ജീവിതത്തിൽ ഓരോ കാലവും നല്ല രീതിക്കോ മോശം രീതിക്കോ ഓർമ്മിക്കപ്പെടാൻ നമുക്ക് ഓരോ കാരണങ്ങൾ - കാരണഭൂതർ കാണും. പൊതുവേ എല്ലാവരും പറായാറുള്ള ഒന്നാണല്ലോ "എനിക്കെൻ്റെ പോയ ബാല്യം തിരിച്ച് കിട്ടിയെങ്കിൽ" എന്ന്. എനിക്കിതു വരെ അങ്ങനെ തോന്നിയിട്ടില്ല. എന്തെന്നില്ലാത്ത ആവലാതികൾ നിറഞ്ഞതായിരുന്നു ആ കാലം . ഞാൻ ഒന്നിലും സന്തുഷ്ടനായിരുന്നില്ല, എന്നെങ്കിലുമൊക്കെ എല്ലാം നന്നായി വരുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നില്ല . അക്കാലത്തെ എന്നെക്കുറിച്ച് ചേച്ചിയും അമ്മയും ഒക്കെ ഇപ്പൊളും പറയുന്ന പരാതികൾ ഈ വസ്തുതയെ ശരി വക്കും! എനിക്കെല്ലാത്തിനോടും ഈർഷ്യയായിരുന്നു. ഞാൻ ആശിച്ച പോലെ സുന്ദരമോ സുഗമമോ ഒന്നുമല്ലാത്ത ഒന്നായിരുന്നു ബാല്യം. ആരെയും കുറ്റപ്പെടുത്തിയതല്ല, ഒരുപക്ഷെ പാകമാകുമ്പോൾ തഴച്ച് വളർന്ന് പന്തലിച്ച് എന്നെ മൂടാൻ കാത്തിരുന്ന വിഷാദത്തിൻ്റെ വിഷവിത്തുകൾ അന്നു മുതലേ എൻ്റെയുള്ളിൽ മുളച്ചു തുടങ്ങിയിരുന്നിരിക്കും.
അതിൽ ഒരു അപവാദം പറയാവുന്നത് നിർമല സ്ക്കൂളിലെ സ്കൗട്ടിങ്ങും നാടക അഭിനയങ്ങളും ആണ്. ഇതിനു രണ്ടിനും കടപ്പെട്ടിരിക്കുന്നത് പ്രിയപ്പെട്ട ഗുരുനാഥൻ ശ്രീ. കെ സി പോൾ സാറിനോടാണ്. എൻ്റെ സ്കൗട്ട് മാസ്റ്ററും നാടകമാസ്റ്ററും അദ്ദേഹമാണ്.
പോൾ സാറിൻ്റെ മലയാളം ക്ലാസുകൾക്കായി ഞങ്ങൾ കാത്തിരിക്കും. ഹാസ്യവും സംഗീതവും അഭിനയവുമൊക്കെ ചേർത്തിണക്കിയ ഒരനുഭവം തന്നെയാണ് സാറിൻ്റെ ക്ലാസുകൾ. നന്നായി പാടും, ഗംഭീരമായി അഭിനയിക്കും, ഹ്യൂമർ സെൻസ് പറയാനില്ല. അങ്ങനെയൊരു ബഹുമുഖ പ്രതിഭയായിരുന്നു പോൾ സർ.
ഒരുദാഹരണം പറയാം, "താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി... താമരത്താരുകൾപോൽ തത്തീ ലയഭംഗി" ആണ് പഠിപ്പിക്കാൻ പോകുന്ന വരികൾ.. താളം - ലയം ഇതൊക്കെ പറഞ്ഞു വേണമല്ലോ മുന്നോട്ട് പോകാൻ.
വരികൾ പാടിയിട്ട് പുസ്തകവും കണ്ണടയുമൊക്കെ താഴെ വച്ച് കൈയ്യൊക്കെ തിരുമ്മി സാറിങ്ങനെ മുന്നോട്ട് വരും - എന്തോ കരുതിക്കൂട്ടിയപോലൊരു ചിരിയും മീശ, താടികൾക്ക് പിന്നിൽ ഒളിപ്പിച്ച്.. അപ്പോളേക്ക് ഞങ്ങളൊക്കെ ചിരിക്കാൻ തയാറായി മുന്നോട്ട് ആഞ്ഞ് ചെവി കൂർപ്പിച്ച് ചിരി കടിച്ച് പിടിച്ച് അട്ടഹസിക്കാൻ തയാറായിരിക്കും.
ഒരു വള്ളത്തിൽ ഒരാളുടെ ശവവുമേന്തി "സമയമാം... രഥത്തിൽ ഞാൻ.. സ്വർഗയാത്ര ചെയ്യുന്നു.." പാടി ശോകമയരായൊരു കൂട്ടം ആളുകൾ മെല്ലെ തുഴഞ്ഞ് പോകുന്നു, എതിരെ വള്ളം കളിക്ക് പോകാനുള്ള ഒരു വള്ളം ചടുല താളത്തിൽ വഞ്ചിപ്പാട്ടൊക്കെ പാടി വരുന്നു. രണ്ട് വള്ളവും അടുത്തെത്തിയപ്പോൾ മറിയുന്നു, തുഴക്കാർ അങ്ങോടുമിങ്ങോടും മാറിപ്പോകുന്നു..ശേഷം ഒരു വള്ളത്തിലെ പാട്ട് ശോക ഭാവത്തിലും താളത്തിലും: "കുട്ടനാടൻ... പുഞ്ചയീലെ... കൊച്ചുപെണ്ണെ കുയിലാളേ.. "
മറ്റതിലാവട്ടെ "സമയമാം രഥത്തിൽനാം സ്വർഗയാത്ര ചെയ്തിടുന്നു.. തിത്തിത്താരാ തിത്തിത്താരാ തിത്തിത്തെയ് തെയ് തോം.."
ക്ലാസ് ഇളകി മറിയുകയായിരിക്കുമെന്ന് പറയേണ്ടല്ലോ.
സാറിൻ്റെ ക്ലാസുകളിൽ കവിതകൾ വരുന്നതാണ് എല്ലാവർക്കും ഏറെയിഷ്ടം. നല്ല ഈണത്തിലേ സർ ചൊല്ലൂ. അതിൻ്റെ ചുവടു പിടിച്ച് ഞാനും കവിത ചൊല്ലിപ്പിക്കുമ്പോൾ ഈണത്തിൽ മാത്രമേ ചൊല്ലൂ. പത്തിൽ മറ്റൊരു അധ്യാപകനാണ് ഞങ്ങളെ പഠിപ്പിച്ചത്. അദ്ദേഹം പദ്യം ഈണത്തിൽ ചൊല്ലാനുള്ള സാഹസത്തിനു മുതിരാറില്ല. ഓരോരുത്തരെ ആയി പാഠം ചൊല്ലിപ്പിക്കുമ്പോൾ എഴുപതു പേരുള്ള ക്ലാസിൽ ഞാൻ മാത്രം ഈണത്തിൽ കവിത തട്ടിവിടും. അങ്ങനെ പത്താം ക്ലാസിലെ 'ഈണഗാനപ്രസ്ഥാന'ത്തിനു തുടക്കമിടാൻ പ്രചോദനമായത് പോൾ സാർ ആണ്.
ആനിവേഴ്സറിക്കാണ് സ്കൂളിൽ നാടകം വക്കുക. നടീ നടന്മാരെ തെരഞ്ഞെടുക്കുന്നതും കളരി നടത്തുന്നതും സംവിധാനവും ഒക്കെ പോൾ സർ തന്നെ. ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോൾ സാർ വാതുക്കെ വന്ന് ടീച്ചറോട് "രെഘുരാജിനെ" അയക്കണമെന്ന് പറയും. പിന്നെ അന്നത്തെ ദിവസം കുശാലാണ്. പറഞ്ഞറിയിക്കാൻ വയ്യാത്ത രസമാണ് നാടകക്കളരി. മിക്കവാറൂം ഡയലോഗും ഞാൻ ഒറ്റ ടേക്കിൽ ഓക്കെ ആക്കും. അത് ശരിക്കും നന്നായിട്ടാണോ അതോ സാറിന് എന്നോടൂള്ള വാത്സല്യം കൊണ്ടാണോ എന്ന് എനിക്ക് സംശയം തോന്നാറുണ്ട്! ഒരിക്കലും അഭിനയം നന്നായി എന്ന് എന്നോട് പറഞ്ഞിട്ടില്ല, പക്ഷെ എല്ലാം ആ പെരുമാറ്റത്തിൽ നിന്ന് വായിച്ചെടുക്കാമാരുന്നു.
പോൾ സാർ മോണൊ ആക്ടുകൾ ആക്ഷേപഹാസ്യം ഒക്കെ എഴുതും. ഞാൻ യു പി സ്കൂളിൽ പഠിക്കുമ്പോൾ, കലാ സാഹിത്യ വേദി ഉദ്ഘാടനത്തിനാണെന്നു തോന്നുന്നു - കുട്ടികളുടെ പേടിസ്വപ്നമായിരുന്ന, കണക്കെടുക്കുന്ന ചാക്കോ സാറിനെയുമൊക്കെ കഥാപാത്രമാക്കി "എ മാത്തമാറ്റിക്കൽ ലൗ സ്റ്റോറി" എന്നൊരു മോണോ ആക്ട് പോൾസാർ എഴുതി എന്നെക്കൊണ്ട് ചെയ്യിച്ചു - പെരുമഴ പോലെ കൈയ്യടിയായിരുന്നു. എൻ്റെ അഭിനയത്തിൻ്റെ മഹത്വമൊന്നുമല്ല - അമ്മാതിരി ഡയലോഗുകൾ ആരുന്നു. ഒന്നു കഴിഞ്ഞ് അടുത്ത ഡയലോഗ് പറഞ്ഞു തുടങ്ങുമ്പോളേക്ക് പെരുമഴ ഇടക്കൊന്ന് ഒതുങ്ങുന്നപോലെ ഓഡിറ്റോറിയം ഭേദിക്കുന്ന ശബ്ദം അടങ്ങും, വീണ്ടും ആർത്തു ചിരിക്കും. അത്ര തീവ്രമായി എൻ്റെ ഉള്ളിൽ ഒരു ആത്‌മാംശം ഉണ്ടെന്ന് ജീവിതത്തിൽ തോന്നിയ സന്ദർഭം വേറെ ഉണ്ടായിട്ടില്ല. തിരിഞ്ഞു നോക്കുമ്പോൾ ആ നിമിഷം ഓർത്തിട്ട് അഭിമാനത്തോടെ പറയാം - വേറെ ഒരിക്കലുമില്ലെങ്കിലും അന്ന് ആ നിമിഷത്തിലെങ്കിലും ഞാനെന്നൊന്ന് ഈ ലോകത്ത് ഉരുവമായിട്ടുണ്ടായിരുന്നു! ചെറിയൊരു ചിരി ചുണ്ടിലൊതുക്കി ആൾക്കൂട്ടത്തിനിടയിൽ എവിടെയോ കൈ കെട്ടി നിന്ന് ഒരു വഴിപോക്കനെപ്പോലെ സാർ ഇതൊക്കെ ആസ്വദിച്ചു നിൽക്കുന്നുണ്ടാവും.
പോൾ സാറിന്ന് ജീവിച്ചിരിപ്പില്ല. കുറച്ചു വർഷങ്ങൾ മുമ്പ് ഒരു അപകടത്തിൽ സാറിനു ചെറുപ്രായത്തിലുള്ള ഏക മകനെ നഷ്ടപ്പെട്ടൂ. തുടർന്ന് വിഷാദത്തിനടിപ്പെട്ടായിരുന്നു കഴിഞ്ഞത്. മൂന്ന് കൊല്ലം മുൻപ് സാറും ഏതോ അസുഖത്തിനു കീഴടങ്ങി. സ്കൂളിൽ നിന്ന് പോന്നതിൽ പിന്നെ ഒരിക്കൽ പോലും സാറിനെ ഒന്നു ചെന്ന് കാണാൻ ഈ നന്ദികെട്ടവനു തോന്നിയില്ല. സാറിൻ്റെ ക്ലാസുകളിൽ പലപ്പോളും ശിഷ്യന്മാർ പിന്നീട് കാണാൻ വരുന്നതിൻ്റെ ഭംഗിയുള്ള വർണനകൾ - ഒരു പക്ഷേ സാറിൻ്റെ സങ്കല്പങ്ങൾ കഥകൾ പോലെ കേട്ടിരുന്നിട്ടുണ്ട്.. അതുപോലൊരാളായി ജോലി കിട്ടിയപ്പോളെങ്കിലും സാറിനെ ഒന്നു ചെന്നു കണ്ട് ഒരു പാർക്കർ പേന ആ കൈയിൽ വച്ചു കൊടുക്കാൻ എനിക്ക് തോന്നിയിരുന്നെങ്കിൽ ഗുരുത്വദോഷമോർത്ത പശ്ചാത്താപം എന്നിൽ ആകെ ശേഷിക്കുന്ന ഈ മനോഹരമായ ഓർമ്മകളെയെങ്കിലും തുരന്നു തിന്നുകയില്ലായിരുന്നു.