Nov 26, 2008

കര്‍ത്താവിന്റെ പഞ്ഞം!

അവധിയ്ക്ക് പതിവുള്ള അമ്മവീട്(കൂത്താട്ടുകുളത്തിനടുത്ത് മുത്തോലപുരം) സന്ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന സമയം...
സൂര്യന്‍ നേരെ കണ്ണിലേയ്ക്ക് അടിച്ചുകയറുന്ന കൂത്താട്ടുകുളം സ്റ്റോപ്പില്‍ ഞാന്‍ പല്ലിറുമ്മി കാത്തുനിന്നു...
നില്‍പ്പ് തുടങ്ങീട്ട് മണിക്കൂറൊന്നാകാറായി, ഇനിയിത്രയും തന്നെയോ അതിലും കൂടുതലോ മുവാറ്റുപുഴയും നില്‍ക്കേണ്ടിവരുമല്ലോ എന്നോര്‍ത്തപ്പോള്‍ ദേഷ്യം ഇരട്ടിയായി... 
(മുവാറ്റുപുഴയില്‍ നിന്നും അങ്ങുള്ളിലോട്ട് കയറി കിടക്കുന്ന മേതല എന്ന (കു)ഗ്രാമത്തിലേക്ക് നേരത്തും കാലത്തും ബസ് കിട്ടണമെങ്കില്‍ ഭാഗ്യദേവത കനിഞ്ഞനുഗ്രഹിക്കണം!)
അന്നാണെങ്കില്‍ കൂടെ ആരുമൊട്ടില്ലതാനും... അമ്മയോ മറ്റോ കൂടെയുണ്ടെങ്കില്‍ ബസ് വരാന്‍ വൈകി ബോറടിക്കുമ്പോള്‍ കൂടെയുള്ളവരെ ‘ചൊറിഞ്ഞു‘കൊണ്ട് സമയം കൊല്ലാം!
ചെറുപ്പം തൊട്ടേ എന്റെ സ്വയം പര്യാപ്തതയില്‍ നല്ല വിശ്വാസമായിരുന്നതുകൊണ്ട് എവിടെയും എന്നെ തനിയെ വിടുമായിരുന്നു.
ചിലപ്പോ ഇക്കാരണം കൊണ്ടുതന്നെയായിരിക്കും എവിടെയും തനിയെ പോകാന്‍ സുളുവില്‍ എനിക്ക് പെര്‍മിഷന്‍ കിട്ടാറ്!

സാധാരണ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ നേരമ്പോക്കിന് എന്തെങ്കിലുമൊക്കെ കാണാറുള്ളാതാണ്...
ഏറ്റവും രസം പീക്കിരി പിള്ളാര് മുട്ടായി വേണം കാറു വേണം എന്നൊക്കെ പറഞ്ഞ് കൂടെയുള്ള തള്ളമാരെ ശല്യപ്പെടുത്തുന്നത് കണ്ടുനില്‍ക്കലാണ്...
ചില വിരുതന്മാര്‍ വെയിറ്റിങ് ഷെഡില്‍ കിടന്നുരുണ്ടും തല്ലിയലച്ചുമൊക്കെ ഘോരഘോരം തൊള്ളകീറുന്നത് കണ്ടുനില്‍ക്കാന്‍ നല്ല രസമാണ്...
തള്ളമാരോ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ അടുത്തുള്ള ലേഡീസ് ഷോപ്പിലെ തലയെണ്ണിക്കൊണ്ടിരിക്കുന്നുണ്ടാവും!

അന്നത്തെ ദിവസം ഇമ്മാതിരി കലാപരിപാടികള്‍ ഒന്നും കാണുന്നില്ല...
സമയം ചുമ്മാ കടന്നു പോകുന്നു. അടുത്ത് ആകെക്കൂടി ഒരു പത്തുനാല്‍പ്പത് വയസു തോന്നിക്കുന്ന ഒരു അമ്മച്ചി മാത്രമേയുള്ളൂ... മാന്യമായി വസ്ത്രം ധരിച്ചിരിക്കുന്നു.

അപ്പോള്‍ ഒരു വയസന്‍ ഭിക്ഷക്കാരന്‍ അങ്ങോട്ട് വന്നു. 
വല്ലാത്ത കോലം!
ടണ്‍ കണക്കിനു ചെളി അടിഞ്ഞുകൂടിയ കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍...
കൈയിലൊരു വടിയും പിന്നെ പിച്ചച്ചട്ടിയും...
താടിയും മുടിയുമൊക്കെ കത്രികയോ ബ്ലെയിഡോ കണ്ടിട്ട് മാസങ്ങളായിട്ടുണ്ട്, തീര്‍ച്ച.
മെലിഞ്ഞ് വിളറി വെളുത്ത്... കലങ്ങിമറിഞ്ഞ കണ്ണുകള്‍...
വേച്ചുവേച്ച് അയാള്‍ മൈനറായ എന്നെ മയിന്റ് ചെയ്യാതെ അമ്മച്ചിയുടെ അടുത്ത് ചെന്ന് പിച്ചച്ചട്ടി നീട്ടി...

കാര്യം കാഴ്ചയ്ക്ക് ഇങ്ങോര്‍ ഇങ്ങനെയൊക്കെയാണെങ്കിലും മുഖത്ത് നല്ല സന്തോഷം, ശാന്തത...
“ദുഃഖങ്ങള്‍ക്കിന്നുഞാനവധികൊടുത്തു, സ്വര്‍ഗ്ഗത്തിലൊരു മുറി വാടകയ്ക്കെടുത്തു“ എന്നൊക്കെ പറഞ്ഞപോലെ

അടുത്തു നിന്ന അമ്മച്ചി അപ്പോളാണ് ഇയാളെ ശ്രദ്ധിച്ചത്...  ആളെ അടിമുടി ഒന്നു നോക്കി,
കണ്ണുകള്‍ സഹതാപം കൊണ്ട് നിറഞ്ഞു
വേഗം പേഴ്സില്‍നിന്ന് പത്തിന്റെ കുറേ നോട്ടുകള്‍ പുറത്തെടുത്തു നീട്ടി... എന്നിട്ട് പറഞ്ഞു

“വല്യപ്പാ ആദ്യം ഈ താടീം മുടീമൊക്കെ ഒന്നു വെട്ടിച്ചുകള...
ഇതെന്തുകോലമാ എന്റെ കര്‍ത്താവേ...
എന്നിട്ട് ബാക്കി പൈസായ്ക്ക് വല്ലോം വാങ്ങിക്കഴിച്ചോ”

വല്യപ്പന്‍ സസന്തോഷം പൈസാ വാങ്ങി... എന്നിട്ടല്‍പ്പമൊന്നാലോചിച്ചിട്ട് പറഞ്ഞു...

“താടീം മുടീം ക്രിസ്മസ് കഴിഞ്ഞു വെട്ടിച്ചാല്‍ പോരേ മോളേ...
ക്രിസ്മസ് കരോളിന് കര്‍ത്താവിന്റെ വേഷം കെട്ടാന്‍ പള്ളിക്കാരു ബുക്ക് ചെയ്തേക്കുവാ...
അതിന് ഇതൊക്കെയില്ലാതെങ്ങനാ...““

* * * * * * *

‘അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം!!!’


4 comments:

 1. തട്ടിക്കൂട്ട് മോനേ, കാണട്ട് ഇനീം, ഇനീം!

  ReplyDelete
 2. പ്രോത്സാഹനത്തിനു വളരെ നന്ദി...
  അടുത്തത് ഇട്ടിട്ടുണ്ട്...

  ReplyDelete
 3. ഡാ നിന്റെ ത്ട്ടിക്കുട്ട് കൊള്ളാം....ഇനിയും പൊരട്ടെ അങനെ പൊരട്ടെ......

  ReplyDelete
 4. ഹഹഹ...
  പ്രോത്സാഹനങ്ങള്‍ക്ക് വളരെ നന്ദിയെടാ അശ്വിന്‍...
  ഇനിയും ഇനിയും ശ്രമിച്ചു നോക്കാം...
  തട്ടിക്കൂട്ടി വല്ലതും ഒപ്പിയ്ക്കാന്‍ പറ്റുമോന്ന്!

  ReplyDelete