കണ്ണട നന്നേ ചെറുപ്പത്തിൽത്തന്നെ മൂക്കിൽക്കയറിയതാണ്.
ഹ്രസ്വദൃഷ്ടി... കണ്ണട വക്കുന്നതിനുമുൻപും പിൻപും അച്ഛൻ പരാതി പറയാറുള്ളതാണ്- വിശാലമായ അർത്ഥത്തിൽ!
കണ്ണട മുഖത്തു കയറിയപ്പോൾ സ്ഥിരം ഗൗരവത്തിന് പ്രത്യേക എയർപിടിത്തം ആവശ്യമില്ലാതായി!
അങ്ങനെ ഏതാണ്ട് ഓർമ്മ വച്ച കാലം തൊട്ടേ കണ്ണട കാണുന്നത് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ!
അപ്പറഞ്ഞതിന് ആകെയൊരപവാദമാണ് സ്വപ്നം. അതുകൊണ്ട് സ്വപ്നം കാണാൻ എനിക്ക് പ്രത്യേക ഇഷ്ടവുമാണ്.
ബോഡിലെഴുതിയത് വായിക്കാൻ ഞാൻ കണ്ണുകൊണ്ട് കോപ്രായം കാണിച്ച് വിഷമിക്കണതുകണ്ട് രണ്ടാംക്ലാസിലെ പാത്തുമ്മ ടീച്ചറാണ് എന്റെ കാഴ്ച്ചക്കുറവ് കണ്ടുപിടിച്ചത്.
പ്രകടനം തീർന്ന് കാഴ്ച്ചക്കാരുടെ കൈയ്യടി(ഗുരുത്വം കൊണ്ട് ഇതുവരെ- ഒരിക്കലൊഴികെ, അക്കഥ പിന്നെ- ശേഷം കൈയ്യടിയേ ഉണ്ടായിട്ടുള്ളൂ) തുടങ്ങുമ്പോൾ മാത്രം കണ്ണട വൈക്കുക, അപ്പോൾ എല്ലാം ഓ കെ.
ബി ടെക് ആർട്സിന് നാടകക്കളരിയിൽ അഭിനയത്തിലെ പാകപ്പിഴകൾ വിനോദ് മാഷ് പറഞ്ഞുതന്നുകൊണ്ടിരുന്നപ്പോൾ തട്ടേൽ കയറാൻ നേരം ഊരിവച്ച കണ്ണട തിരിച്ചെടുത്തുവൈക്കാൻ മറന്നു.
ആശാൻ ഒന്നുരണ്ട് വട്ടം തിരുത്ത് കാട്ടിത്തന്നിട്ടും എന്റെ പ്രകടനത്തിൽ മാറ്റമില്ലാത്തതുകണ്ട് പുള്ളിക്ക് ദേഷ്യം. പിന്നത്തെ ടേക്കും ഓ കെ ആകാത്തപ്പോൾ എന്തോ വെളിപാടുപോലെ ഞാൻ കണ്ണട എടുത്തുവച്ചു.
കാര്യമറിഞ്ഞ ആശാനും മറ്റ് ശിഷ്യരും ചിരിയെടാ ചിരി. "ഞാനുമോർത്തു ഇവനെന്താണ് കണ്ണോണ്ട് കഥകളി കാണിക്കണേ ന്ന്... ഇവിടെ പഠിപ്പിക്കണത് നാടകമല്ലേ.."
കൂടിനിന്നവരെ ചിരിപ്പിച്ചെങ്കിലും ഇത്തരം ചില നോവിച്ച അനുഭവങ്ങളും, കൂളിങ് ഗ്ലാസ് വൈക്കാനുള്ള ആഗ്രഹവും, മൂക്കിനുമുകളിൽ കണ്ണട സൃഷ്ടിച്ച കറുത്ത പാടും, കണ്ണടയുടെ അരികുകളിലെ താരതമ്യേന നിറം കുറഞ്ഞ ലോകവും എന്നെ കോണ്ടാക്റ്റ് ലെൻസിലേക്ക് ആകർഷിച്ചു. ചെറുപ്പം മുതൽക്ക് കണ്ണട മുഖത്തിന്റെ ഭാഗമായിപ്പോയതുകൊണ്ട് കോണ്ടാക്റ്റ് ലെൻസിലേയ്ക്ക് മാറുന്നത് 'നാടുവിട്ട്' ബെംഗളൂരുവിൽ ചെന്നടിയുമ്പോൾ ആകാമെന്ന് തീരുമാനിച്ചിരുന്നു.
അവിടെ കാണേണ്ടത് പുതിയൊരു കൂട്ടം ആളുകളല്ലേ. അവർ എന്റെ 'പുതിയ മുഖം' കണ്ടോട്ടെ!
ഒരു പ്രായം കഴിഞ്ഞാൽ കണ്ണിന്റെ പവർ മാറില്ല. എങ്കിലും ഇടയ്ക്ക് ടെസ്റ്റ് ചെയ്യണം.
അടുത്തയിടെ മുവാറ്റുപുഴയിലെ പടയാട്ടിൽ കണ്ണടക്കടയിൽ ചെന്നു... അതെന്റെയൊരു സ്ഥിരം സ്ഥലമാണ്.
നാലാം ക്ലാസിൽ വച്ച് എന്നെ ആദ്യമായി കണ്ണട അണിയിച്ചത് അവരാണ്, കാര്യം കേരളത്തെ ആദ്യം കണ്ണട അണിയിച്ചത് കുര്യൻസാണെങ്കിലും.
ടെസ്റ്റ് ചെയ്യാനായി കമ്പ്യൂട്ടറിനുമുന്നിൽ ഇരുന്നു. നിലവിലുള്ള പവർ എത്രയാണെന്ന് ചേട്ടൻ ചോദിച്ചു. 'നല്ല പവറാ'ണെന്ന് ഞാൻ ബോധിപ്പിച്ചു... ചേട്ടന്റെ കണ്ണ് തള്ളിയോ?
പുള്ളിക്കാരൻ യന്ത്രം രണ്ടുമൂന്നാവർത്തി കണ്ണിൽ വച്ച് നോക്കി.
ആളുടെ മുഖത്ത് അമ്പരപ്പ് അവിശ്വസനീയത. ഇടക്കിടക്ക് 'ചതിച്ചോ കർത്താവേ... എനിക്ക് പണിയായോ' എന്ന അർത്ഥത്തിൽ മെഷീനെ നോക്കുന്നു.
"എന്താ ചേട്ടാ പ്രശ്നം?"
"ഇപ്പൊ പറഞ്ഞ പവറൊന്നും കമ്പ്യൂട്ടറിൽ കാണിക്കണില്ലല്ലോ! ഇതനുസരിച്ച് ഇയാൾടെ കാഴ്ച്ചയ്ക്ക് ഒരു കുറവുമില്ല! ഇനി മെഷീനു വല്ല കേടുമായിരിക്കുമോ എന്തോ! നേരത്തെ പറഞ്ഞത്ര വല്യ പവറുപോലും ഇതു പിടിച്ചില്ലെങ്കിൽ പിന്നെ..."
അങ്ങനെ വരണ്ടെയല്ലല്ലോ എന്ന് ഞാനോർത്തു. അടുത്തയിടെയായി സ്വപ്നത്തിൽപ്പോലും നല്ല കാഴ്ച്ചകളല്ല, പിന്നെയാണ്!
അപ്പൊളാണ് മനസ്സിൽ ലഡ്ഡു പൊട്ടിയത്.
വർഷങ്ങൾ കൊണ്ട് കോണ്ടാക്റ്റ് ലെൻസ് ശീലമായി. ടെസ്റ്റിനു വന്നിരുന്നപ്പോളും സാധനം കണ്ണിൽത്തന്നെ!
എന്തായാലും യന്ത്രത്തിനോ കണ്ണിനോ(പുതിയ) തകരാറില്ലെന്നുറപ്പായി... ലെൻസു കണ്ണില്‍ വച്ചുകഴിഞ്ഞാൽ കാഴ്ച്ച കൃത്യമാണെന്നാണല്ലോ കമ്പ്യൂട്ടര്‍ പറയുന്നത്!
"അങ്ങനെ വരണ്ടെയല്ലല്ലോ" എന്ന് ഞാനോർത്തു. അടുത്തയിടെയായി സ്വപ്നത്തിൽപ്പോലും നല്ല കാഴ്ച്ചകളല്ല, പിന്നെയാണ്!
ReplyDeleteഅപ്പൊളാണ് മനസ്സിൽ ലഡ്ഡു പൊട്ടിയത്.
കണ്ണടകള്‍ വേണം
ReplyDeleteഇല്ലെങ്കിലും തരക്കേടില്ല :)
Deleteവായിച്ചു ...
ReplyDeleteപവറുള്ള കണ്ണട തന്നെ
അതെയതേ... :)
Deletenannayittond!!
ReplyDeleteഡാങ്കൂ!
Deleteലെൻസ് വെച്ച് കഴിഞ്ഞാൽ കൃത്യമായി കാഴ്ച കാണിക്കുമോ...
ReplyDeleteഞാനൊരു കണ്ണടക്കടയിലാണു ജോലി ചെയ്യുന്നത്..
എന്നിട്ട് കണ്ണടയുടെ പവർ എത്രയാ..
അന്ന് ലെന്‍സ് വച്ച് ഇരുന്നപ്പൊ കുറവൊന്നും പറഞ്ഞില്ല യന്ത്രം :)
Deleteപവര്‍ നല്ല പവറാണ് :)