെ നടന്റെ മുഖം‌മൂടി ഞാന്‍ വീണ്ടുമണിഞ്ഞ നിമിഷത്തിന് അഭിമാനത്തോടെ സാക്ഷ്യം വഹിച്ച, ഓഡിറ്റോറിയത്തിനും കോഫീ ഹൌസിനുമിടയിലെ ദ്വീപിലെ വലിയ ഗുല്‍മോഹര്‍ - വാക മരങ്ങള്‍  എന്നെ നോക്കി തലയാട്ടി: “കാണാനില്ലല്ലോ” എന്ന് പരിഭവം പറഞ്ഞു.
അന്വേഷിച്ചപ്പോൾ ടാലന്റ് ടൈമിന്റെ ഉദ്ഘാടനമുണ്ട് രാത്രിയിലെന്നറിഞ്ഞു. വീട്ടിലേയ്ക്ക് തിരിച്ചുപോരുമ്പോൾ പരിപാടി കാണാൻ കയറാനുറച്ച് യാത്ര തുടര്‍ന്നു.


നവീൻ അന്ത്രപ്പേർ എന്ന ഒരു റോക്ക് ഗായകന്റെ ലൈവ് റോക്ക് 'കച്ചേരി' അതാണ് ഉദ്ഘാടന ദിന പ്രത്യേകപരിപാടി.
നേരത്തെ തന്നെ എത്തി വഴിപോക്കർക്കുള്ള ഓപ്പൺ ഗ്യാലറിയിൽ ഇടം പിടിച്ചു(നിന്നു). മാനേജ്‌മെന്റ് വിദ്യാർത്ഥികളെ മാത്രമേ സെക്യൂരിറ്റിക്കാർ ഓഡിറ്റോറിയത്തിന്റെ അകത്തേക്ക് കടത്തിവിടുന്നുള്ളൂ. സാരമില്ല, വേറെ വഴിപോക്കരെപ്പോലെയല്ല, നാലുവർഷം ഇവിടെ പഠിച്ച ഒരു പൂർവ്വവിദ്യാർത്ഥിയുടെ അവകാശത്തോടെയാണ് ഞാനിവിടെ നിൽക്കുന്നത്! ആ 'കസേര' മതി വിശാലമായി 'ഇരുന്ന്' പരിപാടി ആസ്വദിക്കാന്‍...
'കച്ചേരി' തുടങ്ങാന്‍ പോകുന്നു... എനിക്കീ സംഭവം എങ്ങനെ ആസ്വദിക്കണമെന്നുപോലും വലിയ പിടിയില്ല.
ഒരു കുസാറ്റുകാരനായിരുന്നപ്പോളത്തെ സുഖമുള്ള നൊമ്പരങ്ങള്‍ - ഓര്‍മ്മകള്‍ ഇതുപോലുള്ള അടുത്ത വരവുവരെ നഷ്ടപ്പെടാതെകാക്കാന്‍, ഒന്നെടുത്ത് പൊടിതട്ടിവൈക്കുക എന്ന ഒറ്റ ഉദ്ദേശ്യം മാത്രമേ ആൾക്കൂട്ടത്തിൽ തനിച്ചായിട്ടുള്ള എന്റെ അവിടത്തെ ആ നിൽപ്പിനുള്ളൂ...

ഉള്ളിലെ ആദ്യന്തമില്ലാത്ത ഒരുപാടൊരുപാട് പതിവ് ചിന്തകൾ അൽപ്പനേരത്തേക്ക് എന്നെവിട്ടു മാറിനിന്നു...
കോളേജിന്റെ പടിയിറങ്ങിയതിൽപ്പിന്നെയുള്ള നാലഞ്ചുവർഷത്തെ മാറാപ്പ് ഞാന്‍ മനസ്സിൽനിന്നും മെല്ലെമെല്ലെ ഇറക്കി.
പ്രണയനഷ്ടമെന്ന വാക്കിന് പ്രണയംതന്നെ അന്യംനിന്നുപോകുന്ന അവസ്ഥയെന്നും അര്‍ത്ഥമുണ്ടെന്ന് കരയിക്കാതെ എന്നെ പഠിപ്പിച്ച - അന്തര്‍മുഖത്വം ആവേശിച്ച മരത്തണലുകളില്‍, പണ്ട് ഇതുപോലത്തെ തിരിച്ചുവരവിന്റെ ദിവസങ്ങളില്‍ സ്വയം പരിഹസിക്കാനായിത്തന്നെ കരുതിക്കൂട്ടി കാത്തുവച്ച വിലപ്പെട്ട ചെറുനൊമ്പരങ്ങളുടെ ചപ്പും ചവറും, എന്റെ കാല്‍പ്പെരുമാറ്റം കേട്ട് പരിചയഭാവത്തില്‍ തലപൊന്തിച്ചുനോക്കി.
വിദഗ്ദ്ധനായൊരു ഇന്ദ്രജാലക്കാരന്റെ നീണ്ട തൊപ്പിയില്‍നിന്നും മന്ത്രവടികൊണ്ടു മുട്ടിവിളിക്കപ്പെടുന്നതുവരെ പുറത്തുവരേണ്ടാത്ത മാന്ത്രികമുയലായി ഞാന്‍ വീണ്ടും മാറി.
ആരാലും കാണപ്പെടാതിരുന്നിട്ടുപോലും എല്ലാ കാഴ്ച്ചക്കാരുടെയുമുള്ളിലും അമ്പരപ്പിന്റെ മായികനിറത്തില്‍ എന്റെ അസ്തിത്വം വിവിധരൂപങ്ങളില്‍ പടര്‍ന്നുപന്തലിക്കുന്നു.
സമയത്തിന്റെ - അനുകൂലസാഹചര്യങ്ങളുടെ - കുട്ടിത്തത്തിന്റെ - ചങ്ങാത്തങ്ങളുടെ - നിറമുള്ള ശുഭപ്രതീക്ഷകളുടെ - പിന്‍‌ബലം, ഇന്ദ്രജാലക്കാരന്റെ മന്ത്രവടിയുടെ ശബ്ദം അനന്തതയെ  ഭഞ്ജിച്ച് നീണ്ട തൊപ്പിയുടെ മതിലുകള്‍ അതിരിട്ട എന്റെ മാന്ത്രികലോകത്തിലേയ്ക്ക് അതിക്രമിച്ചുകയറില്ലെന്നു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം  എനിക്ക് തന്നിരുന്നു...
ഭാവിയെ മറന്ന - വർത്തമാനത്തിലലിഞ്ഞ - മറക്കാൻ പെടാപ്പാടുപെടേണ്ട ഭൂതകാലത്തിന്റെ ദുർഭൂതബാധയില്ലാതിരുന്ന ആ നാലു വർഷത്തെ അജ്ഞാതവാസത്തിന്റെ സുഖകരമായ ഓർമ്മകൾ പക്ഷെ, തെല്ലുകഴിഞ്ഞ് കുസാറ്റിലെ മരത്തണലുകളോട് വിടപറയേണ്ടിവരുമ്പോൾ എന്നെ പൊതിയുന്ന യാഥാർത്ഥ്യങ്ങളായി തിരിഞ്ഞുകൊത്തുമെന്ന ബോധം അപ്പോഴത്തെ എന്റെ സ്വസ്ഥതയെന്ന യാഥാര്‍ത്ഥ്യത്തെ ഭക്ഷിക്കാൻ ഞാനനുവദിച്ചതേയില്ല.

തൊട്ടടുത്ത് മൂന്നുനാല് പിള്ളാർ.
അടുത്തിടെ ചേർന്നവരായിരിക്കണം, ഉന്നതവിദ്യാഭ്യാസത്തിന്റെ അഹങ്കാരമോ മൗഢ്യമോ ബാധിച്ചുതുടങ്ങിയിട്ടില്ലെന്ന് നിഷ്കളങ്കമായ അവരുടെ കമന്റുകളിൽനിന്ന് വ്യക്തം...
"അളിയാ, ഏതടാ ഈ ആന്ത്രപ്പൻ"
"അറിയില്ലെടാ... ആ നിക്കണ ഊശാന്താടിയായിരിക്കും"
"വൻ സെറ്റപ്പാണല്ലോ അളിയാ"
"നീ നോക്കിക്കോ ഇന്നിവിടെ പലതും നടക്കും"
കാത്തിരിപ്പിനു വിരാമം... അന്ത്രപ്പേർ പരിപാടി തുടങ്ങി...
"hey gals and guys here... woooo!!!... what an amazing crowd... you know what... i miss Kochi so much... thankyou all for bringing me back my Kochi"
"ഇങ്ങോരെ പിന്നെ ആരെങ്കിലും പിടിച്ചുവലിച്ചുകൊണ്ടുപോയതാണോ ബോംബെയ്ക്കും ദുബായിക്കും ഒക്കെ? ഒഞ്ഞു പോടപ്പാ... ആന്ത്രപ്പോ കൂ കൂ..."
സ്റ്റേജ് നിറയെ പുകമയം... പ്രകാശമയം... 
നിയോണിന്റെയും ലേസറിന്റെയും നിറങ്ങളില്‍ കുളിച്ച് നൃത്തം വൈക്കുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ പയ്യൻമാർ ബ്ലിങ്കസ്യാ ന്ന് നിൽപ്പാണ്...
അന്ത്രപ്പേർ ഓഡിയൻസിനെക്കൊണ്ട് കൈ കൊട്ടിക്കുന്നു, കൂക്കി വിളിപ്പിക്കുന്നു, ഡാൻസ് കളിപ്പിക്കുന്നു....
"i want to see Kochi rock, come on... 
i want to hear Kochi scream, come on...,
i want to see Kochi dance, come on...
"
പയ്യന്മാർക്ക് ഈ കെട്ടിമാറാപ്പൊന്നും അത്ര പിടിക്കുന്നില്ല... കൈലിയൊക്കെയുടുത്ത് ചപ്പലിട്ട് 'മലമൂടൻമാരായി' അവർ വെറുതേ നോക്കി നിന്നു, ‘ഇതെവിടംവരെ പോകുമെന്നൊന്നറിഞ്ഞിട്ടുതന്നെ‘ എന്ന ഭാവത്തിൽ...
അന്ത്രപ്പേർ പാടുന്നതിനു മുന്നോടിയായി ടീം അംഗങ്ങളെ പരിചയപ്പെടുത്താൻ തുടങ്ങി...
ഈ സമയം മുഴുവൻ ഡ്രമ്മടിക്കാൻ ദുബായീന്ന് വന്നവൻ അത് തല്ലിപ്പൊളിക്കാൻ അവനെക്കൊണ്ടാവുംവിധം ശ്രമിക്കുന്നുണ്ട്...
ഗിത്താറാണെങ്കില്‍ മോങ്ങി മോങ്ങി ഏതാണ്ട് ഇഷ്ടിക വച്ച് വീക്കുകിട്ടിയ ചാവാലിപ്പട്ടിയെപ്പോലെ പോലെ കാറികാറിപ്പൊളിക്കുന്നു...
ഗിത്താർ, കീ ബോഡ്, ജാസ്, ബേസ് ഗിത്താർ, ലൈറ്റിങ്ങ് ഡയറക്റ്റര്‍, സൗണ്ഡ് എഞ്ജിനീയർ... എല്ലാവരെയും പരിചയപ്പെടുത്തുന്നുണ്ട്...
ഉദാഹരണത്തിന് കീബോഡ് വായിക്കുന്നത് ക്രിസ് ആണെങ്കിൽ അന്ത്രപ്പേർ "ഹ..ല്ലോ... ഹല്ലോ... ക്രിസ്" എന്നു പാടും. ഓഡിയൻസിന്റെ നേരേ മൈക്ക് നീട്ടുമ്പോള്‍ അവരും ആതുതന്നെ ഏറ്റുപാടും...
ചുറ്റുമ്പുറവും റോക്ക് ചെയ്യുന്നവരുടെ ബഹളത്തിനിടയിൽ പയ്യന്മാരുടെ അനക്കമൊന്നും പതിയെപ്പതിയെ കേൾക്കാനേയില്ലാതായി...
ക്രിസ്, സാം, ജോ, നിക്ക്, ജാക്ക് അങ്ങനെ മെട്രോസെക്ഷ്വൽ പേരുകളുടെ പെരളി... ആന്ത്രപ്പൻ പിന്നെ ഇവരുടെയൊക്കെ 'അപ്പനാണല്ലോ'!
അവസാനം... അവസാനം വണ്ടി മൂലയിൽ എളിമയോടെ ഒതുങ്ങി നിന്ന് ബേസ് ഗിത്താർ വായിക്കണ പുള്ളിക്കാരന്റെയടുത്തെത്തി.
"ok guys... now last but not the least, lets all say a rockin' helllo to our.........
to our dear...
to the very special...
to the one and only...
to none other than...
  ......ബൈജു!!!!!!!!!!!" (അടി സിമ്പൽ....)

'ബൈജു'
അതെ വെറും സാധാരണ ബൈജു...
മറ്റാരുമല്ല...
മണ്ണിന്റെ, പച്ചവെളിച്ചെണ്ണയുടെ, രാധാസ് സോപ്പിന്റെ മണമുള്ള,
പാരഗൺ ചെരിപ്പിട്ടുനടക്കുന്ന,
കെ പി നമ്പൂതിരിയുടെ പൽപ്പൊടികൊണ്ട് പല്ലുതേക്കുന്ന,
പൊറോട്ട സാമ്പാറുകൂട്ടി തിന്നുന്ന,
ആനവണ്ടിയുടെ പിന്നിലെ കോണിയിൽ ഓടിവന്ന് തൂങ്ങിക്കയറിക്കിടന്ന് പാരലൽ കോളേജിൽ പോകുന്ന,
കാവിമുണ്ടുടുത്ത് എന്നും വൈകുന്നേരം വെറുതേ കലുങ്കിലിരുന്ന് ബീഡിവലിക്കുന്ന,
നാനയും, ചിത്രഭൂമിയും, സിനിമാ മംഗളവും, കന്യകയും, വനിതയിലെ 'സ്ത്രീകൾക്കു മാത്രവും' വിടാതെ വായിക്കുന്ന,
ഹെര്‍ക്കുലീസ് സൈക്കിളില്‍ ഓടിവന്ന് ഒക്കിയൊക്കി കയറി എണീറ്റുനിന്ന് ചവിട്ടിച്ചവിട്ടിപ്പോകുന്ന,
എന്നും രാവിലെ റേഡിയോയില്‍ പ്രാദേശികവാര്‍ത്ത കേള്‍ക്കുന്ന,
നമ്മുടെയൊക്കെ സ്വന്തം,
നമ്മിലൊരുവനായ... ബൈജു!
അന്യതാബോധം തലക്കടിച്ച് സ്കൂട്ടാവാൻ ഗ്യാപ്പുനോക്കിനിന്ന നിന്ന നമ്മുടെ പയ്യന്മാരുടെ പിന്നത്തെ സന്തോഷം ഒന്നു പറഞ്ഞറിയിക്കാനാണ് പാട്!
"അളിയാ... ബൈജൂ... ഇതെവിടെയായിരുന്നളിയാ... “
“ഇത്രേം നേരം ഒളിച്ചിരിക്ക്യാർന്നോ മുത്തേ...“
“പൊന്നളിയാ ബൈജൂ... “
“ആന്ത്രപ്പോ ~~~~ഏ, ഓൻ നമ്മടെ സ്വന്തമാളാട്ടോ... നിന്റെ കളിയൊന്നുമവിടെ വേണ്ടാ...“
“ബൈജുവേ... ഇങ്ങോട്ടുവാടാ...“
“ബൈജുക്കുട്ടാ..."
പിന്നെയങ്ങോട്ട് ‘കച്ചേരി‘ ഉഷാറായെന്ന് പ്രത്യേകം പറയേണ്ടല്ലോ?

Nov 6, 2012

നഷ്ടക്കച്ചവടം

നട്ടുച്ചയ്ക്ക് കണ്ണൂർ ടൗണിൽനിന്നും പയ്യാമ്പലം കടൽത്തീരത്തേക്ക് ഓട്ടോ പിടിക്കുമ്പോൾ 2.30ന്റെ തീവണ്ടിക്കുമുമ്പേ ആവുന്നിടത്തോളം കണ്ണൂർ കാണണമെന്ന വാശിയായിരുന്നു. ആദ്യം കാണും മുമ്പേ പോലും കണ്ണൂരിനെ ഏറെ ഇഷ്ടമായിരുന്നു... അതുകൊണ്ടുതന്നെ നട്ടുച്ചവെയിൽ, വിശപ്പ്, പറശ്ശിനിക്കടവുവരെ പോയിവന്ന ക്ഷീണം, ഇതൊന്നും യാത്രയ്ക്ക് തടസ്സമായില്ല!
അൽപ്പം പ്രായമായൊരുചേട്ടന്റെ ഓട്ടോയാണ് കിട്ടിയത്. ഓട്ടോയ്ക്കുമുണ്ട് പ്രായം. ഓട്ടോയുടെ കിതപ്പറിയിക്കാതിരിക്കാനോ എന്തോ ഡ്രൈവർ ഇടതടവില്ലാതെ ചോദ്യങ്ങൾ ചോദിച്ചും, ഒട്ടും മുഷിപ്പിക്കാതെ വർത്തമാനം പറഞ്ഞുമിരുന്നു.
"ബീച്ചിലേയ്ക്ക് എന്താ ഈ സമയത്ത്? ങാ... ചെന്നാൽ നെറയെ പെണ്ണുങ്ങളെ കണ്ടോണ്ടിരിക്കാം ല്ലേ..."
ഒട്ടും വൾഗറില്ലാത്ത അയാളുടെ ചിരിയിൽ പക്ഷെ എന്തോ ഒരു അപരിചിതത്വമുണ്ടായിരുന്നു. എന്തായാലും ഈ ചോദ്യം മനസ്സിൽ പ്രതീക്ഷകളുടെ ഒരു പൂന്തോട്ടം വിരിയിക്കയുണ്ടായി. ചേട്ടൻ ട്രാക്ക് വിട്ടുപോകാതിരിക്കാൻ അങ്ങോട്ടും പറഞ്ഞുകൊണ്ടിരുന്നു.
"ഇവിടെ നല്ല കളക്ഷനാ?"
"ഈ സമയത്തൊന്നും അങ്ങനെ കാര്യമായി കാണാൻ പറ്റില്ല. ഒരു ആറുമണിയൊക്കെയായാല് പിന്നെ നെറയെ പെണ്ണുങ്ങളായിരിക്കും"
"എന്തായാലും ആരും വരാമെന്നൊന്നും ഏറ്റിട്ടില്ല, അപ്പൊ ചുമ്മാ കടലും കണ്ട് കാറ്റും കൊണ്ട് ഇന്റർസിറ്റിപിടിക്കാൻ തിരിച്ചുപോരാം അല്ലേ?"

യാത്രയുടെ വിശദാംശങ്ങൾ അറിഞ്ഞ ചേട്ടൻ വളരെ നിഷ്കളങ്കമായി ചോദിച്ചു
"അപ്പൊ മക്കൾക്ക് 2.30 വരെ ഉള്ള സമയം എങ്ങന്യെങ്കിലും ഒന്നു 'വേസ്റ്റ് ചെയ്യാനായിട്ടാ'ണല്ലേ ബീച്ചിലേക്ക് പോണത്?"
കാഴ്ചകൾ കണ്ട് സമയം 'ലാഭിക്കാൻ' ഇറങ്ങിത്തിരിച്ചത് അങ്ങനെ നഷ്ടക്കച്ചവടമായി!

പയ്യാമ്പലം കടപ്പുറത്ത് ചെന്നിറങ്ങിയപ്പോൾത്തന്നെ സമയം 'വേസ്റ്റ്' ചെയ്യേണ്ടിവരുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലായി. ഇറങ്ങിയ ഉടൻ കണ്ടത് അർദ്ധനഗ്നയായൊരു കൽപ്രതിമ. പ്രകൃതിയുടെ ആംബിയൻസൊന്നും പോരാത്തതുപോലെ!
കാണുന്ന തണലുകളിലൊക്കെ മനസ്സുകൾ(?!) പങ്കുവൈക്കപ്പെടുന്ന മനോഹരകാഴ്ചകൾ.
തണലുകളിൽ സൗകര്യം കുറവായവർ പരാതിയേതുമില്ലാതെ നട്ടപ്ര വെയിലത്തും ഒരു ചെറുകുടക്കീഴിൽ സ്നേഹസാഗരത്തിലെ തിരകളെണ്ണിനടക്കുന്നു!


തിരിച്ചുപോരാൻ ഓട്ടോ കാത്തുനിൽക്കുമ്പോൾ മനസ്സിലേയ്ക്കൊഴുകിവന്നത് ഈ വരികൾ...
"ദൂരമനന്തം, കാലമനന്തം... എന്നേകാന്തതയുമേകാന്തം..."