Feb 1, 2012

പൂ(ക്കാ)മരം

ഒരിക്കലും പൂക്കാത്ത എന്റെ പൂമരം
എന്നിട്ടും എനിക്കത് പൂമരമായി
കാണുന്നവര്‍ കാണുന്നവര്‍ എന്നെ കളിയാക്കുമായിരിക്കും,
പൂവിടാത്ത ഈ പാഴ്മരം പൂമരമായതെങ്ങനെയെന്ന്
മോഹങ്ങള്‍ നിറഞ്ഞുതൂകുന്ന കണ്ണീര്‍ അതിന്റെ ചുവട്ടിലിറ്റിച്ച്
കണ്ണും നട്ട് ഞാനെന്നും കാത്തിരിക്കും
തളിരിലകള്‍ക്കിടയിലെങ്ങാന്‍ ഒരു കുഞ്ഞുകണ്ണ് തിളങ്ങുന്നോ എന്ന്

എന്റെ പൂമരത്തില്‍ വിരിയുന്ന പൂക്കളെല്ലാം
വിരിയും മുന്‍പേ പൊഴിയാന്‍ വേണ്ടി ഉണ്ടാകുന്നവയാണ്

എന്റെ കരളിനുള്ളില്‍
എപ്പൊഴും ചാറല്‍ മഴ ചിണുങ്ങിപ്പെയ്യുന്ന-
എപ്പൊഴും മഞ്ഞിന്റെ നനവ് കിനിഞ്ഞിറങ്ങുന്ന-
നാമ്പുകളില്‍ പ്രണയത്തിന്റെ നനവ് തങ്ങി തിളങ്ങുന്ന പുല്‍മേടുകള്‍ക്കിടയില്‍
ഏകാന്തതയുടെ തണല്‍നിറഞ്ഞൊരു കോണുണ്ട്
എന്റെ പൂമരത്തിന്റെ പൂക്കള്‍ അവിടെയാണ് പൊഴിയുന്നത്
വിരിയാന്‍ വിറകൊള്ളുന്ന ഇതളുകള്‍ക്കിടയിലൂടെ
നിരാശകലര്‍ന്ന ഒരായിരം കുഞ്ഞു കണ്ണുകള്‍ എന്നെ നോക്കി വിതുമ്പുമ്പോള്‍
ഞാനെന്റെ വിഷാദത്തിന്റെ ഭാണ്ഡവും പേറി അവിടെയാണു പോകാറ്
എന്റെ പൂമരത്തിന്റെ പൂക്കള്‍ അങ്ങ് മുകളില്‍നിന്നും കറങ്ങിക്കറങ്ങി
സുഗന്ധം പരത്തി വരുന്നതും നോക്കി അവിടെ ഞാന്‍ ഇമവെട്ടാതിരിക്കും
കണ്ണീര്‍ നിറഞ്ഞുതുളുമ്പുന്നതിനാല്‍ എനിക്കൊന്നും കാണാനാകാറില്ല

ആ പൂക്കള്‍ ഒരിക്കലും ഞാന്‍ കൊതിക്കും‌പോലെ
എന്റെ ലോകം എനിക്കുമുന്നില്‍ വിരിയിക്കുന്ന എന്റെ കണ്‍കളെ ചുംബിക്കാറുമില്ല
എന്റെ ലോകം മായികമായ കടുംനിറങ്ങളില്‍ ചാലിച്ചതെന്ന് ഓര്‍മ്മപ്പെടുത്തി
എന്റെ കണ്ണുകളെ തഴുകാതെ,
ജന്മാന്തരങ്ങള്‍‌ക്കിടയിലെ അപാരദുഃഖത്തിന്റെ മഹാമൌനം ഘനീഭവിച്ച പാറയിടുക്കുകള്‍ക്കിടയിലൂടെ
തേടലിന്റെ നിത്യസന്ദേശവും വഹിച്ച് പതഞ്ഞ് കലങ്ങി തിങ്ങിയൊഴുകും പുഴകളിലേക്ക്
എന്റെ ചുടുനിശ്വാസങ്ങളേറ്റ് അവ തെന്നിത്തെന്നി നീങ്ങുന്നത്
നിസ്സഹായനായി ഞാന്‍ നോക്കിനില്‍ക്കും...

ഏകാന്തതയുടെ ആ ഒഴിഞ്ഞകോണില്‍നിന്നും
ശൂന്യതയുടെ മണലോരത്തേക്ക് അധികം ദൂരമില്ല
ഇടറുന്ന ആ യാത്രയില്‍ എന്റെ കണ്‍കളില്‍  എന്നും ഉപ്പിന്റെ കയ്പ്പും നീറ്റലുമായിരിക്കും

ഓരോവട്ടം ആ മരച്ചുവട്ടില്‍നിന്നും കരഞ്ഞുകൊണ്ട് മടങ്ങുമ്പൊഴും
വെറുതെ ഞാനോര്‍ക്കും
ശരിക്കും എന്റെ പൂമരത്തില്‍ പൂക്കള്‍ വിരിഞ്ഞിരുന്നെങ്കില്‍
ആ കുഞ്ഞുപൂക്കള്‍ എന്റെ കണ്‍കളെ ഉമ്മവച്ച്
കാതില്‍ ഇക്കിളിയിട്ട്
എന്നിലാകെ നറുമണം പരത്തിയിരുന്നുവെങ്കില്‍
എന്റെ കണ്ണീരിന് ഉപ്പിന്റെ കൈപ്പാകില്ലല്ലോ ഉണ്ടായിരുന്നിരിക്കുക...