Jul 14, 2009

കുട്ടിയുണ്ട് സൂക്ഷിക്കുക!

തിളക്കം എന്ന സിനിമയിലെ കൊച്ചുപ്രേമന്റെ,
“വീട്ടില്‍ പട്ടിയുണ്ട് സൂക്ഷിക്കുക എന്നതിനു പകരം, കുട്ടിയുണ്ട് സൂക്ഷിക്കുക എന്നെഴുതി വച്ചാല്‍നന്നായിരിക്കും കേട്ടോ”
എന്ന ഡയലോഗ് കേള്‍ക്കുമ്പോളെല്ലാം ചിരിച്ചു മണ്ണു കപ്പാറുള്ളതാണെങ്കിലും, അതിന്റെ അര്‍ത്ഥം വ്യക്തമായി അങ്ങോട്ട് മനസ്സിലായത് ഈയിടെ ചേട്ടന്റെ വീട്ടില്‍ പോയപ്പോളാണ്!

ചേട്ടന്റെ മകന്‍ കണ്ണന്‍ ആളൊരു ജഗജില്ലിയാണ്! മൂന്നിലോ നാലിലോ മറ്റോ ആണ് പഠിത്തം.
ചെന്ന വഴി അവന്റെ കമന്റ്: “ഹോ! കൊച്ചച്ചനങ്ങ് തടിച്ചു പോയല്ലോ! ഇതിനു മുന്‍പു കാണുമ്പോള്‍ ദാഇത്രയേ ഉണ്ടായിരുന്നുള്ളൂ.”
ഇതും പറഞ്ഞ് അവന്‍ എന്റെ കഴിഞ്ഞ തവണത്തെ വണ്ണം രണ്ടു കൈകൊണ്ടും അളന്ന് കാണിച്ചുതന്നു.
അപ്പോള്‍ തന്നെ എന്റെ മനസ്സില്‍ ഒരു വശപ്പിശകു മണത്തു.
ഈ പറയുന്നവന്‍ രൂപം കൊണ്ട് ഒരു ഉണ്ണിഗണപതി തന്നെയാണ്...! എന്നിട്ടാണ്...
“ബീ കെയര്‍ഫുള്‍” ഞാന്‍ എന്നോടുതന്നെ പറഞ്ഞു...
പയ്യന്‍ പതുക്കെ വട്ടമിട്ട് അടുത്തു കൂടി...
അവന്‍ എന്റെ ജീന്‍സും ടീഷര്‍ട്ടുമൊക്കെ പിടിച്ചു വലിച്ചു നോക്കിയിട്ടു പറഞ്ഞു: “ ഹൊ! വന്‍ സെറ്റ്അപ്പാണല്ലോ! കര്‍ണാടക സ്റ്റൈലായിരിക്കും അല്ലേ?”
ഞാന്‍ ഉഴപ്പിയൊരു ചിരി മാത്രം ചിരിച്ചു... എന്നിട്ട് ചോദിച്ചു
“സ്ക്കൂളൊക്കെ അടച്ചു അല്ലേ... അപ്പോ ഇനി രണ്ട് മാസം കോളടിച്ചു”
ഞാന്‍ വിഷയം മാറ്റാന്‍ നോക്കിയത് നടന്നില്ല... അവനെന്റെ കൈയില്‍ കയറി തൂങ്ങുന്നു പിച്ചുന്നു.. മാന്തുന്നു...
“ഹോ... കൊച്ചച്ചന്റെ ഒരു മസില്! എന്റമ്മേ വന്‍ ജിമ്മാണല്ലോ!”
എട്ടും പൊട്ടും തിരിയാത്ത കുട്ടിയല്ലേ, ഒരബധമൊക്കെ പറ്റും. അബദ്ധത്തിലാണെങ്കിലും പയ്യന്റെ ഈ സുഗിപ്പിക്കല്‍ കേട്ടപ്പോള്‍ എന്റെ മനസ്സൊന്ന് അലിഞ്ഞു...
ഞാന്‍ ചിരിക്കുന്നതുകണ്ടപ്പോള്‍ അവന്‍ എന്റെ 'സോ കോള്‍ഡ്' മസിലില്‍ ഒരൊറ്റ കടി! ഹാവൂ, ഞാന്‍ ചിരി നിര്‍ത്തി... ലവന്‍ കടിയും!
പുള്ളിക്കാരന്‍ വിഷയം മാറ്റി, “കൊച്ചച്ചന്റെ കമ്പ്യൂട്ടറില്‍ ഏതൊക്കെ ഗെയിമുണ്ട്?“
ഞാനിതുവരെ കേട്ടിട്ടീല്ലാത്ത ഏതൊക്കെയോ അലമ്പ് കമ്പ്യൂട്ടര്‍ ഗെയിമുകളുടെ പേര് അവന്‍ ചോദിച്ചു.
ഞാന്‍ ഗൌരവത്തില്‍ പറഞ്ഞു “ഗെയിം കളിക്കാനൊന്നും സമയം കീട്ടാറില്ലെടേയ്“
അവന്‍ വിടാന്‍ ഭാവമില്ല “സാരമില്ല, കഥ ഞാന്‍ പറഞ്ഞുതരാം ട്ടോ”
സംഗതി കൈ വിട്ടു പോകയാണെന്നെനിക്കു മനസിലായി.
ഞാന്‍ പറഞ്ഞു “വേണ്ട കുട്ടാ പറയണ്ട, കേള്‍ക്കാന്‍ താല്പര്യമില്ല”
ഇവന്‍ ഗെയിം കത്തി തുടങ്ങിയാല്‍ നാളെ നേരം വെളുത്താലും അതു നില്‍ക്കില്ലെന്ന് അനുഭവംകൊണ്ടെനിക്കറിയാമായിരുന്നു. ഞാനാ പറഞ്ഞത് അവനത്ര പിടിച്ചിട്ടില്ല.

എന്റെ ഭാഗ്യത്തിന് ഇത്രയും നേരം അവിടെ മിണ്ടാണ്ടിരിക്കുകയായിരുന്ന അച്ഛന്‍ കയറി ഇടപെട്ടു...
“നീ മുത്തച്ഛനോട് കഥ പറഞ്ഞോടാ...
(എന്നെ ചൂണ്ടി)അല്ലെങ്കിലും ഇവനെന്തറിയാം”
അച്ഛനു നല്ലൊരു ‘പണി‘ കിട്ടിയതില്‍ സന്തോഷിച്ച് ഞാന്‍ മിണ്ടാതിരുന്നു.
എന്നെ നോക്കി പുച്ഛഭാവത്തിലൊരു ചിരി ചിരിച്ചിട്ട് അവന്‍ അച്ഛന്റെയടുത്തേയ്ക്ക് പോയി...
അവന്‍ ലാത്തി തുടങ്ങി:
“ആദ്യം നമുക്ക് ഒരു തോക്കേ കാണൂ. പിന്നെ നമ്മള്‍ വഴിയില്‍ കാണുന്നവന്മാരെ കൊന്നിട്ട് അവരുടെതോക്ക് പിടിച്ചെടുക്കും. അങ്ങനെ കൊറേ തോക്കുമായി ഇങ്ങനെ പോകുമ്പോള്‍ ഒരു സ്ഥലത്തെത്തും.
അവിടത്തെ ട്രാഷിനടുത്ത് നമ്മള്‍ ഒളിച്ചിരിക്കണം.
കുറച്ചു കഴിയുമ്പോള്‍ അവിടെയൊരു പോലീസുകാരന്‍ വരും.
അവനെ തട്ടിയാല്‍ നമുക്ക് വയര്‍ലെസ്സ് കിട്ടും. അതു വച്ച് നമുക്ക് സീക്രട്സ് എല്ലാം മനസിലാകും.
അതുകഴിയുമ്പോള്‍ നമ്മള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കണം.
അപ്പോ നമുക്ക് കുറേ കൂടി തോക്ക് കിട്ടും...”

സംഗതി പോലീസ് സ്റ്റേഷന്‍ ആക്രമണം വരെയൊക്കെ ആയപ്പോള്‍ അച്ഛന് അപകടം മണത്തുതുടങ്ങി.
ആദ്യമാദ്യം “എന്നിട്ട്”, “കൊള്ളാം”, “മിടുക്കന്‍”, “വെരി ഗുഡ്” എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന അച്ഛന്‍ മിണ്ടുന്നില്ല. എന്തോ ആലോചനയിലാണ്!

പെട്ടെന്ന് തട്ടിപ്പിടഞ്ഞെഴുന്നേറ്റ് “എടീ ശ്യാമളേ, നമ്മുടെ വര്‍ഗീസ് സാറിന്റെ ആലീസ് ടീച്ചറുടെ മകളുടെകുട്ടീ‍ടെ ഇരുപത്തെട്ട് കെട്ട് എന്നാണെന്നാ പൊന്നമ്മ ടീച്ചര്‍ പറഞ്ഞത്”
എന്നും ചോദിച്ചോണ്ട് അടുക്കള ഭാഗത്തേയ്ക്ക് പോയി!
ഏത് വര്‍ഗീസ് സാറ്? ആരുടെ ഇരുപത്തെട്ട്? ക്രിസ്ത്യാനികള്‍ ഇരുപത്തെട്ടു കെട്ടിക്കുമോ! വലിഞ്ഞതാണ്...
അമ്മ മറുപടി പറയുന്നതോ അച്ഛന്‍ വീണ്ടും ചോദിക്കുന്നതോ കേട്ടില്ല!

പന്തു പിന്നെയും എന്റെ കോര്‍ട്ടില്‍...
എന്തോ ഗോഷ്ടി കാണിച്ചോണ്ട് പയ്യന്‍ എന്റെയടുത്ത് തിരിച്ചു വന്നു. നേരത്തെ ഞാനൊന്ന് ആക്കിയതിന്റെ മുഴുവന്‍ ചമ്മലും മുഖത്തുണ്ട്...
അവന്‍ തക്കം നോക്കി എന്റെ കണ്ണട വലിച്ചൂരിയെടുത്തിട്ടു പറഞ്ഞു:
“ഈ കണ്ണട വച്ചേക്കുമ്പോള്‍ കൊച്ചച്ചനെ കാണാന്‍ നല്ല ഗെറ്റപ്പാട്ടോ.ശരിക്കും സിനിമാക്കാരുടെയൊക്കെ കൂട്ടാ...”
ഞാനൊരു രണ്ട് കിലോ രോമാഞ്ച കഞ്ചുകം എടുത്ത് പൂശി.
ശ്ശോ ഇവനെയാണല്ലോ ഞാന്‍ നേരത്തെ കളിയാക്കിയത് എന്നോര്‍ത്ത് സഹതാപപൂര്‍വ്വം അവനെനോക്കി.
എന്റെ മുഖത്തു നോക്കി അവന്‍ തുടര്‍ന്നു:
പക്ഷേ ഇതൂരിയാലുണ്ടല്ലോ...ഒരുമാതിരി കരിമ്പൂതത്തിന്റെ കൂട്ടാ!”

ആലീസ് ടീച്ചറുടെ മകളുടെ കുട്ടീടെ ഇരുപത്തെട്ട് എന്നാണെന്നറിയാന്‍, എന്താണെന്നറിയില്ല എനിക്കും പെട്ടെന്നൊരു ആഗ്രഹം!