Sep 14, 2011

ഉറക്കമല്ലോ സുഖകരം

അനുനിമിഷം എന്നെ മാറ്റിക്കൊണ്ടിരിക്കുന്നതെന്താണ്
എന്നില്‍ മാറിക്കൊണ്ടിരിക്കുന്നതെന്താണ്

ഒരു നിമിഷം ഞാന്‍ ദിവ്യനാണ്,
എന്നാല്‍ ക്ഷണനേരത്തില്‍ ആ ദിവ്യതയുടെ അടിവേരുമുറിഞ്ഞു ഞാന്‍ ഹീനനാകുന്നു.
ഒരു നിമിഷം എന്തെന്നില്ലാത്ത ആനന്ദം എന്നില്‍ നിറഞ്ഞൊഴുകുന്നു,
അടുത്ത ക്ഷണം ഞാനൊരിക്കലും സന്തോഷിച്ചിരുന്നിരുന്നില്ലെന്നും
ഇനി ഒരിക്കലും ഞാന്‍ സന്തോഷിക്കാനിടയില്ലെന്നും തോന്നിപ്പിക്കുന്നപോലെ
ഞാന്‍ ദുഃഖിതനാകുന്നു.
ഒരു നിമിഷം പ്രത്യാശയുടെ വെള്ളിവെളിച്ചം എന്റെ വഴികളില്‍ നിറഞ്ഞുതുളുമ്പുന്നു.
അടുത്ത ക്ഷണം വീഴുകയാണോ നില്‍ക്കുകയാണോ എന്നു പോലും തിരിച്ചറിയാനാകാത്ത അനന്തമായ കൂരിരുട്ട് എന്റെ ക ണ്ണുകളെയും മനക്കണ്ണിനെപ്പോലും അന്ധമാക്കുന്നു.
ഇരുട്ടിന്റെ മട്ടിക്കുന്ന മണം തന്നെ അടിച്ചടിച്ച് എന്റെ മൂക്കുകള്‍ (!) എനിക്കില്ലായിരുന്നെങ്കില്‍ എന്ന് എനിക്ക് തോന്നിപ്പോകുന്നു.
സന്തോഷിക്കുമ്പോള്‍ ഞാന്‍ സന്തോഷിക്കേണ്ടവനല്ലെന്നും,
ദുഃഖിക്കുമ്പോള്‍ ഞാന്‍ ദുഃഖിക്കേണ്ടവനല്ലെന്നും എനിക്ക് തോന്നുന്നു.
ഒരു നിമിഷം എങ്ങുനിന്നോ പ്രണയത്തിന്റെ ദിവ്യസുഗന്ധം തിങ്ങിനിറഞ്ഞൊഴുകിവരുന്നൊരു പുഴയായി എന്റെ കരളില്‍ നിറയുന്നു.
മറുനിമിഷം എങ്ങനെയോ ആ പ്രണയത്തെയും വിഴുങ്ങുന്ന വിരഹം എന്നിലെ ആത്മരോദനങ്ങള്‍ക്ക് അകമ്പടിയായി
എന്റെ ഹൃദയക്ഷേത്രത്തിന്റെ കല്‍ ഭിത്തികളില്‍ പ്രതിഫലിച്ച് അനന്തമായി മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
അവിടുത്തെ നിത്യപൂജകൾക്ക്‍ ദിവ്യതയേകുന്ന  ശുഭപ്രതീക്ഷയുടെ മണിമുഴക്കങ്ങളെയും വിഴുങ്ങിക്കൊണ്ട്!
അറിവിനെയോര്‍ത്ത് അഹങ്കരിക്കുമ്പോള്‍ ഞാന്‍ അല്‍പ്പനാകുന്നു.
അല്പജ്ഞനെന്നറിയുമ്പോളും ഞാന്‍ അല്‍പ്പനാകുന്നു.

ഒന്നും ചെയ്യാതിരുന്നിട്ടും, എല്ലാം ചെയ്യാന്‍ ശ്രമിച്ചിട്ടും ഇവയെല്ലാം അഭംഗുരം എന്നില്‍ നടക്കുന്നു.
അതുകൊണ്ടുതന്നെ എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടെന്ന വിശ്വസവും എനിക്ക് നഷ്ടമാകുന്നു.

ഇത്ര ചഞ്ചലമായ, അസ്ഥിരമായ  ഉണര്‍വ്വിനെക്കാള്‍ എന്തുകൊണ്ടും സുഖം ഉറക്കം തന്നെ.
അവിടെ സുഖമോ ദുഃഖമോ ഇല്ല.
രണ്ടുമില്ലാത്ത, ഭേദമില്ലാത്ത, അനന്തമായ പൂര്‍ണ്ണത മാത്രം.
എന്നാല്‍ ആ നിത്യതയും പൂര്‍ണ്ണതയും ഉണരേണ്ടിവരുമ്പോള്‍  നഷ്ടമാകുന്നു!
എന്നുമീ നഷ്ടത്തിന്റെ ദുഃഖവും ഞെട്ടലും പേറി ജീവിക്കേണ്ടിവരുന്നു, വീണ്ടും ഉറങ്ങാന്‍ കഴിയുന്നതുവരെ!

ഒരിക്കലും ഉണരേണ്ടിവരാതെ,
ഉണര്‍ത്താനാരുമില്ലാതെ,
ഉണരേണ്ടിവരാതെ
എന്നെന്നേയ്ക്കുമായി ഉറങ്ങാനായെങ്കില്‍ !
എന്റെ ആഗ്രഹങ്ങളെയും, അഭിനിവേശങ്ങളെയും,
നഷ്ടബോധങ്ങളെയും, ലാഭേച്ഛകളെയും,
അഹങ്കാരങ്ങളെയും, ജാള്യതകളെയും,
ലാഭങ്ങളെയും, നഷ്ടങ്ങളെയും,
ബന്ധങ്ങളെയും, ബന്ധനങ്ങളെയും,
സൌഹൃദത്തെയും, ശത്രുതയെയും
എല്ലാമെല്ലാം കളഞ്ഞ് ഉടലും ആത്മാവുമില്ലാതെ,
നിലനില്‍ക്കുന്നു എന്ന തോന്നല്‍ പോലുമില്ലാതെ,
താങ്ങുന്ന ആകാശത്തിനെപ്പോലും എന്റെ അസ്തിത്വമറിയിക്കേണ്ടിവരാതെ
ഒന്നിലുമല്ലാതെ,
ഒന്നുമില്ലാത്ത അവസ്ഥയില്‍ അങ്ങനെ പാറിപ്പറന്ന്,
എവിടെയും തങ്ങേണ്ടിവരാതെ, പറ്റിപ്പിടിക്കേണ്ടിവരാതെ,  അടിഞ്ഞുചേരേണ്ടിവരാതെ പൊങ്ങിപ്പറക്കാനായെങ്കില്‍!

കാരണം,
സ്ഥിരമായി എനിക്കില്ലെന്ന്  കൂടെക്കൂടെ എനിക്ക് ബോദ്ധ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചിലതാണ് എനിക്കുചുറ്റിലും - എന്റെയുള്ളിലും എന്നറിയേണ്ടിവരുന്നത്
എന്റെ ലോകമെന്ന് ഞാൻ ധരിക്കുന്നത് ഇത്ര അസ്ഥിരമെന്നറിയേണ്ടിവരുന്നത്
അസുഖകരമാണ്!

ഒരിക്കലും ഉണരേണ്ടിവരുമെന്ന് പേടിക്കാതെ ഉറങ്ങാനായെങ്കില്‍ !

4 comments:

  1. ഒരിക്കലും ഉണരേണ്ടിവരുമെന്ന് പേടിക്കാതെ ഉറങ്ങാനായെങ്കില്‍ !

    ReplyDelete
  2. ഒരു നിശ്ചയമില്ലയോന്നിനും അത്രേള്ളൂ .....
    ബാക്കിയൊക്കെ വോക്കെ .....
    തട്ടിക്കൂട്ടിയ ബണ്ടി കൊടുക്കുന്നെന്കില്‍ പറയണേ ....

    ReplyDelete
  3. ഒരിക്കലും ഉണരാതെ ഉള്ള ഉറക്കം ആണെങ്കില്‍ കൊള്ളാം പക്ഷെ ഇനി മറ്റൊരിടത്ത്‌ ഇതിലും കെടയായി ഉണരേണ്ടി വന്നാലൊ

    അതുകൊണ്ട്‌ പെട്ടെന്നുറങ്ങണ്ടാ കിട്ടിയത്‌ ഉള്ളിടത്തോളം പോരട്ടെ
    :)

    ReplyDelete
    Replies
    1. ഇതിലും കെടയാണെന്ന് അവിടെ നില്‍ക്കുമ്പോള്‍ അറിയില്ലല്ലോ... അവിടെ നില്‍ക്കുമ്പോള്‍ അപ്പോഴത്തെ നിയമങ്ങളും യാഥാര്‍ത്ഥ്യങ്ങളുമാവും! എങ്ങനെ വീശിയാലും കളി മാറുന്നില്ലല്ലോ!

      Delete