എല്ലാ
വേനലവധിക്കും പതിവുള്ള ഉല്ലാസയാത്രയാണ് രണ്ടുമൂന്നു ദിവസമായി വീട്ടിലെ പ്രധാന ചർച്ചാ
വിഷയം. അച്ഛൻ കുട്ടികളുടെ സംഘടിത ആക്രമണത്തെ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലേയ്ക്കാണ്
അമ്മാവൻ വന്നത്. രാമേശ്വരം, ബാംഗ്ലൂർ, തിരുവനന്തപുരം, തിരുനെല്ലി, മൈസൂർ ഇതൊന്നുമല്ലെങ്കിൽ
കാലങ്ങളായി പ്ലാനിൽ മാത്രമൊതുങ്ങിയ ഡെൽഹി ഇങ്ങനെ, പോകാവുന്ന സ്ഥലങ്ങൾക്ക് പഞ്ഞമൊന്നുമില്ല!
ചർച്ച പിന്നെ അച്ഛനും അമ്മാവനും തമ്മിലായി. അമ്മാവൻ ഓരോ സ്ഥലത്തുനിന്നും അടുത്തയിടത്തേക്കുള്ള
ദൂരവും എടുക്കുന്ന സമയവുമൊക്കെ ഫോണിലെ മാപ്പ് നാവിഗേഷൻ സംവിധാനത്തിൽ നോക്കി അച്ഛനുമമ്മയ്ക്കും
പറഞ്ഞുകൊടുക്കുന്നു.
അപ്പോൾ അമ്മയ്ക്ക്
ഒരു സംശയം -ഇന്റർനെറ്റിൽ ലഭ്യമായ മാപ്പും ഫോണിലേതും തമ്മിലെന്താണ് സാങ്കേതികമായുള്ള
പ്രധാന വ്യത്യാസം?
അമ്മാവൻ അതിനു നൽകിയ വിശദീകരണത്തിന്റെ സാരമിതായിരുന്നു: ഇന്റർനെറ്റിലെ
സൈറ്റിലും ഫോണിലെ ‘ഗൂഗിൾ മാപ്സ്’
പോലുള്ള ആപ്ലിക്കേഷനുകളിലും പ്രധാനമായുള്ളത് ഭൂപടം തന്നെ. പക്ഷെ ഒട്ടുമിക്ക ഫോണുകളിലും
നമ്മൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ അപ്പപ്പോൾ കണ്ടുപിടിക്കാനുള്ള സാങ്കേതികവിദ്യ-
ജിപിഎസ് അഥവാ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം: ലഭ്യമാണ്. അങ്ങനെ ലഭ്യമായ അക്ഷാംശ രേഖാംശങ്ങൾ
കൊണ്ട് നമ്മൾ നിൽക്കുന്ന സ്ഥലം ഭൂപടത്തിൽ അടയാളപ്പെടുത്താൻ നാവിഗേഷൻ ആപ്ലിക്കേഷനു സാധിക്കും.
ഇതു നൽകുന്ന സൗകര്യങ്ങൾ വളരെ വിപുലമാണ്. ഉദാഹരണത്തിന് നമ്മളിപ്പോൾ നിൽക്കുന്ന ഇടത്തുനിന്നും
നമുക്ക് പോകേണ്ട മേൽവിലാസത്തിലേക്ക് ഭൂപടത്തിൽ രേഖപ്പെടുത്തിയ വഴികളിലൂടെ തെറ്റിക്കാതെ
നമ്മെ വഴികാട്ടി എത്തേണ്ടിടത്ത് എത്തിക്കാൻ ഈ സാങ്കേതികവിദ്യ ഉതകുന്നു. ലാപ്റ്റോപ്പിൽ
മാപ്പിന്റെ വെബ് സൈറ്റ്എടുത്താൽ ഏതെങ്കിലും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള വഴി,
ദൂരം ഇവ മാത്രമേ അറിയാൻ കഴിയൂ. ഉദാഹരണത്തിന് വഴി തെറ്റി നമ്മളെവിടെയെങ്കിലുമെത്തിപ്പെട്ടാൽ
അവിടെനിന്ന് ലക്ഷ്യത്തിലേക്കുള്ള എളുപ്പവഴി പറഞ്ഞുതരാൻ ഫോണിലെ ജി പി എസ് കൂടിയുണ്ടെങ്കിലേ
കഴിയൂ.
പുതിയ പുതിയ
ഫോണുകളുടെ വാർത്തകൾ വിടാതെ വായിക്കാറുള്ള കുഞ്ഞുണ്ണി സംശയവുമായെത്തി: "അമ്മാവന്റെ
പുതിയ ഫോണിന്റെ കൂടെയുള്ള കടലാസിൽ ജിപിഎസ് ഉണ്ടെന്നത് ഞാൻ വായിച്ചിരുന്നു. ആ കടലാസ്
ഞാൻ സൂക്ഷിച്ചുവച്ചിട്ടുമുണ്ട്. ഇതു കണ്ടോ അമ്മാവാ അതിൽ ജിപിഎസ് എന്നതിനൊപ്പം വേറൊന്നും
കൂടി എഴുതിയിട്ടുണ്ടല്ലോ - GLONASS അപ്പോ അതെന്താ?"
"എടാ വീരാ
നീ തരക്കേടില്ലല്ലോ..." അവന്റെ സൂക്ഷ്മനിരീക്ഷണം അമ്മാവനിഷ്ടപ്പെട്ടു. സംസാരിക്കാൻ
വിഷയം കിട്ടിയതിന്റെ ഉത്സാഹത്തിലായിരുന്നു അമ്മാവൻ.. എല്ലാവരും വട്ടം കൂടുന്നതു കണ്ടപ്പോൾ
അമ്മിണി പ്രോത്സാഹനമായി കട്ടൻചായ ഇട്ടുകൊണ്ടു വന്നു സംസാരം ചൂടുപിടിപ്പിച്ചു.
"അധികമാരും
ശ്രദ്ധിച്ചിരിക്കാനിടയില്ലാത്ത ഒരു പേരാണ് GLONASS. നമ്മളൊക്കെ ഉപയോഗിക്കുന്ന ജിപിഎസ്
സാങ്കേതികവിദ്യ അമേരിക്കയുടെ സൈനിക വിഭാഗം ശീതയുദ്ധകാലഘട്ടത്തിൽ തങ്ങളുടെ സൈനിക ഉപയോഗത്തിനുവേണ്ടി
വികസിപ്പിക്കയും പിന്നീട് 80കളിൽ ശീതയുദ്ധത്തിന്റെ അലകൾ അടങ്ങിയപ്പോൾ ലോകത്താകമാനമുള്ള
ഉപയോക്താക്കൾക്കായി സൗജന്യമായി തുറന്നു കൊടുക്കുകയും ചെയ്ത NAVSTAR എന്ന സംവിധാനത്തിൽ
അധിഷ്ടിതമാണ്. അമേരിക്കയുടെ NAVSTAR നു സമാനമായി റഷ്യ വികസിപ്പിച്ച സംവിധാനമാണ്
GLONASS. ഇതുപോലെ ഒന്നുരണ്ട് സംവിധാനങ്ങൾ കൂടി ഇന്നു നിലവിലുണ്ട്: യൂറോപ്യൻ യൂണിയന്റെ
ഗലീലിയോ, ചൈന വികസിപ്പിച്ചു വരുന്ന BeiDou എന്നിവയാണത്.

അപ്പോൾ അമ്മിണിക്ക്
ഒരു സംശയം: "അതേ അമ്മാവാ, ഈ ISRO എന്നത് ബഹിരാകാശ ഗവേഷണത്തിനായുള്ള സ്ഥാപനല്ലേ?
അവരെങ്ങനെയാ നേരത്തെ പറഞ്ഞ നാവികവിദ്യയുമായി ബന്ധപ്പെടാനിടയായത്? അമ്മാവൻ പറഞ്ഞ ആ വാർത്ത
ഞാനും ശ്രദ്ധിച്ചിരുന്നു. പക്ഷെ അതിൽ പറഞ്ഞിരിക്കുന്നത് ഏഴ് ഉപഗ്രഹങ്ങൾ തുടരെ തുടരെ
വിക്ഷേപിക്കാനുള്ള ഒരു പദ്ധതിയുടെ പൂർത്തീകരണമായിരുന്നു അതെന്നാണ്. ഈ ഉപഗ്രഹത്തിനൊക്കെ
നമ്മുടെ ഫോണിലെ മാപ്പുമായി എന്തു ബന്ധമാ ഉള്ളത്?"
"അമ്മിണിയുടെ
ചോദ്യം വിഷയത്തിലേക്ക് നേരിട്ട് വരാൻ എന്നെ സഹായിച്ചു…
നേരത്തെ പറഞ്ഞുവല്ലോ ജിപിഎസ് സാങ്കേതികവിദ്യ പ്രാഥമികമായി നമ്മൾ നിൽക്കുന്ന സ്ഥലത്തിന്റെ
അക്ഷാംശ രേഖാംശങ്ങൾ കണ്ടുപിടിക്കാനാണ് സഹായിക്കുക എന്ന്. അമ്മിണി കണക്കിൽ ഗ്രാഫുകൾ
വരക്കാറില്ലേ? ഗ്രാഫിലെ ഏതൊരു ബിന്ദുവിനെയും നമ്മൾ എങ്ങനെയാ സംബോധന ചെയ്യുന്നത്?"
"അത് അമ്മാവാ,
നമ്മൾ ഗ്രാഫ് വരയ്കേണ്ട വെള്ളക്കടലാസിൽ ആദ്യം രണ്ട് അക്ഷരേഘകൾ വരക്കും. അവക്ക് ആപേക്ഷികമായി
ഏതൊരു ബിന്ദുവിന്റെയും ദൂരം അറിയാമെങ്കിൽ പിന്നെ ബിന്ദുവിനെ അടയാളപ്പെടുത്താമല്ലോ..."


അപ്പോൾ കുഞ്ഞുണ്ണിക്ക്
ജിജ്ഞാസയായി: " അപ്പോ നമുക്ക് ഏതു നേരം വേണമെങ്കിലും ആശകാശത്തു നോക്കിയാൽ ഈ മൂന്ന്
ഉപഗ്രഹവിരുതൻമാരെ കാണാൻ പറ്റുവോ?"
അതു കേട്ട് അമ്മാവനു
ചിരിപൊട്ടി : "കാണാദൂരത്ത് എന്ന വാക്ക് ഉപയോഗിച്ചുവെങ്കിലും നഗ്നനേത്രങ്ങൾകൊണ്ട് അവയെ കാണാമെന്ന് അതിന് അർഥമില്ല. ജിപിഎസ് സംവിധാനമുള്ള
ഫോണുകൾ ഈ ഉപഗ്രഹങ്ങൾ അയക്കുന്ന സന്ദേശങ്ങൾ സ്വീകരിക്കാൻ കഴിവുള്ളവയാണ്. ജിപിഎസ് ഉപഗ്രഹങ്ങൾ
സദാസമയം ഒരു പ്രത്യേക റേഡിയോ സന്ദേശം സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കും. ഓരോ ഉപഗ്രഹത്തിന്റെയും
ഭ്രമണപഥത്തിലെ സ്ഥാനം, സന്ദേശമയച്ചപ്പോളത്തെ - വളരെ കൃത്യതയുള്ള സമയം- time
stamp ഇവയാണ്
ഈ റേഡിയോ സന്ദേശത്തിന്റെ ഉള്ളടക്കം. ഇവയെ സ്വീകരിക്കാൻ പര്യാപ്തമായ ജിപിഎസ് റിസീവർ
ഘടിപ്പിച്ച ഏത് ഉപകരണത്തിനും ഈ സന്ദേശങ്ങളുപയോഗിച്ച് ഭൂപ്രതലത്തിൽ തങ്ങളുടെ സ്ഥാനം
ഈ ഉപഗ്രഹങ്ങളുടെ സ്ഥാനത്തിന് ആപേക്ഷികമായി എവിടെയാണ് എന്നത് കണക്കാക്കാൻ കഴിയും. കാണാദൂരത്ത്
എന്നതുകൊണ്ട് ജിപിഎസ് റിസീവറുകൾക്ക് ആശയവിനിമയം നടത്താൻ കഴിയുന്ന പാകത്തിന് എന്നാണുദ്ദേശിച്ചത്.
ഈ ഉപഗ്രഹങ്ങളോരോന്നും പതിനായിരക്കണക്കിനു കിലോമീറ്ററുകൾ ഭൂപ്രതലത്തിനു മുകളിലാണെന്നതു
മറക്കേണ്ട!
മേൽപ്പറഞ്ഞ
27 ഉപഗ്രഹങ്ങളും ഓരോന്നിനും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട സവിശേഷ ഭ്രമണപഥത്തിലൂടെ ദിവസത്തിൽ
കുറഞ്ഞത് രണ്ട് വട്ടമെങ്കിലും ഭൂമിയെ വലം വച്ചുകൊണ്ടിരിക്കും. ഇവ ഭൂമിയിലേക്ക് പ്രക്ഷേപണം
ചെയ്തുകൊണ്ടേയിരിക്കുന്ന സന്ദേശങ്ങൾ റിസീവറുകൾ പിടിച്ചെടുത്ത് തങ്ങളുടെ സ്ഥാനം, വേഗത,
ഗതി ഇവ നിർണ്ണയിക്കാനുള്ള ചില സങ്കീർണ്ണ ഗണിത സൂത്രവാക്യങ്ങളിലൂടെ നമുക്ക് നേരിട്ട്
ഉപയോഗപ്രദമായ വിവരരൂപത്തിലാക്കി തരുന്നു.”
അപ്പോൾ കുഞ്ഞുണ്ണിയുടെ
അച്ഛനു ഒരു സംശയം: “അപ്പോ ജിപിഎസ് സംവിധാനത്തിലെ ഉപഗ്രഹങ്ങൾ
ഉപയോഗിക്കുന്നതിന് നമ്മൾ കൂടുതലായി പണം മുടക്കേണ്ടി വരില്ലേ?”
“നേരത്തെ പറഞ്ഞുവല്ലോ ജി പി എസ് സന്ദേശങ്ങൾ
ഉപഗ്രഹങ്ങൾ അനുസ്യൂതം അയച്ചുകൊണ്ടേയിരിക്കും. നമ്മുടെ ദൂരദർശൻ നിലയത്തിന്റെ പ്രക്ഷേപണം
ഒക്കെ പോലെ. ആവശ്യക്കാർക്ക് ജിപിഎസ് റിസീവർ ഉപയോഗിച്ച് ഇവയെ സ്വീകരിച്ചാൽ മാത്രം മതിയാവും.
പണ്ടത്തെ മീൻമുള്ള് ആന്റിനകൾ മാത്രം വാങ്ങിയാൽ ദൂരദർശൻ സൗജന്യമായി കാണാമായിരുന്നില്ലേ?
ഏതാണ്ട് അതുപോലെ!”
അപ്പോൾ കുഞ്ഞുണ്ണീടെ അമ്മയ്ക്ക് മറ്റൊരു സംശയം: “അല്ല, നീ പറഞ്ഞില്ലേ NAVSTAR പൊതുജനങ്ങൾക്കായി ലഭ്യമാണെന്ന്. അമേരിക്കയുടെ ഈ 27 ഉപഗ്രഹങ്ങൾ ഉള്ളപ്പൊ എന്തിനാ നമ്മൾ ഭാരതീയർ പിന്നെയും 7എണ്ണം ഈ കാശെല്ലാം മുടക്കി പിന്നെയും വിക്ഷേപിച്ചത്? വെറുതേ ലോകരാജ്യങ്ങൾക്കു മുൻപിൽ ഒന്ന് ഞെളിയാനായിട്ടാ?”
കുഞ്ഞുണ്ണി എന്തെങ്കിലും
ആലോചിക്കുകയാണെന്നതിന്റെ തെളിവെന്താണെന്നോ?
അവനൊരു തോർത്തോ തൂവാലയോ കൈയ്യിലെടുത്ത്
കറക്കിക്കൊണ്ടിരിക്കും.
അവന്റെ തലച്ചോർ പ്രവർത്തിക്കുകയാണെന്നതിന്റെ അടയാളമാണത്.
എല്ലാവരും
വർത്തമാനം കഴിഞ്ഞ് നോക്കുമ്പോൾ കുഞ്ഞുണ്ണി തോർത്തും കറക്കി മുറ്റത്തും തൊടിയിലെ മരച്ചുവട്ടിലുമൊക്കെ
മാനം നോക്കി നടപ്പാണ്. അവനറിയാം- കാണാൻ കഴിയുന്നില്ലെങ്കിൽക്കൂടി അമേരിക്കക്കാരുടെ
27 ഉപഗ്രഹങ്ങളിൽ ഏതോ മൂന്നുനാലെണ്ണവും ഭാരതം ഈയിടെ വിക്ഷേപിച്ച 7 ഉപഗ്രഹങ്ങളുമൊക്കെ
അങ്ങ് മേഘങ്ങൾക്കു മേലേ, നക്ഷത്രങ്ങൾക്ക് കീഴെയായി നിരന്തരം “കുഞ്ഞുണ്ണീ..
ഞങ്ങൾ ദാ ഇപ്പൊ ഇന്നയിന്നയിടങ്ങളിലായുണ്ടെങ്കിൽ, നീയെവിടെയാണെന്നു കണ്ടുപിടിക്കാമോ?”
എന്ന് ചോദിച്ചുംകൊണ്ട് ഒഴുകി നടപ്പുണ്ടാവുമെന്ന്!
ഈ ലേഘനം ശാസ്ത്രകേരളം മാസികയുടെ ജൂൺ ലക്കത്തിൽ അച്ചടിച്ചുവന്നിട്ടുള്ളതാണ്