Dec 16, 2008

തുലാഭാരം

പൊതുവേ എല്ലാ അമ്മമാരുടെയും സ്വഭാവമാണ് മക്കളുടെ പേര്‍ക്ക് വഴിപാടുകള്‍ നേരുക എന്നത്.
എന്റെ അമ്മയ്ക്ക്, എന്റെ പത്താംക്ലാസ് കഴിഞ്ഞതോടെ എന്നിലുള്ള ആത്മവിശ്വാസത്തില്‍ കുറേശ്ശെ ചോര്‍ച്ച നേരിട്ടു എന്നു തോന്നുന്നു...
പത്താംക്ലാസ് വരെ പച്ചവെള്ളം പോലും ചവച്ചിറക്കുന്ന ഒരു മിണ്ടാപ്രാണിയായിരുന്നു ഞാന്‍... 
അല്ലെങ്കില്‍ അങ്ങനെയൊരു ഇമേജാണ് ഞാന്‍ പുറത്തേയ്ക്ക് കാണിച്ചിരുന്നത്.
പ്ലസ് ടൂ കഴിഞ്ഞതോടെ ഞാന്‍ സ്വാതന്ത്ര്യത്തിന്റെ രുചി കുറേശ്ശേ രുചിയ്ക്കാന്‍ തുടങ്ങി...
എഞിനിയറിങ്ങ് ആ‍യതോടെ ജീവിതം എങ്ങനെ അര്‍മ്മാദിയ്ക്കാം എന്നു ഞാനേറെക്കുറേ മനസിലാക്കിയിരുന്നു(വളരെ വിപുലമായിട്ടല്ലെങ്കിലും)
അച്ഛനുമമ്മയും ടീച്ചര്‍മാരായിരുന്നതുകൊണ്ട് എന്റെയീ പോക്കു കണ്ട് അവര്‍ക്ക്, വിശിഷ്യാ അമ്മയ്ക്ക് വല്ലാത്ത ഒരു ഭീതി തോന്നിക്കാണണം... 
അങ്ങനെയാണ് എനിയ്ക്ക് നല്ല ഒരു ജോലി കിട്ടിയാല്‍ മുത്തലപുരം ഭഗവതിയ്ക്ക് (അമ്മയുടെ വീടിനടുത്ത്) ശര്‍ക്കര കൊണ്ട് ഒരു തുലാഭാരം നേര്‍ന്നേക്കാം എന്ന് അമ്മ പ്രാര്‍ത്ഥിയ്ക്കാനിടയായത്. 

ഏതായാലും വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഭഗവതി തുണച്ചു... 
വഴിപാടിന്റെ വിവരം ജോലി കിട്ടിയ ശേഷമാണ് ഞാനറിയുന്നത്...
കേട്ടവഴി ഞാന്‍ അമ്മയുടെ നേരെ നോക്കി കണ്ണുമിഴിച്ചു. ലോകത്ത് വേറെ എന്തൊക്കെ വഴിപാടുകള്‍ കിടക്കുന്നു! മനുഷ്യനെ നാണം കെടുത്താന്‍ ഇതു തന്നെ അമ്മയ്ക്ക് തോന്നിയല്ലൊ!
എന്റെയീ വികാരവിക്ഷോഭത്തില്‍നിന്നും എന്റെ ആകാരവടിവിനെപ്പറ്റി നല്ല ഒരു രൂപം നിങ്ങള്‍ക്ക് കിട്ടിക്കാണും!
ഈ പ്രായത്തില്‍ത്തന്നെ സാമാന്യം മോശമല്ലാത്ത തടിയുടെയും അത്യാവശ്യം തരക്കേടില്ലാത്ത ഒരു കുടവയറിന്റെയും ഉടമയായിരുന്നു ഞാന്‍.
സുമാര്‍ പത്തെണ്‍പത് കിലോ തൂക്കം കാണുമായിരിക്കും...
വല്ല  അനര്‍ത്ഥവും സംഭവിച്ചാല്‍ ഇമേജ് നഷ്ടമാകുന്നത് നമുക്കല്ലേ... അമ്മയ്ക്കെന്താ!
തുലാഭാരം എന്നു കേട്ടപടിതന്നെ എന്റെ ഒരു ഒന്നൊന്നരക്കിലോ തല്‍ക്ഷണം കുറഞ്ഞുകാണും, തീര്‍ച്ച!
ഈ ന്യൂസ് കേട്ടവര്‍ കേട്ടവര്‍ ഒരു മാതിരി ആക്കി ചിരിയും മൂളിപ്പാട്ടുമൊക്കെ തുടങ്ങി... 
സ്വന്തം ചേട്ടന്മാരും സ്വന്തക്കാരുമൊക്കെത്തന്നെയാണെന്നോര്‍ക്കണം.

ഒരുത്തിയുടെ കമന്റ്... 
“രഘുവമ്മാവാ, തൂക്കാന്‍ ശര്‍ക്കര തികയാത്തതുകൊണ്ട് വീണ്ടും ശര്‍ക്കര വാങ്ങാന്‍ അമ്പലത്തില്‍നിന്നും ആളു പോയിരിക്കയാണെന്നു കേട്ടല്ലോ. തുലാഭാരക്കാരന്റെ തൂക്കം കേട്ട് പൊളിഞ്ഞ തിരുമേനിയുടെ വായ് ഇതുവരെ അടഞ്ഞിട്ടില്ലെന്നാ കേട്ടത്!”
എനിയ്ക്കെല്ലാം കൂടികേട്ടപ്പോള്‍ വട്ടു പിടിച്ചുതുടങ്ങി... ഇവളെയൊക്കെ ഒരു ദിവസം എന്റെ കൈയില്‍ കിട്ടും, അന്നു ശരിപ്പെടുത്തിക്കൊടുക്കാം...

അമ്മയോട് പരാതി പറഞ്ഞപ്പോള്‍ പണ്ട് ചൂലുകൊണ്ട് തുലാഭാരം നേര്‍ന്ന ദരിദ്രയായ ഏതോ സ്ത്രീയുടെ കഥപറഞ്ഞു. പുള്ളിക്കാരി പിന്നീട് കാശൊക്കെയായപ്പോ‍ള്‍ ചൂലിനു ഗെറ്റപ്പില്ലെന്നു കണ്ട് വേറെന്തോ ഐറ്റം കൊണ്ട് തുലാഭാരം നടത്തിയെന്നും, എന്നിട്ട് തുലാഭാരത്തട്ട് പൊങ്ങിയില്ലെന്നുമാണ് കഥ! 
അവസാനം ചൂലുതന്നെ കൊണ്ടുവന്നിട്ടേ വഴിപാടു നടന്നൊള്ളൂ പോലും!
ഇതാണ് അമ്മമാര്‍ മലയാളം ടീച്ചര്‍മാരായലുള്ള കുഴപ്പം... എന്തു പറഞ്ഞാ‍ലും കഥ!
ഇനിയിപ്പോ ഞാനായിട്ട് അമ്മയ്ക്കൊരു മനോവിഷമം വരുത്തണ്ട എന്നു വിചാരിച്ച് മിണ്ടാതിരുന്നു.
സംഭവം നടക്കാന്‍ പോകുന്നത് ഞങ്ങളുടെ കുടുംബയോഗത്തിന്റെ അന്നാണ്!
മെയിന്‍ പുള്ളികള്‍ മുതല്‍ അങ്ങ് പീക്കിരികള്‍ വരെ അന്നേദിവസം വരും! 
സകലരുടെയും മുന്നില്‍ വച്ച് മാനം പോകുമോ എന്റെ ഭഗവതീ?

അമ്മയോടു പറഞ്ഞിട്ട് കാര്യമില്ലെന്നുകണ്ട് ഞാന്‍ പേരമ്മയുടെ അടുത്തേയ്ക്കു ചെന്നു.
ഞാന്‍ പേരമ്മയുടെ അവിടെ താമസിച്ചാണ് അന്നു കോളേജില്‍ പോയ്ക്കൊണ്ടിരുന്നത്...
ഈ തുലാഭാരത്തട്ട് അമ്പലത്തിലേയ്ക്ക് വഴിപാടായി നല്‍കിയിരിയ്ക്കുന്നതും പേരമ്മയാണ്...

പേരമ്മ: “എന്തുവാടാ മുഖം വല്ലാതെയിരിക്കുന്നത്? വയറില്‍ വല്ല പ്രശ്നവുമാണോ?”
ഞാന്‍: “ഏയ്, അതൊന്നുമല്ല...”
പേരമ്മ: “പിന്നെന്താന്നുവച്ചാല്‍ പറ, നമുക്കു പരിഹാരമുണ്ടാക്കാം”

ഞാന്‍ പ്രശ്നം വിശദമായി അവതരിപ്പിച്ചു...

പേരമ്മ: “അയ്യോ ഇതിനാണോ നീയിങ്ങനെ വിഷമിയ്ക്കുന്നത്! നീയങ്ങനെ ടെന്‍ഷനടിയ്ക്കേണ്ട യാതൊരു കാര്യവുമില്ല... ഇതൊക്കെ മുന്‍ കൂട്ടി കണ്ടിട്ടുതന്നെ, തുലാഭാരത്തട്ടൊക്കെ നല്ല ബലത്തില്‍ തന്നെയാ ഉണ്ടാക്കിച്ചിരിയ്ക്കുന്നത്. നിന്നേപ്പോലെ രണ്ടാളിരുന്നാലും അതിനൊരു കുഴപ്പവും വരില്ല,നീ ധൈര്യമായിരി...”

ഹാവൂ ഞാനൊന്നാശ്വസിച്ചു... 
മേശപ്പുറത്ത് പേരമ്മ എനിക്കായി എടുത്തുവച്ച ചൂടുചായ ഞാന്‍ പതുക്കെ  കുടിച്ചു...

പേരമ്മ: “പിന്നെ... ഇനിയിപ്പോ ഈ തുലാഭാരത്തിനുള്ള തട്ട് തൂക്കിയിരിക്കുന്ന-അമ്പലത്തിന്റെ കഴുക്കോലെങ്ങാനും ഒടിഞ്ഞുപോന്നെങ്കിലേ ഒള്ളൂ!പഴയ കെട്ടിടമല്ലേ, ഒന്നും പറയാന്‍ പറ്റില്ലല്ലോ!“

ദൈവമേ! പിടിച്ചതിനേക്കാള്‍ വലുതാണ് അളയിലിരിയ്ക്കുന്നത് എന്നു പറഞ്ഞപോലെയായി എന്റെ അവസ്ഥ!
കഴുക്കോലും മേല്‍ക്കൂരയും എല്ലാംകൂടി പൊളിഞ്ഞുപോരുന്നതിലും എത്രയോ ഭേദമായിരുന്നു തുലാഭാരത്തിന്റെ ത്രാസുമാത്രം പൊട്ടിച്ചാടുന്നത്!
പേരമ്മയുടെ ഈ ‘ആശ്വാസവാക്ക്’ കേട്ട അതേ നിമിഷം ഞാനിറക്കിയ ചൂടന്‍ ചായ, മുകളിലേയ്ക്കോ‍ താഴേയ്ക്കോ പോ‍കാതെ  ഇടയ്ക്കെവിടെയോ തങ്ങി നിന്നു!

* * * * * * * * *

വാല്‍ക്കഷണം: 
ഏതായാലും തുലാഭാരം അനര്‍ത്ഥങ്ങളൊന്നും കൂടാതെ നടന്നു.
രൂപം കൊണ്ടും കൂടി എന്റെ ചേട്ടനെന്നു പറയാവുന്ന സുനുവേട്ടന്‍ ഞാന്‍ കയറുന്നതീനു മുന്‍പ് ഓപ്പറേഷന്റെ ഒരു ‘ഡ്രൈ റണ്‍‘ നടത്തി എനിയ്ക്ക് പച്ചക്കൊടി തന്നതിനു ശേഷമാണ് ഞാന്‍ കയറിയത്...


10 comments:

 1. കൊള്ളാം!!!

  നന്നായി എഴുതിയിരിക്കുന്നു ഈ അനുഭവക്കുറിപ്പുകള്‍....

  വായിച്ചു....ആസ്വദിച്ചു....

  ReplyDelete
 2. വളരെ നന്ദി ഹരീഷേട്ടാ...

  ReplyDelete
 3. എന്നിട്ട് ഈ പറഞ്ഞതു വല്ലതും നടന്നോ?

  ReplyDelete
 4. ഓ അതു ഞാന്‍ വിട്ടു പോയി...
  ഓര്‍മ്മിപ്പിച്ചതിനു നന്ദി, വാല്‍ക്കഷണം ചേര്‍ത്തിട്ടുണ്ട്.

  ReplyDelete
 5. ചാത്തനേറ്: കൊച്ചു കൊച്ചു കാര്യങ്ങളാണേലും നന്നായി അവതരിപ്പിച്ചിരിക്കുന്നു.

  ReplyDelete
 6. ചാത്തനേറ്: എടോ മണ്ണുണ്ണീ നല്ലൊരു പോസ്റ്റ് വായിച്ച് കമന്റിടാന്‍ തപ്പിയപ്പോള്‍ ‘പോസ്റ്റ് കമന്റ്‘ ലിങ്ക് കാണാനില്ല. ആ കുട്ടിയുണ്ട് സൂക്ഷിക്കുക പോസ്റ്റിന്റെകാര്യാ പറഞ്ഞത്.. ആ പോസ്റ്റ് വായിച്ച് തോന്നിയ സന്തോഷമെല്ലാം കമന്റിടാന്‍ പറ്റാത്ത വിഷമത്തില്‍ തന്നോട് ദേഷ്യായീ.. ഒരു നാലു തെറി വിളിക്കട്ടേ?? താന്‍ കരിമ്പൂതമല്ല മണ്ടന്‍പൂതമാ :) ഒന്നു ശരിയാക്കെടോ. എന്നിട്ടിവിടൊരു കമന്റിട് ട്രാക്കറില്‍ പിടിച്ച് കയറിവരാം.

  ReplyDelete
 7. കുട്ടിച്ചാത്താ... അതില്‍ കമന്റുകള്‍ ഇടാന്‍ പറ്റണില്ലെന്നു ഞാനും കഴിഞ്ഞ ദിവസാ ശ്രദ്ധിച്ചത്! വളരെ നന്ദി... ശരിയാക്കീട്ടുണ്ട്

  ReplyDelete
 8. raghu..lalithamaya vivaranam ..pakshe nalla interesting anu keto..

  ReplyDelete