Jun 5, 2015

വലിയ ആള്

നനവു കട്ടപിടിച്ച, പച്ചപ്പായൽ മെത്തി നിറഞ്ഞ, കിണറ്റിനരികിലെ വഴുവഴുത്ത പച്ചമണ്ണിൽ ചെരിപ്പിടാതെ ചവിട്ടിയപ്പോൾ, വേനൽക്കാലത്ത് തൊട്ടി പൊക്കിത്താഴ്ത്തി പൊക്കിത്താഴ്ത്തി കയറിന്റെ പിരിച്ചു പിരിച്ചു വച്ച ഇങ്ങേത്തലയ്ക്കൽ നിന്നും അവസാന ചുരുളുമഴിച്ചിട്ടും തൊട്ടി മുങ്ങാൻ വെള്ളം തരാനില്ലാതെപോയ സങ്കടം കണ്ണീരില്ലാതെ കരഞ്ഞു തീർത്ത കഥ പഴയ കിണർ പറഞ്ഞപ്പോൾ പക്ഷെ, ആ ചുണ്ടിൽ നിറഞ്ഞത് തൊട്ടിയോ കപ്പിയോ ഇല്ലാത്ത- എത്തിനോക്കിയാൽ പോലും അകം കാണാതിരിക്കാൻ വേണ്ടി കമ്പിവലകൊണ്ട് മൂടി വച്ച പുതിയകിണറിന്റെ ഭിത്തികളിൽ പൂശിവച്ച വെളുത്ത പൊള്ള ചിരിയാണ്. നീലയും പച്ചയും കലർന്ന ഇരുണ്ട നിറങ്ങൾ നിറഞ്ഞ തണുത്ത കിണറിന്റെ ഉള്ളം ജാക്യാമറിനു പൊട്ടിച്ചാലും കൂടത്തിനടിച്ചാലും പൊട്ടാത്ത പാറയോളം ഉറപ്പുള്ളതെങ്കിലും ഉള്ളംകാലിൽ ഇക്കിളിയിട്ട പായൽപ്പടർപ്പുവശം എന്നോട് ഇങ്ങനെ പറയുമ്പോൾ പരിഭവം കൊണ്ട് ആ വാക്കുകളിടറുന്നുണ്ടായിരുന്നു: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
വീട്ടിൽ ഞാനുള്ളപ്പോളൊക്കെ ജന്നലിൽ മുട്ടിവിളിച്ചും ഉച്ചമയക്കത്തിൽ ഇക്കിളിയിട്ടുണർത്തിയുമൊക്കെ കളിക്കാൻ വരണ തൊടിയിലെ കാറ്റ്- ഒരു കഥയുമില്ലാത്തവളെങ്കിലും എന്നും എന്തെങ്കിലും വാതോരാതെ വന്നു മിണ്ടാൻ ആകെയുണ്ടായിരുന്നവളായിരുന്നു. ഉച്ചത്തിൽ വച്ച പാട്ടിന്റെ ശബ്ദത്തോളമോ അതിലധികമോ അച്ചൻ വെറുത്തിരുന്ന തുറന്നിട്ട ജനലുകളെച്ചൊല്ലി, അവൾക്ക് തടസ്സമില്ലാതെ യധേഷ്ടം എന്റരികിൽ വരാൻ അച്ഛനോട് എത്ര യുദ്ധം ചെയ്യുന്നതിനും എനിക്കിഷ്ടമായിരുന്നു. ഓരോ യുദ്ധം ജയിക്കുമ്പൊളും അവളുടെ പൂട്ടിയ ചുണ്ടിന്റെ കോണുകളിലെവിടെയെന്ന് മനസിലാകാത്തൊരിടത്ത്, പരിചിതത്വത്തിന്റെ പുഴയൊഴുകാൻ നിൽക്കുംവിധം പകരം വയ്ക്കാനില്ലാത്തൊരു കിലു കിലാ പൊട്ടിച്ചിരിയും, പിന്നീടെല്ലാം മറന്ന ഒരാശ്ലേഷവും എന്നെ കാത്തു നിൽപ്പുണ്ടെന്നെനിക്കറിയാമായിരുന്നു. ഏ/സി വച്ച മുറിയിലെ എപ്പൊഴും അടഞ്ഞ ജനാലയുടെ കർട്ടനും ചില്ലിനുമപ്പുറം ഞാനകത്തുണ്ടെന്നറിയുമ്പൊ ഒഴിഞ്ഞ മുഖവുമായി ഒന്നും മിണ്ടാതെ ഏങ്ങലൊതുക്കി അവൾ വന്നു നിൽക്കും. വെന്റിലേഷന്റെ തുളകൾ പോലും പൂട്ടിയടച്ചുകളഞ്ഞ പരിഭവംപറഞ്ഞ് തല്ലിയലച്ചുകരഞ്ഞ് അവൾ പോകുമ്പോൾ നിസ്സഹായയായി പിറുപിറുക്കുന്നുണ്ടാവണം- നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
എന്തോ പരതുന്ന നേരം താഴെയുള്ള അലമാരകളേതോ തിരഞ്ഞപ്പോൾ മണ്ണെണ്ണമണക്കുന്ന മൂലയിൽ പഴയ ചെറിയ നിലവിളക്ക്. സ്കൂളിൽ പഠിക്കുമ്പോൾ ചേച്ചിയും ഞാനും ചമ്രം പടി ഞ്ഞ് അപ്പുറമിപ്പുറമിരുന്ന് അഞ്ജനശ്രീധര   ചൊല്ലാറുള്ള പഴയ നിറം മങ്ങിയ വിളക്ക്. അന്നും അതിനു ക്ലാവിന്റെ പച്ച വലയങ്ങൾ തൊങ്ങലിട്ട മങ്ങിയ നിറമാണ്. "ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ.." എന്നു ചൊല്ലുമ്പോൾ ചുറ്റിലും രൂപാ പെയ്ത് നിറയുന്നത് സങ്കൽപ്പിക്കാതെയല്ലാതെ ഒറ്റപ്രാവശ്യം പോലും ഞാൻ 'അഞ്ജനശ്രീധര' ചൊല്ലിയിട്ടില്ലാത്തതുപറഞ്ഞ് വാത്സല്യം നിറഞ്ഞൊരു പൊട്ടിച്ചിരി ചിരിച്ച് ചിരിച്ച് തീർന്നപ്പോൾ അതു പറഞ്ഞു തുടങ്ങും മുമ്പുണ്ടായിരുന്നതിലും മങ്ങിയ നിറമായി നിലവിളക്കിന്. കുഞ്ഞിലേ നാമം ജപിക്കണ ഏതോ ഒരു സന്ധ്യയ്ക്ക് പ്രിച്ചിയൊക്കെ വന്നു കേറിയപ്പോ നാമംജപിച്ചാലുടൻ അതൊന്നു തീർന്നുകിട്ടാൻ കാത്തിരുന്നാലെന്നപോലെ ഞങ്ങൾ വിളക്കൂതി അലമാരയ്ക്ക് അകത്തു വക്കണതു കണ്ട് കളിയാക്കിയത് ഓർത്തു. വേണ്ടുംവിധമൊന്നുമായിരുന്നില്ലെങ്കിലും, കുറഞ്ഞപക്ഷം ആ നിലവിളക്കിനരികിൽ പടിഞ്ഞിരിക്കുമ്പോളെങ്കിലും ചേച്ചിയുടെ വായൊന്നു തുറന്നിരുന്നു. അൽപ്പം പോലും പരാതിയില്ലാത്ത നിലവിളക്കിന്റെ ചിരിക്കാത്ത മുഖത്തിനെ അലമാരിയുടെ മണ്ണെണ്ണമണം വീണ്ടും മൂടൂമ്പോൾ എന്നെയും വിളക്കിനെയും ഒരുമിച്ചു വന്നു മൂടിയ ഓർമ്മകൾ ഇതൊക്കെത്തന്നെ. പണ്ടത്തെ, വെളിച്ചെണ്ണയൊഴിച്ച് കത്തിച്ച നിലവിളക്കിന്റെ ഒറ്റത്തിരിനാളം കറണ്ടുകട്ടിന്റെ നേരത്ത്പിന്നിലെ ഭിത്തിയിൽ കോറിയ വിളറുന്ന വിറയാർന്ന ചിത്രലിപിയിലൂടെ എന്നോട് പറയുന്നുണ്ടായിരുന്നു: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
പവിത്രത്തിനും ശലഭത്തിനുമിടയ്ക്ക് ജീസസ് ന്നൊരു ബസ്സുണ്ടായിരുന്നു, മുവാറ്റുപുഴയിൽനിന്ന് മേതല പെരുമ്പാവൂർ വഴി ആലുവയ്ക്ക്. അതിനു മുന്നിൽ ശലഭത്തിന്റെ പോലെ രണ്ടുചില്ലല്ല ഒറ്റച്ചില്ലാണ്. നല്ല സ്പീഡും നല്ല ഹോണും. സ്കൂൾ ബസ് എന്നു വിളിക്കുന്നതാണ് കൂടുതൽ ചേർച്ച! അത്രമാത്രം എസ് റ്റി പിള്ളേർ. ലതാപ്പടി സ്റ്റാന്റിൽ നിന്നേ ജീസസിൽ കയറിയിരുന്ന് എന്റെ  കട്ടിക്കണ്ണാടിയുടെ വശങ്ങളിലെ അവ്യക്തവും നിറം മങ്ങിയതുമായ കാഴ്ച്ചകൾക്കും, മറ്റു കുട്ടികൾ പിടിക്കാൻ തരണ ബാഗുകളിലെ കഴുകാത്ത ഉച്ചഭക്ഷണപ്പാത്രത്തിന്റെ വിമ്മിഷ്ടമണത്തിന്റെ കൂമ്പാരത്തിനും പിന്നിൽ അന്തർമുഖത്വത്തിന്റെ അന്തം തിരഞ്ഞ എത്രയോ ബസ് യാത്രകൾ. ഒരിക്കൽ പായിപ്ര രാധാകൃഷ്ണൻ സാർ ബസ്സിൽ ഞാൻ മറ്റു കുട്ടികളെപ്പോലെ ബഹളമുണ്ടാക്കാതെ അച്ചടക്കത്തോടെയിരിക്കുന്ന അദ്ഭുതശിശുവാണെന്നു പുകഴ്ത്തിയത് അഭിമാനം നിറഞ്ഞുകവിഞ്ഞ് അമ്മ വന്ന് വീട്ടിൽ പറഞ്ഞപ്പോൾ എനിക്ക് മാത്രം അഭിമാനമൊന്നും തോന്നിയില്ലെന്നതുപോലും അമ്മക്ക് മനസിലായില്ലായിരിക്കും. വർത്തമാനം പറഞ്ഞു ശീലിക്കലിന്റെ ഒരു പരീക്ഷണമായിരുന്നു രാവിലെ സെന്റ് തോമസിൽ കയറാൻ കവലയിൽ ചെല്ലുമ്പോൾ കാണുന്നവരോടെല്ലാം ഗുഡ് മോണിങ് പറയൽ! പക്ഷെ ആ പരീക്ഷണവും ഗുഡ് മോണിങ്ങിനപ്പുറം കണ്ടില്ല. പവിത്രത്തിനാണ് പോകുന്നതെങ്കിൽ അന്നേ ദിവസം പോക്കാണ്- നിർമ്മലയ്ക്കുമുന്നിലിറങ്ങുമ്പോളേ ഫസ്റ്റ് ബെല്ലിന്റെ ശബ്ദം കേൾക്കും. അന്ന് ബെഞ്ചിൽ വലത്തേയറ്റം തന്നെ കിട്ടും..നോട്ടെഴുതുമ്പോൾ കൈ പുറത്ത് തൂങ്ങിക്കിടക്കും. ആ ബസ്സിലെ ഡ്രൈവർക്ക് സ്ക്കൂളിൽ പോകാതെ അപ്പോൾത്തന്നെ തിരിച്ചുപോകാമല്ലോ, യാതൊരു കുറ്റബോധവും തോന്നേണ്ടതില്ലാതെ തന്നെ ബസ് ഡ്രൈവറായി ഒരു ദിവസമെങ്കിലും ജോലി നോക്കിയിരുന്നെങ്കിൽ എത്രയോ നാൾ കൊണ്ടുനടന്ന ആ ഒരു സ്വപ്നം പൂർത്തിയായേനേ! ബസ്സ് യാത്രകൾ ഇന്ന് എത്രയോ വിരളം. എവിടെങ്കിലും സർക്കീട്ട് പോകാൻ മുറ്റത്തുപോലുമിറങ്ങാതെ കാറെടുത്ത് റോഡിലേക്കിറക്കുമ്പോൾ ശലഭവും പവിത്രവും ഇന്നില്ലാത്ത സെന്റ് തോമസും ജീസസും ഉറക്കെയുറക്കെ പുച്ഛിക്കും: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
സ്കൂളിൽ നിന്നു പോയിരുന്ന എക്സ്കർഷനുകൾ ഇപ്പോൾ ഓർക്കുന്നത് മണത്തിലൂടെയാണ്. എക്സ്കർഷനുപോകുമ്പോൾ ഒരു മണമുണ്ടായിരിക്കും. അതു കഴിഞ്ഞുവന്ന് വീട്ടിലെത്തി ബാഗ് അഴിക്കുമ്പോൾ പോലും ആ മണം തങ്ങി നിൽക്കുന്നുണ്ടാവും. എക്സ്കർഷനുപോകാൻ അച്ചൻ സമ്മതിച്ചുകഴിഞ്ഞാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്കൂൾ വിട്ടുവന്നാൽ നേരെ ടെറസിൽ പോയി ആകാശത്തേക്ക് നോക്കി കണ്ണ് ഇറുക്കിയടച്ച് സന്തോഷമടക്കാനാവാതെ കിറിയുടെ വശങ്ങളിലൂടെ അരിച്ചു പോകുന്ന ചിരിയെ തടയാൻ നോക്കാതെ കൈയ്യും കെട്ടി നിന്ന് ആ മണത്തെ ധ്യാനിക്കും. സന്തോഷമടക്കാൻ പാടുപെടുന്ന അവസരങ്ങൾ ഇങ്ങനെ വിരലിലെണ്ണാവുന്നോളമേയുള്ളു ഇതുവരെയുള്ള ഓർമ്മകളിൽ. ഇന്നിപ്പോൾ മിക്കവാറും എല്ലാ ആഴ്ച്ചയും തോറും രണ്ടുവട്ടം അന്നത്തെ എക്സ്കർഷനുകളോളം പോന്ന യാത്രകൾ ഏഴുവർഷമായി ചെയ്തിട്ടും, അതിനെക്കാൾ എത്രയെത്രയോ നീളമുള്ള യാത്രകൾ തന്നെ പോയിട്ടും പഴയ ആ എക്സ്കർഷൻ മണം എന്നിൽ തിരിച്ചുവന്നില്ല. ഇന്നാളൊരുദിവസം ഏതോ യാത്രയ്ക്കിടയിൽ പാതിമയക്കത്തിൽനിന്നെണീറ്റ് കണ്ണു തിരുമ്മുമ്പോൾ ആ മണം ഒളിച്ചുവന്ന് പരിഹാസത്തോടെ ഇത്രയും പറഞ്ഞിട്ടുപോയി: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!

പാട്ടുകേൾക്കൽ ഭ്രാന്തമായൊരാവേശമായിരുന്നു. ആറു പാട്ടുകൾ പിടിക്കാവുന്ന കാസെറ്റിൽ പുതിയതും പഴയതുമായ പാട്ടുകൾ നാഷണലിന്റെ മോണോ ടേപ്പ് റെക്കോഡറിൽ ആക്രാന്തം പിടിച്ച് കേൾക്കും. അനിയേട്ടന്റെ ഐവയും അനുവേട്ടന്റെ സോണിയും സ്വപ്നത്തിൽ വാങ്ങിയപ്പൊഴും കൺ തുറന്ന ലോകത്ത് കൊച്ചി എഫ് എം എന്തൊരനുഗ്രഹമായിരുന്നു! എത്ര വ്യക്തമായ ശബ്ദം! കാസെറ്റിനെക്കാൾ കൊള്ളാം. മീഡിയം വേവിൽ പുതിയ പാട്ടുകൾ വരില്ല, അതിനു കൊച്ചി എഫ് എം തന്നെ വേണം. ഒരിക്കൽ അദ്നൻ സാമിയുടെ മെഹ്ബൂബ മെഹ്ബൂബ മെഹ്ബൂബാ വയലും വീടിനും ഡൽഹിയിൽന്നുള്ള മലയാളവാർത്തയ്ക്കുമിടയ്ക്കുള്ള ഒരു പാട്ടിന്റെ ഗ്യാപ്പ് സ്ലോട്ടിൽ വന്നപ്പോൾ ഇരച്ചുകയറിയ സന്തോഷത്തിൽ ഇരുന്നിടത്തുനിന്ന് ചാടിയ ഒപ്പം റേഡിയോയും താഴെ വീണ് രണ്ടുകഷണം! ഇന്നിപ്പോൾ 24മണിക്കൂറിൽ കൂടുതലും(!) പാട്ടുപാടണ മൂന്ന് സ്വകാര്യ എഫ് എം സ്റ്റേഷനും, നൂറുകണക്കിനു ജി ബി എംപിത്രീ പാട്ടുകളും, ബീറ്റ്സിനൊപ്പം ഷോകേസിന്റെ ചില്ലുവരെ പ്രകമ്പനം കൊള്ളിക്കുന്ന(അച്ചൻ ആ പരിസരത്തെങ്ങാനും ഇല്ലെങ്കിൽ മാത്രം!) മ്യൂസിക് സിസ്റ്റവും, എണ്ണം പറഞ്ഞ സ്റ്റുഡിയോ മോണിറ്ററിങ്ങ് ഹെഡ്ഫോണും ഒക്കെയുള്ളതുകൊണ്ട് പാട്ടിനായി പ്രതീക്ഷിച്ചിരിക്കേണ്ടി വരാറില്ല. എല്ലാം വിരൽത്തുമ്പിൽ. വിരൽതുമ്പിൽ നിന്ന് വഴുതിപ്പോയത് വേഴാമ്പലിനെപ്പോലെ കാത്തുകാത്തിരുന്ന് കേട്ട പാട്ടുകൾ നൽകിയിരുന്ന നിറവാണ്. വിരൽ കടിച്ച് വിരൽത്തുമ്പ് നോവിച്ച് തലയ്ക്കകത്തു കയറാൻ മടിച്ച്കറങ്ങി നടക്കുന്ന പാട്ടിന്റെ വീചികളുളവാക്കുന്ന നിർവ്വികാരതയെ നോട്ടത്തിൽ കൊരുത്ത് അകലങ്ങളിലേയ്ക്കെറിഞ്ഞ് അലസമായിരിക്കുമ്പോൾ ചെവിക്കുള്ളിൽ പണ്ടത്തെ കൊച്ചി എഫ് എമ്മിലെ ഗാനോത്സവത്തിലെ തെന്നലേച്ചിയുടെ മധുരസ്വരത്തിൽ ഈ വാക്കുകൾ വേദനിപ്പിച്ചുകൊണ്ട് കിടന്നു പുളയുന്നുണ്ടാവും: നീ പിന്നെ വലിയ ആളായിപ്പോയല്ലോ!
വലിയ ആളായപ്പൊഴും നഷ്ടങ്ങളുടെ പട്ടിക നീണ്ടുകൊണ്ടിരുന്നതല്ലാതെ ഞാനൊന്നും നേടിയില്ല. നേടിയെന്നുപറയാവുന്നവ എന്നിലുണ്ടാക്കിയ നഷ്ടങ്ങൾ എനിക്കുമാത്രമറിവുള്ളവയല്ലേ! തെല്ലൊരാശ്വാസം കണ്ടെത്താനുള്ള ഭ്രാന്തമായ അഭിനിവേശത്തിൽ ഞാൻ തിരിച്ചെത്തുന്നതും കാത്തിരിപ്പുണ്ടാവുമെന്നുറപ്പുള്ള പഴമകളിലേയ്ക്ക് ഊളിയിട്ടുചെല്ലുമ്പോൾ പക്ഷെ, എങ്ങും കേൾക്കുന്നത് ഉള്ളിൽ അന്യതാബോധം നിറയ്ക്കുന്ന, കുറ്റബോധം കൊണ്ട് എന്റെ തല താഴ്ത്തിക്കളയുന്ന ഒരേ വാക്കുകളാണ്. ഇതേ വാക്കുകൾ ഉരുവിട്ടുരുവിട്ട് കുറിക്കു കൊള്ളുന്ന ചാട്ടുളി പോലെ എനിക്കു നേരേ ഓങ്ങി വച്ചിരിക്കുന്ന ഇനിയുമെത്രയോ പ്രിയകരമായ പഴമകൾ വേറെയും കാണും. പുത്തനാവണ്ടാത്ത, പഴഞ്ചനു വേണ്ടാത്ത എന്നെ പ്രതിരോധിക്കാൻ പാടുപെടുമ്പോൾ അവശേഷിച്ച ഞാൻ കൂടി എനി ക്കില്ലാതെയാകുന്നത് ഈ പരിഭവം കൂട്ടണ നിങ്ങൾക്കാർക്കുമറിയില്ലല്ലോ, അറിയേണ്ട കാര്യമില്ലല്ലോ...


8 comments:

  1. Nice one.. Feeling nostalgic and equally painful. Felt like I am missing so many things that are once precious for me.

    ReplyDelete
  2. വലിയ ആളായിപ്പോകാത്ത നല്ല എഴുത്ത്

    ReplyDelete
  3. നന്നായിട്ടോ രഘു...

    ReplyDelete
  4. നന്നായിട്ടോ രഘു...

    ReplyDelete
  5. എത്ര പ്രിയങ്കരമായ പഴമകൾ!!

    സ്കൂൾ എസ്കേർഷനെക്കുറിച്ച്‌ പറഞ്ഞത്‌ എന്റെ കാര്യത്തിൽ അക്ഷരംപ്രതി ശരി!/!/!/!/

    ReplyDelete