Feb 1, 2012

പൂ(ക്കാ)മരം

ഒരിക്കലും പൂക്കാത്ത എന്റെ പൂമരം
എന്നിട്ടും എനിക്കത് പൂമരമായി
കാണുന്നവര്‍ കാണുന്നവര്‍ എന്നെ കളിയാക്കുമായിരിക്കും,
പൂവിടാത്ത ഈ പാഴ്മരം പൂമരമായതെങ്ങനെയെന്ന്
മോഹങ്ങള്‍ നിറഞ്ഞുതൂകുന്ന കണ്ണീര്‍ അതിന്റെ ചുവട്ടിലിറ്റിച്ച്
കണ്ണും നട്ട് ഞാനെന്നും കാത്തിരിക്കും
തളിരിലകള്‍ക്കിടയിലെങ്ങാന്‍ ഒരു കുഞ്ഞുകണ്ണ് തിളങ്ങുന്നോ എന്ന്

എന്റെ പൂമരത്തില്‍ വിരിയുന്ന പൂക്കളെല്ലാം
വിരിയും മുന്‍പേ പൊഴിയാന്‍ വേണ്ടി ഉണ്ടാകുന്നവയാണ്

എന്റെ കരളിനുള്ളില്‍
എപ്പൊഴും ചാറല്‍ മഴ ചിണുങ്ങിപ്പെയ്യുന്ന-
എപ്പൊഴും മഞ്ഞിന്റെ നനവ് കിനിഞ്ഞിറങ്ങുന്ന-
നാമ്പുകളില്‍ പ്രണയത്തിന്റെ നനവ് തങ്ങി തിളങ്ങുന്ന പുല്‍മേടുകള്‍ക്കിടയില്‍
ഏകാന്തതയുടെ തണല്‍നിറഞ്ഞൊരു കോണുണ്ട്
എന്റെ പൂമരത്തിന്റെ പൂക്കള്‍ അവിടെയാണ് പൊഴിയുന്നത്
വിരിയാന്‍ വിറകൊള്ളുന്ന ഇതളുകള്‍ക്കിടയിലൂടെ
നിരാശകലര്‍ന്ന ഒരായിരം കുഞ്ഞു കണ്ണുകള്‍ എന്നെ നോക്കി വിതുമ്പുമ്പോള്‍
ഞാനെന്റെ വിഷാദത്തിന്റെ ഭാണ്ഡവും പേറി അവിടെയാണു പോകാറ്
എന്റെ പൂമരത്തിന്റെ പൂക്കള്‍ അങ്ങ് മുകളില്‍നിന്നും കറങ്ങിക്കറങ്ങി
സുഗന്ധം പരത്തി വരുന്നതും നോക്കി അവിടെ ഞാന്‍ ഇമവെട്ടാതിരിക്കും
കണ്ണീര്‍ നിറഞ്ഞുതുളുമ്പുന്നതിനാല്‍ എനിക്കൊന്നും കാണാനാകാറില്ല

ആ പൂക്കള്‍ ഒരിക്കലും ഞാന്‍ കൊതിക്കും‌പോലെ
എന്റെ ലോകം എനിക്കുമുന്നില്‍ വിരിയിക്കുന്ന എന്റെ കണ്‍കളെ ചുംബിക്കാറുമില്ല
എന്റെ ലോകം മായികമായ കടുംനിറങ്ങളില്‍ ചാലിച്ചതെന്ന് ഓര്‍മ്മപ്പെടുത്തി
എന്റെ കണ്ണുകളെ തഴുകാതെ,
ജന്മാന്തരങ്ങള്‍‌ക്കിടയിലെ അപാരദുഃഖത്തിന്റെ മഹാമൌനം ഘനീഭവിച്ച പാറയിടുക്കുകള്‍ക്കിടയിലൂടെ
തേടലിന്റെ നിത്യസന്ദേശവും വഹിച്ച് പതഞ്ഞ് കലങ്ങി തിങ്ങിയൊഴുകും പുഴകളിലേക്ക്
എന്റെ ചുടുനിശ്വാസങ്ങളേറ്റ് അവ തെന്നിത്തെന്നി നീങ്ങുന്നത്
നിസ്സഹായനായി ഞാന്‍ നോക്കിനില്‍ക്കും...

ഏകാന്തതയുടെ ആ ഒഴിഞ്ഞകോണില്‍നിന്നും
ശൂന്യതയുടെ മണലോരത്തേക്ക് അധികം ദൂരമില്ല
ഇടറുന്ന ആ യാത്രയില്‍ എന്റെ കണ്‍കളില്‍  എന്നും ഉപ്പിന്റെ കയ്പ്പും നീറ്റലുമായിരിക്കും

ഓരോവട്ടം ആ മരച്ചുവട്ടില്‍നിന്നും കരഞ്ഞുകൊണ്ട് മടങ്ങുമ്പൊഴും
വെറുതെ ഞാനോര്‍ക്കും
ശരിക്കും എന്റെ പൂമരത്തില്‍ പൂക്കള്‍ വിരിഞ്ഞിരുന്നെങ്കില്‍
ആ കുഞ്ഞുപൂക്കള്‍ എന്റെ കണ്‍കളെ ഉമ്മവച്ച്
കാതില്‍ ഇക്കിളിയിട്ട്
എന്നിലാകെ നറുമണം പരത്തിയിരുന്നുവെങ്കില്‍
എന്റെ കണ്ണീരിന് ഉപ്പിന്റെ കൈപ്പാകില്ലല്ലോ ഉണ്ടായിരുന്നിരിക്കുക...

Nov 29, 2011

ഒരു പാപിയുടെ മരണപത്രം

ഈ പാപി പോകുന്നു.

വിശുദ്ധരേ..
ഈ ജന്മം ഞാന്‍ ചെയ്തതെല്ലാം പാപമെന്നു നിങ്ങള്‍ പറഞ്ഞിടത്ത് എന്റെ മരണവും സംഭവിച്ചുകഴിഞ്ഞു. ഇവിടെ ശേഷിപ്പിക്കുന്നത് എന്റെ മരണത്തോടെ പാപം ചെയ്യാന്‍ ശേഷിയില്ലാതായ വിശുദ്ധമായ എന്റെ ശരീരം മാത്രം.
വിശുദ്ധമായ എന്റെ ശരീരത്തിന് പാപപങ്കിലമായ ഒരു കാലഘട്ടത്തില്‍നിന്നും മോചനം.

ഈ പാപിയുടെ സാന്നിദ്ധ്യമില്ലാത്ത എന്റെ വിശുദ്ധശവത്തിന് പാപബോധം തെല്ലുമില്ലാതെ യഥേഷ്ടം സംസാരിക്കാം.
ശവം ശവത്തിനോട് സംസാരിച്ചപ്പോള്‍ അത് പാപമായത് ഈ പാപിയുടെ സാന്നിദ്ധ്യംകൊണ്ടാണല്ലോ!
പാപക്കറപുരളാതെ എവിടെയും കടന്നുചെല്ലാം.
മറ്റുള്ളചിലര്‍ക്കൊപ്പം എന്റെ ശവത്തെ കണ്ടപ്പോള്‍ വിശുദ്ധര്‍ എന്റെ വിശുദ്ധശവത്തെ കല്ലെറിഞ്ഞത് ഈ പാപിയുടെ സാന്നിദ്ധ്യം കൊണ്ടാണല്ലോ!
പാപത്തിന്റെ തണുപ്പില്ലാതെ ഇനിയതിന് ആരെയുമെന്തിനെയും സ്പര്‍ശിക്കാം
ശവം ശവത്തെ തൊട്ടപ്പോള്‍ അതു പാപമായത് ഈ പാപിയുടെ സാന്നിദ്ധ്യം കൊണ്ടാണല്ലോ!
ഇനിയതിന് ആരുടെ ദുഃഖത്തിലും കണ്ണീര്‍ വാര്‍ക്കാം.
ദുഃഖം പകുത്തെടുത്തത് പാപമായത് എന്റെ ശവത്തില്‍ ഈ പാപിയുടെ സാന്നിധ്യംകൊണ്ടാണല്ലോ!
ഇനിയതിന് പ്രപഞ്ചത്തില്‍ എന്തിനെയും നിസ്സീമമായി സ്നേഹിക്കാം.
ശവത്തിനു സ്നേഹിക്കാനാകില്ലെന്നറിയാവുന്ന വിശുദ്ധര്‍ തീര്‍ച്ചയായും അപ്പോളെന്റെ വിശുദ്ധശവത്തെ വെറുക്കില്ല, അസൂയപ്പെടില്ല, സംശയിക്കില്ല, പുച്ഛിക്കില്ല.

വിട... വിശുദ്ധര്‍ നിറഞ്ഞ ലോകമേ വിട.
ആയിരം മുഖങ്ങള്‍ കണ്ടതൊക്കെയും പൊയ്മുഖങ്ങള്‍.
ചേതനയറ്റ എന്റെ വിശുദ്ധശവത്തെനോക്കി കണ്ണീര്‍ വാര്‍ക്കുന്ന പൊയ്മുഖങ്ങളില്‍നിന്നും ചായം ഒലിച്ചുപോകുമ്പോള്‍, നിങ്ങളുടെ പൊയ്മുഖങ്ങള്‍ക്കുപിന്നില്‍ നിറഞ്ഞുനിന്നിരുന്ന സംതൃപ്തിയുടെ നിറപുഞ്ചിരിയും കണ്ടുകൊണ്ട്
തിരിഞ്ഞുനോക്കാതെ ഞാന്‍ പോകട്ടെ... 

എന്നിലെ വിശുദ്ധിയുടെ അവസാനലക്ഷണമായിരുന്ന എന്റെ വിശുദ്ധശവം വിശുദ്ധര്‍ വിഭൂതിയാക്കുന്നത് കാണാന്‍ നില്‍ക്കാതെ... പോകട്ടെ ഞാന്‍
എന്റെ വിശുദ്ധശവത്തിന്റെ മജ്ജയും മാംസവും എരിതീയില്‍ വെന്തുപൊടിയുന്ന ശബ്ദം കേട്ട്
നെഞ്ചുപിളര്‍ന്നെന്ന വ്യാജേന വിശുദ്ധരുടെ കണ്ണില്‍ പൊടിയുന്ന ആനന്ദാശ്രു കാണാന്‍ നില്‍ക്കാതെ... പോകട്ടെ ഞാന്‍

Sep 19, 2011

നിത്യവിരഹം

പിരിയാനാകാത്ത വേദനയോടെ പകല്‍ സന്ധ്യയോടുപറഞ്ഞു...
ശുഭരാത്രി!
അതൊളിച്ചുകേട്ട രാത്രി, 
തെല്ലൊന്നുകഴിഞ്ഞാല്‍ പുലരിയുടെ കാതില്‍ വേദനയോടെയോതേണ്ട യാത്രാമൊഴി ഓര്‍ത്തെടുത്തു...
ശുഭദിനം!
പകല്‍ തന്റെയീ വിരഹം മലകളുടെ അപാരതയിലൊളിപ്പിച്ചു.
രാത്രിയോ, കടലിന്റെ അഗാധതയിലും.

മലനിരകളുടെ പുത്രികള്‍ , കടലുകളുടെ ഓമനകള്‍ ...
ഈ പുഴകള്‍ ദുഃഖപുത്രികളായത് വെറുതെയോ!
എന്തിനെന്നോ എന്തുകൊണ്ടെന്നോ അറിയാത്ത ദുഃഖവും പേറി 
പുഴകള്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു...
പകലിനു സന്ധ്യകളുള്ളിടത്തോളം കാലം.
രാത്രിക്കു പുലരികളുള്ളിടത്തോളം കാലം.

ഞാനേകനാണ്

ഞാന്‍ ഏകനാണ്
എന്നാല്‍ ഏകത എന്ന വലിയ സത്യം ഉണ്ടെന്നല്ലാതെ എന്തെന്ന് എനിക്കറിയില്ല.
എങ്ങനെയെന്നും അറിയില്ല.
ആ സത്യത്തെ തേടാനുമറിയില്ല.
പ്രിയപ്പെട്ടവരുടെ എത്ര വലിയ കൂട്ടത്തിലും
എനിക്ക് പ്രിയപ്പെട്ടവര്‍ എത്ര അരികിലുണ്ടെങ്കിലും ഞാനേകനാണ്.
പ്രിയപ്പെട്ടവര്‍ എനിക്ക് എത്രയൊക്കെ അടുത്തിരുന്നാലും
തെല്ലുകഴിയുമ്പോള്‍ അവര്‍ വിടപറഞ്ഞ് പോകുന്നു.
ചിലര്‍ വിടപറയേണ്ടിവന്ന്, പോകുന്നു.
അപ്പോള്‍ മനസ്സിലാകുന്നു അവര്‍ എനിക്കരുകിലായിരുന്നില്ലെന്ന്.
പിന്നെയോ?
അവര്‍ അവര്‍ക്കുവേണ്ടി അവരുടെതന്നെയരികിലായിരുന്നെന്ന്.
പ്രിയപ്പെട്ടവര്‍ പോകുമ്പോഴും പ്രിയം മാത്രം എന്നില്‍ അവശേഷിക്കുന്നു.
ആ പ്രിയം എന്റെ ഏകതയെ നീറ്റി നോവിക്കുന്ന കാറ്റായി എനിക്ക് മാറുന്നു
ഏകാന്തത എന്നിലെന്റെ ഏകതയ്ക്ക് കൂട്ടുവരുന്നു, ക്ഷണിക്കപ്പെടാത്തൊരതിഥിയായി.
എന്റെ വഴികളെല്ലാം അനന്തമായി ചുരുണ്ട് എന്നിലേക്കുതന്നെ നീളുന്നു!