Nov 6, 2012

നഷ്ടക്കച്ചവടം

നട്ടുച്ചയ്ക്ക് കണ്ണൂർ ടൗണിൽനിന്നും പയ്യാമ്പലം കടൽത്തീരത്തേക്ക് ഓട്ടോ പിടിക്കുമ്പോൾ 2.30ന്റെ തീവണ്ടിക്കുമുമ്പേ ആവുന്നിടത്തോളം കണ്ണൂർ കാണണമെന്ന വാശിയായിരുന്നു. ആദ്യം കാണും മുമ്പേ പോലും കണ്ണൂരിനെ ഏറെ ഇഷ്ടമായിരുന്നു... അതുകൊണ്ടുതന്നെ നട്ടുച്ചവെയിൽ, വിശപ്പ്, പറശ്ശിനിക്കടവുവരെ പോയിവന്ന ക്ഷീണം, ഇതൊന്നും യാത്രയ്ക്ക് തടസ്സമായില്ല!
അൽപ്പം പ്രായമായൊരുചേട്ടന്റെ ഓട്ടോയാണ് കിട്ടിയത്. ഓട്ടോയ്ക്കുമുണ്ട് പ്രായം. ഓട്ടോയുടെ കിതപ്പറിയിക്കാതിരിക്കാനോ എന്തോ ഡ്രൈവർ ഇടതടവില്ലാതെ ചോദ്യങ്ങൾ ചോദിച്ചും, ഒട്ടും മുഷിപ്പിക്കാതെ വർത്തമാനം പറഞ്ഞുമിരുന്നു.
"ബീച്ചിലേയ്ക്ക് എന്താ ഈ സമയത്ത്? ങാ... ചെന്നാൽ നെറയെ പെണ്ണുങ്ങളെ കണ്ടോണ്ടിരിക്കാം ല്ലേ..."
ഒട്ടും വൾഗറില്ലാത്ത അയാളുടെ ചിരിയിൽ പക്ഷെ എന്തോ ഒരു അപരിചിതത്വമുണ്ടായിരുന്നു. എന്തായാലും ഈ ചോദ്യം മനസ്സിൽ പ്രതീക്ഷകളുടെ ഒരു പൂന്തോട്ടം വിരിയിക്കയുണ്ടായി. ചേട്ടൻ ട്രാക്ക് വിട്ടുപോകാതിരിക്കാൻ അങ്ങോട്ടും പറഞ്ഞുകൊണ്ടിരുന്നു.
"ഇവിടെ നല്ല കളക്ഷനാ?"
"ഈ സമയത്തൊന്നും അങ്ങനെ കാര്യമായി കാണാൻ പറ്റില്ല. ഒരു ആറുമണിയൊക്കെയായാല് പിന്നെ നെറയെ പെണ്ണുങ്ങളായിരിക്കും"
"എന്തായാലും ആരും വരാമെന്നൊന്നും ഏറ്റിട്ടില്ല, അപ്പൊ ചുമ്മാ കടലും കണ്ട് കാറ്റും കൊണ്ട് ഇന്റർസിറ്റിപിടിക്കാൻ തിരിച്ചുപോരാം അല്ലേ?"

യാത്രയുടെ വിശദാംശങ്ങൾ അറിഞ്ഞ ചേട്ടൻ വളരെ നിഷ്കളങ്കമായി ചോദിച്ചു
"അപ്പൊ മക്കൾക്ക് 2.30 വരെ ഉള്ള സമയം എങ്ങന്യെങ്കിലും ഒന്നു 'വേസ്റ്റ് ചെയ്യാനായിട്ടാ'ണല്ലേ ബീച്ചിലേക്ക് പോണത്?"
കാഴ്ചകൾ കണ്ട് സമയം 'ലാഭിക്കാൻ' ഇറങ്ങിത്തിരിച്ചത് അങ്ങനെ നഷ്ടക്കച്ചവടമായി!













പയ്യാമ്പലം കടപ്പുറത്ത് ചെന്നിറങ്ങിയപ്പോൾത്തന്നെ സമയം 'വേസ്റ്റ്' ചെയ്യേണ്ടിവരുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലായി. ഇറങ്ങിയ ഉടൻ കണ്ടത് അർദ്ധനഗ്നയായൊരു കൽപ്രതിമ. പ്രകൃതിയുടെ ആംബിയൻസൊന്നും പോരാത്തതുപോലെ!
കാണുന്ന തണലുകളിലൊക്കെ മനസ്സുകൾ(?!) പങ്കുവൈക്കപ്പെടുന്ന മനോഹരകാഴ്ചകൾ.
തണലുകളിൽ സൗകര്യം കുറവായവർ പരാതിയേതുമില്ലാതെ നട്ടപ്ര വെയിലത്തും ഒരു ചെറുകുടക്കീഴിൽ സ്നേഹസാഗരത്തിലെ തിരകളെണ്ണിനടക്കുന്നു!


















തിരിച്ചുപോരാൻ ഓട്ടോ കാത്തുനിൽക്കുമ്പോൾ മനസ്സിലേയ്ക്കൊഴുകിവന്നത് ഈ വരികൾ...
"ദൂരമനന്തം, കാലമനന്തം... എന്നേകാന്തതയുമേകാന്തം..."


4 comments:

  1. വര്‍ഷം 2000. കണ്ണൂര് ആദ്യം... ചെന്നിറങ്ങിയത് ഏകദേശം 12 മണിക്കാണ്. സ്റ്റാന്‍ഡില്‍ ഒരു ഓട്ടോ ബാക്കിയുണ്ട്. സവാരി വിളിച്ചാല്‍ വരുമെന്നുറപ്പില്ലാത്തതിനാല്‍ മടിച്ചു നിന്നു. ഓട്ടോ എന്റെയടുത്തക്ക് വന്നു. പോകേണ്ട സ്ഥലം പറഞ്ഞപ്പോള്‍ ഒരു മടിയുമില്ലാതെ കൊണ്ടുപോയി. വഴി നീളെ ഹൃദ്യമായി സംസാരിച്ചു. ആഹാരം കഴിച്ചോ എന്ന് തിരക്കി. ഇല്ലെന്നു പറഞ്ഞപ്പോള്‍ ആദ്യത്തെ ഹോട്ടലില്‍ നിര്‍ത്തി. കഴിച്ചു കഴിയുന്നത്‌ വരെ കാത്തു നിന്നു. അപ്പോഴേ ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി. കൂലി 100 രൂപയെങ്കിലും ഉറപ്പ്. ലോഡ്ജില്‍ കൊണ്ടിറക്കി. മീറ്ററില്‍ കണ്ട തുക - 15 രൂപ എന്നാണോര്‍മ. വാങ്ങി മധുരമായി ചിരിച്ചു . തിരിച്ചു പോയി . അപ്പോഴാണ്‌ പേര് പോലും ചോദിച്ചില്ലല്ലോ എന്നോര്‍ത്തത് ....................

    ReplyDelete
  2. കണ്ടിട്ടേയില്ല കണ്ണൂര്‍
    കേട്ടിട്ടുണ്ടേറെ

    ReplyDelete
  3. കണ്ണൂരിലെ ഓട്ടോക്കാര്‍ അല്ലേലും നല്ലവരാണ്.

    ReplyDelete