Sep 14, 2011

ഉറക്കമല്ലോ സുഖകരം

അനുനിമിഷം എന്നെ മാറ്റിക്കൊണ്ടിരിക്കുന്നതെന്താണ്
എന്നില്‍ മാറിക്കൊണ്ടിരിക്കുന്നതെന്താണ്

ഒരു നിമിഷം ഞാന്‍ ദിവ്യനാണ്,
എന്നാല്‍ ക്ഷണനേരത്തില്‍ ആ ദിവ്യതയുടെ അടിവേരുമുറിഞ്ഞു ഞാന്‍ ഹീനനാകുന്നു.
ഒരു നിമിഷം എന്തെന്നില്ലാത്ത ആനന്ദം എന്നില്‍ നിറഞ്ഞൊഴുകുന്നു,
അടുത്ത ക്ഷണം ഞാനൊരിക്കലും സന്തോഷിച്ചിരുന്നിരുന്നില്ലെന്നും
ഇനി ഒരിക്കലും ഞാന്‍ സന്തോഷിക്കാനിടയില്ലെന്നും തോന്നിപ്പിക്കുന്നപോലെ
ഞാന്‍ ദുഃഖിതനാകുന്നു.
ഒരു നിമിഷം പ്രത്യാശയുടെ വെള്ളിവെളിച്ചം എന്റെ വഴികളില്‍ നിറഞ്ഞുതുളുമ്പുന്നു.
അടുത്ത ക്ഷണം വീഴുകയാണോ നില്‍ക്കുകയാണോ എന്നു പോലും തിരിച്ചറിയാനാകാത്ത അനന്തമായ കൂരിരുട്ട് എന്റെ ക ണ്ണുകളെയും മനക്കണ്ണിനെപ്പോലും അന്ധമാക്കുന്നു.
ഇരുട്ടിന്റെ മട്ടിക്കുന്ന മണം തന്നെ അടിച്ചടിച്ച് എന്റെ മൂക്കുകള്‍ (!) എനിക്കില്ലായിരുന്നെങ്കില്‍ എന്ന് എനിക്ക് തോന്നിപ്പോകുന്നു.
സന്തോഷിക്കുമ്പോള്‍ ഞാന്‍ സന്തോഷിക്കേണ്ടവനല്ലെന്നും,
ദുഃഖിക്കുമ്പോള്‍ ഞാന്‍ ദുഃഖിക്കേണ്ടവനല്ലെന്നും എനിക്ക് തോന്നുന്നു.
ഒരു നിമിഷം എങ്ങുനിന്നോ പ്രണയത്തിന്റെ ദിവ്യസുഗന്ധം തിങ്ങിനിറഞ്ഞൊഴുകിവരുന്നൊരു പുഴയായി എന്റെ കരളില്‍ നിറയുന്നു.
മറുനിമിഷം എങ്ങനെയോ ആ പ്രണയത്തെയും വിഴുങ്ങുന്ന വിരഹം എന്നിലെ ആത്മരോദനങ്ങള്‍ക്ക് അകമ്പടിയായി
എന്റെ ഹൃദയക്ഷേത്രത്തിന്റെ കല്‍ ഭിത്തികളില്‍ പ്രതിഫലിച്ച് അനന്തമായി മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
അവിടുത്തെ നിത്യപൂജകൾക്ക്‍ ദിവ്യതയേകുന്ന  ശുഭപ്രതീക്ഷയുടെ മണിമുഴക്കങ്ങളെയും വിഴുങ്ങിക്കൊണ്ട്!
അറിവിനെയോര്‍ത്ത് അഹങ്കരിക്കുമ്പോള്‍ ഞാന്‍ അല്‍പ്പനാകുന്നു.
അല്പജ്ഞനെന്നറിയുമ്പോളും ഞാന്‍ അല്‍പ്പനാകുന്നു.

ഒന്നും ചെയ്യാതിരുന്നിട്ടും, എല്ലാം ചെയ്യാന്‍ ശ്രമിച്ചിട്ടും ഇവയെല്ലാം അഭംഗുരം എന്നില്‍ നടക്കുന്നു.
അതുകൊണ്ടുതന്നെ എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടെന്ന വിശ്വസവും എനിക്ക് നഷ്ടമാകുന്നു.

ഇത്ര ചഞ്ചലമായ, അസ്ഥിരമായ  ഉണര്‍വ്വിനെക്കാള്‍ എന്തുകൊണ്ടും സുഖം ഉറക്കം തന്നെ.
അവിടെ സുഖമോ ദുഃഖമോ ഇല്ല.
രണ്ടുമില്ലാത്ത, ഭേദമില്ലാത്ത, അനന്തമായ പൂര്‍ണ്ണത മാത്രം.
എന്നാല്‍ ആ നിത്യതയും പൂര്‍ണ്ണതയും ഉണരേണ്ടിവരുമ്പോള്‍  നഷ്ടമാകുന്നു!
എന്നുമീ നഷ്ടത്തിന്റെ ദുഃഖവും ഞെട്ടലും പേറി ജീവിക്കേണ്ടിവരുന്നു, വീണ്ടും ഉറങ്ങാന്‍ കഴിയുന്നതുവരെ!

ഒരിക്കലും ഉണരേണ്ടിവരാതെ,
ഉണര്‍ത്താനാരുമില്ലാതെ,
ഉണരേണ്ടിവരാതെ
എന്നെന്നേയ്ക്കുമായി ഉറങ്ങാനായെങ്കില്‍ !
എന്റെ ആഗ്രഹങ്ങളെയും, അഭിനിവേശങ്ങളെയും,
നഷ്ടബോധങ്ങളെയും, ലാഭേച്ഛകളെയും,
അഹങ്കാരങ്ങളെയും, ജാള്യതകളെയും,
ലാഭങ്ങളെയും, നഷ്ടങ്ങളെയും,
ബന്ധങ്ങളെയും, ബന്ധനങ്ങളെയും,
സൌഹൃദത്തെയും, ശത്രുതയെയും
എല്ലാമെല്ലാം കളഞ്ഞ് ഉടലും ആത്മാവുമില്ലാതെ,
നിലനില്‍ക്കുന്നു എന്ന തോന്നല്‍ പോലുമില്ലാതെ,
താങ്ങുന്ന ആകാശത്തിനെപ്പോലും എന്റെ അസ്തിത്വമറിയിക്കേണ്ടിവരാതെ
ഒന്നിലുമല്ലാതെ,
ഒന്നുമില്ലാത്ത അവസ്ഥയില്‍ അങ്ങനെ പാറിപ്പറന്ന്,
എവിടെയും തങ്ങേണ്ടിവരാതെ, പറ്റിപ്പിടിക്കേണ്ടിവരാതെ,  അടിഞ്ഞുചേരേണ്ടിവരാതെ പൊങ്ങിപ്പറക്കാനായെങ്കില്‍!

കാരണം,
സ്ഥിരമായി എനിക്കില്ലെന്ന്  കൂടെക്കൂടെ എനിക്ക് ബോദ്ധ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചിലതാണ് എനിക്കുചുറ്റിലും - എന്റെയുള്ളിലും എന്നറിയേണ്ടിവരുന്നത്
എന്റെ ലോകമെന്ന് ഞാൻ ധരിക്കുന്നത് ഇത്ര അസ്ഥിരമെന്നറിയേണ്ടിവരുന്നത്
അസുഖകരമാണ്!

ഒരിക്കലും ഉണരേണ്ടിവരുമെന്ന് പേടിക്കാതെ ഉറങ്ങാനായെങ്കില്‍ !

Sep 10, 2011

പ്രശ്നങ്ങൾ ?!

എന്റെ പ്രധാനപ്പെട്ട ഒട്ടുമിക്ക സിസ്റ്റങ്ങളും പ്രശ്നത്തിലാണെന്ന് എനിക്കു മാത്രമേ അറിയാവൂ.
അതുകൊണ്ടാണല്ലോ വേറെ ആരു നോക്കിയാലും ഒന്നിനും ഒരു പ്രശ്നവും കണ്ടുപിടിക്കാൻ പറ്റാത്തത്!
ഓരോ തവണ പ്രശ്നം 'വേറെയെവിടെയോ' ആണെന്ന് ഡോക്ടർമാർ കണ്ടുപിടിക്കുമ്പോളും
ജയേട്ടൻ ഈയിടെ എന്നോട് കൂടെക്കൂടെ പറയണ ഒരു ഡയലോഗ് ചെവികളിൽ മുഴങ്ങും...
"ഒരു പ്രശ്നവുമില്ലെന്നതാ നിന്റെയൊക്കെ പ്രശ്നം!"

കണ്ണ് പണ്ടേ പീസായതാണ്.
ഒരു വിധത്തിൽ പറഞ്ഞാൽ അത് നന്നായെന്ന് ഞാൻ പറയും.
എന്റെ മെന്റൽ സിസ്റ്റം വീക്കാണെന്ന് തോന്നുമ്പോൾ എല്ലാമൊന്ന് നേരേയാക്കാൻ ഞാൻ വായിക്കണ പുസ്തകങ്ങളെല്ലാം സർവ്വവും മായയും,(ഏതുമായയെന്നോർത്ത് തല പുണ്ണാക്കണ്ട എല്ലായിടത്തുമുള്ള മായ... മായാമയപ്രപഞ്ചം) മിഥ്യയുമാണെന്നാണ് പറയുന്നത്.
അത് മനസ്സിലാക്കാൻ ഏറ്റവും നല്ല പരീക്ഷണം എന്റെ സോഡാക്കുപ്പി കണ്ണാടി ഊരി നോക്കലാണ്.
അത്രയും നേരവും ഞാൻ 'വ്യക്തമായി' കണ്ടിരുന്നത് എന്റെ കണ്ണട എന്തു കണ്ടിരുന്നോ അതാണെന്ന് അപ്പൊ മനസ്സിലാകും!
അപ്പൊ ഞാൻ എപ്പൊഴും എന്റെ കണ്ണടയെ മാത്രമേ കാണുന്നുള്ളോ?
ഞാൻ കാണുന്നത്  - എന്റെ ഇന്ദ്രിയം എനിക്ക് കാണിച്ചുതരുന്നത് എന്റെ സത്യം. അപ്പൊ എന്റെ കണ്ണട കാണുന്നതാണോ യഥാർത്ഥ സത്യം അതോ കണ്ണടയില്ലാത്ത ഞാൻ 'അവ്യക്തമായി' കാണുന്നതോ?
ബ്രഃമം സത്യം ജഗൽമിഥ്യ!!!
എന്റെ മെന്റൽ സിസ്റ്റത്തിന് പ്രശ്നമില്ലെന്ന് ഇപ്പൊ കുറച്ചുപേരെങ്കിലും പറയാതിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു!

കാഴ്ചയുടെ സിസ്റ്റത്തെ ഓർത്ത് എനിക്കീയിടെ ആധി കൂടി.
ഞാനറിയാതെ എന്റെ കണ്ണിന്  പ്രശ്നം വല്ലോം സംഭവിക്കുന്നുണ്ടോ?
ഒരവധിദിവസം അനേകം നേത്രരോഗികളുടെ  ഒരു വിശ്വസ്ഥ സ്ഥാപനത്തിൽ പോയി.
അതിന്റെ സ്ഥാപകനായ പ്രമുഖ ഡോക്ടറുടെ തന്നെ അപ്പോയിന്റ്മെന്റെടുത്തു.
ആ മുറിയിൽ കേറിയപ്പോളേ കള്ളട്ടിക്കറ്റെടുത്ത് തീവണ്ടിയിൽ കയറിയവൻ ടി ടി ആറിന്റെ മുന്നിൽ ചെന്നുപെട്ട അവസ്ഥയായിരുന്നു എനിക്ക്...
ഡോക്ടറുടെ മുഖത്ത് പരമപുച്ഛം. എനിക്ക് ഭയങ്കര അപകർഷത.
ഓണത്തിനിടക്ക് പുട്ടുകച്ചവടത്തിലെ കമ്മത്തിന്റെ(എന്റെ തിർമ്മൽ ദേവാ.. ഇതെന്ത് പണ്ടാറം...) പോലുള്ള ഡോക്ടറുടെ സംസാരരീതി!
ഡോക്ടർ നേഴ്സിനോട്:
"ഇതെന്താ ഈ റെറ്റിന എക്സാമിൻ ചെയ്യാനൊന്നും ഇവിടെ വേറെ ആളില്ലേ? ആ ജൂനിയർ ഡോക്ടറൊക്കെ ഊണ് കഴിച്ച് അതുവഴി വീട്ടിൽ പോയോ? ഇതിനും ഞാൻ തന്നെ വേണോ?"
ഭയചകിതയായ നേഴ്സ്: "ഇല്ല സർ. ഡോക്ടേഴ്സ് എല്ലാവരും പേഷ്യന്റ്സിനെ നോക്കുകയാണ്"
എന്നെ നോക്കി: "എന്താ സാറിന്റെ പ്രശ്നം? ചുരുക്കി പറഞ്ഞാൽ മതി. വേഗം വേണം"
'പണ്ട് റെറ്റിനക്ക് ഒരു ചെറിയ ലേസർ ടച്ച് അപ്പ് നടത്തിയിട്ടുണ്ട്,  ഇടക്ക് കണ്ണിൽ പൊരി വീഴണപോലൊക്കെ ഈയിടെ കാണുന്നില്ലേ എന്ന് സംശയമുണ്ട്, അത് വല്യ പ്രശ്നാന്ന് ഈയിടെ എവിടെയോ വായിച്ചു' ഇത്രയൊക്കെ ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
ഡോക്ടർ ഒരു താല്പര്യവുമില്ലാതെ എല്ലാം കേട്ടു.
എന്റെ കണ്ണുകൾ എക്സാമിൻ ചെയ്തു.
ഡോക്ടർ: "ഞാനെങ്ങും ഒന്നും കാണണില്ലല്ലോ സാർ"
(എന്റെ ആത്മഗതം) - ഈ ഡയലോഗ് ഞാൻ പറഞ്ഞിരുന്നെങ്കിൽ ഡോക്ടർക്ക് വളരെ സന്തോഷമാകുമായിരുന്നേനേ അല്ലേ?
ഞാൻ: "വളരെ നന്ദി സാർ"
ഡോക്ടർ: "ഓക്കെ സാർ" (കളിയാക്കണ ടോൺ)
ഞാൻ: "താങ്ക്യൂ സാർ"
ഡോക്ടർ: "വെൽക്കം സാർ, സീ യൂ സാർ" (സാർ ന്ന് നീട്ടി)
ഞാനിറങ്ങണേനുമുമ്പു തന്നെ നേഴ്സിനെ തെറിവിളി... ഇത്തരം ചീളുകേസിനെയൊക്കെ എന്റടുത്ത് തന്നെ കേറ്റി വിടുന്നതെന്തിനാ?
അത്രമാത്രം ആളുകൾ വിശ്വാസമർപ്പിക്കണ, അത്ര കഴിവുള്ള ഡോക്ടറുടെ, "നിങ്ങളുടെ കണ്ണുകൾക്ക് കുഴപ്പമില്ലെന്ന" വാക്കുകളുടെ വില ഡോക്ടർക്കറിയില്ലായിരിക്കാം!
അങ്ങനെ കണ്ണിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. നിലവിലുള്ള പ്രശ്നങ്ങളല്ലാതെ വേറെ പ്രശ്നമൊന്നുമില്ല!

ഉച്ചകഴിഞ്ഞാൽ വയറിൽ ചില പ്രശ്നങ്ങൾ: തിരയിളക്കങ്ങളും, അലയടിക്കലുകളും, ഉരുൾപ്പൊട്ടലുകളും, അടിയന്തരാവസ്ഥയും ഒക്കെ. ഈ പ്രശ്നം സ്ഥിരായിട്ട് വർഷം പലതായി.
എന്നാ ഒന്ന് 'നോക്കി' നോക്കാമെന്ന് ഡോക്ടർ.
കോളണോസ്കോപ്പി ചെയ്യാൻ ഒരു ദിവസം ചെന്നു. തുണയായിട്ട് ജയേട്ടനും.
ജയേട്ടന്റെ കൗൺസലിങ്ങിന്റെ ഫലമായി ആശുപത്രിയെത്തിയപ്പോഴേക്കും എന്റെ മെന്റൽ സിസ്റ്റത്തിന്റെ കാര്യം ഏതാണ്ട് തീരുമാനമായി, !
അതുമനസ്സിലായിട്ടോ എന്തോ, കുറേക്കഴിഞ്ഞപ്പോൾ ചേട്ടൻ തന്റെ ഗാനോത്സവം ഓണാക്കി.
ഞാനൊന്ന് റിലാക്സ്(?!) ചെയ്തോട്ടെ എന്നു കരുതിക്കാണും!
ആശുപത്രിയെ സമീപിക്കുംതോറും ചേട്ടന്റെ വാക്കുകൾ വീണ്ടും വീണ്ടും എന്റെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു...
"ഒരു പ്രശ്നവുമില്ലെന്നതാ നിന്റെയൊക്കെ പ്രശ്നം"

വയറിളക്കാൻ വേണ്ടി ഒരു സിസ്റ്റർ വലിയൊരു ജഗ്ഗ് നിറയെ മരുന്ന് കലക്കിയ വെള്ളം കൊണ്ടുതന്ന് കുടിക്കാൻ പറഞ്ഞു.
കിട്ടിയ ചാൻസ് കളയാതെ ഞാൻ ഹെഡ്ഡ് ചെയ്തു... "ഇതിന്റെ സ്വാദെന്നതാ സിസ്റ്ററേ?"
സിസ്റ്റർ: "ഞാൻ കുടിച്ചുനോക്കിയിട്ടില്ല"
ഇത് പറഞ്ഞിട്ട് നീയൊക്കെ അനുഭവിക്കാൻ കിടക്കണേയുള്ളെടാ എന്ന മട്ടിൽ ഒരു ചിരിയും ചിരിച്ച് പുള്ളിക്കാരി പോയി.
ഞാൻ കുടി തുടങ്ങി. അധികം വൈകാതെ കുടിച്ചത് അകത്ത്  'വരവുവച്ചു'

തൊട്ടടുത്ത ബെഡ്ഡിൽ അവശനിലയിൽ ഒരാളുണ്ട്, ഭാര്യാസമേതനായി.
പേര് വേലായുധൻ.
ഞാൻ ചെയ്യാൻപോണ അതേ പരിപാടിക്ക് വന്നതാന്നു തോന്നുന്നു. പുള്ളീടെ ജഗ്ഗ് കാൽ ഭാഗം ഒഴിഞ്ഞ് മേശപ്പുറത്തിരിക്കുന്നു.
എന്റെ 'കാര്യങ്ങൾ' മുറപോലെ നടക്കുന്നു.
ഇങ്ങേർക്ക് ഭയങ്കര ക്ഷീണം! എപ്പഴും പുതച്ചു മൂടി കിടപ്പാണ്.
ഭാര്യയോട്: "എടീ നീയവിടെ എന്നാ കാഴ്ചയും കണ്ടിരിക്കുവാ? എനിക്കിവിടെ ഒന്നിനും മേലാണ്ടിരിക്കണത് നീ കാണുന്നില്ലേ? എപ്പ തുടങ്ങിയ വയറിളക്കവാന്നറിയാമോ
എളകിയെളകി ഞാൻ ചാകാറായി. ഒന്നും കഴിക്കാണ്ടാന്നോർക്കണം! വെറുതേയിരിക്കാതെ ഒന്നു വീശിത്തന്നേ..."

മൂന്നു ബെഡ്ഡുള്ള മുറിയാണ്. എന്റെ ജഗ്ഗ് ഞാൻ തീർത്തപ്പോൾ മൂന്നാമത്തെ ബെഡ്ഡിലെ ആളുടെ കൂടെ വന്ന ടീച്ചർ അർത്ഥഗർഭമായ ഒരു ചിരിയൊതുക്കി പറഞ്ഞു:
"താൻ പെട്ടെന്ന് തീർത്തല്ലോ... അയാൾ വെളുപ്പിന് വന്ന് അഡ്മിറ്റായതാ"
വേലായുധൻ ഓരോ തവണ ബാത്ത് റൂമീന്നിറങ്ങുമ്പളും ദൈന്യത കലർത്തി നേഴ്സിനോട് ചോദിക്കും: "ഇതുപോരേ സിസ്റ്ററേ?"
ഈ സ്കോപ്പി ചെയ്യണമെങ്കിൽ വയർ ഇളകിയിളകി ഔട്ട്പുട്ട് പച്ചവെള്ളം പോലെ ആകണം. അതുതന്നെ ആവർത്തിച്ച് സിസ്റ്റർ പോകും.

ഞാൻ ഓരോ തവണ ബാത്ത് റൂമീന്നിറങ്ങുമ്പൊഴും വേലായുധൻ അസൂയയോടെ എന്നെ നോക്കി വെള്ളമിറക്കും!
ജയേട്ടനാണേങ്കിൽ വൻ സ്പിരിറ്റിലാണ്, ഞാൻ എങ്ങനെയെങ്കിലും ജഗ്ഗ് തീർക്കുമ്പൊളേക്കും ചേട്ടൻ പുറത്ത് വരാന്തയിൽ വച്ചിരിക്കുന്ന കുടിവെള്ളമെടുത്തുകൊണ്ടുവന്ന് നിറയ്ക്കും.

വേലായുധൻ ഭാര്യയോട്: "എടീ എനിക്ക് തീരെ വയ്യ... നീയെന്റെ കാലൊന്ന് തിരുമ്മി ചൂടാക്കിക്കേ. പനിച്ചു വിറയ്ക്കണു"

കാര്യമിങ്ങനെയൊക്കെയാണെങ്കിലും വേലായുധന്റെ കാര്യങ്ങൾക്കൊന്നും മുടക്കമില്ല.
ഇടക്ക് അടിപൊളി തമിഴ് പാട്ട് മൊബൈലിലിടും. വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ച് താൻ ആശുപത്രിയിലായവിവരം സാഭിമാനം അറിയിക്കും.
"ഡോക്ടർ ഒന്നും പറഞ്ഞില്ല. സ്കാൻ ചെയ്ത് നോക്കാതെ ഒന്നും പറയാൻപറ്റില്ലെന്നാ പറഞ്ഞത്.
(ശബ്ദം താഴ്ത്തി)അൽപ്പം സീരിയസ്സാ... നിങ്ങളെല്ലാവരും എന്തായാലും ആശുപത്രീലേക്ക് പോരേ.
വരുമ്പോ രണ്ട് സോക്സ് എടുത്തേക്കണം. കാലിനൊക്കെ ഒരു വിറ"
ഇതിനിടയിൽ ഭാര്യയോട് താഴെനിന്നും രണ്ട് നാരങ്ങാവെള്ളവും മൂന്ന്  കരിക്കും ഓർഡർ ചെയ്യുന്നു.
ഭാര്യ പോകാനിറങ്ങിയപ്പോൾ ഫോൺ തൽക്കാലം മാറ്റിപ്പിടിച്ച് ദൈന്യമായി: "എടീ നീ വേഗം ഇങ്ങ് വന്നേക്കണേ"

ഭാര്യ താഴെ പോയസമയത്ത് വേലായുധന് മൊബൈൽ കമ്പനിയുടെയോ മറ്റോ ഏതോ ടെലിമാർക്കറ്റിങ്ങ് കോൾ വന്നു.
വേലായുധൻ വൻ ദേഷ്യത്തിലാണ്.
ഉറക്കെ: "ഫോൺ വച്ചിട്ട് പോടീ ‌---" അടുത്ത വാക്ക് പായാൻ നാക്കുവളക്കുന്നതായി അഭിനയിച്ചിട്ട് ഞങ്ങളെ നോക്കി: "ഞാൻ തനിച്ചല്ലാത്തത് അവൾടെ ഭാഗ്യം"
എന്നിട്ട് 'പറയാനാകാത്തതിന്റെ' നിരാശതീർത്ത്, ആവശ്യത്തിലേറെ ബലം കൊടുത്ത് ഫോൺ കട്ട് ചെയ്ത് കിടക്കയിലേക്കെറിയുന്നു

'സംഭവ'ബഹുലമായ നിമിഷങ്ങൾ.
അടുത്തതവണ നേഴ്സ് വന്നപ്പോഴും വേലായുധൻ ചോദ്യം ആവർത്തിച്ചു.
നേഴ്സിന്റെ പതിവു മറുപടി: "കളറില്ലാതെയാകണം"
വേലായുധൻ: "പിന്നേ... ഇനിയിപ്പൊ അതിന്റെ നിറം പരിശോധിക്കാൻ നടക്കുവല്ലേ!"

എന്തായാലും അധികമൊന്നും 'നരകിപ്പിക്കാതെ' വേലായുധനു വിളി വന്നു.
നേഴ്സ് ചുമ്മാ ഫോർമാലിറ്റിക്ക് ചോദിച്ചു "നടന്നു പോരാമല്ലൊ? വീൽ ചെയറൊന്നും വേണ്ടല്ലോ?"
വേലായുധൻ:" നിങ്ങളിതെന്നാ സിസ്റ്ററേ ഈ പറയണേ? മനുഷ്യനിവിടെ രാവിലെ മുതൽ വയറിളകി ചാകാറായി കെടക്കുവാ.
ഞാൻ നടന്നുപോകുന്നവഴിയെങ്ങാനും വീണുപോയാൽ എന്തുചെയ്യും? നിങ്ങൾക്കൊന്നുമില്ലല്ലോ. എനിക്ക് പോകാൻ വീൽചെയറുവേണം"
വീൽ ചെയറിൽ, സീറ്റ്ബെൽറ്റൊക്കെയിട്ട് രാജകീയമായിത്തന്നെ വേലായുധനെ കൊണ്ടുപോയി.
ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ പോകുന്ന രോഗിയെപ്പോലെ ദൈന്യനായി, ഭയചകിതനായി ഇടക്കിടക്ക് ഭാര്യയെ തിരിഞ്ഞു തിരിഞ്ഞ് നോക്കി...
മാതൃഭൂമിക്കുവേണ്ടി പോരാടാൻ പോകുന്ന വീരയോദ്ധാവിനെപ്പോലെ, അഭിമാനത്തോടെ വേലായുധൻ ഞങ്ങളുടെ മുന്നിലൂടെ മന്ദമന്ദം ഒഴുകി നീങ്ങി!

അധികം താമസിയാതെ എനിക്കും വിളിവന്നു.
വായിൽനിന്നും അങ്ങ് താഴെ വരെ കണക്ഷൻ പോകുന്നുണ്ടെന്ന് കൃത്യമായി 'അറിയാൻ'പറ്റി!
എന്റെ വയറിന്റെ വീഡിയോ അവിടെനിന്ന നേഴ്സത്തിമാരെല്ലാം കണ്ടു! അവരതെടുത്ത് യൂട്യൂബിലിടുമോ ആവോ!
കണ്ണാടി ഊരിവാങ്ങിയകൊണ്ട് എനിക്ക് ശരിക്കും കാണാൻ പറ്റിയില്ല.
പിന്നെ എന്തോ ഉറക്കമരുന്നും കുത്തിവച്ചിരുന്നു. ചുറ്റിലും നേഴ്സത്തിമാരായിരുന്നതുകൊണ്ട് കുത്തിവൈപ്പിനെ ഞാൻ സൗകര്യപൂർവ്വം മറന്നു. കണ്ണ് മിഴിച്ചുപിടിച്ച് കിടന്നു!
ഇനിയിപ്പൊ നേഴ്സത്തിമാരുടെ സൗകര്യത്തിനാണോ ആവോ എനിക്ക്  ആ ഉറക്കമരുന്ന് കുത്തിവച്ചത്!

[ഓ ടോ: മനുഷ്യശരീരങ്ങളുടെ സ്വകാര്യഭാഗങ്ങൾ ഒരു സ്പെസിമെൻ പോലെ ദിവസവും കണ്ടു കണ്ട് പ്രിയപ്പെട്ട, കാരുണ്യവതികളായ നേഴ്സ് സഹോദരിമാരേ/സഹോദരൻമാരേ
നിങ്ങൾക്കിതെല്ലാം 'വേറെ രീതിയിൽ കാണേണ്ട' അവസരങ്ങളിൽ അങ്ങനെ കാണാൻ പറ്റാറുണ്ടോ?
എന്തായാലും നിങ്ങളുടെ മനുഷ്യസ്നേഹത്തിന് മനസ്സിൽ തട്ടിയ, ആത്മാർത്ഥമായ പ്രണാമം]

കുടലിന് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ ബുദ്ധിമുട്ടി(ച്ച്) കണ്ടുപിടിച്ചു.
ജയേട്ടന്റെ ഡയലോഗ് വീണ്ടും തികട്ടിവന്നു... "നിനക്കൊക്കെ...."
നിരാശയോടെ(!) ഞാൻ റൂമിലേക്ക്.
അച്ഛനെ വിളിച്ച് റിസൾട്ട് പറഞ്ഞപ്പോൾ അച്ഛനും പറഞ്ഞു: "സാരമില്ലെടാ" (ആഞ്ഞുപിടിച്ചാൽ അടുത്ത പ്രാവശ്യം ഇതിലും നല്ല റിസൽട്ട് കിട്ടും എന്ന ലൈനിൽ)

ഡിസ്ചാർജ് ചെയ്യാൻ സമയമെടുക്കും. ജയേട്ടന്റെ കൂടെ കത്തി വച്ച് കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഫോൺ ചെയ്യാൻ എണീറ്റു പോയി.
ആ തക്കത്തിന് ജയേട്ടൻ എന്റെ കട്ടിലിൽ ഒന്നു നടുനിവർത്തി. പതുക്കെ മയങ്ങിപ്പോയി.
ഈ സമയം സിസ്റ്റർ 'പേഷ്യന്റിന്റെ' പ്രഷർ നോക്കാൻ വന്നു.
വന്ന പടി ഉറങ്ങുന്ന 'പേഷ്യന്റിന്റെ' കൈയ്യിൽ അതിന്റെ കെടുതാപ്പൊക്കെ ഫിറ്റ് ചെയ്യാൻ തുടങ്ങി.
ഭാഗ്യം, അപ്പുറത്തെ ബെഡ്ഡിൽ ഓണപ്പരീക്ഷാ പേപ്പർ നോക്കിക്കൊണ്ടിരുന്ന ടീച്ചർ വിളിച്ചു പറഞ്ഞു: "അയ്യോ ആ കിടക്കുന്നത് പേഷ്യന്റല്ല..."
ദാഹിച്ചപ്പോൾ 'എന്റെ ജഗ്ഗിലെ' വെള്ളം എങ്ങാനും ചേട്ടൻ എടുത്ത് കുടിച്ചോ ആവോ!
സംശയമില്ലാതില്ല, അന്ന് വൈകീട്ടത്തെ ട്രെയിനിൽ തിരുവനന്തപുരത്ത് ജോലിക്കുപോകേണ്ട ചേട്ടൻ ഇടയ്ക്ക് വിളിച്ച് ലീവ് പറയുന്നതുകേട്ടു!

കുറച്ചുകഴിഞ്ഞപ്പോൾ വേലായുധൻ പുനപ്രവേശം ചെയ്തു.
ഇതിനോടകം ഞങ്ങളുടെ മുറി വേലായുധന്റെ രോഗവിവരം തിരക്കി വന്ന ബന്ധുജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.
എൺപതിനടുത്ത് പ്രായം വരുന്നവർ രണ്ട്.
അറുപത് വയസ്സ് ഒന്ന്.
അൻപതിനടുത്ത് ഒന്ന്.
നാല്പത് തോന്നിക്കുന്നവർ മൂന്ന്.
പിന്നെ ഒന്നോ രണ്ടോ കുട്ടികളും.
വേലായുധൻ എല്ലാവരെയും സ്വീകരിക്കുന്നു.
ഉള്ള  സൗകര്യത്തിൽ ഇരിക്കാൻ എല്ലാവരോടും പറഞ്ഞ് ആതിഥ്യമര്യാദ കാണിക്കന്നു.
മറ്റ് രണ്ട് രോഗികളുടെയും ബൈസ്റ്റാൻഡേഴ്സിനുവേണ്ടിയുള്ള കസേര വാങ്ങി പ്രായമായവരെ ഇരുത്തുന്നു.
തന്റെ രോഗവിവരം ഏവരോടും വിശദീകരിക്കുന്നു.
"ഒരുപാട് സ്കാനിങ്ങും ടെസ്റ്റിങ്ങുമൊക്കെ വേണം. കുറേയായപ്പോ എനിക്കു വയ്യ കുറച്ചുകഴിഞ്ഞുമതിയെന്ന് ഞാൻ പറഞ്ഞു.
നമുക്കു വല്ലോമൊക്കെ വന്നുപോയാൽ ഇവർക്കെന്താ. നമ്മുടെകാര്യം നമ്മൾ തന്നെ അന്വേഷിക്കണ്ടേ"
വന്നവരെല്ലാം ഒരേതാളത്തിൽ തലകുലുക്കി.
അതുവരെ കേട്ടവരുടെ എതിർവശത്തുനിന്നിരുന്ന ഗ്രൂപ്പിനെ അഭിവാദ്യം ചെയ്ത് വേലായുധൻ തുടർന്നു: "ഇതുവരെയായിട്ടും മരുന്നൊന്നും തന്നില്ല. ടെസ്റ്റ് മാത്രമേ ഇപ്പഴും ചെയ്യുന്നുള്ളൂ"
കണ്ണീരണിഞ്ഞ മിഴികളോടെ അതിൽ പ്രായമായൊരു വല്യമ്മ ചോദിച്ചു "മക്കളേ എന്തെങ്കിലുമൊന്നു കഴിക്കെടാ.. എത്രനേരായി നീ എന്തെങ്കിലുമൊന്നു കഴിച്ചിട്ട്!"
ഇത് കേൾക്കാൻ കാത്തിരുന്നപോലെ വേലായുധൻ കുറേ സാധങ്ങൾ ഒരുമിച്ച് ഓർഡർ ചെയ്തു. ബിരിയാണി, ഊണ്, ജ്യൂസ് അങ്ങനെ പല പല ഐറ്റങ്ങൾ.
എല്ലാവരും കൂടി ഷെയർചെയ്യാനായിട്ടായിരിക്കുമെന്നു കരുതിയെങ്കിലും കഴിപ്പ് തുടങ്ങിയപ്പോൾ മുഴുവനും വേലായുധനുതന്നെയായിരുന്നെന്ന് ഞങ്ങൾക്ക് മനസ്സിലായി.
വലിച്ചുവാരി തിന്നുന്നതിനിടയിൽ ഭാര്യയോട് തലേന്നു കഴിച്ച ബീഫിന്റെയും മീനിന്റെയുമൊക്കെ വിശേഷവും പറയുന്നുണ്ട്.
എന്തായാലും ഇതൊക്കെ കണ്ട് ഞങ്ങളുടെ വയറുനിറഞ്ഞു.

ആവശ്യത്തിനു സമയമെടുത്ത്  കൊണ്ടുവന്ന രണ്ടുമൂന്ന് പൊതികൾ മുഴുവനും കാലിയാക്കി വേലായുധൻ വിശ്രമിക്കയാണ്- വലിയൊരു കൂട് അണ്ടിപ്പരിപ്പ് വറുത്തതും ചവച്ചുകൊണ്ട്!
ഇതിനിടയിൽ 'രോഗവിവരം' തിരക്കാൻ വന്ന നേഴ്സിനോട് വേലായുധൻ ഇനി ചെയ്യേണ്ട കാര്യങ്ങൾ തിരക്കുന്നു.
വാ നിറയെ അണ്ടിപ്പരിപ്പായതിനാൽ കേൾക്കുന്നവർക്കാർക്കും വേലായുധൻ പറയുന്നതെന്തെന്ന് മനസ്സിലാകുന്നുപോലുമില്ല...

ഇതൊക്കെക്കണ്ടിട്ട് ജയേട്ടൻ:
"രണ്ട് ദിവസത്തേയ്ക്ക് അയാളുടെ വായിൽ മുറിവിനൊട്ടിക്കണ ആ പ്ലാസ്റ്റർ നല്ല വീതിയിലങ്ങ് ഒട്ടിച്ചു വിട്ടിരുന്നെങ്കിൽ പ്രത്യേകം ചികിത്സയൊന്നും കൂടാതെതന്നെ ഈ അസുഖം ഭേദമായിക്കൊണ്ടേനേ!!!"

Sep 7, 2011

എന്ത് പറയാന്‍?

പറയാനുള്ളത് കേള്‍ക്കാന്‍ ഒരാളുണ്ടാവുന്നത് ഭാഗ്യം 


പറയാനുള്ളത് കേള്‍ക്കാന്‍ ഒരാള്‍ വേണ്ടിവരുന്നത് കഷ്ടം
പറയുന്നത് കേള്‍ക്കാനാളുണ്ടായിട്ടും പറയാനാവാത്തത് കഷ്ടം
പറഞ്ഞത് കേള്‍ക്കേണ്ടയാള്‍ക്ക് കേള്‍ക്കാനാകാത്തത് കഷ്ടം
പറയുന്നത് കേള്‍ക്കാനാളുണ്ടായിട്ടും പറയാനോ കേള്‍ക്കാനോ ആകാത്തത് കഷ്ടം
പറഞ്ഞത് കേള്‍ക്കേണ്ടയാള്‍ കേട്ടില്ലെന്നറിയുന്നത് കഷ്ടം
പറഞ്ഞത് കേള്‍ക്കരുതാത്തയാള്‍ കേട്ടെന്നറിയുന്നത് കഷ്ടം
പറഞ്ഞുപോയത് കേള്‍ക്കേണ്ടയാള്‍ കേട്ടോ എന്നറിയാത്തത് കഷ്ടം


പറഞ്ഞത് കേള്‍ക്കേണ്ടയാളോ കേള്‍ക്കരുതാത്തയാളോ കേട്ടില്ലെന്നതില്‍
കഷ്ടമില്ല... നഷ്ടം മാത്രം.
പറയാനുള്ളത് കേള്‍ക്കാനാരുമില്ലാത്തതില്‍
നഷ്ടമില്ല... കഷ്ടം മാത്രം
പറയാനൊന്നുമില്ലാത്തത് കഷ്ടമല്ല നഷ്ടവുമല്ല


പറഞ്ഞത് കേള്‍ക്കേണ്ടയാള്‍ കേട്ടിട്ടും പറയാനുണ്ടായിരുന്നത് കേട്ടില്ലെങ്കിലോ?
പറയാനുണ്ടായിരുന്നത് പറഞ്ഞപ്പോള്‍ കേള്‍ക്കരുതാത്തയാള്‍ പറയാത്തത് കേള്‍ക്കുകയും കേള്‍ക്കേണ്ടയാള്‍ പറഞ്ഞത് കേള്‍ക്കാതിരിക്കയും ചെയ്താലോ?
പറയാനുണ്ടായിരുന്നത് തന്നെ കേള്‍ക്കേണ്ടയാള്‍ കേട്ടിട്ടും പറഞ്ഞതുകൊണ്ട് പറഞ്ഞയാള്‍ക്കോ കേട്ടയാള്‍ക്കോ കാര്യമില്ലെങ്കിലോ... പിന്നെന്ത് പറയാന്‍?

Apr 22, 2010

ആത്മഹത്യ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...

ഗ്രാമത്തിന്റെ ഐശ്വര്യമാണാ ക്ഷേത്രം.
നാട്ടുകാരുടെ ഏത് ദുഃഖവും അനുതാപത്തോടെയും ക്ഷമയോടെയും കേൾക്കുന്ന ഭഗവതി എല്ലാവർക്കും ഒരത്താണിയാണ്.
പുറം നാട്ടിലും ഭഗവതിയുടെ പെരുമയേറിയപ്പോൾ അമ്പലവും അഭിവൃദ്ധി കൈക്കൊണ്ടു. ഇപ്പോൾ കാര്യങ്ങൾ അന്വേഷിക്കാൻ ജനകീയ സമിതിയുണ്ട്.
അമ്പലങ്ങളിലിരിക്കുന്ന ഭഗവതിമാർ നഗ്നരാണെന്നു നാടൊട്ടുക്ക് കൂവിയവർ വരെ, മൂന്നു കുറിയുമിട്ട് കമ്മറ്റി ചെയർമാനും സെക്രട്ടറിയുമൊക്കെയായി. എല്ലാമറിയുന്ന ഭഗവതി ഉള്ളിൽ ചിരിയ്ക്ക മാത്രം ചെയ്തു. എല്ലാം മക്കളല്ലേ! ആ‍ വിചാരം മക്കൾക്കില്ലെങ്കിലും...

നാളുകൾ കൊഴിഞ്ഞു... അങ്ങനെയിരിക്കെയാണ് മക്കൾക്കൊരുഗതിയും-പരഗതിയും കിട്ടാതെ വിഷമിച്ച് വിധവയായ കാർത്യായനിയമ്മ സർവ്വവും, തന്റെ മക്കളുടെ ഭാവിയെയും അമ്മയുടെ കാൽക്കീഴിൽ വച്ച്, അമ്പലപ്പറമ്പിലെ മൂവാണ്ടൻ‌മാവിൽ ജീവിതമൊടുക്കിയത്.
അന്നു കാഴ്ച്ചകൾ കാണാൻ അമ്പലത്തിൽ വലിയ തിരക്കായിരുന്നു.
നേദ്യത്തിനു പായസം കൊണ്ടുവച്ചിട്ടു പോയ പൂജാരിയെ കാണാനില്ല. ഭഗവതിയ്ക്ക് പരിഭ്രമമായി...
സമയം തെറ്റിയാൽ ദോഷമാണ്. ഓരോന്നിനും അതിന്റേതായ സമയം.
പൂ വിരിയാനൊരു സമയം-ശ്വാസമടങ്ങാനൊരുസമയം-ജയിക്കാനൊരുസമയം-അജ്ഞതയ്ക്കൊരു സമയം-അടിമപ്പെടാനൊരു സമയം. അതുപോലെ നടയടയ്ക്കാനും ഒരു സമയം!
താഴെ കൽ‌പ്പടവുകൾക്കുതാഴെ പതിവില്ലാത്ത ഒച്ചയും ബഹളവും കേട്ട് ഭഗവതി തലയെത്തിച്ചു നോക്കി. 
പൂജാരിയും, മാറിനിന്ന് കാഴ്ച്ചകൾ കണ്ട് രസിച്ചു നിൽക്കയാണ്.
എല്ലാവർക്കും ബുദ്ധിമുട്ടു വരുമ്പോൾ “എന്റെ ഭഗവതിയേ” എന്നു വിളിച്ചാൽ മതി... എന്നാൽ തനിക്കൊരു ആവശ്യം വന്നാലോ!!!!
ഭഗവതിക്ക് ദേഷ്യം വന്നു...
ഒരു ദുഃശകുനം കാണിച്ച് ഭഗവതി പൂജാരിയെ മടക്കിവിളിപ്പിച്ചു. നേദ്യം ‘വഴിപാടു‘ നടത്തി വേഗം  നടയടച്ച് പൂജാരി കാഴ്ച്ചകൾ തുടർന്നു കാണാൻ തിരിച്ചുപോയി.
ഭഗവതിയോർത്തു: “ഭാഗ്യം, ഒന്നുമില്ലെങ്കിലും ഇനി കുറച്ചു നേരം സ്വസ്ഥമായിരിക്കാമല്ലോ.“

നടയടച്ചപ്പോൾ ഭഗവതി പതിയെ പീഠത്തിൽ നിന്നിറങ്ങി ശ്രീകോവിലിനുള്ളിൽ ഉലാത്താൻ തുടങ്ങി.... മനസ്സ് അസ്വസ്ഥമാണ്. ഇന്നു മരിച്ച
കാർത്യായനിയമ്മയെ ഭഗവതിയ്ക്ക് നന്നായറിയാം. തലയിൽ വര ഇന്നു വരെ ജീവിക്കാനേയുള്ളു, പൂർവ്വജന്മത്തെ സഞ്ചിതപാപഭാരം കൊണ്ട് അതിനു മാർഗ്ഗം ഇങ്ങനെ കടുത്തതുമായി... ശിവ ശിവ!
മക്കളിൽ കൂടുംബം നോക്കിനടത്തേണ്ടവൻ കമ്പനികൂടലും കറക്കവുമായി വീട്ടിൽ കയറാറുതന്നെയില്ല! മൂത്ത മകളാണെങ്കിൽ മാറാത്ത ഏതോ ഒരസുഖക്കാരിയാണ്. കാർത്യായനിയമ്മയ്ക്ക് വെറുതെ പ്രാർത്ഥിച്ചാൽ മതി. രണ്ട് മക്കളും ഇനിയുമെത്രയോ അനുഭവിക്കാനിരിക്കുന്നെന്ന് ഭഗവതിയ്ക്കല്ലേ അറിയൂ. അങ്ങനെ നോക്കുമ്പോൾ കാർത്യായനിയമ്മ ഭാഗ്യവതിയാണ്. പ്രാണവായു മായുന്ന നിമിഷങ്ങളിൽ, എല്ലാം ശരിയായേക്കുമെന്ന ചെറിയൊരു പ്രതീഷയെങ്കിലും അവർക്കുണ്ടായിരുന്നിരിക്കും.

പിറ്റേന്ന് പതിവില്ലാതെ അമ്പലക്കമ്മറ്റി ഓഫീസിൽനിന്നും പുകയുയരുന്നതെന്താണെന്നു നോക്കിയ ഭഗവതി ചിരിച്ചുപോയി. പത്തുപതിനഞ്ചുപേർ കമ്മറ്റി കൂടി വട്ടമിരുന്ന് ദിനേശ് ബീഡിയുടെ ‘വാലിഡേഷൻ ടെസ്റ്റ്‘ നടത്തുകയാണ്. മുദ്രാവാക്യം വിളിച്ചു തഴമ്പുവീണ ശബ്ദത്തോടെ സെക്രട്ടറി പറഞ്ഞു.
“ഇനിയിപ്പോ പുണ്യാഹം നടത്തണ്ടേ. അതിന്റെ ചിലവു ഭഗവതീടെ കൈയ്യീന്നുതന്നെ മുടക്കിക്കുന്നത് പാപമാണ്. അപ്പോ ഈ പാപം ചെയ്തു അമ്പലം അശുദ്ധമാക്കിയ കാർത്യായനിയമ്മയുടെ വീട്ടുകാരിൽ നിന്നു തന്നെ ഇതിനുള്ള തുക വസൂലാക്കണം”
നേതാക്കളെ ചോദ്യം ചെയ്തു ശീലിച്ചിട്ടില്ലാത്ത കമ്മറ്റിക്കാർ സമ്മതം മൂളി.
കമ്മറ്റിയിലെ പ്രായം ചെന്നൊരാൾ മാത്രം പറഞ്ഞു, “ഏടോ സെക്രട്ടറീ, ദാരിദ്ര്യം കാരണമാ അവർ തൂങ്ങിയതെന്നു നമ്മൾക്കൊക്കെ അറിയാം. അപ്പോപ്പിന്നെ പുണ്യാഹത്തിന്റെ ചിലവുംകൂടി അവരോടു തട്ടിപ്പറിച്ചാൽ ഭഗവതി സഹിക്വോ? ഇതെല്ലാം കണ്ടോണ്ടും കേട്ടോണ്ടും മോളിലൊരാളിരിപ്പില്ലേ?”
ഇതും പറഞ്ഞ് കൈകൂപ്പി അമ്പലത്തിലേക്കു നോക്കിയ അയാൾ ചുവന്ന പട്ടിന്റെ ഒരു നിഴലാടം മുകളിൽ ശ്രീകോവിലിനു മുന്നിലത്തെ മതിലിനരുകിൽ കണ്ട് പരിഭ്രമിച്ചു. “പ്രായമേറിയപ്പോൾ കണ്ണുകളും കളിപ്പിക്കുകയാണോ ഭഗവതീ!“ അയാളോർത്തു.
സെക്രട്ടറിയുടെ അണികളുടെ പ്രതിഷേധത്തിന്റെ കുത്തൊഴുക്കിൽ അയാളുടെ വാക്കുകൾ അസ്തിത്വം തിരഞ്ഞു...
എല്ലാം കേട്ടുകൊണ്ട് ശ്രീകോവിലിനു മുന്നിലെ കരിങ്കൽ തൂണിനരുകിൽ തണലുപറ്റി നിന്ന ഭഗവതിയോർത്തു...
“എന്തൊരു വിരോധാഭാസം. എന്നെക്കൊണ്ട് കാർത്യായനിയമ്മയെ കാര്യമായൊന്നും സഹായിക്കാൻ കഴിഞ്ഞില്ല. ഇവരെല്ലാംകൂടി ഈ കടും ദ്രോഹം ചെയ്യുന്നതാണെങ്കിൽ തടയാനും കഴിയുന്നില്ലല്ലോ! ഈ വിശുദ്ധസമിതിക്കാർ വല്ലപ്പോഴും തന്റെയടുക്കലേയ്ക്ക് തിരിഞ്ഞു കയറുമായിരുന്നെങ്കിൽ അപ്പോൾ  ഇവര്‍ക്ക് - ചെയ്യേണ്ടതെന്തെന്ന് പറഞ്ഞു മനസിലാക്കാമായിരുന്നു. പക്ഷെ എന്തു ചെയ്യാം!
ഭണ്ണ്ഡാരം നിറഞ്ഞോ എന്നു മാത്രം ഇവറ്റകൾക്ക് ദിവ്യദൃഷ്ടിപോലെ അറിയാം... അന്നു മാത്രമാണ് ഈ തമ്പുരാക്കന്മാർ ചുറ്റമ്പലത്തിനകത്തേക്ക് കയറുക.. അതും പൂജയെല്ലാം കഴിയുമ്പോൾ, അപ്പോപ്പിന്നെ ശുദ്ധവും വൃത്തിയും നോക്കണ്ടല്ലോ... കലികാലവൈഭവം!“

ഭഗവതിയുടെ വാലിട്ടെഴുതിയ മനോഹരമായ കണ്ണുകൾ നിറഞ്ഞൊഴുകി...
കണ്മഷി ഭഗവതിയുടെ മുഖത്ത് സറിയലിസ്റ്റിക് ചിത്രങ്ങൾ വരച്ചു.
കണ്ണുനീർ തുടച്ചപ്പോൾ ഭഗവതിയുടെ കൈവളകൾ വെറുതെ ചിരിച്ചു.
ശ്രീകോവിലിലേയ്ക്ക് കയറുമ്പോൾ വല്ലാത്തൊരു ക്ഷീണം ഭഗവതിയുടെ ശരീരത്തെ വലച്ചു.

കാർത്യായനിയമ്മയുടെ മക്കളിൽനിന്നും കമ്മറ്റിക്കാർ ബലമായി പുണ്യാഹച്ചെലവ് പിടിച്ചെടുത്തു. കമ്മറ്റിയുടെ പ്രവർത്തനവിജയത്തിൽ എല്ലാവരും ആഹ്ലാദിച്ചു.ദീർഘദർശിയായ സെക്രട്ടറി മുൻ‌കൈയ്യെടുത്ത് അന്നുമുതൽ അമ്പലമുറ്റത്ത് പുതിയൊരു ചുവപ്പ് ബോർഡ് തൂക്കി...
“ആത്മഹത്യ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്: ക്ഷേത്രപരിസരത്ത് ആത്മഹത്യ ചെയ്യുന്നവരുടെ മക്കളിൽ നിന്നോ ഉത്തരവാദിത്വപ്പെട്ടവരിൽനിന്നോ പുണ്യാഹത്തിന്റെ ചെലവ് പിരിച്ചെടുക്കുന്നതാണ്“.
ആത്മഹത്യ ചെയ്യുന്നവർക്ക്, മരണശേഷമുള്ളതിനെക്കാൾ മരണത്തിനു മുൻപുള്ള വിഷയങ്ങളാണ് കൂടുതൽ പ്രശ്നമെന്ന്‍  ഒരാള്‍ക്ക് മനസ്സിലാക്കാന്‍, അയാള്‍ ആത്മഹത്യചെയ്തുതന്നെ നോക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ... എങ്കിലും ഒരൊറ്റ കമ്മറ്റിക്കാരനും അത് മനസ്സിലാക്കാനുള്ള സാമാന്യബോധമുണ്ടായില്ല. അതുകൊണ്ട് ആ ബോർഡ്,  വായിക്കുന്ന ഭക്തജനങ്ങളുടെ അസ്വസ്ഥതയ്ക്ക് കാരണമായി  അവിടെത്തന്നെ കിടന്നു!

അമ്പലമുറ്റത്തെ ഈ ബോർഡ് വായിച്ച അന്നു മുതൽ അയ്യപ്പേട്ടൻ വല്ലാത്ത ആലോചനയിലാണ്. അയ്യപ്പേട്ടന്റെ കാര്യവും കഷ്ടമാണ്. മകളുടെ കല്യാണം നടത്താൻ സ്വത്ത് ഭാഗം വച്ചു. മകളുടെ ഓഹരി റൊക്കം കൊടുത്തു കല്യാണം നടത്തി. തന്നെ നോക്കേണ്ട മകന്റെ പേരിൽ അവന്റെ ഓഹരിയ്ക്കു പുറമേ വീടും കൂടി എഴുതിവച്ചു, അങ്ങനെ മകന്റെ സംരക്ഷണയിലായി.
കൊച്ചുമക്കളെയും കളിപ്പിച്ച് വാർധക്യം കഴിക്കുന്ന മധുരതരമായ ദിവാസ്വപ്നങ്ങളുടെ പരിലാളനയിൽ അയാൾ കഴിഞ്ഞുവന്നു.
മകൻ ഇംഗ്ലണ്ടിലെ ഒരു നേഴ്സത്തിയെ കെട്ടി വിദേശത്തിനു പോയി. വിസയ്ക്ക് കെട്ടി വക്കാൻ വീടു വിൽക്കുന്ന കാര്യം തന്നെക്കൊണ്ട് മുദ്രപ്പത്രത്തിൽ ഒപ്പിടീയ്ക്കാൻ മകൻ വന്നപ്പോളാണറിഞ്ഞത്. 
അങ്ങനെ ആർക്കും വേണ്ടാതെ കടത്തിണ്ണയിൽ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
ഈ ബോർഡ് പ്രകാരം തന്റെ അന്ത്യം ഈ അമ്പലമുറ്റത്തായാല്‍, പുണ്യാഹം നടത്താനുള്ള കാശെങ്കിലും അവർ പുത്രന്റെ കൈയ്യിൽ നിന്നു വാങ്ങിക്കോളും. കമ്മറ്റിക്കാർ ഈവക കാര്യത്തിലൊക്കെ നല്ല ഉശിരുള്ളവരാ... അയ്യപ്പേട്ടനോർത്തു.
തന്റെ പുത്രന്റെ വിലാസം എഴുതിയ തുണ്ടുകടലാസ് അയാൾ മനഃപ്പൂർവ്വമാണ് കീശയിലിട്ടത്. ഈ പാഴ് ജന്മം ഒടുങ്ങുന്നതിനു മുൻപ് മകനോട്‌ ഇങ്ങനെയെങ്കിലും ഒരു പ്രതികാരം ചെയ്യാനായല്ലോ എന്ന കൃതാർത്ഥതയോടെ അയാൾ കടം വാങ്ങിയ ഒരു മുടി കയറുമായി ഭഗവതിയുടെ അമ്പലമിരിക്കുന്ന മലയുടെ കല്ലു നിറഞ്ഞ വഴി കയറി.
മനസ്സിന് എത്രയോ നാളുകൾ മുൻപു നഷ്ടപ്പെട്ട ഒരു ശാന്തത അയ്യപ്പേട്ടൻ അനുഭവിച്ചു.
ചിന്തകൾ ഒന്നൊന്നായി അലിഞ്ഞലിഞ്ഞ് തന്റെ മനസ്സിന്റെ അടിത്തട്ട്, കലക്കൽ മാറിവരുന്ന വെള്ളത്തിലൂടെയെന്നപോലെ അയാൾ കണ്ടു. കുന്നിനു നേരേ നോക്കി അയ്യപ്പേട്ടൻ പറഞ്ഞു: “എന്റെ അമ്മേ, ഞാനിതാ വേഗം വരുന്നു...“ അതു പറയുമ്പോൾ ഓരോ വാക്കിന്റെയും കനം അയാളറിഞ്ഞു.
വൈവസ്വതന്റെ പുറപ്പാടറിഞ്ഞ് കാലൻ കോഴി കുന്നിന്റെ മറുഭാഗത്തെവിടെയോനിന്ന്‌ ഉറക്കെ കരഞ്ഞു...
വഴിയിൽ കാലിടറിയപ്പോൾ അയാൾ അറിയാതെ വിളിച്ചു... “അമ്മേ ഭഗവതീ, രക്ഷിക്കണേ!“

പണ്ട് അമ്പലമുറ്റത്ത് ആ ചുവന്ന ബോർഡ് തൂങ്ങിയപ്പോൾ മാഞ്ഞ, ഭഗവതിയുടെ മുഖത്തെ പുഞ്ചിരി - അയ്യപ്പേട്ടന്റെ ആ വിളികേട്ടപ്പോൾ തിരിച്ചെത്തി. എല്ലാം മറന്ന് ഭഗവതി പുഞ്ചിരിച്ചു.. എല്ലാമറിയുന്ന നിറപുഞ്ചിരി.
അതിന്റെ പ്രകാശത്തിൽ കുന്നിനു താഴെയുള്ള നെൽ‌പ്പാടങ്ങളിൽ രോമാഞ്ചം വാരിവിതറി!
ഭഗവതിയുടെ മനസ്സിൽ ഘനീഭവിച്ചു നിന്ന ദുഃഖം ഒരിളംകാറ്റായി കുന്നിലെ കശുമാവിൻ‌തോപ്പിലൊളിച്ചു.
കാർമേഘങ്ങൾക്കു പിന്നിലൊളിച്ച പൌർണ്ണമി, ഭഗവതിയുടെ മുഖത്തെ പുഞ്ചിരി പോലെ, കുന്നിനു മീതേ-കാർത്യായനിയമ്മയുടെ ഇനിയും വിലയം പ്രാപിക്കാത ഓർമ്മകൾക്കു മീതേ-അയ്യപ്പേട്ടന്റെ കിതപ്പാർന്ന കാലടികൾക്കുമീതേ-കാറ്റിലാടിയുലഞ്ഞ ആ ചുവന്ന ബോർഡിനുമീതേ തെളിഞ്ഞുനിന്നു...