Mar 14, 2012

നാഗം

കടുത്തുവരുന്ന വേനൽച്ചൂടിൽ പാടത്തിന്റെ ഓരം ചേർന്ന കുളത്തിൽ അത് കിടക്കയാണ്.
ഉഷ്ണം പകർന്നെടുക്കുന്ന കുളത്തിലെ പച്ചച്ചവെള്ളത്തിൽ.
ഉടലിൽനിന്ന് താപം അലിഞ്ഞുപോകുന്ന സുഖത്തിൽ മെല്ലെയൊന്നനങ്ങിയാല്‍ അതുകൊണ്ട് ഉഷ്ണം കൂടിയെങ്കിലോ എന്ന് കരുതിയാകണം, യാതൊരനക്കവുമില്ലാതെ...
തോട്ടത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടർപ്പുരയുടെ അകത്തെവിടെയോ ഒരറ്റം കെട്ടി ഭദ്രമാക്കിയ- മറ്റേയറ്റം പച്ചച്ച വെള്ളത്തിനടിയിലെ ഫുട്‌വാൽവിൽ ബന്ധിച്ച കയറിൽ
ചുറ്റിപ്പിണഞ്ഞ്...
ആദ്യം ഞാൻ കണ്ടത് എന്നെ ഉറ്റുനോക്കുന്ന അതിന്റെ കൺകളാണ്!
പാമ്പ്!
തവിട്ടുനിറം, മേലാസകലം കറുപ്പ് കളം കളം ചിത്രപ്പണി. അനക്കമില്ല. സമാധി...

എന്താണ് പാമ്പ്?
വിയർപ്പിന് ദുർഗ്ഗന്ധം കൂടിത്തുടങ്ങിയ പ്രായത്ത് വഴുവഴുത്ത ഒരു ചൊറിച്ചിൽ പെരുവിരലിലൂടെ അരിച്ചരിച്ച് കയറ്റി സ്വകാര്യമായി അഭിമാനിക്കാവുന്ന പുതിയൊരു സന്തോഷം എന്നിൽ
പടർത്തിയത് പാമ്പാണ്.
പിന്നീടിങ്ങോട്ട്, പെൺമണമടിച്ചാൽ എന്റെ ശരീരമാസകലം- ജീവനില്ലാത്ത നഖങ്ങൾക്കും രോമങ്ങൾക്കുപോലുമടിയിലും പത്തിവിടർത്തി നൃത്തമാടുന്ന വഴുവഴുപ്പുള്ള ഉന്മാദത്തിന്
സര്‍പ്പത്തിന്റെ രൂപമാണ്.
സർപ്പസൗന്ദര്യത്തെ അറിഞ്ഞതില്‍പ്പിന്നെ ഉന്മാദം താങ്ങാനാകാതെവരുമ്പോള്‍, ഗത്യന്തരമില്ലാതെ, ഏകാന്തത്തിൽ നടത്തിവന്ന നാഗാരാധനകളുടെ അഭിഷേകതീർഥം
ഒഴുകിവന്നിരുന്ന ഓവിന്- ദംശനമേറ്റാൽ നിമിഷങ്ങൾക്കകം അതുകടന്നുചെല്ലുന്ന  രക്തധമനികളെപ്പോലും കരിച്ചുകളയാൻ പോന്ന വിഷം പേറുന്ന അണലിത്തലയുടെ ആകൃതിയാണ്!
നാഗാരാധനകളുടെ ഇടവേളനീളുമ്പോൾ അപശകുനസൂചകമായി സ്വപ്നദർശനം തരുന്ന ഉഗ്രമൂർത്തികൾ പറക്കും നാഗങ്ങളാണ്.
തടിച്ച ഉടലും, നേർത്ത വാലും, വലിയ വായും, നീണ്ട മുടിയുമുള്ള- ഇഴയാൻ പോലും ബുദ്ധിമുട്ടുന്ന പറക്കും നാഗങ്ങൾ.
നാഗത്തിന്റെ ഇഴച്ചിൽ എത്ര വികാരതീവ്രം! ഓരോ കോശവും ഭൂമിയിൽ ഉരച്ചുരച്ച് തൊട്ടും തൊടീച്ചും അറിഞ്ഞ് ഇഴഞ്ഞ് പുളഞ്ഞ് അലിഞ്ഞ്! സ്പർശനസുഖത്തിന്റെ പാരമ്യതയിൽ ജീവിക്കുന്ന ദിവ്യജീവികൾ...
സ്വപ്നദർശനത്തിന് ഭാഗ്യം കിട്ടുന്ന ഉറക്കങ്ങളുടെ ഒടുവില്‍ കിടപ്പുമുറിയില്‍ തങ്ങിനിൽക്കുക പാമ്പ് കൊത്തിക്കളയുന്ന വിഷത്തിന്റെ ഗന്ധമാണ്.
കപ്പക്കിഴങ്ങ് വാട്ടിയ മണം. കുറ്റിക്കാടുകളിൽ സന്ധ്യക്ക് ഉയരുന്ന മണം...
കടിച്ചുകൊല്ലാൻ നാളുകളോളം ഇരയെ കിട്ടാതെ വിഷം തലയിൽ കെട്ടിക്കിടന്ന് ആ ഉന്മാദം
താങ്ങാനാകാതെ നാഗം കണ്ണിൽക്കണ്ട കരിങ്കല്ലിനെ ആഞ്ഞുകൊത്തും. ആ വിഷത്തിൽ കരിങ്കല്ല് അലിയുമോ?
ആ കല്ല് പൊടിഞ്ഞുണ്ടാകുന്ന മണ്ണ് വിഷമയമാകില്ല, തീർച്ച. എത്രയോ തലമുറകൾക്ക് പകർന്നുപയോഗിക്കാൻ പോന്ന ശക്തിയുള്ള വിത്തുകളെ വിരിയിക്കാൻ വീര്യമുണ്ടാകും ആ
മണ്ണിന്. ആ മണ്ണിൽ തളിർത്ത ചെടികളിലെ പൂക്കളിൽ ഇണചേരാൻ തേനീച്ചകൾ മത്സരിച്ചേക്കും!

കാട്ടുപൂക്കളുടെ കടുത്ത മണമുള്ള കാവിനുള്ളില്‍ ഒറ്റത്തിരിയിട്ട എള്ളെണ്ണവിളക്കിന്റെ മുന്നിൽ നിരനിരയായിരിക്കുന്ന മഞ്ഞളണിഞ്ഞ നാഗരാജന്മാരെ നോക്കി കൈകൂപ്പി
നില്‍ക്കുമ്പോൾ അറിയാതെ മേലാസകലം വാരിവിതറുന്ന രോമാഞ്ചത്തിന് കാവിലെ ഇളംകാറ്റിനൊപ്പം എന്നിൽ വളരുന്ന കരിനാഗത്തിന്റെയും അകമ്പടിയുണ്ടാകാറുണ്ട്!
ആ നിൽപ്പിൽ മൂന്നും അഞ്ചും തലകളുള്ള നാഗരാജന്മാരെ നോക്കി ഉന്മാദം തുളുമ്പുന്ന കണ്ണീരോടെ അറിയാതെ തന്നെ ഞാന്‍ വിളിച്ചുപോകാറുണ്ട്... "ദൈവമേ... “
നേർത്ത വാലും, തടിച്ച ഉടലും, കൂർത്തുവരുന്ന തലയും, ഇളകിമാറുന്ന ചർമ്മവും, പകയോടെ വിഷം കാത്തുവയ്ക്കുന്ന വീര്യവുമുള്ള കരിനാഗങ്ങൾ!
അലസമായിരിക്കുമ്പോള്‍ ഇഴഞ്ഞിഴഞ്ഞു നടക്കയും ഉന്മാദമൂര്‍ച്ഛയില്‍ ഉറഞ്ഞ് നിവര്‍ന്ന് തലയുയര്‍ത്തിയാടി മുന്നിലുള്ള എന്തിനെയും കരിച്ചുകളയാന്‍ പോന്ന വീര്യമുള്ള വിഷം ധൂര്‍ത്തടിച്ച് ചീറ്റിത്തെറിപ്പിക്കയും ചെയ്യുന്ന ശക്തിയുടെ, കഴിവിന്റെ, വീര്യത്തിന്റെ, യോഗത്തിന്റെ ഭൂമിയിലെ ചിഹ്നങ്ങള്‍!

തൊടിയുടെ അങ്ങേയറ്റത്ത് സഹായിയോടൊപ്പം തെങ്ങിന്‍‌തൈക്ക് കുഴിയെടുക്കുന്ന വല്യച്ഛനോട് പാമ്പിനെ കണ്ടത് പറയാൻ പോകുമ്പോൾ മനസ്സിൽ ഭയം-ആരാധന-ആവേശം-ഉന്മാദം!
ആ ഉന്മാദത്തിന്റെ കേളികൊട്ടിൽ എന്നിൽ വളരുന്ന കരിനാഗവുമുണർന്നിരുന്നു ... എന്റെ ദൈവത്തെ ദർശിച്ച ഞെട്ടലിൽ.

വല്യച്ഛനും സഹായിയും ഉടൻ കുളത്തിനടുത്തേക്ക് പാഞ്ഞു. ഞാനുമെടുത്തു ഒരു പേരപ്പത്തൽ... ഭയംകലർന്ന ആനന്ദം നിറഞ്ഞ് തളരാൻ വെമ്പുന്ന ശരീരത്തിന് ഒരു താങ്ങാക്കാൻ!
കയറിൽ ചുറ്റിപ്പിണഞ്ഞുകിടക്കുന്നു നാഗത്താൻ... വേദാന്തിയെങ്കിൽ ഒരു പ്രഭാഷണത്തിനുള്ള വകയായി.
പാമ്പെന്നു തെറ്റിധരിച്ച് കയറിനെ ഭയക്കുന്ന അജ്ഞാനിയുടെ കഥ! പാമ്പെന്ന മായ. പാമ്പ് ഉണ്ടായത് പേടിച്ചവന്റെ മനസ്സിൽ മാത്രം. യഥാർഥത്തിലുള്ളത് കയർ... കയർ മാത്രം!
കയറിൽ പിണഞ്ഞുകിടക്കുന്ന പാമ്പിനെക്കണ്ടിട്ടും പാമ്പ് മായയെന്നും കയർ മാത്രം സത്യമെന്നും കരുതുന്ന വേദാന്തിയെ ആ പാമ്പ് കടിച്ചാൽ അയാൾക്ക് വിഷമേൽക്കാതെ പോകുമായിരിക്കുമോ?

പതിനായിരം തിളക്കുന്നചിന്തകളെ താലോലിച്ച്, പേരപ്പത്തലിൽ താടിചേർത്ത് നഖം കടിച്ച് ഞാൻ കാഴ്ച്ച കണ്ടുനിന്നു.
പത്തിവിടർത്തുമോ എന്റെ നാഗം? അതിന്റെ ഫണത്തിൽ എന്ത് ചിഹ്നമാവും? നിവർന്ന് നിന്ന് കണ്ണിലേക്ക് വിഷമൂതുന്ന നാഗമാണോ ഇത്? അതോ കലി വന്ന് കയറിയാല്‍ വാൽ പോലും വിറയ്ക്കുന്ന നാഗമോ? ഇപ്പോൾ അലസമായി നിര്‍ജ്ജീവമായിരിക്കുന്ന, എന്നെത്തന്നെ ഉറ്റുനോക്കിയിരുന്ന ആ കൺകളിൽ ക്രോധത്തിന്റെ കൊടുംകാറ്റുയരുന്നതുകാണാൻ ഞാൻ നിമിഷമെണ്ണി കാത്തുനിന്നു.
അദ്ഭുതമെന്നുവേണം പറയാൻ വിഷാദഛവി കലർന്ന ആ കൺകളിലെവിടെയോ ഒരു മിന്നായം പോലെ ഞാൻ എന്നെ കണ്ടിരുന്നു!

"ഇത് നീർക്കോലിയല്ലേ... വെറും നീർക്കോലി!"
"കൊല്ലണോ സാറേ?"
"വേണം, ഇല്ലെങ്കിൽ ശല്യം ഫുട്‌വാൽവിൽ ചുറ്റിപ്പിണയും"

വല്യച്ഛന്റെ കൈയ്യിലിരുന്ന വടി വായുവിൽ ഉയർന്ന് താഴ്ന്നു. അത് പുറപ്പെടുവിച്ച ഹുംകാരത്തിന് തീർച്ചയായും ഒരു സർപ്പസീൽക്കാരത്തിന്റെ ഗാംഭീര്യത്തിന്റെ ഛായ പോലുമില്ലായിരുന്നു.
എന്നിട്ടും ആ അടി ... ഒറ്റയടി മാത്രം മതിയായിരുന്നു എന്റെ ആത്മാവിനെ കവർന്നെടുത്ത ആ നാഗത്തിന്റെ കഥ കഴിയാൻ!
അതാ എന്റെ ആരാധനാമൂർത്തി ചലനമറ്റ് വല്യച്ഛന്റെ വടിയുടെ തുമ്പിൽ.
നോക്കാതെ തന്നെ എനിക്ക് കാണാൻ കഴിഞ്ഞു, അടികൊണ്ട് കലങ്ങിയ ആ കൺകളിലെ ശൂന്യത. ഒരു പരാതിയും പറയാതെ അടിക്ക് കീഴടങ്ങുന്ന ആ കൺകളിലെ തണുപ്പ് അല്പം മുൻപ് എന്നിൽ നിന്ന് അതിന് പകർന്നുകിട്ടിയതാണോ എന്നുപോലും ഞാൻ സംശയിച്ചു! 
ഒരുപക്ഷേ തന്റെ കണ്ണീർ കഴുകിക്കളയാനാവും അത് ആ കുളത്തിൽ വന്നത്!
തെങ്ങിൻ ചുവട്ടിലേക്ക് തോണ്ടിയിട്ട് വല്യച്ഛൻ അതിന്റെ തലയ്ക്ക് ഒന്നുകൂടി അടിച്ചു.
'അത്' വിറച്ചുവിറച്ച് തലപൊക്കി, എന്തോ പറയാനെന്നവണ്ണം വാ പൊളിച്ചു, ചീറ്റിയില്ല, പത്തിവിടർത്തി ആടിയില്ല, നാലുപല്ലുകളും ഇരട്ടനാവും കറുത്ത വായും കാട്ടി നിവർന്ന് നിന്നില്ല,...
ഇടറിയിടറി, വെട്ടിവിറച്ച് തലതാഴ്ത്തി.
നീർക്കോലി, വെറും നീർക്കോലി.

എന്നിൽ വളരുന്ന കരിനാഗം മണ്ണിരയെപ്പോലെ ഉള്ളിലുള്ളിൽ ഒളിച്ചു.
ഇങ്ങനെയും നാഗമുണ്ട്... ഒരു പത്തലിന്റെ വീശലിൽ യാതൊരു പ്രതിഷേധവുമില്ലാതെ തലചിതറിത്തെറിക്കുന്നവ.
വഴുവഴുത്ത കറുത്ത സൗന്ദര്യമില്ലാത്തവ.
ഇഴഞ്ഞിഴഞ്ഞ്, മെല്ലെ നിവർന്ന്, ആടിയാടി, വിഷം ചീറ്റാൻ ധൈര്യമില്ലാത്തവ... ശേഷിയില്ലാത്തവ... യോഗമില്ലാത്തവ.
പാടത്തേക്ക് തോണ്ടിയിട്ട നീർക്കോലി പെരുവിരലിന്റെ തുഞ്ചത്തുകൂടി എന്നിലേക്ക്, നട്ടെല്ലുവഴി എന്റെ കണ്ണിലേക്ക് അരിച്ചുകയറുമെന്ന് ഞാൻ ഭയന്നു.

തിരികെ നടക്കുമ്പോൾ വല്യച്ഛന്റെ സഹായി പറഞ്ഞു...
"ഇതൊന്നുമല്ല സാറേ, പേടിക്കേണ്ട സാധനങ്ങൾ ഇവിടെ വേണ്ടുവോളമുണ്ട്. ഇന്നാള് ഞാൻ പുല്ലുമുറിച്ചോണ്ടുനിന്നപ്പോൾ അറിയാതെ ഒന്നിന്റെ കുറച്ച് ഇറച്ചിയുംകൂടി മുറിച്ചെടുത്തതാ...
എന്തോ ഭാഗ്യത്തിന് രക്ഷപ്പെട്ടു. പുല്ലിന്റെ അതേ നിറവും!"

"എനിക്കറിയാവുന്നതല്ലേ പിന്നെ, കഴിഞ്ഞ ദിവസം റബ്ബർ വെട്ടാൻ ചെന്നപ്പോൾ ഒരുത്തനങ്ങനെ ആടിയാടി ചീറ്റി കലിതുള്ളി നിൽക്കുന്നു... എന്റെ കൈയ്യിലാണെങ്കിൽ വടിയുമില്ല.
ഒരു വിധം കഴിച്ചിലായെന്നു പറഞ്ഞാൽ മതിയല്ലോ"
ഈ വീരനാഗകഥകൾക്കൊന്നും എന്നിൽ വളരുന്ന കരിനാഗത്തെ തേടിപ്പിടിക്കാനായില്ല!  കാരണം അവൻ ഒറ്റയടിക്ക് തലതകരുന്ന നീർക്കോലിയെ തിരയുകയായിരുന്നു...

വീട്ടിൽനിന്നും വായനശാലയിലേയ്ക്ക് ഒരു കിലോമീറ്റർ നടക്കണം. സന്ധ്യയ്ക്കാണ് ഇറങ്ങിയത്. ഒരുവശം കൈതയും, മറുവശം പാടവും, ഓരംചേര്‍ന്ന് തെളിവെള്ളമൊഴുകുന്ന തോടുമുള്ള വഴി. ഉഷ്ണകാലം. കാമാതുരനെന്ന് പേരുകേട്ട ശോഷിച്ച ചന്ദ്രന്റെ അരണ്ടവെളിച്ചം മാത്രം. കുഞ്ഞുന്നാൾ മുതൽ നടക്കുന്ന വഴി. ഒരിക്കലും അവിടെ വച്ച് ദർശനം കിട്ടിയിട്ടുള്ളതല്ല...
പതിവുപോലെ മനസ്സിനെ അലയാൻ വിട്ട് അലസമായ കാൽവൈപ്പുകളോടെ നടന്നു. ഒരടിമുന്നിൽ.... അതാ.
ഇനിയും ചൂടുവിട്ടിട്ടില്ലാത്ത ടാർ റോഡിനു കുറുകേ...റോഡിനു ചെരിഞ്ഞ്... കാറ്റത്ത് പറക്കുന്ന കൊടി പോലെ, ദേഹത്തൊഴുകിക്കിടന്ന മാംസപേശികളിൽ ഒരുന്മാദനൃത്തിന്റെ ചുവടുകൾ വിരിയിച്ച്...
നാഗം!

എന്നിൽ വളരുന്ന കരിനാഗം എവിടെനിന്നെന്നറിയില്ല- തലയുയർത്തി,
ചതഞ്ഞ - അടിഭാഗം വെളുത്ത മറ്റൊരു പാമ്പിൻ തല പിറകേയും...

ഉറപ്പാണ്... തലയടിച്ചുചിതറിച്ച് നോക്കേണ്ടകാര്യമില്ല...

എന്നിട്ടും വടിയെടുത്തു, ഉന്നം പിടിച്ചു, ഓങ്ങിയടിച്ചു...

തെറ്റിയില്ല... നീർക്കോലി തന്നെ, വെറും നീർക്കോലി!